ഇന്ത്യയിലെ വടക്കൻ കേരളത്തിലെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലാരൂപമാണ്‌ നിണബലി. മലയ ജനവിഭാഗം അവതരിപ്പിക്കുന്ന കലയാണ് ഇത്. ബാധ ഒഴിപ്പിക്കൽ ചടങ്ങുകളുടെ ഭാഗമായി വീടുകളിൽ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിൽ ഭദ്രകാളിയും ദാരികൻ എന്ന അസുരനും തമ്മിലുള്ള യുദ്ധമാണ് അവതരിപ്പിക്കുന്നത്.

നിണബലി
Genreഅനുഷ്‌ഠാന കല
Instrument(s)ചെണ്ട, ഇലത്താളം
Originകേരളം, ഇന്ത്യ

പ്രചാരം

തിരുത്തുക

വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഈ നാടൻ കലാരൂപം പ്രധാനമായും കണ്ണൂർ ജില്ലയിലും കോഴിക്കോടട് ജില്ലയിലും ആണ് പ്രചാരത്തിലുള്ളത്.[1] ബാധ ഒഴിപ്പിക്കൽ ചടങ്ങുകളുടെ ഭാഗമായി വീടുകളിൽ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിൽ ദാരികാസുര വധം കഥയാണ് അരങ്ങേറുന്നത്.[1] പ്രധാനമായും കേരളത്തിലെ മലയ ജനവിഭാഗം അവതരിപ്പിക്കുന്ന കലയാണ് ഇത്.[2] പാണരും ഇത് അവരിപ്പിക്കാറുണ്ട്.[3] കോഴിയെ അറുത്ത് അതിൻ്റെ രക്തം തർപ്പണം ചെയ്യുന്ന ചടങ്ങും ഇതിൻ്റെ ഭാഗമായി നടത്താറുണ്ട്.[3]

ശുദ്ധിവരുത്തിയ മുറ്റത്ത് നിണബലി നടത്താനായി പന്തലിട്ട്, തൂണിൽ പാലമരത്തിൻ്റെയും കാഞ്ഞിരമരത്തിൻ്റെയും കൊമ്പും കുലയുള്ള വാഴയും ചേർത്തു കെട്ടി അലങ്കരിക്കുന്നു..[1] വാഴയിലയിൽ അവൽ, മലർ, ശർക്കര, ഇളനീർ, തേൻ, മദ്യം, തേങ്ങ തുടങ്ങിയവ വയ്ക്കുന്നു.[1] ഒരു പകൽ നീണ്ടു നിൽക്കുന്ന തുകലുഴിച്ചിൽ എന്ന ചടങ്ങുകൾക്ക് ശേഷം വൈകിട്ടാണ് നിണബലി ആരംഭിക്കുന്നത്. മലയസ്ത്രീകൾ ചെണ്ടയുടെയും അരിപ്പറയുടെയും ഇലത്താളത്തിന്റെയും പശ്ചാത്തലത്തിൽ പാടുന്ന പാട്ടാണ് തുകലുഴിച്ചിലിൻ്റെ പ്രധാന പ്രത്യേകത.[1]

വൈകിട്ട് ആദ്യം ഗുരുപൂജയാണ് നടക്കുന്നത്. ഇതിൽ വേഷക്കാരും ചെണ്ടക്കാരും പാട്ടുകാരും അണിയറയ്ക്കഭിമുഖമായിനിന്ന് തൊഴുതു നമസ്കരിക്കുന്നു.[1] തുടർന്ന് നിണബലി ഉണ്ടെന്ന് ചെണ്ടയും അരിപ്പറയും ഇലത്താളവും ഉൾപ്പടെയുള്ള വാദ്യങ്ങൾ കൊട്ടി വിളിച്ചയറിയിക്കും. ഈ സമയത്ത് ദാരികന്റെ വേഷം ചെയ്യുന്നയാളിൻ്റെ നിണം (മഞ്ഞളും കുങ്കുമവും ചേർത്തുണ്ടാക്കുന്ന ചോര നിറത്തിലുള്ള മിശ്രിതം) പുരട്ടിയ ശരീരത്തിൽ ചോളപ്പൊരി തേച്ചുപിടിപ്പിക്കാൻ തുടങ്ങുന്നു.[1]

വീക്കൻ ചെണ്ടയുടെ പശ്ചാത്തലത്തിൽ, തിരശ്ശീല മുന്നിൽ പിടിച്ച് ഇരുവശത്തും ആൾക്കാരുമായി, അലർച്ചയോടെയാണ് ദാരികന്റെ രംഗപ്രവേശം. നിലവിളക്കിന്റെ ചെറിയ വെളിച്ചത്തിൽ ദാരികന്റെ ഭീകരരൂപം കാഴ്ച്ചക്കാരിൽ ഭയം ജനിപ്പിക്കും. ചെണ്ടയും ഇലത്താളവും കൊണ്ടുള്ള മേളം നിലയ്ക്കുന്നതോടെ തിരശ്ശീലമാറ്റി ദാരികൻ നിണബലി കളത്തിലേക്കു പ്രത്യേക ചലനങ്ങളോടെ കടന്നുവരുന്നു. കൈയിലുള്ള പന്തം പീഠത്തിൽ വച്ച് എല്ലാദിക്കിലേക്കും ദൃഷ്ടിപായിച്ചതിനുശേഷം ദാരികൻ പൂജ ആരംഭിക്കുന്നു. വീണ്ടും വാദ്യം തുടങ്ങി അത് ഉച്ചസ്ഥായിയിലെത്തുമ്പോൾ ദാരികൻ ചടങ്ങ് നടത്തുന്ന ഭവനത്തിലേക്ക് മുൻവാതിലിലൂടെ ഓടിക്കയറുന്നു, ക്രോധഭാവത്തോടെ തിരികെ കളത്തിൽ വന്ന് ചില ചുവടുകളും മുദ്രകളും കാണിച്ചതിനുശേഷം വീണ്ടും പൂജ തുടങ്ങുന്നു. ഏകദേശം അഞ്ചുമിനിറ്റുനേരത്തെ പൂജയ്ക്കുശേഷം പൂർവാധികം ശക്തിയോടെ ഭവനത്തിലേക്ക്‌ തൊഴുത് എഴുന്നേൽക്കുന്നു.

കളരി ചുവടുകളെ അനുസ്മരിപ്പിക്കും വിധത്തിൽ ഓരോ ദിക്കിലേക്കും ചുവടുകൾ ചവുട്ടി മുദ്രകൾ കാണിച്ച് അട്ടഹസിച്ചുകൊണ്ട് മുദ്രകളിലൂടെ ദാരികൻ കാളിയെ പോരിനുവിളിക്കുന്നു.[1] ഒരു മണിക്കൂർ കൊണ്ട് ദാരികന്റെ രംഗപ്രവേശം അവസാനിക്കുന്നു.

തുടർന്ന് കാളി രംഗത്തുവരുന്നു. വീക്കൻചെണ്ടമാത്രമാണ് ഈ സമയത്തുള്ള വാദ്യം.[1] രംഗത്തുനിന്ന് തറവാടിനകത്തേക്ക് ഓടിക്കയറുന്ന കാളിയുടെ പിന്നാലെ പിണിയാളുടെ പരികർമിയും കയറുന്നു. തറവാടിനകത്ത് കുലദേവതയെ വന്ദിച്ച് ചുവടുകളും മുദ്രകളും കാണിച്ച് നിണബലി കളത്തിലേക്കു കാളി മടങ്ങിവരുന്നു. കാളി മാറുന്നതോടെ ദാരികൻ വീണ്ടും രംഗത്തുവരുന്നു.

പോരിനായി ദാരികൻ ആക്രോശിക്കുമ്പോൾ, കാളി സദസ്സിൽ നിന്ന് വാളുമായി കുതിക്കുന്നു. കാളിയെ കണ്ട് അസുരൻ ആദ്യം ധൈര്യത്തോടെ ചുവടുവെക്കുന്നു. തുടർന്ന് കാളിയും ദാരികനും യുദ്ധം തുടങ്ങുകയും കുറച്ച് സമയത്തിന് ശേഷം ഭയത്തോടെ ദാരികൻ വാഴത്തണ്ടുകൊണ്ട് നിർമ്മിച്ച ഒരു ചെറിയ സ്ഥലത്ത് ഒളിക്കുകയും ചെയ്യുന്നു. എല്ലാ ദിശകളിലും അസുരനെ തിരയുന്ന കാളി ഒടുവിൽ ദാരികനെ കണ്ടെത്തി വീണ്ടും യുദ്ധം ആരംഭിക്കുന്നു. പേടിച്ചരണ്ട ദാരികൻ പുറത്തേക്ക് ഓടുന്നു, പിന്നാലെ കാളിയും. 'പാഞ്ഞുപിടുത്തം' എന്നറിയപ്പെടുന്ന ഈ ചടങ്ങിനെ തുടർന്ന് കാളി പ്രതീകാത്മകമായി ദാരികനെ കൊന്ന് ചോര കുടിക്കുന്നു.[4]

പൊതുവേ നിണബലി ചടങ്ങുകൾ ഇവിടം കൊണ്ടവസാനിക്കുകയാണ്, എന്നാൽ മുൻകാലങ്ങളിൽ 'കുഴിബലി' എന്നറിയപ്പെടുന്ന, മണ്ണിൽക്കിടക്കുന്ന ദാരികശരീരത്തിൽ കോടിപുതപ്പിക്കുന്ന ചടങ്ങും തുടർന്ന് ദാരികൻ പുനർജനിക്കുന്ന ചടങ്ങും നിലനിന്നിരുന്നു.[1]

ദാരികൻ്റെ ശരീരം മുഴുവൻ നിണം തേച്ചുപിടിപ്പിച്ച് ചോളപ്പൊരി വാരിവിതറുന്നു. തലയ്ക്കു പിറകിലൂടെ മുൻഭാഗത്ത് കുടുമപോലെ കെട്ടിവയ്ക്കുന്ന മൂന്നുമീറ്റർ നീളമുള്ള പരുത്തിത്തുണിയിലും നിണംതേച്ച് ചോളം പിടിപ്പിക്കുന്നു. ചോളപ്പൊരി വസൂരിബാധയെ സൂചിപ്പിക്കുന്നു.[1] ദാരികന് വായിൽ കൃത്രിമദംഷ്ട്രകൾ കൂടിയുണ്ട്.

കാളി പതക്കങ്ങളുള്ള ചുവന്ന കുപ്പായം ധരിച്ച് അതിനുമേലെ 'മൊലമാർ' എന്നുവിളിക്കുന്ന മുലക്കുരളാരം എന്ന ആഭരണം ഇടുന്നു. അരയിൽ കാണികെട്ടി ചുവന്ന പട്ടുടുത്ത് അതിന് മുകളിലായി ഉറുക്കും പടിയും വശങ്ങളിൽ കച്ചയുമണിയുന്ന കാളി കയ്യിൽ വാളേന്തിയാണ് അരങ്ങിലെത്തുന്നത്.[1] നിണബലിയിലെ കാളിയുടെ ഭയാനകമായ രൂപം, കൂടിയാട്ടത്തിലെ 'നിണമണിയലിലെ' ശൂർപ്പണഖയുടെ രൂപവുമായി വളരെ സാമ്യമുള്ളതാണ്.[5] കാളിയുടെ രൂപം കഥകളിയിലെ സ്ത്രീ കരിവേഷവുമായും സമാനത പുലർത്തുന്നു.[5]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 "നിണബലി". Deshabhimani. 20 May 2018. Retrieved 2023-03-04.
  2. Anima, P. "Obscurity to applause". www.thehindu.com. The Hindu.
  3. 3.0 3.1 "'മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകർമവിധികൾ ഉണ്ട് മാരണത്തിൽ'". Retrieved 2023-03-05.
  4. "Ninabali is a ritual art form to ward off evils". Natyasutraonline (in ഇംഗ്ലീഷ്). Retrieved 2023-03-05.
  5. 5.0 5.1 K. K., Dr. Beena (2017). "Peculiarities of the Costumes of Surpanakha and linguistics tone in Kutiyattam" (PDF). National Journal of Hindi & Sanskrit Research.
"https://ml.wikipedia.org/w/index.php?title=നിണബലി&oldid=3904033" എന്ന താളിൽനിന്ന് ശേഖരിച്ചത്