നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (കേരളം)
നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ രൂപം കൊണ്ട ഒരു രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി). 1973 ജൂലായ് 22 ന് ആയിരുന്നു നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിറവി.[1] കളത്തിൽ വേലായുധൻ നായർ സ്ഥാപക ചെയർമാൻ ആയും, ആറന്മുള കേശവൻനായർ സ്ഥാപക ജനറൽ സെക്രട്ടറിയായും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള ഖജാൻജിയുമായും ആണ് എൻ.ഡി.പി. പിറവിയെടുത്തത്.[1]
നാഷണൽ ഡെമോക്രാറ്റിക് പാർട്ടി | |
---|---|
രൂപീകരിക്കപ്പെട്ടത് | 1973 ജൂലായ് 22 |
പിരിച്ചുവിട്ടത് | 1996 |
1977 ൽ കോൺഗ്രസ്സും സി.പി.ഐ.യും ഉൾപ്പെട്ട മുന്നണിയോടൊപ്പം നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എൻ.ഡി.പി.യുടെ രാഷ്ട്രീയചരിത്രത്തിൽ ഇതുവരെയുള്ളതിൽ (2021 വരെ) ഏറ്റവുംകൂടുതൽ നിയമസഭാംഗങ്ങൾ അവർക്ക് ഉണ്ടായ തിരഞ്ഞെടുപ്പ് ആണ് അത്. ആദ്യം എൻ.ഡി.പി അംഗങ്ങളാരും മന്ത്രിസഭയിൽ ഉൾപ്പെട്ടിരുന്നില്ല, പിന്നീട് സി.എച്ച്. മുഹമ്മദ്കോയ കാവൽ മുഖ്യമന്ത്രിയായപ്പോൾ എൻ.ഡി.പി അംഗമായ എൻ. ഭാസ്കരൻ നായർ മന്ത്രിയായി. മൂന്നുമന്ത്രിമാർ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയിൽ എട്ടുവകുപ്പുകളാണ് ഭാസ്‌കരൻ നായർ കൈകാര്യം ചെയ്തത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളു. ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എൻ.ഡി.പി.യുംകൂടി ചേർന്നാണ്.[1] പിന്നീടുവന്ന യു.ഡി.എഫ്. മന്ത്രിസഭകളിലായി എൻ.ഡി.പി സ്ഥാനാർഥികളായി മൽസരിച്ച ആർ. സുന്ദരേശൻ നായർ, കെ.ജി.ആർ. കർത്താ, കെ.പി. രാമചന്ദ്രൻ നായർ, ആർ. രാമചന്ദ്രൻ നായർ എന്നിവർ മന്ത്രിമാരായി.[1]
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ൽ ആണ് എൻ.ഡി.പി., യു.ഡി.എഫ്. വിട്ടത്.[1] ആ നിയമസഭയിൽ രണ്ട് എം.എൽ.എ.മാരായിരുന്നു പാർട്ടിക്ക്. കെ.പി. രാമചന്ദ്രൻ നായരും ആർ. രാമചന്ദ്രൻ നായരും. ആർ. രാമചന്ദ്രൻ നായരെ മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചതിന്റെ പേരിൽ കെ.പി. രാമചന്ദ്രൻ നായർ പാർട്ടിയോട് പിണങ്ങി.[1] മൂന്നുകൊല്ലം ഭരിച്ച ആർ. രാമചന്ദ്രൻ നായർ എൻ.എസ്.എസ്. നേതൃത്വവുമായി ഇടയുകയും, പിന്നീട് ആർ. രാമചന്ദ്രൻ നായരെയും കെ.പി. രാമചന്ദ്രൻ നായരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.[1] നെയ്യാറ്റിൻകര, നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ആണ് എൻ.ഡി.പി.ക്ക് സ്വാധീനമുണ്ടായിരുന്നത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 നായർ, എസ് ഡി സതീശൻ. "തോറ്റത് എൻ.ഡി.പി: ജയിച്ചത് സമദൂരം". Mathrubhumi. Archived from the original on 2021-06-09. Retrieved 2021-06-09.