പന്നിയുടെ ഗർഭക്കൂട്
ഊർജ്ജിതമായി പന്നിവളർത്തുന്ന രീതിയിൽ പന്നികളെ സൂക്ഷിക്കുന്ന കൂടിനെയാണ് ഗർഭക്കൂട് എന്നു വിളിക്കുന്നത്. രണ്ടു മീറ്ററോളം നീളവും 60 സെന്റിമീറ്റർ വീതിയുമുള്ള ലോഹനിർമ്മിതമായി അടുക്കിവച്ചിരിക്കുന്ന കൂടുകളാണിവ. പന്നിയുടെ ഗർഭകാലം നൂറ്റിപ്പതിനാലു ദിവസമാണ്. ഗർഭിണിയായ പന്നികളെ ഇതിലാണ് പാർപ്പിക്കുന്നത്. ഒരു വരിയിൽ ഇരുപതെണ്ണവും അത്തരം നൂറു വരികൾ ഒരു മുറിയിലുമാണ് ഉണ്ടാവുക. മലവും മൂത്രവും താഴേക്കുവീഴാൻ തറയിൽ തുളകൾ ഉണ്ടാവും. തുടർച്ചയായി പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന പന്നികൾ ചുരുക്കത്തിൽ അവയുടെ ജീവിതം മൊത്തം തന്നെ, ഏതാണ്ട് മൂന്നു നാലു വർഷം, ഇത്തരം കൂടുകളിലാണ് ചെലവഴിക്കുന്നത്. ഏതാണ്ട് 270 കിലോ വരെ ഭാരം വരുന്ന പെൺപന്നികൾക്ക് ഒരു പ്രസവത്തിൽ അഞ്ചു മുതൽ എട്ടുവരെ കുട്ടികൾ ഉണ്ടാവുന്നു. വലിപ്പം കൂടുന്തോറും പന്നികൾക്ക് ഈ കൂടുകളിൽ നിൽക്കാൻ സ്ഥലം മതിയാവാറില്ല. ഒരുതരത്തിലും നിൽക്കാൻ പോലും സ്ഥലമില്ലാതെ വരുമ്പോൾ ഉറക്കമെല്ലാം നെഞ്ചിൽ താങ്ങിയാവും. തിരിഞ്ഞുകിടക്കാൻ പോലുമാവാതെയാണ് ഈ പന്നികൾ കശാപ്പുചെയ്യപ്പെടുന്നതു വരെ ജീവിക്കുന്നത്. പന്നികളെ ഒരുമിച്ച് വിട്ടാൽ അവ തമ്മിൽ പോരടിക്കും എന്നതാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. മിക്ക രാജ്യങ്ങളും ഈ രീതി നിരോധിച്ചു കഴിഞ്ഞു.
മുലകൊടുക്കുന്ന കാലത്ത് കിടക്കാൻ പറ്റുന്ന വലിപ്പമുള്ള ഒരു കൂട്ടിലെക്ക് ഇവയെ മാറ്റാറുണ്ട്. അപ്പോൾ അവയ്ക്ക് കിടക്കാൻ കഴിയും.