പന്തളം കേരളവർമ്മ
കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 1879 - ജൂൺ 1919) . പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12-ആം വയസ്സിൽ സംസ്കൃത കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സിൽ മലയാള കവിതകളും എഴുതിത്തുടങ്ങി. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളിൽ ഒന്നാണ്.
പന്തളം കേരള വർമ്മ | |
---|---|
ജനനം | 1879 |
മരണം | 1919 |
അറിയപ്പെടുന്നത് | കവി, പ്രസാധകൻ |
ജീവിതരേഖ
തിരുത്തുകപന്തളം രാജകുടുംബത്തിൽ കൊല്ലവർഷം 1054 മകരം 10ന് (1879 ജനവരി22) പന്തളം കേരളവർമ ജനിച്ചു. അമ്മ പുത്തൻകോയിക്കൽ അശ്വതിനാൾ തന്വംഗിത്തമ്പുരാട്ടി. അച്ഛൻ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസം നേടി. ബാല്യത്തിൽത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയിൽ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബർ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതിൽ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാർത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. അതിന്റെ മുഖപ്രസംഗത്തിൽ അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സമകാലിക സംഭവങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. 1914ൽ തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ കൈതമുക്കിൽ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. 1979-ൽ കേരളവർമ്മയുടെ ചില രചനകൾ "തെരഞ്ഞെടുത്ത കൃതികൾ" എന്ന പേരിൽ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]
ഭാര്യ: ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരി അമ്മുക്കുട്ടിഅമ്മ. ദ്രുതകവിതാ രചനയിൽ സമർഥനായിരുന്ന കേരളവർമ കവനകൗമുദിയിൽ കൂട്ടുകവിതകൾക്ക് പ്രത്യേക പ്രാധാന്യം നൽകി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു. 1979ൽ ജന്മശതാബ്ദിക്കാലത്ത് പന്തളം കേരളവർമയുടെ തിരഞ്ഞെടുത്ത കൃതികൾ' രണ്ടു വാല്യങ്ങളിലായി പ്രകാശിപ്പിച്ചു. കൊച്ചി മഹാരാജാവ് 'കവിതിലകൻ' ബിരുദം നൽകി. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു. 1094 ഇടവം 28ന് (1919 ജൂൺ11) നാല്പതാം വയസ്സിൽ പന്തളം കേരളവർമ്മ അന്തരിച്ചു.
കൃതികൾ
തിരുത്തുക- രുഗ്മാംഗദചരിതം മഹാകാവ്യം
- വിജയോദയം കാവ്യം
- കഥാകൗമുദി, വഞ്ചീശശതകം
- മാർത്താണ്ഡദേവോദയം
- സൂക്തിമാല
- വേണീസംഹാരം
- ദൂതവാക്യം
- ശബരിമലയാത്ര
- സുംഭനിസുംഭവധം
- ഭുജംഗസന്ദേശo
- ഓട്ടൻതുള്ളൽ
- ഭാഗീരഥി വഞ്ചിപ്പാട്ട്
മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം
തിരുത്തുകഅദ്ദേഹത്തിന്റെ സ്മരണാർത്ഥം 'പന്തളം കേരളവർമ്മ സാഹിത്യ സമിതി' എന്ന പേരിൽ ഒരു സമിതി രൂപവൽക്കരിക്കപ്പെടുകയും ആ സമിതി കവിതാ രംഗത്തെയും മാധ്യമരംഗത്തെയും പ്രമുഖരെ ആദരിക്കുന്നതിനായി വ്യത്യസ്ത പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 'മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം' എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ശ്രീകുമാരൻ തമ്പി,ഒ.എൻ.വി. കുറുപ്പ്, കെ. അയ്യപ്പപ്പണിക്കർ, വിഷ്ണുനാരായണൻ നമ്പൂതിരി, സച്ചിദാനന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, അക്കിത്തം അച്യുതൻ നമ്പൂതിരി, സുഗതകുമാരി എന്നിവർ ഈ പുരസ്കാരം ലഭിച്ചവരാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-09. Retrieved 2012-06-14.