നാണ്യവിള
വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷിചെയ്യപ്പെടുന്ന വിളകളാണ് നാണ്യവിളകൾ(cash crops) . വികസിത രാജ്യങ്ങളിൽ പൊതുവേ എല്ലാ കാർഷികവിളകളും ധനസമ്പാദനത്തിനുവേണ്ടി കൃഷിചെയ്യുമ്പോൾ അവികസിതരാജ്യങ്ങളിൽ ഇവ പ്രധാനമായും ധനാഗമമാർഗ്ഗമായിട്ടാണ് കരുതപ്പെടുന്നത്. കാർഷിക വ്യാവസായിക രംഗത്തും കയറ്റുമതിരംഗത്തും നാണ്യവിളകൾ അത്യധികം പ്രാധാന്യമർഹിക്കുന്നുണ്ട്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലകളിലും സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ ചണം, കാപ്പി, കൊക്കോ, കരിമ്പ്, വാഴ, ഓറഞ്ച്, പരുത്തി എന്നിവയും ശൈത്യമേഖലകളിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ ധാന്യവിളകൾ, എണ്ണക്കുരുക്കൾ, പച്ചക്കറികൾ എന്നിവയും നാണ്യവിളകളായി പരിഗണിക്കപ്പെടുന്നു. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിൽ ചോളം, ഗോതമ്പ്, കഞ്ചാവ്,[1] സോയാബീൻ എന്നിവയെയാണ് പ്രധാന നാണ്യവിളകളായി പരിഗണിക്കുന്നത്. എന്നാൽ കാപ്പി, തേയില, കമുക്, പരുത്തി, റബ്ബർ, ഏലം, കുരുമുളക്, കശുമാവ്, സോയാബീൻ മുതലായ കാർഷികവിളകളാണ് ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത്.
കാപ്പി
തിരുത്തുകനമ്മുടെ സമ്പദ്വ്യവസ്ഥയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന നാണ്യവിളകളിൽ ഒന്നാണ് കാപ്പി. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണ്. 1695-ൽ ഇന്ത്യയിലാദ്യമായി കാപ്പിക്കൃഷി ആരംഭിച്ചു. 70 രാജ്യങ്ങളിൽ മാത്രമേ കാപ്പി ഉത്പാദിപ്പിക്കുന്നുള്ളുവെങ്കിലും ഏതാണ്ട് 125 രാജ്യങ്ങളിലെ ജനങ്ങൾ ഒരു പാനീയമായി കാപ്പി ഉപയോഗിച്ചുവരുന്നു. ബ്രസീൽ, അംഗോള, ഇന്ത്യ, ഇൻഡോനേഷ്യ, കെനിയ, മെക്സിക്കോ, ഉഗാണ്ട, ശ്രീലങ്ക എന്നിവയാണ് ലോകത്തെ പ്രധാന കാപ്പി ഉത്പാദകരാജ്യങ്ങൾ. ലോകത്തിലെ മൊത്തം കാപ്പിയുത്പാദനത്തിന്റെ വെറും 2 ശ.മാ.മാണ് ഇന്ത്യയുടെ സംഭാവന. കാപ്പിയുടെ കയറ്റുമതിയിൽ ഇന്ത്യക്ക് ആറാംസ്ഥാനം. ഇന്ത്യയിൽ കർണാടകം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൻതോതിൽ കാപ്പി കൃഷി ചെയ്യുന്നത്. കുറഞ്ഞ താപനിലയും ധാരാളം ജൈവാംശമടങ്ങിയ ലോംമണ്ണും കാപ്പിക്കൃഷിക്ക് അനുപേക്ഷണീയമാണ്.
തേയില
തിരുത്തുകചൈന, സിലോൺ, ജാവ, ആഫ്രിക്ക, റഷ്യ എന്നിവയാണ് തേയിലക്കൃഷിയുള്ള മുഖ്യരാഷ്ട്രങ്ങൾ. മലേഷ്യ, മൌറീഷ്യസ്, കോംഗോ, ദക്ഷിണറൊഡേഷ്യ, എത്യോപ്യ, കാമറൂൺസ്, ബ്രസീൽ, പെറു, അർജന്റീന, കൊളംബിയ, ബൊളീവ്യ, മെക്സിക്കോ, ഇറാൻ, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലും തേയിലക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയിൽ അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങൾ തേയിലക്കൃഷിയിൽ മുന്നിട്ടുനിൽക്കുന്നു.
കമുക്.
തിരുത്തുകശ്രീലങ്ക, മലയ, സിംഗപ്പൂർ, തെക്കുകിഴക്കൻ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കമുക് ധാരാളമായി കൃഷിചെയ്യുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം.
പരുത്തി
തിരുത്തുകഇന്നു കൃഷിചെയ്യപ്പെടുന്ന നാണ്യവിളകളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് പരുത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി കൃഷിചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. പരുത്തിയുടെ മൊത്തം ആഗോള ഉത്പാദനത്തിന്റെ 30 ശ.മാ. അമേരിക്കയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ഇന്ത്യ 10 ശ.മാ. മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. മെക്സിക്കോ, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പരുത്തിക്കൃഷി ധാരാളമായിട്ടുണ്ട്. കേരളത്തിൽ പരുത്തി പ്രധാനമായും കൃഷിചെയ്യുന്നത് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ്. നമ്മുടെ രാജ്യത്തിന് വളരെയധികം വിദേശനാണ്യം നേടിത്തരുവാൻ ഈ നാണ്യവിളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിദത്തമായ പരുത്തി നാരുകളാണ് തുണിവ്യവസായരംഗത്തെ പ്രധാന അസംസ്കൃത വസ്തു. അമേരിക്കയാണ് അസംസ്കൃത പരുത്തിയുടെ കയറ്റുമതിയിൽ മുൻപന്തിയിൽ. 2007-ലെ കണക്കനുസരിച്ച് ചൈന 25.3 മില്യണും ഇന്ത്യ 20.5 മില്യണും അമേരിക്ക 19.2 മില്യണും, പാകിസ്താൻ 11.7 മില്യണും, ബ്രസീൽ 7.2 മില്യണും, ഉസ്ബക്കിസ്താൻ 5.5 മില്യണും ടർക്കി 3.2 മില്യണും, സിറിയ 1.2 മില്യണും കയറ്റുമതി ചെയ്യുകയുണ്ടായി.
കഞ്ചാവ്
തിരുത്തുകഇന്ത്യ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന നാണ്യവിളയാണ് കഞ്ചാവ്. ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം.
ചണം
തിരുത്തുകകാർഷിക വ്യാവസായികരാജ്യങ്ങളിൽ പരുത്തികഴിഞ്ഞാൽ പ്രാധാന്യമർഹിക്കുന്ന നാരുവിളയാണ് ചണം. ഇന്ന് ഇന്ത്യയുടെ വിദേശനാണ്യസമ്പാദനത്തിൽ ചണത്തിന് സുപ്രധാനമായ പങ്കുണ്ട്. ചണം പ്രധാനമായി കൃഷിചെയ്യുന്നത് ആഫ്രിക്ക, അമേരിക്ക, ആസ്റ്റ്രേലിയ, ചൈന, ഫോർമോസ, ഇന്ത്യ, സിലോൺ, ജപ്പാൻ, മലയ, ജാവ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലാണ് ഇന്ത്യയിൽ ചണം കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലഭാഗങ്ങൾ ചണക്കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇത് ഇവിടെ തീരെ പ്രചാരത്തിൽ വന്നിട്ടില്ല. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ചണക്കൃഷിക്ക് ഏറ്റവും അനുയോജ്യം.
പുകയില
തിരുത്തുകപതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യപ്പെടുന്ന നിക്കോട്ടിയാന ടബാക്ക, നിക്കോട്ടിയാന റസ്റ്റിക്ക എന്നിവയാണ് പ്രധാനപ്പെട്ട സ്പീഷീസുകൾ. മിക്ക ലോകരാഷ്ട്രങ്ങളിലും പുകയില കൃഷിചെയ്യുന്നുണ്ട്. അമേരിക്ക, ചൈന, ഇന്ത്യ എന്നിവയാണ് പുകയില ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ. ബ്രസീൽ, ജപ്പാൻ, പാകിസ്താൻ, ടർക്കി, റൊഡേഷ്യ, ഈസ്റ്റിൻഡീസ് എന്നിവിടങ്ങളിലെല്ലാം പുകയില ഒരു പ്രധാനവിളയാണ്. പുകയിലക്കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിലും ഉത്പാദനത്തിലും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യയിൽ പുകയിലക്കൃഷി ഏറ്റവും കൂടുതലുള്ളത് ആന്ധ്രപ്രദേശിലും ഗുജറാത്തിലുമാണെങ്കിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും ഈ ചെടി കൃഷിചെയ്യുന്നുണ്ട്. പുകയില ഒരു ഉഷ്ണമേഖലാ സസ്യമാണെങ്കിലും ഉപോഷ്ണമേഖല, ശീതോഷ്ണമേഖല എന്നിങ്ങനെ ഏതുകാലാവസ്ഥയിലും ഇത് കൃഷിചെയ്യാം. ഇന്ത്യയിൽ ഏറിയപങ്കും കൃഷിചെയ്യപ്പെടുന്ന പുകയിലയിനം ടബാക്കം സ്പീഷീസാണ്.
കൊക്കോ
തിരുത്തുകതെക്കേ അമേരിക്കയിലെയും മധ്യഅമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വനാന്തരങ്ങളിലാണ് കൊക്കോയുടെ ഉദ്ഭവം. ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ആഫ്രിക്കയാണ്. അമേരിക്കയ്ക്കാണ് രണ്ടാംസ്ഥാനം. കൊക്കോയുടെ ആഗോള വാർഷിക ഉത്പാദനം ഏതാണ്ട് 15ലക്ഷം ടണ്ണാണ്. ഘാനാ, ഐവറികോസ്റ്റ്, നൈജീരിയ, ബ്രസീൽ, കൊളംമ്പിയ, ഇക്വഡോർ, മെക്സിക്കോ, വെനിസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ന്യൂഗിനി, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ആൻഡമാൻ എന്നിവിടങ്ങളിൽ ഈ നാണ്യവിള വ്യാപകമായി കൃഷിചെയ്യുന്നു. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശമാണ് കൊക്കോ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, ഏറണാകുളം എന്നീ ജില്ലകളിൽ മഴയെമാത്രം ആശ്രയിച്ച് ചെറിയതോതിൽ കൊക്കോക്കൃഷി ചെയ്യുന്നുണ്ട്. ജൈവാംശം ധാരാളം അടങ്ങിയിട്ടുള്ള വളക്കൂറുള്ള മണ്ണിൽ കൊക്കോ സുലഭമായി വളരും.
ചോളം
തിരുത്തുകനാണ്യവിളകളിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം ചോളത്തിനുണ്ട്. മധ്യഅമേരിക്കയിലോ മെക്സിക്കോയിലോ ആയിരിക്കാം ചോളത്തിന്റെ ഉദ്ഭവമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചോളം ഇന്ത്യയിൽ എത്തി. ലോകത്താകെ പത്തുകോടിയോളം ഏക്കർ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ആകെയുള്ള വാർഷികോത്പാദനം 75 ലക്ഷം ടണ്ണാണ്. ചോളക്കൃഷിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം അമേരിക്കൻ ഐക്യനാടുകൾക്കാണ്. ഇന്ത്യയിൽ 57 ലക്ഷം ഹെക്ടർ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ പഞ്ചാബ്, ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ചോളം കൃഷിയിൽ മുന്നിൽ.
വാഴ
തിരുത്തുകമധ്യഅമേരിക്കയിലെ ജമൈക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, കോസ്റ്റാറിക്ക, പനാമ തുടങ്ങിയ രാജ്യങ്ങളിൽ വാഴ വ്യാപകമായി കൃഷിചെയ്യുന്നു. ഇന്ത്യയിൽ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളാണ് വാഴക്കൃഷിയിൽ മുന്നിൽ. വർഷത്തിൽ 23,37,000 ടൺ വാഴപ്പഴം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്തിൽ ആകെയുത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 60 ശ.മാ. കേന്ദ്രീകരിച്ചിരിക്കുന്നത് മധ്യ അമേരിക്കയിലാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ മുഖ്യപങ്കും ഇവിടെത്തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയിൽ മുഖ്യമായും ചെറുകിടതോട്ടങ്ങളായാണ് വാഴക്കൃഷി ചെയ്യുന്നത്. രസകദളി, പൂവൻ, ചെങ്കദളി, നേന്ത്രൻ, പാളയംകോടൻ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ മുഖ്യമായും കൃഷി. കേരളത്തിൽ ആകെ 10000 ഹെക്ടർ സ്ഥലത്തു ആണ്ടുതോറും നേന്ത്രവാഴക്കൃഷി നടത്തുന്നുണ്ട്.
കരിമ്പ്
തിരുത്തുകകരിമ്പിന്റെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതപ്പെടുന്നത്. ബ്രസീൽ, ചൈന, ഇന്ത്യ, ക്യൂബ, മെക്സിക്കോ, പാകിസ്താൻ, ഇൻഡോനേഷ്യ, കൊളംബിയ, അമേരിക്ക, ഫിലിപ്പൈൻസ് മുതലായ രാജ്യങ്ങളിൽ കരിമ്പുകൃഷി വൻതോതിലുണ്ട്. ഇന്ത്യയിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, മൈസൂർ, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കരിമ്പ്കൃഷിയിൽ മുന്നിട്ടുനില്ക്കുന്നു.
റബ്ബർ
തിരുത്തുകപ്രകൃതിദത്തമായ റബ്ബർ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മലേഷ്യ, തായ്ലന്റ്, ഇൻഡോനേഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് റബ്ബർ ഉത്പാദനത്തിൽ മുൻപന്തിയിൽ. ഫിലിപ്പൈൻസ്, വിയറ്റ്നാം, ശ്രീലങ്ക, നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും റബ്ബർക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, മണിപ്പൂർ, അസം, നാഗാലാൻഡ്, ഗോവ, ഒറീസ്സ, കേരളം തുടങ്ങിയ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് റബ്ബർക്കൃഷി വ്യാപകമായിട്ടുള്ളത്.
ഏലം
തിരുത്തുകഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏലക്കൃഷി വ്യാപകമായിട്ടുള്ളത്. ലോകത്തിലാകെയുത്പാദിപ്പിക്കുന്ന ഏലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽനിന്നാണ് ലഭിക്കുന്നത്. കിഴക്കൻദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നായ ഇത് ഒരു പ്രധാന തോട്ടവിളകൂടിയാണ്. ജൈവാംശമടങ്ങിയ മണ്ണാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം.
കുരുമുളക്
തിരുത്തുകഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന നാണ്യവിളയാണ് കുരുമുളക്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളമാണ് കുരുമുളക് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ. കർണാടകം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, അസം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കുരുമുളകുകൃഷി ധാരാളമായിട്ടുണ്ട്. കേരളത്തിൽ 60,000 ഹെക്ടർ സ്ഥലത്താണ് കൃഷി. കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് കുരുമുളകുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെയും കർണാടകത്തിലെയും മലഞ്ചരിവുകളിലെ ജൈവാംശമടങ്ങിയ മണ്ണാണ് കുരുമുളക് കൃഷിക്കു ഉത്തമം.
കശുമാവ്
തിരുത്തുകകശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യമർഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഗണ്യമായ തോതിൽ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണത്. ലോകത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തിൽനിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തിൽ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻപന്തിയിലാണ്. കേരളത്തിൽ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വർഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തിൽ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാൻസാനിയ, കെനിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വൻതോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ കശുമാവു കൃഷിയുള്ളത് കണ്ണൂർ ജില്ലയിലാണ്.
സോയാബീനുകൾ.
തിരുത്തുകലോകരാഷ്ട്രങ്ങളിൽ ബ്രസീൽ, അർജന്റീന, പരാഗ്വേ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് സോയാബീൻ ഉത്പാദനത്തിൽ മുന്നിൽ. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കാർഷിക വിളകളിൽ പ്രഥമസ്ഥാനം സോയാബീനാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഭദ്രമാക്കുന്നതിൽ നാണ്യവിളകളുടെ ഉത്പാദനം, കയറ്റുമതി എന്നിവ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാണ്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |