മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (മറാത്തി: महर्षी डॉ. धोंडो केशव कर्वे) (ഏപ്രിൽ 18, 1858 - നവംബർ 9, 1962)ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്‌ കർവെ. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ്‌ ഇദ്ദേഹം[1]ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം [2][3].അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തി സംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു.

Dhondo Keshav Karve
ജനനം(1858-04-18)ഏപ്രിൽ 18, 1858
മരണംനവംബർ 9, 1962(1962-11-09) (പ്രായം 104)

ആദ്യകാലജീവിതം

തിരുത്തുക

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഖേദ് താലൂക്കിലാണ്‌ 1858 ഏപ്രിൽ 18-ന്‌ കേശവ് ബപ്പണ്ണ കർവെയുടെ മകനായി ധോൻഡൊ കേശവ് കർവെ ജനിച്ചത്. മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് ഗണിതത്തിൽ ബിരുദമെടുത്തു. അദ്ദേഹത്തിന്‌ 14 വയസ്സായപ്പോൾ എട്ട് വയസ്സുകാരിയായിരുന്ന രാധാഭായിയുമായുള്ള വിവാഹം നടന്നു. 1891-ൽ 27-ആമത്തെ വയസ്സിൽ രാധാഭായി മരണമടഞ്ഞു. രണ്ട് വർഷത്തിനുശേഷം വിധവയായ ഗോദുബായിലെ അദ്ദേഹം വിവാഹം കഴിച്ചു. 1891-1914 കാലഘട്ടത്തിൽ അദ്ദേഹം പൂണെയിലെ ഫർ‌ഗൂസൻ കോളേജിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു.

പണ്ഡിത രമാബായിയുടെ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനായി പ്രവർത്തിക്കാനും പണ്ഡിറ്റ് വിഷ്ണുശാസ്ത്രി, പണ്ഡിറ്റ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ എന്നിവരുടെ പ്രവർത്തനങ്ങൾ വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും കർ‌വ്വേക്ക് പ്രചോദനം നൽകി.

1893-ൽ, വിധവാവിവാഹം പ്രോൽ‌സാഹിപ്പിക്കാനും വിധവകളുടെ കുട്ടികളെ സഹായിക്കാനും അദ്ദേഹം വിധവാ-വിവാഹോത്തേജക്-മണ്ഡൽ സ്ഥാപിച്ചു, 1895-ൽ ഈ സ്ഥാപനത്തിന്റെ പേർ വിധവാ-വിവാഹ-പ്രതിബന്ധ-നിവാരക്-മണ്ഡലി എന്ന് മാറ്റി.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-07-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-13. Retrieved 2015-08-22.
  3. http://indianexpress.com/article/cities/mumbai/sndt-womens-university-turns-100-3-years-after-it-was-shut-down-kanyashala-stands-tall-again/


"https://ml.wikipedia.org/w/index.php?title=ധോൻഡൊ_കേശവ്_കർവെ&oldid=4077350" എന്ന താളിൽനിന്ന് ശേഖരിച്ചത്