നിനവേയിലെ ഇസഹാക്ക്
ഏഴാം നൂറ്റാണ്ടിലെ ഒരു സുറിയാനി താപസനും മെത്രാനും ദൈവശാസ്ത്രജ്ഞനും പേരുകേട്ട എഴുത്തുകാരനും ആയിരുന്നു നിനവേയിലെ ഇസഹാക്ക് (അറബി: إسحاق النينوي ഇഷാക്ക് അൻ-നയ്നൂവി; ഗ്രീക്ക്: Ισαάκ της Νινευή മരണം എഡി 700-നടുത്ത്). എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. പേർഷ്യൻ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ തീരത്തെ പഴയ ബഹറൈൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ഖത്തർ ആയിരുന്നു അദ്ദേഹത്തിന്റെ സ്വദേശം. അസീറിയാക്കാരൻ ഇസഹാക്ക്, അബ്ബാ ഇസഹാക്ക്, ഇസഹാക്ക് സിറസ് എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്. ഇസഹാക്കിന്റെ പശ്ചാത്തലം നെസ്തോറിയൻ ആയിരുന്നെങ്കിലും 'കൽക്കദോനിയൻ' (Chalcedonian) വിശ്വാസപാരമ്പര്യം പിന്തുടരുന്ന പൗരസ്ത്യ ഓർത്തഡോക്സ്, കത്തോലിക്കാ സഭകളിലും അദ്ദേഹം വിശുദ്ധനായി മാനിക്കപ്പെടുന്നു. ജനുവരി 28-ആം തിയതിയാണ് അദ്ദേഹത്തിന്റെ തിരുനാൾ.
നിനവേയിൽ ഇസഹാക്ക്
Ισαάκ της Νινευή (ഗ്രീക്ക്) | |
---|---|
സിറിയാക്കാരൻ മാർ ഇസഹാക്ക് | |
ജനനം | മാഗ്ദൽ, ബഹറൈൻ പ്രദേശം |
മരണം | എഡി 700-നടുത്ത് നിനവേ |
വണങ്ങുന്നത് | പൗരസ്ത്യ ഓർത്തഡോക്സ് സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭ കിഴക്കിന്റെ അസീറിയൻ സഭ റോമൻ കത്തോലിക്കാ സഭ പൗരസ്ത്യ കത്തോലിക്കാ സഭ |
പ്രധാന തീർത്ഥാടനകേന്ദ്രം | ഷാബാർ ആശ്രമം, ഇറാഖ് |
ഓർമ്മത്തിരുന്നാൾ | ജനുവരി 28 |
പ്രതീകം/ചിഹ്നം | മെത്രാനും ദൈവശാസ്ത്രജ്ഞനും |
മദ്ധ്യസ്ഥം | ഷാബാർ ആശ്രമ ഗ്രാമം |
നെസ്തോറിയൻ പശ്ചാത്തലമുള്ള കിഴക്കിന്റെ സഭയിൽ സന്യാസിയും, കുറേക്കാലം മെത്രാനുമായിരുന്ന[1] ഇസഹാക്കിന്റെ ദൈവസങ്കല്പം വ്യവസ്ഥാപിതക്രിസ്തീയതകളുടെ സിദ്ധാന്തങ്ങളെ അതിലംഘിച്ചു നിന്നു. ദൈവത്തിന്റെ നീതിയേക്കാളുപരി ദൈവകാരുണ്യത്തിനും ദൈവികസ്നേഹത്തിനും ഇസഹാക്ക് പ്രാധാന്യം കല്പിച്ചു. വിദ്വേഷത്തേയും വെറുപ്പിനേയും പ്രതികാരവാഞ്ഛയേയും ദൈവസ്വഭാവത്തിന്റെ ഭാഗമായി സങ്കല്പിക്കുന്നത് ദൈവനിന്ദയാണെന്ന് അദ്ദേഹം കരുതി. ധർമ്മിഷ്ടരും പാപികളും ഉൾപ്പെടെ സർവചരാചരങ്ങളേയും, സാത്താനെ തന്നെയും സ്നേഹിച്ചു പരിപാലിക്കുന്നവനായി ഇസഹാക്ക് ദൈവത്തെ സങ്കല്പിച്ചു.[2] ദൈവത്തിന്റെ രക്ഷാപദ്ധതി ഒടുവിൽ സൃഷ്ടലോകത്തെയൊന്നാകെ രക്ഷിക്കുമെന്നും "നിത്യനാശത്തിൽ നിഷ്കരുണം തള്ളാൻ മാത്രമായി ചേതനയുള്ള ജീവികളെ സൃഷ്ടിക്കുകയെന്നത് ദൈവത്തിന്റെ കാരുണ്യവുമായി ചേർന്നു പോകുന്ന കാര്യമല്ല" എന്നും അദ്ദേഹം കരുതി.[3]
ഇസഹാക്കിന്റെ രചനകളുടെ അസാമാന്യമായ സൗന്ദര്യവും ചിന്താപരമായ ഔന്നത്യവും, തോമസ് അക്കെമ്പിസിനെ അനുസ്മരിപ്പിക്കുമെന്ന് കത്തോലിക്കാ വിജ്ഞാനകോശം അഭിപ്രായപ്പെടുന്നു.[1]
ജീവിതം
തിരുത്തുകഇസഹാക്കിന്റെ ജീവിതത്തത്തെ സംബന്ധിച്ച വിവരങ്ങൾക്ക് ആശ്രയിക്കാനുള്ളത് ഒൻപതാം നൂറ്റാണ്ടിൽ ബസ്രായിലെ മെത്രാനായിരുന്ന ഈശോദെനാ എഴുതിയ കന്യാവൃതത്തിന്റെ പുസ്തകവും (Book of Chastity) അറിയപ്പെടാത്ത ഒരാൾ എഴുതിയ ഒരു പാശ്ചാത്യസുറിയാനി രേഖയുമാണ്. പേർഷ്യൻ ഉൾക്കടൽ പ്രദേശത്തെ പഴയ ബഹറൈൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ഖത്തറിൽ ജനിച്ച ഇസഹാക്ക് വളർന്നത് കടൽത്തീരത്തായിരുന്നിരിക്കണം. കടലുമായി ബന്ധപ്പെട്ട ബിംബങ്ങളും പാരാമർശങ്ങളും അദ്ദേഹത്തിന്റെ രചനകളിൽ ഏറെയുണ്ട്.[൧] ചെറിയ പ്രായത്തിൽ തന്നെ സ്വന്തം സഹോദരനൊപ്പം സന്യാസജീവിതം തെരഞ്ഞെടുത്ത അദ്ദേഹം, താമസിയാതെ അറിവും ജീവിതവിശുദ്ധിയും തപനിഷ്ടയും മൂലം പരക്കെ ബഹുമാനിക്കപ്പെട്ടു. പ്രശാന്തനും വിനീതനുമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ എപ്പോഴും സൗമ്യമായിരുന്നു. കിഴക്കിന്റെ സഭയുടെ കാതോലിക്കോസ് ആയിരുന്ന ഗീവർഗീസ് 676-നടുത്തെങ്ങോ ഇസഹാക്കിനെ വടക്ക് നിനവേ രൂപതയുടെ (ഇന്നത്തെ ഇറാക്കിലെ മൊസൂൽ) മെത്രാനായി അഭിഷേകം ചെയ്തു.[4][5]
മെത്രാൻ പദവിയിൽ ഇസഹാക്ക് തുടർന്നത് അഞ്ചു മാസം മാത്രമായിരുന്നു. വിരമിക്കലിന്റെ സാഹചര്യം വ്യക്തമല്ല. അതേക്കുറിച്ച് പ്രചരിച്ചിട്ടുള്ള ഒരു കഥ ഇതാണ്: മെത്രാഭിഷേകത്തിനടുത്ത ദിവസം രണ്ടു പേർ അദ്ദേഹത്തെ ഒരു തർക്കം തീർക്കാനായി സമീപിച്ചു. ഒരുവൻ അപരന് കൊടുത്തിരുന്ന കടം തിരികെ കൊടുക്കാത്തതിനെ സംബന്ധിച്ചായിരുന്നു തർക്കം. കടം ഉടൻ തിരികെ കിട്ടിയില്ലെങ്കിൽ വാങ്ങിയവനെ കൊടതി കയറ്റുമെന്ന് ഉത്തമർണ്ണൻ ഭീഷണിപ്പെടുത്തിപ്പോൾ ഇസഹാക്ക് ഇങ്ങനെ പറഞ്ഞു: "കടം കൊടുത്തത് തിരികെ വാങ്ങരുതെന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നതോർത്ത് നീ ഇയാൾക്ക് ഒരു ദിവസത്തെ അവധിയെങ്കിലും കൊടുക്കുക." അപ്പോൾ, കടം കൊടുത്തവന്റെ പ്രതികരണം "സുവിശേഷം പറഞ്ഞ് എന്നെ വിഷമിപ്പിക്കാതിരിക്കുക" എന്നായിരുന്നു. അതുകേട്ട് ഇസഹാക്ക്, "സുവിശേഷം ഇവിടെ പരിഗണിക്കേണ്ടതില്ലെങ്കിൽ എനിക്കിവിടെ എന്തു കാര്യം" എന്നു പറഞ്ഞു. മെത്രാൻ സ്ഥാനം തന്റെ തപനിഷ്ടയുമായി പൊരുത്തപ്പെടുന്നില്ല എന്ന് ഇതുപോലെയുള്ള അനുഭവങ്ങളിൽ നിന്നു ബോദ്ധ്യപ്പെട്ട അദ്ദേഹം താമസിയാതെ അധികാരമൊഴിഞ്ഞു.[2][6] മെത്രാനെന്ന നിലയിൽ അദ്ദേഹത്തിന് ഏകസ്വാഭാവവാദികളെപ്പോലുള്ള ഇതരക്രിസ്തീയവിഭാഗങ്ങളുമായുള്ള തർക്കങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നെന്നും ഇസഹാക്കിനെ അധികാരം ഒഴിയാൻ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് അമ്മാതിരി സൈദ്ധാന്തികസംവാദങ്ങളിലുള്ള താത്പര്യക്കുറവായിരുന്നെന്നും പറയപ്പെടുന്നു.[4]
തുടർന്ന് പഠനത്തിലും തപശ്ചര്യകളിലും മുഴുകി, തെക്ക് തീവ്രതാപസന്മാരുടെ സങ്കേതമായിരുന്ന മാതൂട്ട് മലയിലെ (Mount Matout) വനാന്തരത്തിൽ അദ്ദേഹം ഏറെക്കാലം ജീവിച്ചു. ഒരപ്പവും വേവിക്കാത്ത അല്പം പച്ചക്കറികളുമായി ആഴ്ചയിൽ മൂന്നു വട്ടം മാത്രമായിരുന്നു ആഹാരം. ജീവിതകാലത്തു തന്നെ അദ്ദേഹം വിശുദ്ധനായി മാനിക്കപ്പെട്ടിരുന്നു. അതിവാർദ്ധക്യത്തിൽ കാഴ്ചനഷ്ടപ്പെട്ട അദ്ദേഹം ഏകാന്തവാസം അവസാനിപ്പിച്ച് റബ്ബാൻ ഷബർ ആശ്രമത്തിലേക്കു മടങ്ങി. ഇസഹാക്ക് മരിച്ചതും അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നതും ആ ആശ്രമത്തിലാണ്. എഡി 700-ലായിരുന്നു മരണം. അദ്ദേഹത്തിന്റെ ജനനവർഷം എന്നതു പോലെ മരണത്തീയതിയും നിശ്ചയമില്ല.
രചനകൾ
തിരുത്തുകസുകൃതജീവിതത്തേയും സന്യാസചര്യയേയും സംബന്ധിച്ച ഒട്ടേറെ പ്രഭാഷണങ്ങളാണ് ഇസഹാക്കിന്റെ മുഖ്യസംഭാവന. അവയുടെ ഭാഷ സുറിയാനി ആയിരുന്നു. കാലക്രമേണ ഏറെ പ്രശസ്തി നേടിയ ഈ പ്രഭാഷണങ്ങൾ ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ പലസ്തീനയിലെ മാർ സബ്ബാസ് ആശ്രമത്തിലെ രണ്ടു സന്യാസികൾ ഗ്രീക്കു ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തു.[7] അബ്രാമോയിസ്, പാത്രിക്കിയോസ് എന്നിവരായിരുന്നു പരിഭാഷകരായ സന്യാസികൾ. ഗ്രീക്കിൽ നിന്ന് അവ പത്താം നൂറ്റാണ്ടിൽ ജോർജിയൻ ഭാഷയിലേക്കും, 14-ആം നൂറ്റാണ്ടിൽ സ്ലാവോണിക് ഭാഷയിലേക്കും, 15-ആം നൂറ്റാണ്ടിൽ ലത്തീനിലേക്കും, തുടർന്ന് പോർത്തുഗീസ്, സ്പാനിഷ്, കാറ്റലൻ, ഫ്രെഞ്ച്, ഇറ്റാലിയൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ പൗരസ്ത്യ-പാശ്ചാത്യ ക്രിസ്തീയതകളിൽ, പ്രത്യേകിച്ച് സന്യസ്തർക്കിടയിൽ, അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. 1983-ൽ ഇസഹാക്കിന്റെ രചനകളുടെ ഒരു പുതിയ സഞ്ചയം സുറിയാനി പണ്ഡിതൻ സെബാസ്റ്റ്യൻ ബ്രോക്ക് ഓക്സ്ഫോർഡ് സർവകലാശാലയിലെ ബോഡെലിയൻ ഗ്രന്ഥശാലയിൽ കണ്ടെത്തി.[8][9]
ദൈവശാസ്ത്രം
തിരുത്തുകദൈവത്തിന്റെ നിസ്സീമമായ സ്നേഹകാരുണ്യങ്ങളെക്കുറിച്ചുള്ള ബോദ്ധ്യമായിരുന്നു ഇസഹാക്കിന്റെ പ്രബോധങ്ങളുടെ അടിസ്ഥാനം. പ്രപഞ്ചത്തെ ദൈവസ്നേഹത്തിൽ അടിയുറച്ചതായി അദ്ദേഹം കണ്ടു. ദൈവകാരുണ്യത്തെക്കുറിച്ചുള്ള ഇസഹാക്കിന്റെ വീക്ഷണം "അതിശയകരമാംവിധം ആധുനികം" (astonishningly modern) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹം, പാപിയുടെ നേർക്കുള്ള പ്രതികാരചിന്ത ചേർന്നു കലുഷമായതല്ലെന്ന് അദ്ദേഹം കരുതി. ദൈവപരിപാലനയുടെ നിഗൂഢപദ്ധതി ഒടുവിൽ, പാപികളും പുണ്യവാന്മാരുമടക്കം സകല മനുഷ്യരേയും, മൃഗങ്ങളേയും എന്നല്ല സാത്തനെപ്പോലും രക്ഷിക്കുന്നു. അതിൽ നിന്ന് ഒഴിച്ചു നിർത്തപ്പെട്ടവരായി ആരുമില്ല.
ഇസഹാക്കിന്റെ ദൈവശാസ്ത്രത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഘടകം അതിലെ ഈ 'സർവരക്ഷാവാദം' (Doctrine of Universal Salvation) ആണ്. മരണാനന്തരമുള്ള നിത്യനരകം എന്ന ആശയത്തെ അദ്ദേഹം സ്നേഹനിധിയും പരമകാരുണ്യവാനുമായ ദൈവത്തെക്കുറിച്ചുള്ള ക്രിസ്തീയസങ്കല്പവുമായി ചേർന്നു പോകാത്തതായി കണ്ടു. ദൈവകാരുണ്യവുമായുള്ള താരതമ്യത്തിൽ പാപമെന്നത് കടലിൽ വീഴുന്ന ഒരു പിടി മണ്ണിനു സമമ്മാണ്. ഒരു പിടി പൊടിമണ്ണ് സമുദ്രത്തിന്റെ സ്വച്ഛതയെ ബാധിക്കാത്തതു പോലെ, സൃഷ്ടികളുടെ പാപം സ്രഷ്ടാവിന്റെ ദയയെ തോല്പിക്കുന്നില്ല. പ്രപഞ്ചത്തിൽ സംഭവിക്കുന്നതൊന്നും ദൈവസ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്നില്ല. ദൈവം മാറ്റങ്ങൾക്കും ദൗർബ്ബല്യങ്ങൾക്കും അതീതനാകയാൽ, പാപം സൃഷ്ടിജാലങ്ങളോടുള്ള ദൈവത്തിന്റെ സ്നേഹത്തിൽ കുറവു വരുത്തുന്നില്ല. അധ:പതിച്ച മാലാഖമാരേപ്പോലും അവൻ മറ്റു മാലാഖമാർക്കൊപ്പം സ്നേഹിക്കുന്നു.
എങ്കിലും ഇസഹാക്ക് നരകത്തെ തീർത്തും നിഷേധിച്ചു എന്നില്ല. അദ്ദേഹത്തിന്റെ സങ്കല്പത്തിലെ നരകം അഥവാ 'ഗെഹെന്നാ' (Gehenna) ചേതനാത്മാക്കളെ കറതീർത്ത് ദൈവികരക്ഷക്കു സജ്ജമാക്കുന്ന ശുദ്ധീകരണസ്ഥാനമാണ്.[10]ദൈവം ശിക്ഷിക്കുന്നത് ശുദ്ധീകരണത്തിനാണ്, പ്രതികാരത്തിനല്ല. കാരുണ്യവാനായ ദൈവത്തെ ധിക്കരിച്ചു പാപം ചെയ്തതിലുള്ള തീവ്രദുഃഖമാണ് നരകപീഡ.[11]സൃഷ്ടപ്രപഞ്ചത്തെ പരിപൂർണ്ണതിയിലെത്തിക്കാനായി ആദിമുതലേ ഒരുക്കിയിരുന്ന ദൈവികപദ്ധതിയുടെ ഭാഗമായി അദ്ദേഹം നരകത്തെ കണക്കാക്കി. അതിനെ പീഡനത്തിന്റേയും ദൈവപ്രതികാരത്തിന്റേയും സ്ഥാനമായി കാണുന്നതിനോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് ഇതാണ്:-
“ | നരകത്തെ ദൈവസ്നേഹവും ദയയും നിറഞ്ഞതായല്ലാതെ കാണുകയെന്നത് അങ്ങേയറ്റം ദൈവനിന്ദാപരമായ വീക്ഷണമാണ്, ദൈവാവമാനമാണത്. വേദനയും ദുരിതവും എല്ലാത്തരം തിന്മകളും അനുഭവിക്കാനായി ദൈവം നമ്മെ തീയിലെരിക്കുമെന്നു പറയുമ്പോൾ, തന്റെ കൃപയാൽ വിവേകബുദ്ധിയോടെ സൃഷ്ടിച്ച ജീവികളുടെ നേരേ ശത്രുതയുള്ളവനായി നാം അവനെ ചിത്രീകരിക്കുന്നു. അവൻ വെറുപ്പോടെയോ പകയോടെയോ പ്രവർത്തിക്കുന്നെന്നു പറഞ്ഞാലും, തന്നോടു തന്നെ പ്രതികാരം ചെയ്യുന്നു എന്നാകും അർത്ഥം. ദൈവത്തിന്റെ പ്രവൃത്തികളിൽ ഒന്നു പോലും, ദയയും, സ്നേഹവും, കരുണയും നിറഞ്ഞതല്ലാതെയില്ല. നമ്മോടുള്ള അവന്റെ ഇടപാടുകളുടെയെല്ലാം ആദ്യവും അന്ത്യവും അതാണ്.[12] | ” |
മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പരമമായ പ്രകടനമായിരുന്നു ദൈവപുത്രന്റെ മനുഷ്യാവതാരം. എങ്കിലും മനുഷ്യാവതാരവും കുരിശുമരണവും മനുഷ്യരുടെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ആയിരുന്നെന്നോ, അതിനായി അത്തരമൊരു ദൈവികത്യാഗം ആവശ്യമായിരുന്നെന്നോ ഇസഹാക്ക് കരുതിയില്ല. സൃഷ്ടിയോടുള്ള ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹം പ്രകടമാകാൻ വേണ്ടിയാണ് മനുഷ്യാവതാരവും കുരിശുമരണവും സംഭവിച്ചത്.[12] തന്റെ പുത്രനേക്കാൾ വിലപ്പെട്ടതായി മറ്റെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മനുഷ്യരോടുള്ള സ്നേഹത്തെ പ്രതി ദൈവം അതും നൽകുമായിരുന്നു.[2]
കുറിപ്പുകൾ
തിരുത്തുക൧ ^ "കടലിൽ യാത്ര ചെയ്യുന്ന നാവികൾ നക്ഷത്രങ്ങളെ ശ്രദ്ധിക്കുകയും അവയുടെ ആശ്രയത്തിൽ നയിച്ച്, കപ്പലിനെ തുറമുഖത്തെത്തിക്കുകയും ചെയ്യുന്നു. ഒരു സന്യാസിയുടെ ശ്രദ്ധ പ്രാർത്ഥനയിലായിരിക്കണം. തന്റെ ലക്ഷ്യമായ തുറമുഖത്തേക്ക് അവനെ നയിക്കുന്നത് പ്രാർത്ഥനയാണ്. സന്യാസി എപ്പോഴും പ്രാർത്ഥനയിൽ ശ്രദ്ധിക്കുകയും അതിന്റെ ആശ്രയത്തിൽ ആവശ്യസാധനങ്ങൾ ശേഖരിക്കാൻ ഉതകുന്ന തുറമുഖത്ത് എത്തിച്ചേരുകയും ചെയ്യുന്നു. പിന്നെ മറ്റൊരു തുറമുഖം ലക്ഷ്യമാക്കി അയാൾ യാത്ര തുടരുന്നു. ഈ ജീവിതത്തിൽ സന്യാസിയുടെ യാത്ര ഇങ്ങനെ ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്കാണ്: അതായത് ഒരു ജ്ഞാനാവസ്ഥയിൽ നിന്നു മറ്റൊന്നിലേക്ക്..."[11]
അവലംബം
തിരുത്തുക- ↑ 1.0 1.1 നിനവേയിലെ ഇസഹാക്ക്, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
- ↑ 2.0 2.1 2.2 Bishop Hilarion Alfeyev - ST. ISAAC THE SYRIAN: A THEOLOGIAN OF LOVE AND MERCY[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഡയർമെയ്ഡ് മക്കല്ലക്: "ക്രിസ്റ്റ്യാനിറ്റി - ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 250)
- ↑ 4.0 4.1 In search of a spiritual pearl, St. Isaac the Syrian and his works. Presentation by Metropolitan Hilarion at the First International Patristics Conference of the Ss. Cyril and Methodius Theological Institute of Post-Graduate Studies St. Isaac the Syrian and His Spiritual Legacy, Metropolitan HILARION of Volokolamsk
- ↑ Saint Isaac the Syrian, Bishop of Nineveh, A Homily from Made Perfect in Faith, by Father James Thornton, Orthodox Christian Information Centre
- ↑ St Isaac the Syrian the Bishop of Nineveh, Orthodox Church in America
- ↑ The Ascetical Homilies of Saint Isaac the Syrian, LesLivresTheBooks.com
- ↑ St Isaac of Nineveh and Syrian Mysticism - God as love Archived 2015-10-01 at the Wayback Machine., Hilarion.ru
- ↑ Giorgy Kessel, New Manuscript Witnesses to the 'Second Part' of Isaac of Nineveh, STUDIA PATRISTICA (VOL. LXIV) Papers presented at the Sixteenth International Conferenceon Patristic Studies heldin Oxford 2011
- ↑ ജോൺ ഹീലി, "Eastern Spirituality from Ephraim the Syrian to Isaac of Nineveh" Zondervan Handbook to the History of Christianity (പുറം 112)
- ↑ 11.0 11.1 Pearls of Sait Isaac of Nineveh, WWW.karozota.com
- ↑ 12.0 12.1 The Wisdom of St.Isaac of Nineveh, A Bilingual Edition, By Sebastian P. Brock, Published by Gorgias Press (Texts from Christian Late Antiquity 1)(പുറം xii-xiv)