നാഗരികത
ആധുനിക മനുഷ്യസമൂഹങ്ങളുടെ പൊതുസവിശേഷതകളായ എഴുത്ത്, ഗണിതം, കൃഷി, മൃഗപരിപാലനം എന്നിവയെല്ലാം സംയോജിച്ച ജീവിതരീതിയാണ് നാഗരികത. 18-ാം ശ.-ത്തിൽ ഫ്രാൻസിലാണ് നാഗരികത (civilization) എന്ന സങ്കല്പം ആവിഷ്കരിക്കപ്പെട്ടത്. 18-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ നിയമവിജ്ഞാനീയത്തിൽ ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു ഇത്. കുറ്റവിചാരണയെത്തുടർന്ന് വിധിന്യായം എന്നായിരുന്നു അർഥമാക്കിയിരുന്നത്. ഫ്രഞ്ച് ധനതത്ത്വശാസ്ത്രജ്ഞനായിരുന്ന ആൻ റോബർട്ട് ജാക്ക് ടർഗോട്ടാണ് 1752-ൽ 'പരിഷ്കൃതമാകുന്ന പ്രക്രിയ' എന്ന അർഥത്തിൽ 'സിവിലൈസേഷൻ' എന്ന പദം ഉപയോഗിച്ചത്. 1756-ൽ പ്രസിദ്ധീകൃതമായ ജനസംഖ്യയെപ്പറ്റി ഒരു പ്രബന്ധം (A Trietise on population) എന്ന കൃതിയിലാണ് കൂടുതൽ വ്യക്തമായി ഈ പദത്തെ നിർവചിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, 1756-ൽ പ്രസിദ്ധീകരിച്ച തന്റെ എസ്സേ ഓൺ ദ് കസ്റ്റംസ് ആൻഡ് സ്പിരിറ്റ് ഒഫ് നേഷൻസ് എന്ന കൃതിയിൽ വോൾട്ടെയർ ഈ പദം ഉപയോഗിച്ചിട്ടില്ല. ചുരുക്കത്തിൽ 18-ാം ശ.-ത്തിന്റെ അന്ത്യമാകുമ്പോഴേക്കും പ്രാകൃതത്ത്വം, കാടത്തം എന്നിവയുടെ വിപരീതം എന്ന അർഥം നാഗരികത എന്ന സംജ്ഞയ്ക്കു ലഭിച്ചു. പരിഷ്കൃതസമൂഹങ്ങളും അപരിഷ്കൃത ജനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുന്ന സാമൂഹിക ശാസ്ത്രപരമായ ഒരു സങ്കല്പത്തിന്റെ പദവിയിലേക്ക് നാഗരികത എന്ന സംജ്ഞ ഉയർന്നു.
ഫ്രാൻസിൽ നിന്നും പ്രചരിച്ച നാഗരികത എന്ന വാക്കിനൊപ്പം ഏതാണ്ട് അതേ അർഥത്തിൽ സംസ്കാരം (culture) എന്ന പദത്തിനും പ്രചാരം സിദ്ധിച്ചു. 1830-ൽ ജർമൻ ചിന്തകനായ ഹെഗൽ ഈ രണ്ടു പദങ്ങളും ഒരേ അർഥത്തിൽ ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ നിഷ്കൃഷ്ടമായ നിർവചനത്തിനു വഴങ്ങാത്ത ഒരു ആശയമാണ് നാഗരികത. ഇരട്ട അർഥങ്ങളാണ് ഇതിനുള്ളത്. ധാർമികവും ഭൗതികവുമായ മൂല്യങ്ങളെ നാഗരികത ഉൾക്കൊള്ളുന്നു. ഭൗതികമായ അടിത്തറയും ധാർമികവും സാംസ്കാരികവുമായ ഉപരിഘടനയും തമ്മിൽ കാറൽ മാർക്സ് വേർതിരിക്കുന്നുണ്ട്. ചാൾസ് സെയ്നോബോസ് (Charles Seignobes) പറയുന്നത് റോഡുകൾ, തുറമുഖങ്ങൾ തുടങ്ങിയ ഭൗതികനേട്ടങ്ങളെയാണ് നാഗരികത എന്നതുകൊണ്ടർഥമാക്കുന്നത്. എന്നാൽ, മനുഷ്യരാശി ആർജിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളെയും സൂചിപ്പിക്കാൻ നാഗരികത എന്നുപയോഗിക്കാമെന്നാണ് നരവംശശാസ്ത്രജ്ഞനായ മാർസൽ മോസ് (Marcel Mauss) പറയുന്നത്. ശാസ്ത്രം, കല, രാഷ്ട്രീയം, ധാർമികത എന്നിവയെല്ലാം നാഗരികതയുടെ ഭാഗമാണെന്ന് ചരിത്രകാരനായ യൂജിൻ ഷാവിനാക് (Eugine Cavignea) സിദ്ധാന്തിക്കുന്നു. അതിനാൽ നാഗരികതയ്ക്ക് ഭൗതികവും സാംസ്കാരികവുമായ രണ്ടുതലങ്ങളുണ്ട്.
ജർമനിയിൽ സാമൂഹികശാസ്ത്രജ്ഞർക്കിടയിൽ സംസ്കാരം എന്ന വാക്കിനാണ് കൂടുതൽ പ്രാമുഖ്യം ലഭിച്ചത്. പ്രകൃതിയുമായുള്ള ബന്ധത്തിൽ മനുഷ്യർ ഉപയോഗിക്കുന്ന പ്രായോഗികവും സാങ്കേതികവുമായ അറിവിനെ സൂചിപ്പിക്കുന്നതിനാണ് നാഗരികത എന്നുപയോഗിക്കുന്നത്. എന്നാൽ, ധാർമിക തത്ത്വങ്ങൾ, മൂല്യങ്ങൾ, വിശ്വാസങ്ങൾ, ആദർശങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്ന ഒരു ജീവിതമാനത്തെയാണ് സാംസ്കാരം എന്നതുകൊണ്ടർഥമാക്കുന്നത്. എന്നാൽ, 1874-ൽ ഇ.ബി.ടെയ്ലർ, (E.B.Taylor) പ്രിമിറ്റീവ് കൾച്ചർ (Primitive Culture) എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ, അമേരിക്കൻ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരും പ്രാചീന സമൂഹങ്ങളെ സംസ്കാരം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാൻ തുടങ്ങി. 19-ാം ശ.-ത്തിന്റെ മധ്യത്തിൽ ജർമനിയിലാണ് 'കൾച്ചറൽ' എന്ന് വിശേഷണം ഉപയോഗിച്ചു തുടങ്ങിയത്. ഒരു ജനതയുടെ സാംസ്കാരിക വിഭവങ്ങളുടെ ആകെത്തുകയായി നാഗരികതയെ നിർവചിക്കാവുന്നതാണ്. ജനത അധിവസിക്കുന്ന ഭൂപ്രദേശത്തെ നാഗരികതയുടെ സാംസ്കാരിക മണ്ഡലമെന്നും ചരിത്രത്തെ സാംസ്കാരികചരിത്രമെന്നും ഇതര നാഗരികതകളിലേക്കു കൈമാറുന്നതിനെ നാഗരികതയുടെ സാംസ്കാരിക പൈതൃകമെന്നും വിശേഷിപ്പിക്കാം. ഈ അർഥത്തിൽ കാർഷികനാഗരികത, വ്യവസായ നാഗരികത അഥവാ ആധുനിക നാഗരികത തുടങ്ങിയ പ്രയോഗങ്ങൾക്ക് ഇന്ന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നാഗരികതാപഠനം എല്ലാ സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഒരു ബഹുവിഷയവിജ്ഞാനശാഖയാണ്. ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാമൂഹികമനഃശാസ്ത്രം, പുരാവസ്തുവിജ്ഞാനീയം, പുരാലിഖിത വിജ്ഞാനീയം, ചരിത്രവിജ്ഞാനീയം തുടങ്ങിയ വിവിധ സാമൂഹിക ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചു കൊണ്ടുമാത്രമേ ഏതെങ്കിലുമൊരു നാഗരികതയെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാനാവുകയുള്ളൂ. പ്രധാനമായും ഭൂപ്രദേശം, സമൂഹം, സാമ്പത്തിക ഘടന, ചിന്താരീതി എന്നീ 4 മണ്ഡലങ്ങളിലായിട്ടാണ് നാഗരികതയെ വിശകലനം ചെയ്യുന്നത്.
നാഗരികതയും ഭൂപ്രദേശവും
തിരുത്തുകനാഗരികതകളെ ഭൂപടത്തിൽ രേഖപ്പെടുത്താൻ കഴിയും. നാഗരികത രൂപം കൊള്ളുകയും നിലനിൽക്കുകയും ചെയ്ത ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും പരിമിതികളും പ്രസ്തുത നാഗരികതയുടെ രൂപീകരണവികാസത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്. അതിനാൽ, നാഗരികതയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ സ്ഥലം, ഭൂമി, കാലാവസ്ഥ, സസ്യസമ്പത്ത്, ജന്തുജാലങ്ങൾ എന്നീ ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൃഷി, വിത്തിനങ്ങൾ, ആഹാരം, പാർപ്പിടം, വസ്ത്രം, വിനിമയം, വ്യവസായം എന്നിവയൊക്കെ ഭൂപ്രദേശവുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതാണ്.
പുരാതന നാഗരികതകളൊക്കെയും ഉയർന്നുവന്നത് നദീതടങ്ങളിലാണ്. അധിവാസത്തിനും കൃഷിക്കും അനുയോജ്യമായ ഭൂപ്രദേശം എന്ന നിലയ്ക്കായിരുന്നു അത്. സിന്ധുനദീതട സംസ്കാരം, നൈൽ നദീതട സംസ്കാരം തുടങ്ങിയവ ഇത്തരത്തിൽ പ്രധാനപ്പെട്ടവയാണ് ആധുനിക നഗരങ്ങൾ മിക്കതും തുറമുഖത്തോടും, നദികളോടും ചേർന്നാണ് വികസിച്ചുവന്നത് എന്ന് കാണാം.
കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത, നദികൾ എന്നിവ നാഗരികതയെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. ഗതാഗത വിനിമയ സൗകര്യങ്ങൾ ഏതൊരു നാഗരികതയുടെയും നിലനില്പിന് ഒഴിച്ചുകൂടാനാവത്തതാണ്. ചലനാത്മകതയില്ലാതെ ഒരു നാഗരികതയ്ക്കും നിലനില്ക്കാനാവില്ല. എല്ലാ നാഗരികതകളും വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടാണ് വളർന്നതെന്ന് ആർനൾഡ് ടോയ്ൻബി സിദ്ധാന്തിക്കുന്നു. പ്രകൃതിയുടെ പ്രതികൂലഘടകങ്ങളെ നേരിട്ടും മനുഷ്യന് അനുകൂലമായി മെരുക്കിയെടുത്തുകൊണ്ടുമല്ലാതെ ഒരു നാഗരികതയ്ക്കും രൂപം കൊള്ളാനാവില്ല. ഏതെങ്കിലുമൊരു ഭൂപ്രദേശവുമായി ബന്ധപ്പെട്ടുകൊണ്ടായിരിക്കും ഓരോ നാഗരികതയും രൂപം കൊള്ളുന്നത്. ഓരോന്നിനും അതിന്റേതായ ഭൂമിശാസ്ത്രവുമുണ്ട്. അതിന്റെ സാധ്യതകളും പരിമിതികളുമുണ്ട്. പാശ്ചാത്യയൂറോപ്യൻ നാഗരികതയിൽ ഗോതമ്പിനും റൊട്ടിക്കുമുള്ള സ്ഥാനം നിർണായകമാണ്. വളരെയേറെ മനുഷ്യാധ്വാനവും, ശ്രദ്ധയും ആവശ്യമുള്ള ഒരു കൃഷിയാണ് ഗോതമ്പ്. അതിനാൽ പ്രകൃതിയുടെയും ഭൂമിയുടെയും പരിമിതികളോടുള്ള പ്രതികരണം മനുഷ്യരെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ആശ്രീതത്വത്തിൽ നിന്ന് മോചിപ്പിക്കുന്നു. നാഗരികതയും അതിന്റെ ഭൂമിശാസ്ത്രപ്രദേശവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യാൻ നരവംശശാസ്ത്രജ്ഞർ ആവിഷ്കരിച്ച സാംസ്കാരിക മേഖല (cultural zone) എന്ന ആശയം വളരെ ശ്രദ്ധേയമാണ്. ഒരു സവിശേഷ സാംസ്കാരികപ്രത്യേകതയ്ക്കു പ്രാമുഖ്യമുള്ള പ്രദേശത്തെയാണ് സാംസ്കാരികമേഖലയെന്ന് പറയുന്നത്. പ്രാചീന ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാഷ, ഭക്ഷ്യവസ്തുക്കൾ, വിവാഹാചാരങ്ങൾ, മതവിശ്വാസങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, നെയ്ത്തുവിദ്യകൾ എന്നിവയെല്ലാം ഈ സാംസ്കാരികമേഖലയുടെ ഭാഗമാണ്. ചില സാംസ്കാരികമേഖലകൾ വളരെ വിപുലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതായിരിക്കും. പ്രസ്തുത പ്രദേശത്തെ ജനങ്ങളെ ഏകോപ്പിക്കുന്നതും എന്നാൽ മറ്റുജനവിഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്നതുമായ പ്രത്യേകതകൾ ഈ സാംസ്കാരിക മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണ്. ശാന്തസമുദ്രത്തിനു ചുറ്റുമുള്ള പ്രാചീനസമൂഹങ്ങൾ, അവർക്കിടയിലെ എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം ഒരു ഏക സാംസ്കാരികമേഖലയുടെ ഭാഗമാണെന്ന് മാർസൽ മോസ് സിദ്ധാന്തിക്കുന്നു.
നരവംശശാസ്ത്രജ്ഞരെ പിന്തുടർന്നുകൊണ്ട് ഭൂമിശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സാംസ്കാരികമേഖലകളെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യുന്നുണ്ട്. പ്രത്യേകിച്ചും വികസിതവും സങ്കീർണവുമായ നാഗരികതകളുടെ കാര്യത്തിൽ അവർ നാഗരികതകളെ ചില പ്രദേശങ്ങളായും ഓരോ പ്രദേശത്തെയും ജില്ലകളായും വിഭജിക്കുന്നു. പാശ്ചാത്യനാഗരികതയെ അമേരിക്കൻ നാഗരികത, ലാറ്റിനമേരിക്കൻ നാഗരികതകൾ, റഷ്യൻ നാഗരികത എന്നിങ്ങനെ പലതായി വിഭജിക്കാം. യൂറോപ്യൻ നാഗരികതയെത്തന്നെ വീണ്ടും പോളിഷ്, ജർമൻ, ഇറ്റാലിയൻ. ഇംഗ്ളീഷ്, ഫ്രഞ്ച് എന്നിങ്ങനെ വിഭജിക്കാവുന്നതാണ്. ഈ ഓരോ ദേശീയ നാഗരികതകളുടെയും രൂപീകരണത്തിൽ അസംഖ്യം പ്രാദേശിക ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. ഓരോ സാംസ്കാരികമേഖലയും മറ്റു മേഖലകളിൽ നിന്ന് ചില ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതോടൊപ്പം മറ്റു മേഖലകളിലേക്ക് ചില ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്. വ്യവസായിക സംസ്കാരത്തിന്റെ സ്വാധീനത്തിനു വിധേയമാകാത്ത ഒരു പ്രദേശവും ഇന്നു ലോകത്തു നിലനിൽക്കുന്നില്ല. ഒരു ഭൂപ്രദേശത്ത് ആവിർഭവിക്കുന്ന നാഗരികത ക്രമേണ മറ്റുപ്രേദശങ്ങളിലേക്കു പടരുകയും, അങ്ങനെ സ്വന്തം സാംസ്കാരിക മുദ്രകൾ എല്ലായിടത്തും പതിപ്പിക്കുകയും ചെയ്യുന്നതായാണ്... നാഗരികതയുടെയും സംസ്കാരത്തിന്റെയും ഇത പര്യന്തമുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
നാഗരികതയും സമൂഹവും
തിരുത്തുകസമൂഹമില്ലാതെ നാഗരികത സാധ്യമല്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ, സമൂഹത്തിന്റെ ചില പ്രത്യേകതകളെയും മാതൃകകളെയുമാണ് നാഗരികത എന്നതർഥമാക്കുന്നത് തന്നെ. അതിനാൽ, നാഗരികത എന്ന വാക്കുതന്നെ ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു. നാഗരികത എന്നതിനു പകരം ആർനോൾഡ് ടോയൻബി സമൂഹം എന്ന വാക്കാണുപയോഗിച്ചിരുന്നത്; നാഗരികത എന്ന ആശയം സമൂഹമെന്ന ആശയത്തെക്കാൾ അവ്യക്തമാണെന്നാണ് മാർസൽ മോസ് സൂചിപ്പിക്കുന്നത്. എന്നാൽ 'സമൂഹം', 'നാഗകരികത' എന്നീ പരികല്പനകൾ ഒരേ യാഥാർഥ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പരികല്പനകൾ ഭിന്നവസ്തുക്കളെയല്ല പ്രതിനിധാനം ചെയ്യുന്നത് മറിച്ച്, ഒരേ യാഥാർഥ്യത്തെക്കുറിച്ചുള്ള പരസ്പരപൂരകമായ കാഴ്ചപ്പാടുകളെയാണ് എന്നാണ് ലെവിജോസ് സിദ്ധാന്തിക്കുന്നത്. ഓരോത്തരുടെയും കാഴ്ചപ്പാടുകളുനുസരിച്ച് ഇവയിൽ ഏതു പരികല്പനയും ഉപയോഗിക്കാമെന്ന് ലെവി ജോസ് പറയുന്നു. പാശ്ചാത്യനാഗരികതയുടെ അടിത്തറ വ്യാവസായിക സമൂഹമാണ്. പാശ്ചാത്യനാഗരികതയെ മനസ്സിലാക്കുന്നതിന് ആ സമൂഹത്തെയും അതിന്റെ ഘടകങ്ങൾ, അവതമ്മിലുള്ള സംഘർഷം, അവയുടെ ധാർമികവും ധൈഷിണകവുമായ മൂല്യങ്ങൾ, ആദർശങ്ങൾ, ശീലങ്ങൾ, അഭിരുചികൾ എന്നിവയെയും വിശകലനം ചെയ്താൽമതി.
ഒരു സമൂഹം പ്രവർത്തനനിരതമാവുകയും പരിവർത്തനപ്പെടുകയും ചെയ്യുകയെന്നതിനർഥം അതിലധിഷ്ഠിതമായ നാഗരികത പ്രവർത്തനനിരതമാവുകയും പരിവർത്തനപ്പെടുകയും ചെയ്യുകയെന്നാണ്. ഏതൊരു സമൂഹവും അതിന്റെ അടിസ്ഥാനകാഴ്ചപ്പാടുകൾക്ക് 'ലോകവീക്ഷണ' ത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം നല്കുന്നത്. ഈ ലോകവീക്ഷണം അത് ഉത്പാദിപ്പിക്കപെടുന്ന സാമൂഹിക സന്ദർഭത്തിന്റെ സംഘർഷങ്ങളാൽ മുഖരിതമാണ്. ആധുനികവും പ്രാചീനവുമായ സമൂഹങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ലെവി സ്ട്രോസിന്റെ അഭിപ്രായത്തിൽ പ്രാചീനനാഗരികതകൾ സമത്വാധിഷ്ഠിത സമൂഹങ്ങളുടെ ഉത്പന്നങ്ങളാണ്. വിവിധവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ശാശ്വതമായി പരിഹരിക്കുകയും അവ ഏതാണ്ട് സ്ഥിരമായി നില്ക്കുകയും ചെയ്യുന്നു. എന്നാൽ, നാഗരികതകൾക്കു രൂപം നല്കുന്നത് ശ്രേണീബദ്ധമായ സാമൂഹികഘടനകളാണെന്നാണ് ലെവിസ്ട്രോസ് പറയുന്നത്. പ്രാചീന സംസ്കാരത്തെയും നാഗരികതയെയും തമ്മിൽ വേർതിരിക്കുന്ന അടിസ്ഥാനഘടകം നഗരങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ ആണ്. നാഗരികത രൂപംകൊള്ളുന്നതുതന്നെ നഗരങ്ങളെ ആസ്പദമാക്കിക്കൊണ്ടാണ്. നഗരങ്ങളും നാട്ടിൻപുറങ്ങളും തമ്മിലുള്ള സംഘർഷം നാഗരികതകളുടെ ഭാഗമാണ്. ഒരു സമൂഹത്തിലും എല്ലാ പ്രദേശങ്ങളും ജനവിഭാഗങ്ങളും ഒരു പോലെവികസിക്കുകയില്ല. നാട്ടിൻപുറങ്ങളുടെ മേലുള്ള വിജയമാണ് പാശ്ചാത്യനാഗരികതയുടെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നത്. നഗര-നാട്ടിൻപുറ സംഘർഷം ഇസ്ലാമിക സമൂഹങ്ങളിൽ വളരെ പ്രകടമാണ്. ഇസ്ലാമിക നാഗരികതകളിൽ പാശ്ചാത്യരാജ്യങ്ങളെക്കാൾ വേഗത്തിൽ വൻകിടനഗരങ്ങളിൽ രൂപംകൊണ്ടിരുന്നു. പൂർവേഷ്യയിൽ വലിയൊരു വിഭാഗം പ്രദേശങ്ങളും ഇപ്പോഴും അവികസിതവും ഒറ്റപ്പെട്ടതുമാണ്. എന്നാൽ, കാലഗണനയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രതിഭാസങ്ങളും നാഗരികതയും തമ്മിലുള്ള അന്തരം അവഗണിക്കാനാവില്ല. സാമൂഹിക പ്രതിഭാസങ്ങളെ അപേക്ഷിച്ച് നാഗരികതകൾ ദീർഘമായ കാലയളവിൽ നിലനിൽക്കുന്നവയാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കാൾ, സാവധാനത്തിലാണ് നാഗരികത മാറ്റങ്ങൾക്കുവിധേയമാകുന്നത്.
നാഗരികതയും സമ്പദ്ഘടനയും
തിരുത്തുകസമൂഹവും നാഗരികതയും, സാമ്പത്തികവും സാങ്കേതികവും ജനസംഖ്യാപരവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതൊരു നാഗരികതയുടെയും സ്വഭാവത്തെ രൂപീകരിക്കുന്നതിൽ ഭൗതികവും ജീവശാസ്ത്രപരവുമായ ഘടകങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ജനസംഖ്യയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ, ആരോഗ്യം, രോഗം, സാമ്പത്തിക-സാങ്കേതിക വളർച്ചയും താഴ്ചയും എന്നീ ഘടകങ്ങൾ സാംസ്കാരികവും സാമൂഹികവുമായ ഘടനകളെ നിർണായകമായി സ്വാധീനിക്കുന്ന, ഈ ഘടകങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് രാഷ്ട്രീയസമ്പദ്ശാസ്ത്രം എന്നതുകൊണ്ട് അർഥമാക്കുന്നത്.
മധ്യകാല യൂറോപ്യരുടെ വിഭവങ്ങൾ തേടിയുള്ള സഞ്ചാരങ്ങളും, അവയ്ക്കുവേണ്ടിയുള്ള അധിനിവേശങ്ങളും നാഗരികതയെ നിർണയിച്ച ഘടകങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെടുകയും മൂലധനം യൂറോപ്പിലേക്ക് എത്തിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് യൂറോപ്യൻ നാഗരികത ശക്തമായത്. കൂട്ടക്കൊലകളുടെയും, വംശഹത്യയുടെയും, മതപരിവർത്തനങ്ങളുടെയും, മുതലാളിത്തത്തിന്റെ യുദ്ധപാതയും ചേർന്നതാണ് പടിഞ്ഞാറൻ ആധുനിക നാഗരികതയുടെ അടിത്തറ. അവയുടെ ഭാഗമായും, ബന്ധപ്പെട്ടും മറ്റുമാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ആധുനിക നാഗരികതകളും നിലനിന്നിരുന്നത്.
സാമൂഹിക വികാസത്തിന്റെ ആദിമഘട്ടങ്ങളിൽ മനുഷ്യർ തന്നെയായിരുന്നു മുഖ്യവിഭവകേന്ദ്രം. അവരുടെ പേശീബലവും മസ്തിഷ്കവും തന്നെയായിരുന്നു നാഗരികതാനിർമ്മാണപ്രവർത്തനങ്ങളുടെ മുഖ്യ ഊർജസ്രോതസ്സ്. ജനസംഖ്യാവർധനവിനെ, അതിനാൽ നാഗരികയുടെ വളർച്ചയെ സഹായിക്കുന്നഘടകമായി കാണാവുന്നതാണ്. പക്ഷേ, ആധുനിക കാലയളവിൽ, ജനസംഖ്യയിലെ അമിതപ്പെരുപ്പം നാഗരികതയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ജനസംഖ്യാ വളർച്ച സാമ്പത്തിക വളർച്ചയെക്കാൾ കൂടുതലാകുമ്പോൾ അത് പ്രതികൂലമാകുന്നു. അതിന്റെ ഫലം ഭക്ഷ്യക്ഷാമം, വരുമാനത്തിലെകുറവ്, സാമൂഹികമായ കലാപങ്ങൾ എന്നിവയാണ്. ചിലപ്പോൾ പകർച്ചവ്യാധികളും പട്ടിണിയുമുണ്ടാകാം. യൂറോപ്പിൽ 14-ാം ശ. ത്തിന്റെ രണ്ടാം പകുതിയിലുണ്ടായ 'കറുത്ത മരണം' (Black Death) എന്നറിയപ്പെടുന്ന ദുരന്തം ഇതിനുദാഹരണമാണ്.
ജനസംഖ്യയുടെ ഈ ദൂഷിതവലയത്തിൽ നിന്ന് മനുഷ്യർ മോചിതരായത് വ്യവസായ നാഗരികതയുടെ ആവിർഭാവത്തോടെയാണ്. ജനസംഖ്യയിലുണ്ടാകുന്ന വർധനവിനെ ഉത്പാദനക്ഷമമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് വ്യവസായവത്കരണത്തിന്റെ മേന്മ. മനുഷ്യാധ്വാനത്തിനുണ്ടായ വർധിച്ചമൂല്യം ഫലത്തിൽ യന്ത്രങ്ങളുടെ നിർമ്മാണത്തിനു കാരണമായി. ക്ലാസ്സിക്കൽ കാലഘട്ടത്തിൽ അതിന്റെ ധിഷണാശക്തി എത്രതന്നെ ഉയർന്നതായിരുന്നാലും അതിന്റെ തത്തുല്യമായ രീതിയിൽ യന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നില്ല. കാരണം അന്ന് അടിമകളുണ്ടായിരുന്നു. ഇത് അതിന്റെ ദൌർബല്യം കൂടിയായിരുന്നു. 18-ാം ശ.-ത്തിനുമുമ്പ് ചൈന സാങ്കേതികമായി വളരെയേറെ അഭിവൃദ്ധിപ്പെട്ടിരുന്നുവെങ്കിലും, അമിതജനസംഖ്യ വലിയൊരു പ്രതികൂലഘടകമായിരുന്നു. സാമ്പത്തികജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകാറുണ്ട് അതിന്റെയൊക്കെ സ്വാധീനം നാഗരികതയിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. വളർച്ചയിലും താഴ്ചയിലും സാമ്പത്തികപ്രവർത്തനങ്ങൾ സമൂഹത്തിൽ മിച്ചമുണ്ടാക്കുന്നുണ്ട്. ഈ മിച്ചത്തിന്റെ ഉപയോഗമാണ് നാഗരികതകളിലെ ആഡംബരങ്ങൾക്കും കലാപ്രവർത്തനങ്ങൾക്കും പ്രചോദകമാവുന്നത്. 16-ാം ശ. മുതൽ യൂറോപ്യൻ നാഗരികതയുടെ ചരിത്രം പരിശോധിച്ചാൽ മുതലാളിത്തത്തിന്റെയും സമ്പത്തിന്റെയും മുദ്ര വളരെ പ്രകടമാണ്.
നാഗരികതയും ചിന്താരീതിയും.
തിരുത്തുകഓരോ നാഗരികതയും ഒരു സവിശേഷ ചിന്താരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക മനശ്ശാസ്ത്രം, അവബോധം, മനഃസ്ഥിതി എന്നീ രീതിയിൽ ഈ ചിന്താരൂപങ്ങളെ വിശേഷിപ്പിക്കാവുന്നതാണ്. ലൂസിയാൻ ഫെബ്വറെ (Lucien Febre) മെന്റൽ എക്വിപ്മെന്റ് എന്ന പരികല്പന ആവിഷ്കരിച്ചിട്ടുണ്ട്. ഒരു നിശ്ചിതകാലഘട്ടത്തിൽ ഒരു നിശ്ചിത സാമൂഹിക മനഃസ്ഥിതി സമൂഹത്തിൽ ആധിപത്യം ചെലുത്തുന്നു. സമൂഹത്തിന്റെ അഭിരുചി നിർണയിക്കുന്ന കാര്യത്തിൽ, തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിൽ, പ്രയോഗങ്ങളുടെ ദിശനിർണയിക്കുന്ന കാര്യത്തിൽ ഒക്കെ ഈ മനഃസ്ഥിതിക്ക് വലിയ പങ്കുണ്ട്. പാരമ്പര്യത്തിൽ നിന്നും പഴമയിൽ നിന്നും ഒക്കെ മനഃസ്ഥിതി ഘടകങ്ങൾ സ്വീകരിക്കുന്നുണ്ട്.
മനഃസ്ഥിതിയുടെയും ചിന്താരീതിയുടെയും കാര്യത്തിൽ ഏറ്റവും പ്രധാനഘടകം മതമാണ്. ഓരോ നാഗരികതയുടെയും അടിസ്ഥാനമൂല്യങ്ങളും ഘടനകളും അനന്തരതലമുറയിലേക്ക് കൈമാറാൻ കഴിയും. ഒരുനാഗരികതയെ മറ്റൊന്നിൽ നിന്നും വേർതിരിക്കുന്നത് ഈ മൂല്യവിശേഷങ്ങളും ചിന്താരീതിയുമാണ്. അടിസ്ഥാന മനഃസ്ഥിതികൾ മിക്കപ്പോഴും കാലത്തെ അതിജീവിക്കുന്നവയാണ്. അവ വളരെ കുറച്ചുമാത്രമേ മാറുകയുള്ളു. അതും വളരെ സാവധാനത്തിലാണുതാനും. ഇന്ത്യയെപ്പോലെ മതത്തിനു വളരെയേറെ പ്രധാന്യമുള്ള നാഗരികതകളിൽ എല്ലാ മാനുഷിക പ്രവർത്തനങ്ങളും ഊർജ്ജം കണ്ടെത്തുന്നതും സാധൂകരിക്കപ്പെടുന്നതും മതത്തിലൂടെയാണ്. ഇന്ത്യൻ തത്ത്വചിന്തകനായ സുനീതി കുമാർ ചാറ്റർജി പറയുന്നത്, ഭൗതികാതീതമണ്ഡലത്തിന്റെ ആത്യന്തിക ഐക്യവും നിഗൂഢതയും പര്യവേക്ഷണം ചെയ്യുന്നതിൽ മനുഷ്യരാശിക്കു കഴിവുനഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. എന്നാൽ ഈ മതപ്രോക്തമായ ചിന്താരീതിയോട് കലഹിക്കുകയും ചിന്താസമ്പ്രദായങ്ങളെയും ലോകവീക്ഷണത്തെത്തന്നെയും മതേതരവത്കരിക്കുകയും ചെയ്തുകൊണ്ടാണ് പാശ്ചാത്യ-യൂറോപ്യൻ നാഗരികതകൾക്ക് ആധുനികവത്കരിക്കുകയും ചെയ്തുകൊണ്ട് വ്യവസായനാഗരികതയിലേക്ക് മുന്നേറുവാനും കഴിഞ്ഞത്. ഈ ആധുനികവത്കരണത്തിൽ യുക്തിചിന്തയ്ക്ക് വലിയ പങ്കുണ്ട്.
നാഗരികതയുടെ ഉദയവും പതനവുമെന്ന ക്രമത്തിലാണ് ടോയൻസി മനുഷ്യചരിത്രത്തെ വിലയിരുത്തിയത്. ദേശീയ മാനദണ്ഡങ്ങളെക്കാൾ സാംസ്കാരികവും, മതപരവുമായ ഘടങ്ങളാണ് നാഗരികതയെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറയുന്നു. ചരിത്രം വെല്ലുവിളിയും അതിനോടുള്ള പ്രതികരണവുമാണെന്ന് അദ്ദേഹം കരുതി.
ചരിത്രപഠനത്തിലെ അനൽസ് സ്കൂളിന്റെ വക്താവായിരുന്ന ഫെർനാൻഡ് ബ്രോദൻ സിവിലൈസേഷൻ ആൻഡ് കാപ്പിറ്റലിസം എന്ന കൃതിയിലൂടെ നാഗരികതാ പഠനങ്ങളിൽ ശ്രദ്ധേയനായി. മധ്യകാലത്ത് യൂറോപ്പിൽ വികസിച്ച പെരുമാറ്റങ്ങളുടെയും, മനോഭാവങ്ങളുടെയും, കൂട്ടായ്മകളുടെയും, സ്ഥാപനങ്ങളുടെയും 'ഘടനകൾ' ആണ് ആധുനിക യൂറോപ്പിന്റെ സംസ്കാരത്തെ വിജയത്തിലെത്തിച്ചെതെന്നാണ് അദ്ദേഹത്തിന്റെ വാദം. മുതലാളിത്ത സമ്പദ്ഘടനയ്ക്ക് ഈ ആദ്യകാല ഘടനയുമായി അഭേദ്യമായ ബന്ധമുണ്ട്.
ഗ്രീക്കുചിന്താധാരയുടെ വികാസം തൊട്ടുതന്നെ പാശ്ചാത്യനാഗരികതയുടെ ഉന്മുഖത അടിസ്ഥാനയുക്തിയുടേതാണ്. 12-ാം ശ.-ത്തിലെ ചൈന, ചില അറബ് ചിന്തകർ എന്നിവയെ ഒഴിച്ചുനിർത്തിയാൽ യുക്തിചിന്തയ്ക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന നാഗരികത യൂറോപ്പിലേതുപോലെ മറ്റെവിടെയുമില്ല. ഭൂമുഖത്തെ മിക്കവാറുമെല്ലാ നാഗരികതകളും ഏതെങ്കിലും തരത്തിൽ ശിഥിലമാവുകയോ നശിക്കുകയോ ചെയ്തപ്പോൾ, യൂറോപ്യൻ നാഗരികത പ്രതിസന്ധികളെ അതിജീവിച്ചത് പ്രധാനമായും യുക്ത്യാധിഷ്ഠിത ചിന്താരീതിയുടെ പിൻബലത്തിലാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നാഗരികത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |