നങ്ക്
സൊളീഡീയ കുടുംബത്തിൽപ്പെടുന്ന ഭക്ഷ്യയോഗ്യമായ മത്സ്യമാണ് നങ്ക്. ഇതിന്റെ ശാസ്ത്രനാമം സോളിയ സോളിയ എന്നാണ്. നാവിന്റെ ആകൃതിയിലുള്ള ഈ മത്സ്യത്തിന്റെ ശരീരം പരന്നിരിക്കും. ഇവ അറ്റ്ലാന്റിക് മഹാസമുദ്രത്തിലും മധ്യധരണ്യാഴിയിലും ബ്രിട്ടന്റെയും അയർലൻഡിന്റെയും തീരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. പൊതുവേ ആഴം കുറഞ്ഞ സമുദ്രഭാഗത്ത് ജീവിക്കാനിഷ്ടപ്പെടുന്ന നങ്ക് 10-60 മീറ്റർ ആഴത്തിലാണ് കാണപ്പെടുന്നത്. സാധാരണയായി മണ്ണുകൊണ്ടോ ചെളികൊണ്ടോ പൊതിഞ്ഞ നിലയിലാണ് ഇവ കാണപ്പെടുക.
നങ്ക് | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Solea
|
Species: | S. solea
|
Binomial name | |
Solea solea Linnaeus, 1758
|
ശരീരഘടനതിരുത്തുക
30-40 സെന്റിമീറ്റർ നീളമുള്ള നങ്കിന് മഞ്ഞയോ ചാരമോ അപൂർവമായി കടുത്ത തവിട്ടുനിറമോ ആയിരിക്കും. ശരീരത്തിൽ അവിടവിടെയായി കറുത്ത പൊട്ടുകളും വരകളും കാണപ്പെടുന്നു. ശരീരത്തിന്റെ വലതുഭാഗത്ത് അടുത്തടുത്തായാണ് രണ്ട് കണ്ണുകളും കാണപ്പെടുന്നത്. കണ്ണുകൾ താരതമ്യേന ചെറുതായിരിക്കും. ഏതാണ്ട് വൃത്താകൃതിയിലുള്ള തലയും താഴേക്ക് തിരിഞ്ഞിരിക്കുന്ന ചെറിയ വായും ഇവയുടെ സവിശേഷതയാണ്. മേൽത്താടിയെല്ലും പല്ലുകളും മൃദുവായിരിക്കും. പൃഷ്ഠപത്രവും, വാൽച്ചിറകും, ഗുദച്ചിറകും കൂടി മത്സ്യത്തിന്റെ പാർശ്വഭാഗം മുഴുവൻ അലങ്കാരമായി നില്ക്കുന്ന തൊങ്ങൽപോലെ ആയിത്തീർന്നിരിക്കുന്നു. ഈ തൊങ്ങൽ സമുദ്രാന്തർഭാഗത്ത് സാവധാനം ഇഴഞ്ഞുനീങ്ങാൻ ഇവയെ സഹായിക്കുന്നു.
ഏകദേശം ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ള പൃഷ്ഠപത്രം കണ്ണുകളുടെ മുൻഭാഗത്തുനിന്ന് ആരംഭിച്ച് പാർശ്വഭാഗത്ത് വാൽച്ചിറകുമായും പിന്നിൽ ഗുദച്ചിറകുമായും സംയോജിക്കുന്നു. പൃഷ്ഠപത്രത്തോളംതന്നെ നീളമുള്ള ഗുദച്ചിറക് ചെകിളയുടെ പിൻഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. നങ്കിന് പൂർണവളർച്ചയെത്തിയ രണ്ട് ഭുജച്ചിറകുകൾ ഉണ്ട്. മുകളിലെ ഭുജച്ചിറകുകളുടെ സ്വതന്ത്ര അറ്റത്തായി സവിശേഷമായ ഒരു കറുത്ത പൊട്ട് കാണപ്പെടുന്നു.
തലയ്ക്കും വായയ്ക്കും ചുറ്റിലായി എഴുന്നുനില്ക്കുന്ന ചെറിയ വെളുത്ത തന്തുക്കൾ സംവേദകാവയവങ്ങളാണ്. ഇത് സ്പർശനേന്ദ്രിയമായും രസവേദകാവയവമായും ഉപയോഗപ്പെടുത്തുന്നതായി കരുതപ്പെടുന്നു.
ഭക്ഷണരീതിതിരുത്തുക
അധികസമയവും സമുദ്രാന്തർഭാഗത്ത് മണലിലും ചെളിയിലും പുതഞ്ഞുകിടക്കാൻ ഇഷ്ടപ്പെടുന്ന നങ്ക് രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. സ്ഥിരമായി മുകളിലേക്കും താഴേക്കുമുള്ള തരംഗിത ചലനത്തിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമ്പോഴും സമുദ്രജലം കലങ്ങിയിരിക്കുമ്പോഴും പകൽസമയങ്ങളിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. സമുദ്രാന്തർഭാഗത്തുള്ള ചെറു മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും വിരകളും ഇവയുടെ ആഹാരമാണ്.
നങ്ക് ദേശാടനം നടത്താറുണ്ട്. ശീതകാലത്ത് 120 മീറ്റർ വരെ ആഴമുള്ള സമുദ്രാന്തർഭാഗത്തേക്ക് ഇവ നീങ്ങാറുണ്ട്. എന്നാൽ മുട്ടയിടുന്നതിനുവേണ്ടി വസന്തകാലത്തും വേനൽക്കാലത്തിന്റെ ആരംഭത്തിലും സമുദ്രത്തിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇവ തിരികെയെത്തുന്നു.
പ്രായപൂർത്തിയായ പെൺമത്സ്യം ഏകദേശം അഞ്ചുലക്ഷത്തോളം മുട്ടകളിടും. ഒരു മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള മുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവയ്ക്ക് ഏകദേശം ഒരു സെന്റിമീറ്റർ വലിപ്പമെത്തുമ്പോൾ ഇടത് കണ്ണ് വലതു കണ്ണിന്റെ അടുത്തേക്ക് നീങ്ങുന്നു.
അമിതമായി മത്സ്യബന്ധനം നടത്തുന്നതിനാൽ സ്വാദേറിയ നങ്ക് ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.fishbase.org/summary/speciessummary.php?id=525
- http://oceana.org/en/explore/marine-wildlife/common-sole Archived 2014-02-23 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നങ്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |