നീലിയാർ ഭഗവതി
വടക്കൻ കേരളത്തിൽ അമ്മ ദൈവങ്ങളിലൊന്നായി കെട്ടിയാടുന്ന തെയ്യമാണു് നീലിയാർ ഭഗവതി. കോട്ടത്തമ്മ, ഒറ്റത്തിറ തുടങ്ങിയ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. കണ്ണൂർ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ടു പറമ്പ് നീലിയാർ കോട്ടത്ത് ഈ തെയ്യം കെട്ടിയാടി വരുന്നു. പത്തൊൻപത് ഏക്കർ വിസ്ഥാരത്തിലുള്ള ഈ കാവിൽ വൈകുന്നേരം സൂര്യാസ്തമന സമയത്താണ് തെയ്യക്കോലം ഇറങ്ങുക. ചെറുകുന്ന്, എരിഞ്ഞിക്കൽ, മാതമംഗലം എന്നിവിടങ്ങളിലും നീലിയാർ ഭഗവതിയുടെ സ്ഥാനങ്ങൾ ഉണ്ട്. വണ്ണാൻ സമുദായത്തിൽ പെട്ടവരാണു കോലം കെട്ടുന്നത്. ഒറ്റ ചെണ്ടയും കുറച്ച് വാദ്യങ്ങളും മാത്രമാണു ഉപയോഗിക്കുന്നത്.
സാധാരണയായി വടക്കൻ കേരളത്തിൽ തുലാമാസത്തിൽ തുടങ്ങുന്ന തെയ്യക്കാലം ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങോടെ അവസാനിക്കും. എന്നാൽ വർഷത്തിൽ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമാണ് നീലിയാർ ഭഗവതി തെയ്യം. കർക്കടകമാസം 2 മുതൽ 16 വരെ മാങ്ങാട്ട് നീലിയാർ കോട്ടത്തിലെ ഭഗവതി ആരൂഢസ്ഥാനമായ കൊട്ടിയൂരിനടുത്തുള്ള മണത്തണയിലാണുണ്ടാകുക എന്ന വിശ്വാസത്താൽ ആ സമയത്ത് മാത്രം ഈ തെയ്യം കെട്ടിയാടിക്കുന്നില്ല. എല്ലാ മാസസംക്രമത്തിനും കുടുംബവകയായും മറ്റുദിവസങ്ങളിൽ ഭക്തരുടെ പ്രാർത്ഥനക്കനുസരിച്ചും തെയ്യം കെട്ടുന്നു. സന്താന സൗഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനും ഭക്തർ നീലിയാർ ഭഗവതിയെ കെട്ടിയാടിക്കാൻ നേർച്ച നേരാറുണ്ട്.
ഐതിഹ്യം
തിരുത്തുകനീലിയാർ ഭഗവതി ഈ സ്ഥലത്ത് കുടികൊള്ളാനുണ്ടായ കാരണമായി പറയപ്പെടുന്ന ഒരു ഐതിഹ്യം ഇനി പറയുന്നതാണു്. കണ്ണൂരിലെ കൊട്ടിയൂരിനടുത്തുള്ള മണത്തണയിൽ നാട്ടുരാജാവിനാൽ അപമൃത്യുവിനിരയായ സുന്ദരിയും തർക്കശാസ്ത്ര വിദഗ്ദ്ധയുമായ താഴ്ന്ന ജാതിയിൽ പെട്ട നീലി എന്ന സ്ത്രീയാണു മരണശേഷം നീലിയാർ ഭഗവതിയായി മാറിയത് എന്നു വിശ്വാസം. മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികർ കുളിക്കാനായി ഇല്ലക്കുളത്തിൽ എത്തുമ്പോൾ സുന്ദരരൂപത്തിൽ നീലിയാർ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്ന് അന്വേഷിക്കുകയും അങ്ങനെ അരികിൽ വരുന്നവരെ കൊന്ന് ചോരകുടിക്കുകയും ചെയ്യും. കുളിക്കാനായി ചെന്ന ആരും തിരിച്ചുവന്നിട്ടില്ല. ഒരിക്കൽ പണ്ഡിതനായ കാളക്കാട്ട് ഇല്ലത്തെ നമ്പൂതിരി അവിടെയെത്തുകയും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോവുകയും ചെയ്തു.അവിടെ മറുകരയിൽ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിനു നമ്പൂതിരി കാളക്കാട്ട് എന്നു മറുപടിയും മറുചോദ്യത്തിനു കാളി എന്നു നീലിയും മറുപടി പറഞ്ഞു. ഭഗവതി എണ്ണയും താളിയും നൽകുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം എണ്ണയും താളിയും കുടിച്ചു. അമ്മ എന്നു വിളിച്ചതിനാൽ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയിൽ കയറി വന്നു എന്നു വിശ്വസിക്കുന്നു. പശുവും പുലിയും ഒന്നിച്ച് സ്നേഹത്തോടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നു ഭഗവതി പറഞ്ഞുവെന്നും അങ്ങനെ, മാങ്ങാട്ടു പറമ്പിൽ പശുവും പുലിയും ചേർന്ന് മേയുന്നത് കണ്ടെന്നും ഇവിടെ കുട ഇറക്കിവച്ച് വിശ്രമിച്ചെന്നും കഥ. [1][2]
തെയ്യക്കോലം
തിരുത്തുകവലിയ തമ്പുരാട്ടി തെയ്യത്തിനോട് വളരെ സാദൃശ്യം ഉള്ള കോലം. വലിയ മുടി മുഖത്തെഴുത്ത് എന്നിവയിൽ സാദൃശ്യം. വണ്ണാൻ സമുദായക്കാരാണു ഈ തെയ്യം കെട്ടുന്നത്. കരക്കാട്ടിടം നായനാർ ആചാരം കൊടുത്തവർക്ക് മാത്രമാണു ഈ തെയ്യം കെട്ടാൻ അനുവാദം. മാങ്ങാട്ടു പറമ്പ് നീലിയാർ കാവിൽ ഹരിദാസൻ, രവി എന്നിവരാണിപ്പോൾ സ്ഥാനക്കാർ.
പ്രത്യേക സൗകര്യങ്ങൾ
തിരുത്തുകസ്ഥിരമായി ഇവിടെ തെയ്യമുള്ളതിനാൽ കാവിനുള്ളിൽ തന്നെ മഴകൊള്ളാതെ മുഖത്തെഴുതാനും മറ്റുമായി ഒരു ചെറിയ കെട്ടിടമുണ്ട്. അവിടെത്തന്നെയാണു തെയ്യത്തിന്റെ അണിയലങ്ങൾ,മുളയിൽ തീർത്ത20 അടിയോളം നീളമുള്ള തിരുമുടി എന്നിവ സൂക്ഷിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുകചിത്രശാല
തിരുത്തുക-
തെയ്യം ആടുന്ന ഒരു ദൃശ്യം
-
തെയ്യം ആടുന്ന മറ്റൊരു ദൃശ്യം
-
മുഖത്തെഴുത്ത്
-
മുഖത്തെഴുത്ത്
-
മുഖത്തെഴുത്ത് തറയിൽനിന്നും പുറത്തേക്ക്
-
അവസാനവട്ട മിനുക്കുപണികൾ
-
മുടി കെട്ടും മുമ്പ്
-
അരങ്ങിലേക്ക്
-
അരങ്ങിൽ