മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയുടെ മലബാർ ആക്രമണത്തിന്റെ ഒരു പൂർണ്ണമായ ചിത്രം നൽകുന്ന മലയാള ഗ്രന്ഥവരിയാണ്‌ 'വെള്ളയുടെ ചരിത്രം അഥവാ വെള്ള എഴുതി വച്ച ചരിത്രം' [1].കേരളത്തിലെ പഴയ നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പന്നിയൂരെ പ്രമാണിയായിരുന്ന 'വെള്ള'യാണ്‌ ഗ്രന്ഥത്തിന്റെ കർത്താവ്. കേരളോല്പത്തികളിൽ പരാമൃഷ്ടമായിട്ടുള്ള കുടുംബമാണ്‌ വെള്ളയുടേതെന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം[2]. കൊല്ല വർഷം 884 ൽ ആണ് വെള്ളയുടെ ജനനം. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഭാരതപ്പുഴയുടെ തെക്കേകരയിൽ ഇദ്ദേഹത്തിന്റെ ഇല്ലം ഇപ്പോഴുമുണ്ട്.തവന്നൂരിലെ വെള്ളയുടെ ഗൃഹം വില്വമംഗലം സ്വാമിയാരുടെ ജന്മഗൃഹമാണെന്ന് അക്കിത്തം രേഖപ്പെടുത്തുന്നു[3].ഗ്രന്ഥം എഴുതുന്ന കാലത്ത് വെള്ളനമ്പൂതിരിക്ക് ഏതാണ്ട് 70 വയസ് പ്രായമുണ്ട്. 1755 മുതൽ 1780 വരെ നടന്ന യുദ്ധങ്ങൾക്കും ലഹളകൾക്കും അദ്ദേഹം ദൃക്സാക്ഷിയായിരുന്നു.മുതിരങ്ങാട് നാരായണൻ നമ്പൂതിരിയുടെ കൈവശം കിട്ടിയ കൈയ്യെഴുത്ത് പ്രതി കെ.പി. നാരായണപ്പിഷാരോടി പരിശോധിക്കുകയും കടലാസിൽ പകർത്തിയെടുക്കുകയും ചെയ്തു.പിന്നീട് തൃശൂരിലുള്ള യോഗക്ഷേമം മാസികയിൽ അത് ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു[4]. 1965ആഗസ്റ്റ് 25ന് വെള്ളമനയ്ക്കൽ നാരായണൻ നമ്പൂതിരി പകർത്തിയ കടലാസ് പതിപ്പിനെ ആശ്രയിച്ച് [5]ഡോ. എൻ എം നമ്പൂതിരി തയ്യാറാക്കിയ അച്ചടിച്ച പതിപ്പ് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ചിട്ടൂണ്ട്.ഋജുവും ലളിതവുമായ ശൈലിയും സംക്ഷിപ്തതയും ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളാണ്‌. മൂന്ന് ഭാഗങ്ങളായി രചിച്ചുട്ടുള്ള ഈ കൃതിക്ക് മലയാളസാഹിത്യ ചരിത്രത്തിൽ അപൂർവമായ സ്ഥാനമുണ്ടെന്ന് ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു[6].ഇത് കേരളചരിത്രകൃതികളിൽ ആദ്യത്തെ നാട്ടുഗ്രന്ഥവും മലയാളത്തിലെ ഒന്നാമത്തെ ചരിത്രകൃതിയുമാണെന്ന് ചരിത്ര ഗവേഷകനായ ഡോ. എൻ എം നമ്പൂതിരി രേഖപ്പെടുത്തുന്നു. ഉദയമ്പേരൂർ സുന്നഹദോസിന്റെ കാനോനകളേക്കാളേക്കാളും മിഷണറി കൃതികളേക്കാളും ഈ ഗ്രന്ഥം ഗദ്യസാഹിത്യവികാസത്തിൽ സുപ്രധാനമാണെന്ന്[7] ചില പണ്ഡിതന്മാരെങ്കിലും കരുതുന്നു.

വെള്ളയുടെ ചരിത്രം

https://drive.google.com/file/d/1sUBM1kFu5yGydzoziIowC0TXc0jCFHsv/view?usp=drivesdk

https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Narayanan_potti

  1. ഡോ. എൻ എം നമ്പൂതിരി . വെള്ളയുടെ ചരിത്രം(1998)പുറം 9. വള്ളത്തോൾ വിദ്യാപീഠം,ശുകപുരം. സമ്പാദനം പഠനം-ഡോ. എൻ എം നമ്പൂതിരി.
  2. കെ.വി . കൃഷ്ണയ്യർ , The Zamorins of Calicut, Norman Printing Bureau Calicut, 1938 p-49 .ഉദ്ധരിച്ചിട്ടുള്ളത്:ഡോ. എൻ എം നമ്പൂതിരി . വെള്ളയുടെ ചരിത്രം(1998)പുറം 9
  3. അക്കിത്തം അച്യുതൻ നമ്പൂതിരി, പ്രസ്താവന,വെള്ളയുടെ ചരിത്രം(1998)പുറം 8
  4. അക്കിത്തം അച്യുതൻ നമ്പൂതിരി, പ്രസ്താവന,വെള്ളയുടെ ചരിത്രം(1998)പുറം 8
  5. ഡോ. എൻ എം നമ്പൂതിരി . വെള്ളയുടെ ചരിത്രം(1998)പുറം 9. വള്ളത്തോൾ വിദ്യാപീഠം,ശുകപുരം. സമ്പാദനം പഠനം-ഡോ. എൻ എം നമ്പൂതിരി.
  6. അതേ പുസ്തകം. പുറം 20
  7. അതേ പുസ്തകം. പുറം 20
"https://ml.wikipedia.org/w/index.php?title=വെള്ളയുടെ_ചരിത്രം&oldid=3849735" എന്ന താളിൽനിന്ന് ശേഖരിച്ചത്