നവഖാലി

ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനിലെ ജില്ല

ബാംഗ്ലാദേശിലെ തെക്കു കിഴക്കൻ സംസ്ഥാനമായ ചിറ്റഗോങ്ങിലെ ഒരു ജില്ലയാണ് നവഖാലി(ബംഗാളി: নোয়াখালী জিলা)[1]. അവിഭക്തഇന്ത്യയുടെ ഭാഗമായിരുന്നു നവഖാലി. ബലുവ എന്ന പേരിലാണ് നവഖാലി 1821 വരെ അറിയപ്പെട്ടിരുന്നത്. 1660-കളിൽ വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടായ നിരന്തരമായ കൃഷിനാശം ബലുവയുടെ സമ്പദ്ഘടനയെ ദുർബലമാക്കിയിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാനായി രൂപംകൊടുത്ത പുതിയ കനാലിന്റെ നിർമിതിക്കു ശേഷമാണ് ബലുവ നവഖാലി എന്നു പുനർനാമകരണം ചെയ്യപ്പെട്ടത്. 'നവീനം' എന്നർഥം വരുന്ന 'നവ'യും 'കനാൽ' എന്നർഥം വരുന്ന 'ഖാൽ'-ഉം ചേർന്നുലഭിച്ചതാണ് 'നവഖാലി' എന്ന സ്ഥലനാമം. 1821-ൽ നവഖാലി ജില്ല രൂപീകരിക്കപ്പെട്ടു. 1920-ലെ ഖിലാഫത്ത് മുന്നേറ്റത്തിൽ നവഖാലിയിലെ ജനങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. 1946 ആഗ. 16-ന് പാകിസ്താനുവേണ്ടി ജിന്ന പ്രത്യക്ഷസമരം പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ ഹിന്ദു-മുസ്ലിം വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ ഗാന്ധിജി നടത്തിയ സമാധാനശ്രമങ്ങളാണ് നവഖാലിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. കൽക്കത്തയിൽ നടന്ന വർഗീയ ലഹളയിൽ (ആഗ. 16) മുസ്ലീങ്ങൾ വധിക്കപ്പെട്ടതിനുപകരമായി നവഖാലിയിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 200 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ആസൂത്രിതമായ കൊലപാതകങ്ങൾക്കും നിർബന്ധിത മതപരിവർത്തനത്തിനും പുറമേ കൊള്ളിവയ്പിനും കൊള്ളയ്ക്കും നവഖാലി സാക്ഷ്യം വഹിച്ചു.

Noakhali

নোয়াখালী জিলা
Location of Noakhali in Bangladesh
Location of Noakhali in Bangladesh
Country Bangladesh
DivisionChittagong Division
വിസ്തീർണ്ണം
 • ആകെ3,600.99 ച.കി.മീ.(1,390.35 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ30,72,000
 • ജനസാന്ദ്രത850/ച.കി.മീ.(2,200/ച മൈ)
Literacy rate
 • Total55.78%
സമയമേഖലUTC+6 (BST)
 • Summer (DST)UTC+7 (BDST)
വെബ്സൈറ്റ്Banglapedia Article

തന്റെ ജീവിതത്തെ അർഥപൂർണമാക്കിയ അഹിംസ സിദ്ധാന്തം നവഖാലിയിൽ പരാജയപ്പെട്ടതായി കണ്ട ഗാന്ധിജി സമാധാനദൗത്യവുമായി 1947 ജനുവരിയിൽ ഇവിടെ എത്തി. പ്രായശ്ചിത്തമെന്ന നിലയ്ക്ക് നടത്തിയ തീർഥയാത്രയിൽ (Pilgrimage of Penance) അദ്ദേഹം 7 ആഴ്ച കൊണ്ട് 47 ഗ്രാമങ്ങൾ സന്ദർശിച്ചു. ഗ്രാമഗ്രാമാന്തരം നടന്ന് ഹിന്ദു - മുസ്ലിം സഹോദരങ്ങളോട് സമാധാനത്തിനും ശാന്തിക്കുമായി അഭ്യർഥിച്ചു. കൂട്ടായമ്കൾ സംഘടിപ്പിച്ചു. ഓരോ ഗ്രാമത്തിലും തന്റെ അഭ്യർഥന ചെവിക്കൊള്ളുന്ന ഒരു ഹിന്ദുനേതാവിനെയും ഒരു മുസ്ലിം നേതാവിനെയും തിരഞ്ഞുപിടിച്ച് അവരെ സമാധാനത്തിന്റെ കൂട്ടജാമ്യക്കാരാക്കുന്ന രീതിയാണ് ഗാന്ധിജി അവലംബിച്ചത്. ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം നിലനിന്ന നവഖാലിയിൽ സമാധാനം പുനസ്ഥാപിക്കുവാൻ ഗാന്ധിജിക്കു കഴിഞ്ഞു.

സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു നവഖാലി, വിഭജനത്തിനുശേഷം പാക് പ്രവിശ്യയായ കിഴക്കൻ ബംഗാളിൽ ഉൾപ്പെട്ടു. കിഴക്കൻ ബംഗാൾ ഷെയ്ക്ക് മുജീബ് ഉർ റഹ്മാന്റെ നേതൃത്വത്തിൽ ബാംഗ്ലാദേശ് എന്ന പേരിൽ സ്വാതന്ത്ര്യംപ്രഖ്യാപിച്ചതിനെത്തുടർന്ന് ബാംഗ്ലാദേശിലെ ജനങ്ങളും പാക് പട്ടാളവും തമ്മിൽ നടന്ന വിവിധ സംഘട്ടനങ്ങളിൽ നവഖാലിയിലെ എഴുപതോളം പേർ കൊല്ലപ്പെടുകയുണ്ടായി. 1971-ലാണ് നവഖാലി പാക് പട്ടാളത്തിന്റെ നിയന്ത്രണത്തിൽ നിന്നും വിമോചിക്കപ്പെട്ടത്.

അവലംബം തിരുത്തുക

  1. Encyclopedia of Britannica
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവഖാലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവഖാലി&oldid=3088534" എന്ന താളിൽനിന്ന് ശേഖരിച്ചത്