33°08′N 75°34′E / 33.13°N 75.57°E / 33.13; 75.57

ദോഡ
Map of India showing location of Jammu and Kashmir
Location of ദോഡ
ദോഡ
Location of ദോഡ
in Jammu and Kashmir and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Jammu and Kashmir
ജില്ല(കൾ) Doda
ജനസംഖ്യ 13,249 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,107 m (3,632 ft)

ജമ്മു-കാശ്മീർ സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവുമാണ് ദോഡ. കാർഗിൽ യുദ്ധകാലത്ത് വളരെയേറെ വാർത്താപ്രാധാന്യം നേടിയ പ്രദേശമാണ് ദോഡ. മുമ്പ് ഉധംപൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1948-ൽ പുതിയ ജില്ലയായി മാറി. വിസ്തീർണം: 1,16,191 ച.കി.മീ.; ജനസംഖ്യ: 6,90,474 (2001); ജനസാന്ദ്രത: 59/ ച.കി.മീ. (2001); അതിരുകൾ: വടക്ക് അനന്ത്നാഗ് ജില്ലയും ഉധംപൂർജില്ലയും, തെക്കുപടിഞ്ഞാറും തെക്കും ഉധംപൂർജില്ലയും ഹിമാചൽപ്രദേശും, കിഴക്കും തെക്കുകിഴക്കും ലേ ജില്ല.

ഭൂപ്രകൃതി

തിരുത്തുക

നിമ്നതടങ്ങളും സമതലങ്ങളും ഉൾക്കൊള്ളുന്ന മലമ്പ്രദേശമാണ് ദോഡ. ഈ ജില്ലയിലെ മിക്ക പർവതശിഖരങ്ങൾക്കും 3,400 മീറ്ററിലധികം ഉയരമുണ്ട്. ചന്ദ്രഭാഗ എന്നു വിളിക്കുന്ന ചിനാബ് ആണ് മുഖ്യ നദി. ജനങ്ങളുടെ അടിസ്ഥാന ഉപജീവനമാർഗ്ഗം കാർഷികവൃത്തിയാണ്. നെല്ല്, ഗോതമ്പ്, ചോളം എന്നിവയാണ് ജില്ലയിൽ പ്രധാനമായി കൃഷിചെയ്യുന്നത്. കുങ്കുമപ്പൂവിന്റെ ഉത്പാദനത്തിലും പ്രശസ്തമാണ് ദോഡ. ആടു വളർത്തലിനും ഉദ്യാനക്കൃഷിക്കും ജില്ലയിൽ ഏറെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഇന്ദ്രനീലം (Saphire) ഖനനം ചെയ്യപ്പെടുന്ന ചില ഖനികൾ ജില്ലയിലുണ്ട്. പച്ചക്കറികൾ, വാൽനട്ട്, കുങ്കുമപ്പൂവ്, തേൻ, കമ്പിളി, തടി എന്നിവ ജില്ലയിലെ മുഖ്യ കയറ്റുമതി ഉത്പന്നങ്ങളാണ്.

ജനങ്ങളും ഭാഷയും

തിരുത്തുക

മുസ്ലിങ്ങൾക്കാണ് ജില്ലാ ജനസംഖ്യയിൽ ഭൂരിപക്ഷം. ഹിന്ദുക്കൾ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഉർദു, കാശ്മീരി, ഡോഗ്രി, ഹിന്ദി എന്നിവയാണ് ഇവിടത്തെ മുഖ്യ ഭാഷകൾ. 2001-ലെ കണക്കനുസരിച്ച് 46.92% ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. മതിയായ ഗതാഗത സൌകര്യങ്ങളുടെ അഭാവം ദോഡ ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡ് ഗതാഗതത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ ജില്ലാ ഭരണകൂടം നടപ്പിലാക്കിവരുന്നുണ്ട്.

ആരാധനാലയങ്ങൾ

തിരുത്തുക

പട്നി ടോപ്, ഛോട്ടാ കാശ്മീർ, മുസ്ലിം തീർഥാടന കേന്ദ്രങ്ങളായ സിയഹത് ഫരിദ്-ഉൽ-ദിൻ സാഹിബ്, അസ്രാരി-ഇ-ഷെറിഫ്, സിയാറത് ഗാൻ ദെർ ഷാ, ഷെയ്ഖ് സൈൻ-ഇൻ-അബ്ദീൻ വാലി താമസിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ബാൻദർ കോട് ഗുഹ, ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളായ ത്രിസന്ധ്യ ദേവലായം, ബസാക് നാഗ്, സാർതൽ ദേവീക്ഷേത്രം, വാസുകി നാഗ് ക്ഷേത്രങ്ങൾ, ലിംഗ്വേശ്വർ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ദോഡ ജില്ലയിൽ സ്ഥിതിചെയ്യുന്നു. ശരത്കാലത്തിന്റെ ആരംഭത്തിൽ നടക്കുന്ന മേളാപട് (Melapat) ഉത്സവം പ്രസിദ്ധമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദോഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദോഡ&oldid=2308860" എന്ന താളിൽനിന്ന് ശേഖരിച്ചത്