പറവൂർ ശ്രീധരൻ തന്ത്രികൾ

(പറവൂർ ശ്രീധരൻ തന്ത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)

കേരളത്തിലെ അതിപ്രസിദ്ധനായ ഒരു താന്ത്രികാചാര്യനും, ജ്യോതിഷ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസർച്ച് വിദ്യാലയം സ്ഥാപകനുമായിരുന്നു പറവൂർ കെ.എം. ശ്രീധരൻ തന്ത്രികൾ (ഒക്ടോബർ 9, 1925 - ജൂലൈ 21, 2011). ആയുർവേദ വൈദ്യനും സംസ്‌കൃത പണ്ഡിതനുമായിരുന്ന കെടാമംഗലം കളവമ്പാറവീട്ടിൽ മാമൻ വൈദ്യരുടേയും എടവനക്കാട് കടയന്ത്രവീട്ടിൽ പാർവതിയമ്മയുടേയും മകനായി 1925 ഒക്ടോബർ 9-ന് കന്നിമാസത്തിലെ പുണർതം നക്ഷത്രത്തിൽ ജനിച്ചു. പറവൂർ ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുരുകുലസമ്പ്രദായത്തിലൂടെ തന്ത്രവിദ്യകൾ പഠിച്ചു.നിരവധി തന്ത്രജ്യോതിഷ സെമിനാറുകളിലും ക്ഷേത്രസമിതികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇരുനൂറോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും അത്രയോളം തന്നെ ക്ഷേത്രങ്ങളിൽ മുഖ്യതന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തയാളാണ് ശ്രീധരൻ തന്ത്രികൾ. അബ്രാഹ്മണനായ ഒരാൾ ക്ഷേത്രസദസുകളിലേയും താന്ത്രിക വേദികളിലേയും മുഖ്യകാർമ്മികനായി തീർന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കർമംകൊണ്ട് ബ്രാഹ്മണ്യം നേടാമെന്നതിന്റെ പ്രഖ്യാപനമായ പാലിയം വിളംബരത്തിലെ പ്രധാനികളിലൊരാളായിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരം, പാവക്കുളത്തമ്മ പുരസ്‌കാരം, സ്വാമി മൃഡാനന്ദജി സ്മാരക ആധ്യാത്മിക പുരസ്‌കാരം എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദേവയജനപദ്ധതി, പിതൃകർമവിധി, ഗുരുശിഷ്യ സംവാദം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. 2011 ജൂലൈ 21-ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു. മരണസമയത്ത് ഇദ്ദേഹത്തിന് 86 വയസ്സായിരുന്നു. ഭാര്യ: പരേതയായ അമൃതവല്ലി. പ്രശസ്ത താന്ത്രികാചാര്യനായ പറവൂർ രാകേഷ് തന്ത്രികൾ ഇദ്ദേഹത്തിന്റെ പുത്രനാണ്.