പത്രപ്രവർത്തന റഗുലേഷൻ നിയമം (1925)

തിരുവിതാംകൂറിൽ റീജന്റ് സേതുലക്ഷ്മീഭായിയുടെ കാലത്ത് നടപ്പാക്കിയ നിയമമായിരുന്നു പത്രപ്രവർത്തന റഗുലേഷൻ നിയമം (1925). 1926 മേയ് 22 നാണ് ഈ നിയമം നടപ്പിൽ വന്നത്. ആദ്യ ഘട്ടത്തിൽ ഇതിനെ പിന്തുണക്കാതിരുന്ന ദിവാൻ വാട്ട്സിനും ഗവ‍ർണർ ജനറലിന്റെ പൊളിറ്റിക്കൽ ഏജന്റു കോട്ടണും സ്വകാര്യാവശ്യത്തിന് ഇംഗ്ലണ്ടിൽ പോയ ഘട്ടത്തിലാണ് ഇതു നിലവിൽ വരുന്നത്. ഇവരുടെ അഭാവം ഉപയോഗപ്പെടുത്തി മഹാറാണി നടപ്പാക്കുകയായിരുന്നു എന്നും സംശയിക്കപ്പെട്ടു.[1] നിയമസഭ വഴിയല്ലാതെ രാജാധികാരം ഉപയോഗിച്ചാണ് ഈ നിയമം കൊണ്ടു വന്നത്. പ്രതിഷേധവുമായി പത്രപ്രവർത്തകരുടെ ഒരു സംഘം, സെയ്തൽമൻഡ് പാലസിൽ മഹാറാണിയെ കാണാൻ ശ്രമിച്ചെങ്കിലും അവർ വിസമ്മതിച്ചു.[1] ബ്രിട്ടീഷ് ഇന്ത്യയിലെ പ്രസ് ആക്ടിനെ അനുകരിച്ചായിരുന്നു ഇത്. 1105ലെ 5ാം റെഗുലേഷൻ എന്ന് ഈ നിയമം അറിയപ്പെട്ടു. ഈ നിയമം അനുസരിച്ചാണ് ആദ്യം പ്രബോധകന്റെയും പിന്നീട് കേസരിയുടെയും പേരിൽ നടപടിയെടുത്തത്. സമദർശി തുടങ്ങിയ പത്രങ്ങളിലൂടെ അക്കാലത്ത് രൂക്ഷമായിരുന്ന സർക്കാർ വിമർശനങ്ങളെ നിയന്ത്രിക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. പത്രങ്ങളെ തങ്ങളുടെ പരിപൂർണ്ണനിയന്ത്രണത്തിനു വിധേയമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

വ്യവസ്ഥകൾ

തിരുത്തുക
  • പത്രം നടത്താൻ ലൈസൻസ് ആവശ്യമായിത്തീർന്നു. അതിലേക്കായി 500 രൂപ ഫീസ് കെട്ടിവെക്കണം
  • 'നമ്മെയോ നമ്മുടെ സർക്കാരിനെയോ, ഇന്ത്യയുടെ ചക്രവർത്തിയെയോ, ബ്രിട്ടീഷിന്ത്യയുടെ നിയമ പ്രകാരം സ്ഥാപിച്ചിരിക്കുന്ന സർക്കാരിനെയോ' സംബന്ധിച്ച് അനിഷ്ടമോ വെറുപ്പോ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിക്കരുത്. [1]
  • ഭരണാധിപന്മാർക്കെതിരായി ഏതെങ്കിലും പത്രാധിപർ തൂലിക ചലിപ്പിക്കുകയാണെങ്കിൽ ആ പത്രത്തിന്റെ കെട്ടിവെച്ച തുക കണ്ടുകെട്ടുന്നതിനും ലൈസൻസ് റദ്ദുചെയ്യുന്നതിനും വേണ്ട അധികാരവും ഈ നിയമം വഴി സർക്കാർ നേടിയെടുത്തിരുന്നു.

നടപടികൾ

തിരുത്തുക

കേസരി ബാലകൃഷ്ണപിള്ളയുടേയും, നാരായണപിള്ളയുടേയും പേരിൽ കോർട്ട് അലക്ഷ്യത്തിന് കേസ്സെടുക്കുകയും പ്രബോധകന്റെ ലൈസൻസ് റദ്ദു ചെയ്യുകയും ചെയ്തു. 1935 ൽ കേസരിയോട് ജാമ്യ സംഖ്യ കെട്ടി വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പത്രം അച്ചടിക്കുന്നത് അവസാനിപ്പിച്ചു. മറ്റൊരാളിൽ നിന്നു ലൈസൻസ് കൈമാറുന്നതിനുള്ള നിയമം ഭേദഗതി ചെയ്തിരുന്നു. [2]

പ്രക്ഷോഭങ്ങൾ

തിരുത്തുക

റെഗുലേഷൻ’ പിൻവലിക്കാൻ വേണ്ടി നിരവധി പ്രക്ഷോഭങ്ങൾ നടന്നു. പത്ര റഗുലേഷൻ നിയമം കൊണ്ടു വരാൻ പ്രേരിപ്പിച്ച മുഖ്യ കാരണങ്ങളിലൊന്ന് സമദർശിയുടെ വിമർശനങ്ങളായിരുന്നു. ദിവാനെ തിരുവിതാംകൂർ മുസോളിനി എന്നും രാജ്യദ്രോഹി എന്നും ശ്വാനൻ എന്നും വിമർശിച്ച കേസരി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമരം ആരംഭിക്കാൻ ആളെ കൂട്ടുകയും വലിയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, മള്ളൂർ ഗോവിന്ദപ്പിള്ള , പി.കെ. നാരായണപിള്ള, ടി.കെ. വേലുപ്പിള്ള തുടങ്ങിയവരെ യോജിപ്പിച്ച് പത്രമാരണ നിയമത്തിനെതിരെ ഒരു മഹായോഗം വിളിച്ച് ചേർക്കാൻ ബാലകൃഷ്ണപിള്ളക്കു സാധിച്ചു. തങ്ങളുടെ പരാതികൾ ബോധിപ്പിക്കാനും മഹാറാണിയുടെ നിലപാടിൽ ആശ്ചര്യം പ്രകടിപ്പിക്കാനുമായി അവർ ഒരു പ്രമേയം പാസാക്കി. നിയമം സത്വരമായി റദ്ദാക്കാൻ അവർ മഹാറാണിയോട് അപേക്ഷിച്ചു.

സർക്കാരിനു മുകളിൽ പല തരത്തിലുള്ള സമ്മർദ്ദവും പ്രക്ഷോഭകർ ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. വൈക്കം പ്രതിനിധി സംഘം മഹാറാണിയെ കാണാനെത്തിയപ്പോൾ നേതൃത്വം നൽകിയ കെ. പരമേശ്വരൻ പിള്ള എല്ലാ അംഗങ്ങളും പൂർണ നിശബ്ദത പാലിച്ച് പൊതു ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടു. നിയമം റദ്ദാക്കാനുള്ള നിവേദനം സമർപ്പിക്കുകയും ദിവാൻ അനുവദിക്കുകയും ചെയ്തു. നിയമസഭയിൽ അനൗദ്യോഗിക അംഗങ്ങളുട ഭൂരിപക്ഷത്തോടെ റദ്ദാക്കൽ പരാജയപ്പെട്ടു. മുപ്പത് അംഗങ്ങൾ റാണിയെ അനുകൂലിച്ചപ്പോൾ പതിനാറു പേർ റദ്ദാക്കലിനു വേണ്ടി വോട്ടു ചെയ്തു. ദിവാൻ കഴിവില്ലാത്തവനും നിയമസഭയെ ബഹുമാനിക്കാത്തവനുമാണെന്ന് ജൂൺ 29 ലെ നവശക്തി പത്രം വാർത്ത നൽകി. നവശക്തിയുടെ ലൈസൻസ് റദ്ദാക്കി.[1] 1930 സെപ്റ്റംബറിൽ 'സ്വർഗ്ഗമോ നരകമോ' എന്ന തലക്കെട്ടിൽ മുഖപ്രസംഗം പ്രബോധകനിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഫലമായി സർക്കാർ ഉദ്യോഗസ്ഥർ മാത്രമല്ല ഗവൺമെൻറിൽ നിന്ന് എന്തെങ്കിലും വേതനം പറ്റുന്നവർ പോലും രാഷ്ട്രീയ പ്രക്ഷോഭണങ്ങളിൽ പങ്കെടുക്കുവാൻ പാടില്ലെന്ന് സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.[3]സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആവേശം പ്രദാനം ചെയ്തിരുന്ന 'സ്വരാട്' പത്രാധിപർ എ.കെ. പിള്ള ഇതിൽ പ്രതിഷേധിച്ചു നിയമസഭാംഗത്വം രാജി വച്ചു.[4]

ബോധേശ്വരൻ പത്രമാരണ നിയമത്തിനെതിരെ എഴുതിയ പ്രതിഷേധ ഗാനം ഇങ്ങനെയായിരുന്നു.[5]

  1. 1.0 1.1 1.2 1.3 എസ്. പിള്ള, മനു (2015). ദന്തസിംഹാസനം തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികൾ. കോട്ടയം: ഡി.സി. ബുക്ക്സ്. pp. 273–274. ISBN 978-93-5282-097-9.
  2. സി. അച്യുതമേനോൻ (1987). പത്രപ്രവർത്തനം ഭിന്നമുഖങ്ങൾ(പ്രബന്ധങ്ങൾ) - പത്ര പ്രവർത്തനം സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും. കൊച്ചി: കേരള പ്രസ്സ് അക്കാദമി. p. 144.
  3. കേസരിയുടെ മുഖപ്രസംഗങ്ങൾ, ആമുഖം - സി. നാരായണക്കുറുപ്പ് , എൻ ബി എസ് 1961 .പേജ് 8
  4. നായർ, പട്ടം ജി (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. p. 471. ISBN 81-86365-94-X.
  5. ഗോവിന്ദപിള്ള, പി.ജി. (2012). കേരള നവോത്ഥാനം നാലാം സഞ്ചിക മാധ്യ പർവ്വം. തിരുവനന്തപുരം: ചിന്ത പബ്ളിഷേഴ്സ്. pp. 172–173. ISBN 93-823-2895-5.

പുറം കണ്ണികൾ

തിരുത്തുക