ദ്വന്ദ്വസമാസം

(ദ്വന്ദ്വൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടോ അതിലധികമോ വാക്കുകൾ തമ്മിൽ സമാസിക്കുമ്പോൾ പൂർവ്വപദങ്ങൾക്കും ഉത്തരപദങ്ങൾക്കും തുല്യപ്രാധാന്യമുണ്ടെങ്കിൽ അതിനെ ദ്വന്ദ്വസമാസം എന്നു വിളിക്കുന്നു.

ഉദാഹരണമായി അച്ഛനമ്മമാർ എന്നത് ഇവിടെ തുല്യപ്രാധാന്യമുള്ള അച്ഛൻ, അമ്മ എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്.

ദ്വന്ദസമാസം രണ്ടു വിധത്തിലുണ്ട് . ഏകവചനത്തിലാണ് പദങ്ങൾ അവസാനിക്കുന്നതെങ്കിൽ അത് സമാഹാരദ്വന്ദ്വൻ എന്ന് പറയുന്നു. ഘടകപദങ്ങൾ ബഹുവചനത്തിലാണ് അവസാനിക്കുന്നതെങ്കിൽ ഇതരേതരദ്വന്ദ്വൻ എന്നും പറയുന്നു.

ഉദാഹരണങ്ങൾ

തിരുത്തുക

ദ്വന്ദ്വൻ

തിരുത്തുക
  • കൈകാൽ - കയ്യും കാലും
  • രാപകൽ - രാവും പകലും
  • വരവുചെലവ് - വരവും ചെലവും
  • അടിപിടി - അടിയും പിടിയും
  • ആനമയിലൊട്ടകം: ആനയും മയിലും ഒട്ടകവും

ഇതരേതരദ്വന്ദ്വൻ

തിരുത്തുക
  • ചരാചരങ്ങൾ - ചരങ്ങളും അചരങ്ങളും
  • ദേവാസുരന്മാർ - ദേവന്മാരും അസുരന്മാരും
  • രാമലക്ഷ്മണന്മാർ: രാമനും ലക്ഷ്മണനും
  • കൈകാലുകൾ: കൈയും കാലും
  • മാതാപിതാക്കൾ: മാതാവും പിതാവും

ദ്വന്ദ്വസമാസത്തിന്റെ സംസ്കൃത നിയമങ്ങൾ

തിരുത്തുക

പൂർ‌വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യമുള്ള സമാസമാണ് ദ്വന്ദ്വസമാസം. മലയാളത്തിലെ നിരവധി പദങ്ങൾ സംസ്കൃതജന്യങ്ങളാണ്. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ സംസ്കൃതനിയമങ്ങളാണ് പാലിക്കേണ്ടത്. ദ്വന്ദ്വസമാസത്തിലെ പൂർ‌വപദം ഏതായിരിക്കണമെന്നതിനെ സംബന്ധിച്ച് സംസ്കൃതത്തിൽ വ്യക്തമായ നിയമങ്ങൾ ഉണ്ട്.

  • സമാസിക്കുന്ന പദങ്ങളിൽ 'ഇ'കാരത്തിലോ 'ഉ'കാരത്തിലോ അവസാനിക്കുന്ന പദങ്ങളുണ്ടെങ്കിൽ അവ പൂർ‌വപദമായി വരണം.
ഉദാഹരണം:
ഹരിഹരന്മാർ (ഹരഹരിമാർ എന്നല്ല)
വിഷ്ണുശങ്കരന്മാർ (ശങ്കരവിഷ്ണുമാർ എന്നല്ല)
  • സ്വരംകൊണ്ടുതുടങ്ങുന്ന പദം പൂർ‌വപദമാകണം
ഉദാഹരണം:
അശ്വരഥങ്ങൾ
അഗ്നിവരുണന്മാർ
  • അക്ഷരം കുറവുള്ള പദം ആദ്യം
ഉദാഹരണം:
നകുലസഹദേവന്മാർ
കരചരണങ്ങൾ
  • ഹ്രസ്വാക്ഷരം മാത്രമുള്ള പദമുണ്ടെങ്കിൽ അത് പൂർ‌വപദമാകും
ഉദാഹരണം:
ധനധാന്യം
സുഖദുഃഖം
  • കൂടുതൽ ബഹുമാനമർഹിക്കുന്ന പദം ആദ്യം വരും
ഉദാഹരണം:
മാതാപിതാക്കൾ, വിദ്യാർഥിനീവിദ്യാർഥികൾ, ബാലിസുഗ്രീവന്മാർ, ജ്യേഷ്ഠാനുജന്മാർ, സ്ത്രീപുരുഷന്മാർ, സീതാരാമന്മാർ, ശകുന്തളാദുഷ്യന്തന്മാർ, ഭാര്യാഭർത്താക്കന്മാർ
സംസ്കൃതത്തിലെ രീതിയനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ ബഹുമാനമർഹിക്കുന്നവരാണ്. അതിനാൽ സമാസത്തിൽ സ്ത്രീനാമങ്ങളാണ് ആദ്യം വരിക. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ ഈ നിയമം പാലിച്ചേ മതിയാകൂ. എന്നാൽ, മലയാളം പുരുഷന് പ്രാധാന്യം കൂടുതൽ നൽകുന്നു. ദേശജങ്ങളായ മലയാള പദങ്ങൾ സമാസിക്കുമ്പോൾ പുരുഷനാമം ആദ്യം വരും.
ഉദാഹരണം
അച്ഛനമ്മമാർ
ആങ്ങളപെങ്ങന്മാർ

മറ്റു സമാസങ്ങൾ

തിരുത്തുക
  1. തത്പുരുഷൻ
  2. കർമ്മധാരയൻ
  3. അവ്യയീഭാവം
  4. ബഹുവ്രീഹി
"https://ml.wikipedia.org/w/index.php?title=ദ്വന്ദ്വസമാസം&oldid=3694397" എന്ന താളിൽനിന്ന് ശേഖരിച്ചത്