ദേശീയ നദി സംയോജന പദ്ധതി
ഇന്ത്യയിലെ നദികളെ ബന്ധിപ്പിക്കുകയെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആർതർ കോട്ടൺ എന്ന ബ്രിട്ടീഷ് എൻജിനീയറായിരുന്നു ആദ്യമായി മുന്നോട്ടുവെച്ചത്. ബ്രിട്ടീഷ് സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടെയും സുഗമമായ നീക്കമാണ് നദി സംയോജനത്തിലൂടെ അവർ ഉദ്ദേശിച്ചത്. കാർഷിക മേഖലയിലെ ജലസേചനമായിരുന്നില്ല അന്ന് ലക്ഷ്യമെങ്കിൽ, പിന്നീട് വന്ന നിർദ്ദേശങ്ങളെല്ലാം തന്നെ വെള്ളപ്പൊക്ക-വരൾച്ച നിയന്ത്രണവും ജലസേചനവുമായും ബന്ധപ്പെട്ടതായിരുന്നു. ഒരു നിർദ്ദേശവും നടപ്പായില്ലെന്ന് മാത്രം. ബിഹാറിൽ 1960-ൽ അന്നത്തെ മുഖ്യമന്ത്രി ഗുൽസാരിലാൽ നന്ദ സംസ്ഥാനത്തെ നദികൾ ബന്ധിപ്പിച്ച് വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഒന്നുമുണ്ടായിട്ടില്ല .
വിവിധ വാദഗതികൾ
തിരുത്തുകനദീ സംയോജനപദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നത് അധികജലം തിരിച്ചു വിടുന്നത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വരൾച്ചയും വെള്ളപ്പൊക്കവും തടയുന്നതിന് നല്ലതെന്നാണ്. എന്നാൽ, കടലിലേക്ക് ശുദ്ധ ജലമൊഴുകുന്നത് തടയുന്നതാണ് പദ്ധതിയെന്ന് പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കടലിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതാണ് പദ്ധതിയെന്നും അവർ കുറ്റപ്പെടുത്തുന്നു. നദികളിൽ അധികജലമുണ്ടെന്ന തെറ്റായ ധാരണയാണ് പദ്ധതിക്ക് പിറകിലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക വന്ദന ശിവ ചൂണ്ടിക്കാട്ടുന്നു. അധികമെന്നോ കമ്മിയെന്നോ നദികളിലെ ജലത്തെക്കുറിച്ച് പറയാൻ പറ്റില്ല. നദീതടങ്ങളുടെ പരിസ്ഥിതി കാത്തുസൂക്ഷിക്കുന്നിടങ്ങളിൽ നദികൾ 'ജീവിക്കുന്നു'. ബാക്കിയുള്ളവ 'മരിക്കും' അവർ പറയുന്നു.. 70 മുതൽ 100 കൊല്ലങ്ങൾക്കിടയിൽ നദികളുടെ ഗതി മാറുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് നദികൾ ബന്ധിപ്പിച്ചാലും നൂറു കൊല്ലം കഴിയുമ്പോൾ അവയുടെ ഗതിമാറ്റത്തെ തടയാൻ കഴിയില്ല. അതോടൊപ്പം, പദ്ധതി നടപ്പാക്കുന്നതിന് വൻതോതിൽ ജനങ്ങളെ കുടിയിറക്കേണ്ടി വരുമെന്നും പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
പദ്ധതിയുടെ പുനർ ജനനം
തിരുത്തുകബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാറിന്റെ കാലത്താണ് നദി സംയോജന പദ്ധതി ഇന്നത്തെ രൂപത്തിൽ ആവിഷ്ക്ക രിക്കക്കപ്പെട്ടത് ഇതിനായി അന്നത്തെ മന്ത്രി ശിവസേനയിലെ സുരേഷ് പ്രഭു പ്രഭാകറിന്റെ നേതൃത്വത്തിൽ കർമസമിതിയും രൂപവത്കരിച്ചിരുന്നു. രാജ്യത്തെ 30 നദികൾ 2016- ആകുമ്പോഴേക്കും സംയോജിപ്പിക്കുകയെന്ന പദ്ധതിക്ക് 5,00,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യാപകമായ എതിർപ്പിനെത്തുടർന്ന് പദ്ധതി മരവിപ്പിച്ചിരുന്നു.
സുപ്രീം കോടതി അനുമതി
തിരുത്തുകരാജ്യത്തെ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് ഉന്നതതല സമിതിക്ക് രൂപം നൽകി.പദ്ധതി നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സ്വതന്തർകുമാർ, എ. കെ. പട്‌നായിക്ക് എന്നിവരുമടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു.
സമിതി നിർദ്ദേശങ്ങൾ
തിരുത്തുകഹിമാലയൻ, ഉപഭൂഖണ്ഡ നദികളെന്ന് വേർതിരിച്ച്, രാജ്യത്തെ വടക്കും തെക്കുമുള്ള നദികളെ സംയോജിപ്പിക്കുന്നതിന് കർമസമിതി നിർദ്ദേശം നൽകുകയായിരുന്നു. ദക്ഷിണേന്ത്യയിലെ 16 നദികളാണ് കൂട്ടിയോജിപ്പിക്കുന്നത്. മഹാനദിയിലെയും ഗോദാവരിയിലെയും അധിക ജലം, പെന്നാറിലേക്കും വൈഗയിലേക്കും കാവേരിയിലേക്കും ഒഴുക്കാനാണ് നിർദ്ദേശം. കേരളത്തിലെയും കർണാടകയിലെയും പടിഞ്ഞാട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ചെറു നദികളും കൂട്ടിച്ചേർക്കും.മഴക്കാലത്ത് ജലം സംഭരിക്കുന്നതിന് ഗംഗയിലും ബ്രഹ്മപുത്രയിലും സംഭരണികൾ നിർമ്മിക്കുകയാണ് ഹിമാലയൻ നദികളുമായി ബന്ധപ്പെട്ട പദ്ധതി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനു പുറമെ, ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഇത് ഉപയോഗിക്കും. 14 നദികളാണ് ഇതിന് കണ്ടെത്തിയിട്ടുള്ളത്. 2050-ഓടെ രാജ്യത്തെ ജലസേചന സൗകര്യം 160 ദശലക്ഷം ഹെക്ടർ പ്രദേശത്ത് എത്തിക്കാനാവുമെന്ന് കരുതുന്നു.
കേരളത്തിന്റെ നിലപാട്
തിരുത്തുകമദ്ധ്യതിരുവിതാംകൂറിലും കുട്ടനാട്ടിലും ഗുരുതരമായ സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്ന് കേരളം ഈ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്ന് ഒരു ഘട്ടത്തിൽ ഉപേക്ഷിച്ചുവെന്ന് കരുതിയതാണിത്. സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നദീസംയോജനം നടപ്പാക്കാൻ കേന്ദ്രസർക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് ദേശീയ ജലവികസന സമിതി പമ്പയിലും അച്ചൻകോവിലാറിലും അധികജലമുണ്ടെന്നും അത് വൈപ്പാറിലേക്ക് ഒഴുക്കാമെന്നും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, എതിർപ്പുണ്ടായതിനെത്തുടർന്ന്, നദീസംയോജന പദ്ധതിയുമായി യോജിക്കാനാവില്ലെന്ന് കേരള നിയമസഭ ഐകകണേ്ഠ്യന തീരുമാനിക്കുകയും ചെയ്തു. പദ്ധതി യാഥാർഥ്യമായാൽ, നദികൾ ഒഴുകിയിരുന്ന പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിനാശവും ഉണ്ടാകുമെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ പഠനത്തിലുണ്ട്. വേമ്പനാട്ടുകായലിന്റെയും കുട്ടനാടിന്റെയും ഘടനതന്നെ മാറിപ്പോകുമന്നെ ആശങ്കയുമുണ്ട്. ഒരുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും ദോഷകരമായി ബാധിക്കും. പത്തനംതിട്ട, കുട്ടനാട് പ്രദേശങ്ങളിലാണ് കടുത്ത ജലക്ഷാമം ഉണ്ടാകുക. നൂറുകണക്കിന് ഹെക്ടർ വനം നശിക്കാനും അതിടയാക്കിയേക്കും. പമ്പ - അച്ചൻകോവിൽ - വൈപ്പാർ പദ്ധതി നടപ്പാക്കിയാൽ 1400 ഹെക്ടർ ഭൂമി വെള്ളത്തിനടിയിലാകുമെന്ന് കേന്ദ്രസർക്കാർതന്നെ പറഞ്ഞിട്ടുള്ളതാണ്.
തമിഴ്നാടിന്റെ നിലപാട്
തിരുത്തുകനദി സംയോജനത്തെ തമിഴ്‌നാട് അനുകൂലിക്കുകയാണ്. പദ്ധതി നടപ്പാക്കുമ്പോഴേക്ക് വെള്ളം ശേഖരിക്കാനായി തമിഴ്‌നാട് സർക്കാർ മേക്കരയിൽ വലിയൊരു അണക്കെട്ട് നിർമിച്ചിട്ടുണ്ട്.