നാറ്റ് ടേണർ
നാറ്റ് ടേണർ അമേരിക്കയിലെ നീഗ്രോ നേതാവായിരുന്നു. അടിമകളുടെ മോചനത്തിനായി 1831-ൽ സംഘടിപ്പിക്കപ്പെട്ട സൌത്താംപ്റ്റൺ പ്രക്ഷോഭത്തിന്റെ നേതാവെന്ന നിലയിൽ വിശ്രുതനാണിദ്ദേഹം. അമേരിക്കയിലെ സൌത്താംപ്റ്റൺ കൌണ്ടിയിൽ ഒരു കൃഷിത്തോട്ടത്തിലെ അടിമ ജോലിക്കാരിയായിരുന്ന നാൻസി എന്ന ആഫ്രിക്കക്കാരിയുടെ മകനായി 1800 ഒക്ടോബർ 2-ന് ഇദ്ദേഹം ജനിച്ചു. യജമാനന്റെ പുത്രന്മാരെ അപേക്ഷിച്ച് നാമമാത്രമായ വിദ്യാഭ്യാസമേ ഇദ്ദേഹത്തിനു ലഭിച്ചുള്ളൂ.
നാറ്റ് ടേണർ | |
---|---|
ജനനം | നതാനിയൽ ടേണർ ഒക്ടോബർ 2, 1800 |
മരണം | നവംബർ 11, 1831 | (പ്രായം 31)
മരണ കാരണം | വധശിക്ഷ - തൂക്കിക്കൊല്ലൽ |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | നാറ്റ് ടർണറുടെ അടിമ കലാപം |
ജീവിതപങ്കാളി(കൾ) | Cherry [1] |
അടിമകളുടെ മോചനത്തിനായി
തിരുത്തുകകുട്ടിയായിരിക്കുമ്പോൾത്തന്നെ അസാധാരണ ബുദ്ധിവൈഭവവും നേതൃഗുണവും ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഒരു ക്രിസ്തുമത പ്രഭാഷകൻ ആകാനാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും പ്രതികൂല സാഹചര്യം നിമിത്തം അടിമപ്പണിതന്നെ സ്വീകരിക്കേണ്ടിവന്നു. എങ്കിലും ചെറുപ്പം മുതലേ അടിമത്തത്തെ ശക്തിയായി എതിർത്തിരുന്നു. അടിമകളെ മോചിപ്പിക്കുന്നതിനുവേണ്ടി ദൈവം തന്നെ നിയോഗിച്ചതാണെന്നും സ്വാതന്ത്ര്യത്തിന്റെ മഹത്ത്വം പ്രചരിപ്പിക്കുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും ഇദ്ദേഹം നീഗ്രോകളെ ഉദ്ബോധിപ്പിച്ചു. തന്റെ യജമാനനായ ട്രാവിസിന്റെ കൃഷിത്തോട്ടങ്ങളിലും പരിസരങ്ങളിലുമുള്ള നീഗ്രോകളുടെ നേതാവായിത്തീർന്ന ടേണർ അടിമകളുടെ വിമോചന പ്രവർത്തനങ്ങൾക്കായി ഏതാനും നീഗ്രോകളെ തന്നോടൊപ്പം ചേർത്തു. ഇവരെ സംഘം ചേർത്തുകൊണ്ട്, 1831 ജൂലൈ 4-ന് കലാപം നടത്താൻ ഇദ്ദേഹം പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രാവർത്തികമാക്കാനുള്ള പ്രയാസംമൂലം ഉടനേ അതു വേണ്ടെന്നുവച്ചു. പിന്നീട് ഓഗസ്റ്റ് 21 രാത്രി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെള്ളക്കാർക്കെതിരായ കലാപം ആരംഭിച്ചു. ടേണറുടെതന്നെ ഉടമയായിരുന്ന ട്രാവിസ് കുടുംബത്തെ വധിച്ചുകൊണ്ടാണ് പ്രക്ഷോഭം തുടങ്ങിയത്. തുടർന്ന് കൂടുതൽ ആയുധങ്ങൾ ശേഖരിച്ചുകൊണ്ട് മറ്റ് അടിമകളേയുംകൂട്ടി പരിസരങ്ങളിലുള്ള മറ്റു വെള്ളക്കാർക്കെതിരെയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കലാപം വ്യാപൃതമാക്കി. 23-ആം തീയതി രാത്രിയായപ്പോഴേക്കും കുട്ടികളും സ്ത്രീകളുമുൾപ്പെടെ അൻപതിൽപ്പരം വെള്ളക്കാരെ ഇവർ കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. സമീപപ്രദേശങ്ങളിൽ ഭീതി പരത്തി കൌണ്ടിയുടെ ആസ്ഥാനം കയ്യടക്കുകയെന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം. എന്നാൽ സമീപ കൌണ്ടികളിൽ നിന്നും ഉത്തര കരോലിനയിൽ നിന്നും സൈന്യവും വോളന്റിയർമാരും മറ്റു വെള്ളക്കാരും സംഘടിച്ച് 300-ഓളം വരുന്ന സേന രണ്ടു ദിവസം നീണ്ടുനിന്ന ഈ കലാപം അടിച്ചമർത്തി. ഇതിൽ അനവധി നീഗ്രോകൾ കൊല്ലപ്പെട്ടു.
വധശിക്ഷ
തിരുത്തുകനിരവധിപേർ വെള്ളക്കാരുടെ പിടിയിലായി. ഒളിവുസങ്കേതത്തിലേക്ക് രക്ഷപെട്ടെങ്കിലും ടേണറും ആറാഴ്ചയ്ക്കുള്ളിൽ വെള്ളക്കാരുടെ പിടിയിൽപ്പെട്ടു. ഇദ്ദേഹത്തെ വിചാരണ ചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. 1831 നവംബർ 11-ന് ശിക്ഷ നടപ്പാക്കി. 1967-ൽ പ്രസിദ്ധീകൃതമായ വില്യം സ്റ്റൈറന്റെ ദ കൺഫെഷൻസ് ഒഫ് നാറ്റ് ടേണർ എന്ന നോവലാണ് അമേരിക്കൻ അടിമത്തവിരുദ്ധ വിപ്ലവത്തിന്റെ ചരിത്രത്തിൽ നാറ്റിന്റെ നാമം അവിസ്മരണീയമാക്കിയത്.
അവലംബം
തിരുത്തുക- ↑ Bisson, Terry. Nat Turner: Slave Revolt Leader. Philadelphia: Chelsea House Publishers, 2005.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.pbs.org/wgbh/aia/part3/3p1518.html
- http://www.melanet.com/nat/nat.html Archived 2013-03-16 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടേണർ, നാറ്റ് (1800-31) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |