ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗവൺമെന്റ് സെക്രട്ടറിയേറ്റിന് മുൻവശം ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പുസമരം. സമരത്തിൽ പങ്കെടുക്കുന്നവർ ഇരിക്കുകയോ, കിടക്കുകയോ ചെയ്യാതെ നിന്നുകൊണ്ട് സമരം ചെയ്യുന്നതിനാലാണ് ഈ സമരത്തെ നിൽപ്പുസമരം എന്ന് വിശേഷിപ്പിക്കുന്നത്. [1]

നിൽപ്പുസമരം ഒരു ദൃശ്യം

മേധാ പട്കറുടെ സാന്നിധ്യത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാറും പി.കെ. ജയലക്ഷ്മിയും ആദിവാസി ഗോത്രമഹാസഭാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പാക്കാനുള്ള സാധ്യതകൾ തെളിഞ്ഞത്. [2] മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മേധ പട്കർ ചർച്ച നടത്തിയിരുന്നു. വിവിധ തലങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകളുടെ അവസാനം, മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് 162 ദിവസം തുടർച്ചയായി നടന്ന അനിശ്ചിതകാല നിൽപ്പ് സമരം 2014 ഡിസംബർ 8-ന് രാവിലെ പിൻവലിച്ചു. [3]

ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനുമാണ് സമരത്തെ മുൻ‌നിരയിൽ നിന്ന് നയിച്ചത്.

സമരാവശ്യങ്ങൾ

തിരുത്തുക
  1. 2003-ൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ആദിവാസി സമരത്തെ തുടർന്ന് എ.കെ. ആന്റണി സർക്കാർ അംഗീകരിച്ച ഭൂമി പാക്കേജ് നടപ്പിലാക്കണമെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ പ്രധാന ആവശ്യം. ഒരേക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകാമെന്നായിരുന്നു അന്ന് സർക്കാർ നൽകിയ വാഗ്ദാനം.
  2. മുത്തങ്ങയിൽ നിന്ന് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുക.
  3. വേടൻ ഗ്രോത്രത്തിന് പട്ടികവർഗ പദവി നൽകുക.
  4. ആദിവാസി ഭൂമി സ്വകാര്യവ്യക്തികൾക്ക്‌ കൈമാറാനുള്ള നീക്കം അവസാനിപ്പിക്കുക
  5. മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ആദിവാസി ഊരുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക

സർക്കാർ തീരുമാനങ്ങൾ

തിരുത്തുക
  1. കേന്ദ്രസർക്കാരും സുപ്രിംകോടതിയും അനുമതി നൽകിയത് പ്രകാരമുള്ള 7693 ഹെക്ടർ നിക്ഷിപ്ത വനഭൂമി സംസ്ഥാനത്തെ ആദിവാസികൾക്ക് പതിച്ചുനൽകിക്കൊണ്ട് വിജ്ഞാപനമിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  2. ആദിവാസി ഊരുകളിൽ അവരുടെ മാത്രമായ ഭരണസമിതികൾ അറിയാതെ ഭൂമിയുടെ ക്രയവിക്രയം അനുവദിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന പെസ നിയമം നടപ്പാക്കും.
  3. വനവകാശം നൽകിയതിന്റെ പേരിലും പട്ടികവർഗക്കാർ അല്ലാത്തവർ കൈയേറിയതിന്റെ പേരിലും ആദിവാസികൾക്ക് നഷ്ടമായ വനഭൂമി കൂട്ടിച്ചേർക്കുന്നതിന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കും. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമിക്കായി കേന്ദ്രത്തോട് ആവശ്യപ്പെടും. 7693 ഹെക്ടറിന് പുറമേ നിലവിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 1500 ഹെക്ടർ ഭൂമിയിൽ ആദിവാസിപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സംയുക്തപരിശോധന നടത്തും. പരിശോധനയിൽ വാസയോഗ്യമെന്ന് കണ്ടെത്തുന്ന ഭൂമി ആദിവാസികൾക്ക് നൽകും.
  4. മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകും. ഇവർക്ക് വീട് വയ്ക്കുന്നതിന് രണ്ടര ലക്ഷം രൂപ വീതവും നൽകും. മുത്തങ്ങ പൊലീസ് വെടിവയ്പ് ഉണ്ടായവേളയിൽ ജയിലിൽ പോകേണ്ടി വന്ന ആദിവാസി കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. സർക്കാർ കണക്കനുസരിച്ച് 44 കുട്ടികളാണ് ഉള്ളത്. കൂടുതൽ പേരുണ്ടെങ്കിൽ അവർക്കും തുക നൽകും. കുട്ടികൾക്ക് നിയമസഹായം ഇപ്പോൾ നൽകിവരുന്നുണ്ട്. കേസുകൾ പിൻവലിച്ചിട്ടുണ്ട്.
  5. ആറളം ഫാമിലെ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിശോധിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പട്ടികവർഗ്ഗ ഡയറക്ടറെ ചുമതലപ്പെടുത്തി. അവിടെ പൈനാപ്പിൾ കൃഷി നിരോധിക്കണമെന്ന ആവശ്യമാണ് ആദിവാസികളുയർത്തുന്നത്. കീടനാശിനിപ്രയോഗവും ആനശല്യവുമാണ് കാരണമായി അവർ പറയുന്നത്. ഇനി പുതുതായി പൈനാപ്പിൾ കൃഷി അനുവദിക്കില്ല. നിലവിലുള്ളത് അവസാനിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.
  6. ആദിവാസി പുനരധിവാസമിഷൻ കാര്യക്ഷമമാക്കും.
  7. അട്ടപ്പാടി ആദിവാസി ഊരുകളിൽ പരമ്പരാഗതകൃഷിക്ക് പ്രോത്സാഹനം നൽകും. ഐ.ടി.ഡി.പി പോലുള്ള ഏജൻസികളുടെ സഹായത്തോടെ ഇതിന് നടപടിയെടുക്കും.
  8. സംസ്ഥാനത്ത് വേടർ സമുദായത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും.
  9. പ്രോജക്ട് ഫാമുകളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് 2006ലെ വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നൽകും.

സമരത്തിന് ലഭിച്ച പിന്തുണകൾ

തിരുത്തുക

സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെ പിന്തുണ ഈ സമരത്തിന് ലഭിച്ചിരുന്നു. വിവിധ സംഘടനകളും നേതാക്കളും സമര പന്തലിൽ വന്ന് പിന്തുണയർപ്പിച്ചുകൊണ്ടാണ് സമരത്തെ പിന്തുണച്ചത്.

  1. സമരത്തെ പിന്തുണച്ച് മേധാപട്കർ രംഗത്തെത്തുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. [4]
  2. കെ.പി.സി.സി. പ്രസിഡന്റ് വി.സുധീരൻ സമരത്തെ പിന്തുണച്ച് സമരപന്തലിൽ എത്തി [5]
  3. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രനും സമരപ്പന്തലിൽ നേരിട്ടെത്തി സി.പി.ഐ.യുടെ പിന്തുണ പ്രഖ്യാപിച്ചത്. [6]
  4. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ മാധ്യമ വിദ്യാർത്ഥികൾ സമര പന്തലിൽ എത്തി സമരക്കാരുടെ കാലുകളിൽ ചുംബിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് പുതുമയുള്ള സമരമാർഗ്ഗമായി. [7]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-30. Retrieved 2014-10-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-02. Retrieved 2014-12-20.
  3. http://news.keralakaumudi.com/news.php?nid=a5a22dcfcb3c8fafd13926926f34ebc8
  4. http://news.keralakaumudi.com/news.php?nid=28f81273b79d0e60a0b2e83f8d7c54d7
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-03. Retrieved 2014-12-20.
  6. http://news.keralakaumudi.com/news.php?nid=28f81273b79d0e60a0b2e83f8d7c54d7
  7. http://newsmoments.in/news/kerala/solidarity-to-nilpp-samram-2/6579.html
"https://ml.wikipedia.org/w/index.php?title=നിൽപ്പുസമരം&oldid=3660708" എന്ന താളിൽനിന്ന് ശേഖരിച്ചത്