ദ് ടെംപെസ്റ്റ്

(ദി ടെംപെസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയർ (1564-1616) 1611-ൽ രചിച്ച ശുഭപര്യവസായിയായ നാടകമാണ് ദ് ടെംപെസ്റ്റ്. ഏതു കലയ്ക്കാണോ വിശ്വമഹാകവി അനിതരസാധാരണമായ ചാരുത പകർന്നത്, ആ കലയ്ക്കു നേരെ തിരിഞ്ഞ് അദ്ദേഹം മുഴക്കുന്ന ഹംസഗീതം എന്ന വിശേഷണമാണ് ടെംപെസ്റ്റിനു നൽകപ്പെടുന്ന നിർവചനങ്ങളിൽ പ്രഥമം. പ്രോസ്പെറോ എന്ന മുഖ്യകഥാപാത്രം മാന്ത്രികലോകത്തോടു ചൊല്ലുന്ന വിടവാങ്ങലിൽ നാടകലോകത്തു നിന്നുള്ള ഷേക്സ്പിയറുടെ വിടവാങ്ങൽ ഗീതമാണ് അനുരണനം ചെയ്യുന്നതെന്ന് നാടകവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വില്ല്യം ഷേക്സ്പിയറിന്റെ ദ് ടെംപെസ്റ്റ് എന്ന നാടകത്തിലെ ആദ്യ രംഗം
The Tempest (1908)

ഷേക്സ്പിയർ രചിച്ച അവസാന നാടകം

തിരുത്തുക

ഷേക്സ്പിയർ രചിച്ച അവസാനത്തെ നാടകമാണ് ടെംപെസ്റ്റ് എന്നു കരുതപ്പെടുന്നു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കപ്പൽച്ചേതത്തിൽപ്പെട്ട് മാന്ത്രികശക്തിക്ക് അടിപ്പെട്ട ഒരു ദ്വീപിൽ ചെന്നുപെടുന്ന രാജകീയ സഞ്ചാരികൾക്ക് അവിടെ ഉണ്ടാകുന്ന അനുഭവപരമ്പരയാണ് ഈ നാടകത്തിന്റെ പ്രമേയം. ഒരു ഇംഗ്ലീഷ് കപ്പൽ ബെർമുഡാ ദ്വീപുകൾക്കു സമീപം തകർന്നുപോവുകയും അതിലെ ജീവനക്കാർ ഒരു ശൈത്യകാലം മുഴുവൻ അവിടത്തെ വിവിധ ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞ ശേഷം സ്വദേശത്ത് മടങ്ങിയെത്തുകയും ചെയ്തു. അവരുടെ അപ്രതീക്ഷിതമായ രക്ഷപ്പെടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 16-ആം നൂറ്റാണ്ടിന്റെ അവസാനം ഇംഗ്ലണ്ടിൽ വളരെ വാർത്താപ്രാധാന്യം നേടി. ടെംപെസ്റ്റ് രചിക്കുവാനുണ്ടായ മുഖ്യപ്രേരണ ഈ സംഭവം ആയിരുന്നിരിക്കാം. സമകാലിക പ്രാധാന്യം മാത്രം ലഭിക്കുമായിരുന്ന ഒരു പ്രമേയം ഉപയോഗിച്ച് എക്കാലത്തെയും പ്രേക്ഷകർക്ക് ആസ്വാദ്യമാകത്തക്കവണ്ണം ഒരു നാടകം ചമച്ചെടുത്തു എന്നതിലാണ് ഷേക്സ്പിയറിന്റെ വൈഭവം നാം കാണുന്നത്. നാടുകടത്തപ്പെട്ട പണ്ഡിതനും മാന്ത്രികനുമായ ഒരു ഭരണാധികാരിയുടെ ചരിത്രം പഴങ്കഥകളിലും ഇറ്റാലിയൻ ശുഭാന്തനാടകങ്ങളിലും നിന്ന് ഷേക്സ്പിയർ തിരഞ്ഞുപിടിച്ചെടുത്തിരിക്കാം. ഈ ഭരണാധികാരിക്ക് സുന്ദരിയായ ഒരു മകളുമുണ്ടായിരുന്നു. ഒരു ശത്രുരാജാവിന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുവാൻ ആ ജ്ഞാനി പദ്ധതി ഇടുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നാടകക്രിയയെ അതിജീവിച്ച് അതിലെ മുഖ്യകഥാപാത്രങ്ങളെ മാന്ത്രികദ്വീപിന്റെ പശ്ചാത്തലത്തിൽക്കൊണ്ടുവന്ന് അവർക്കു മജ്ജയും മാംസവും നൽകി ചേതോഹരമായ ഒരു സൃഷ്ടി അരങ്ങിലെത്തിക്കുകയാണ് ടെംപെസ്റ്റിലൂടെ എയ്വൺ നദിയുടെ തീരത്തുള്ള സ്ട്രാറ്റ്ഫഡിൽ നിന്നെത്തിയ നാടകക്കാരൻ ചെയ്തിരിക്കുന്നത്

കഥാസാരം

തിരുത്തുക

നാടകങ്ങളിലെ കാലാന്വിതി(Unite of time) പാലിക്കുന്ന ഏക ഷേക്സ്പിയർ നാടകമാണ് ടെംപെസ്റ്റ്. ഇദ്ദേഹത്തിന്റെ ഹ്രസ്വമായ നാടകങ്ങളിൽ ഒന്നാണിത്. പ്രകൃതി തന്റെ ക്രൂരത മുഴുവൻ കാട്ടിയ ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നുപോയ നെയ്പ്പിൾ സിലെ രാജാവായ അലോൺസോ, അദ്ദേഹത്തിന്റെ പുത്രൻ ഫെർഡിനാൻഡ്, അലോൺസോയുടെ സഹോദരൻ സെബാസ്റ്റ്യൻ, ജ്യേഷ്ഠനായ പ്രോസ്പെറോയെ പുറത്താക്കി മിലാനിലെ ഡ്യൂക്ക് പദവി തട്ടിയെടുത്ത അന്റോണിയോ എന്നിവർ പ്രോസ്പെറോയും പുത്രി മിറാൻഡയും നിവസിക്കുന്ന മാന്ത്രികദ്വീപിലെത്തുന്നു. പഠനത്തിലും മനനത്തിലും മുഴുകിയിരുന്ന തന്നെ പുറത്താക്കി പന്ത്രണ്ടു വർഷങ്ങൾക്കുമുമ്പ് അധികാരം അന്റോണിയോ എങ്ങനെ കയ്യടക്കി എന്നും ഇതിനിടയിൽ പ്രോസ്പെറോ പുത്രിയെ അറിയിച്ചു. അന്ന് മൂന്നു വയസ്സുണ്ടായിരുന്ന മിറാൻഡയെയും അവളുടെ പിതാവിനെയും ഒരു ബോട്ടിലാക്കി ശത്രുക്കൾ കടലിൽ തള്ളി. ഒരു നിയാപോളിറ്റൻ പ്രഭുവായ ഗൊൻസാലോ ഭക്ഷണവും വസ്ത്രവും നൽകി അവരെ രക്ഷിച്ചു. മാന്ത്രിക പഠനത്തിൽ മുഴുകി കാലം കഴിച്ച് പ്രഭു പദവി തന്നെ സ്വസഹോദരന്റെ കരാളഹസ്തങ്ങൾക്കേൽപിച്ചുകൊടുത്ത് ഒടുവിൽ അയാളുടെ മുമ്പിൽ അടിയറവു പറയേണ്ടിവന്ന പ്രോസ്പെറോയ്ക്ക് ചെറിയൊരു ഭാഗ്യം കൂടി ഉണ്ടായി. അദ്ദേഹത്തിന്റെ വിലപ്പെട്ട ഗ്രന്ഥങ്ങൾക്കൂടി ബോട്ടിലെത്തിക്കാൻ ഗൊൻസാലോ ശ്രദ്ധവച്ചു. ഒടുവിൽ ഒരു ദ്വീപിൽ സുരക്ഷിതരായി അവർ എത്തിച്ചേർന്നു. ഒരിക്കൽ സിക്കറാക്സ് എന്ന ദുർമന്ത്രവാദിനിയുടെ ആവാസസ്ഥാനമായിരുന്നു അത്. ഇന്നവൾ ജീവിച്ചിരിപ്പില്ല. ഒരുകൂട്ടം കപ്പൽ സഞ്ചാരികളാണ് ഗർഭിണിയായിരുന്ന അവളെ അവിടെ തള്ളിയത്. അവൾ ജന്മംകൊടുത്ത കാലിബൻ എന്ന വിചിത്രജീവിയും അവൾ തടവിലാക്കിയിരുന്ന ഏറിയൽ എന്ന മായാരൂപവുമാണ് അവിടത്തെ നിവാസികൾ. തന്റെ അടിമയായിവർത്തിക്കുന്ന കാലിബനെ സംസ്ക്കാരസമ്പന്നനാക്കാൻ പ്രോസ്പെറോ നടത്തിയ ശ്രമം വിഫലമായി. അദ്ദേഹം ഏറിയലിന് സിക്കറാക്സിന്റെ തടവിൽ നിന്ന് പിന്നീട് മോചനം നൽകി. എന്നാൽ അദ്ദേഹത്തെ സേവിക്കാൻ ഏറിയൽ ബാധ്യസ്ഥനായിരുന്നു. അവന് ക്രമേണ സ്വാതന്ത്ര്യം നൽകാമെന്ന പ്രോസ്പെറോയുടെ വാഗ്ദാനമാണ് ഏറിയലിന്റെ പ്രതീക്ഷ. ദ്വീപിൽ ചെലവഴിച്ച ഒരു വ്യാഴവട്ടംകൊണ്ട് മാന്ത്രികകലയിൽ നല്ല അവഗാഹം നേടിയിരുന്ന പ്രോസ്പെറോ മന്ത്രശക്തിയാൽ ഉയർത്തിയ കൊടുങ്കാറ്റാണ് അലോൺസോ, ഫെർഡിനാൻഡ്, അന്റോണിയോ തുടങ്ങിയവരെ ആ ദ്വീപിലെത്തിച്ചത്. ഒട്ടേറെ സംഭവങ്ങൾക്കുശേഷം പ്രോസ്പെറോയുടെ സഹോദരന് മാനസാന്തരം ഉണ്ടാകുകയും അയാൾ ഭരണാധികാരം ജ്യേഷ്ഠന് തിരിച്ചുനൽകുകയും ചെയ്യുന്നു. ഇതിനിടയിൽ ഫെർഡിനാൻഡും മിറാൻഡയും പ്രണയബദ്ധരായിക്കഴിഞ്ഞിരുന്നു. ഫെർഡിനാൻഡിന് മിറാൻഡയോടുള്ള വികാരം ആത്മാർഥമാണോ എന്നറിയാൻ ഏറെ പരീക്ഷണങ്ങൾക്ക് പ്രോസ്പെറോ അയാളെ വിധേയനാക്കുകയും ചെയ്യുന്നു. മറ്റു കഥാപാത്രങ്ങൾക്കും പല അഗ്നിപരീക്ഷകളും നേരിടേണ്ടിവന്നു. കപ്പൽയാത്രക്കാരും ജീവനക്കാരുമെല്ലാം പരസ്പരം കണ്ടുമുട്ടി. അപകടത്തിൽപ്പെട്ട കപ്പലും അത്ഭുതകരമാംവിധം കേടുപാടു തീർത്തുകിട്ടി എന്നാണ് കപ്പിത്താന്റെയും അമരക്കാരന്റെയും റിപ്പോർട്ട്. പിറ്റേദിവസം രാവിലെ നെയ്പ്പിൾസിലേക്ക് പുറപ്പെടാം എന്നും അവിടെ ഫെർഡിനാൻഡ് - മിറാൻഡമാരുടെ വിവാഹച്ചടങ്ങുകൾക്കുശേഷം താൻ മിലാനിലേക്കു മടങ്ങുമെന്നും പ്രോസ്പെറോ പ്രഖ്യാപിക്കുന്നു. കാലിബൻ കാട്ടിയ വിക്രിയകൾക്കു മാപ്പും ഏറിയലിന് അവൻ ദീർഘകാലമായി മോഹിച്ചിരുന്ന സ്വാതന്ത്ര്യവും അദ്ദേഹം നൽകി.

പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങൾ

തിരുത്തുക

അരങ്ങിനെ കിടിലം കൊള്ളിക്കുന്ന നാടകക്രിയ ഒന്നും ടെംപെസ്റ്റിലില്ലെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പല ഘടകങ്ങളും ഇതിലുണ്ട്. സുന്ദരമായ ഗാനങ്ങൾക്ക് ഒപ്പമുള്ള നൃത്തം, അന്നത്തെ നാടകവേദിയുടെ പരിമിതികളിൽ നിന്നുകൊണ്ടുതന്നെ ഒരുക്കിയ വിസ്മയാവഹങ്ങളായ ദൃശ്യാവിഷ്ക്കാരങ്ങൾ, കാലിബനും മദ്യപിച്ചു മതികെട്ട പാചകക്കാരനും വിദൂഷകനും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങൾ, ഫെർഡി നാൻഡ്-മിറാൻഡമാരുടെ പ്രണയകഥ, ഇവയെല്ലാം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന ജ്ഞാനിയും ദയാലുവും നീതിജ്ഞനും പക്വമതിയുമായ പ്രോസ്പെറോ- എന്നിങ്ങനെ ഈ നാടകത്തെ നിത്യപ്രിയമാക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്.

ടെംപെസ്റ്റ് ഒരനുഭവം

തിരുത്തുക

പ്രേക്ഷകനു മാത്രമല്ല വായനക്കാരനും ടെംപെസ്റ്റ് ഒരനുഭവമാണ്. ഭാവനയുടെ അത്ഭുതലോകത്തു വിഹരിക്കുന്ന വിചാരശീലനായ വായനക്കാരനു മുമ്പിൽ മറക്കാനാവാത്ത ഭംഗിയോടെ നിലകൊള്ളുന്ന കവിതാമാധുരി, മാനസാന്തരം, മാപ്പുകൊടുക്കൽ എന്നീ ആശയങ്ങൾക്കു മുൻതൂക്കം നൽകുന്ന തത്ത്വചിന്താപദ്ധതി, അടിമയും ഉടമയും തമ്മിലുള്ള വ്യത്യാസം എന്തെന്നു വിളിച്ചോതുന്ന പ്രോസ്പെറോയുടെ ഏറിയൽ- കാലിബന്മാരോടുള്ള ബന്ധം, പുതിയലോകത്തിന് ('New World') മാത്രം സ്വന്തമായ അത്ഭുതങ്ങൾ വിളിച്ചോതുന്ന ഏറിയലിനെയും കാലിബനെയും പോലുള്ളവരുടെ കഥാപാത്രാവിഷ്കാരം എന്നിവയെല്ലാം വായനക്കാരനു പുനർവായനയിൽ പോലും നവ്യമായ അനുഭൂതി പകരുന്നുണ്ട്. പ്രേക്ഷകനെയും വായനക്കാരനെയും ഒരേ അളവിൽ സ്വാധീനിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും ചിന്താപദ്ധതിയും ഈ കൃതിയെ കൂടുതൽ പ്രിയങ്കരമാക്കുന്നു. "Our revels now are ended" എന്നു തുടങ്ങുന്ന പ്രശസ്തമായ ഭാഗം പ്രോസ്പെറോയുടെ മാന്ത്രികലോകത്തോടുള്ള വിടവാങ്ങലിന് ഉപരി നാടകമേഖലയിൽ നിന്നുള്ള ഷേക്സ്പിയറിന്റെ വിരമിക്കൽ കുറിക്കുന്ന വാക്കുകളാണെന്നും സാഹിത്യവിമർശകർ കരുതുന്നു. വസ്തുത അങ്ങനെ അല്ലെന്നു വാദിക്കുന്നവരും ഇല്ലാതില്ല. മുകളിലുദ്ധരിച്ച ഭാഗം മനുഷ്യന്റെ ക്ഷണഭംഗുരമായ ജീവിതത്തിനുമേൽ ഷേക്സ്പിയർ നടത്തുന്ന അന്ത്യവിധിയാണെന്നും തന്നെ താനാക്കിയ നാടകവേദിക്കു ഷേക്സ്പിയർ നൽകുന്ന ഉപഹാരമാണെന്നും വിവിധ വാദഗതികൾ നിലവിലുണ്ട്. ഫെർഡിനാൻഡ്-മിറാൻഡമാരെ രസിപ്പിക്കാൻ നാടകത്തിൽ പ്രത്യക്ഷപ്പെടുന്ന മായാരൂപങ്ങൾ ഒരുക്കുന്ന നൃത്തസംഗീതവിരുന്നിനിടയിൽ ചേർത്തിട്ടുള്ള വിവാഹമംഗളാശംസകളെ വെല്ലുന്ന ആശംസകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അത്ര ചേതോഹരങ്ങളാണവ. നാലാം അങ്കത്തിന്റെ ഒന്നാം രംഗത്തിൽ 156, 157, 158 എന്നീ വരികളിൽ ചേർത്തിട്ടുള്ള "We are such stuff/As dreams are made on and our little life/ Is rounded with a sleep എന്ന ഭാഗം അസ്ഥിരതയെ (mutability) പ്പറ്റിയുള്ള ഷേക്സ്പിയർ മോണഡി (monody) കളിൽ ഏറെ പ്രശസ്തിയാർജിച്ചതാണ് (മോണഡി ഒരു ഗായകൻ പാടിക്കഴിയുമ്പോൾ മറ്റുള്ളവർ പശ്ചാത്തലത്തിൽ നിന്ന് ഏറ്റുപാടാൻ ഉദ്ദേശിച്ചു രചിച്ചിട്ടുള്ള ഗാനം അല്ലെങ്കിൽ കവിത). മറ്റെന്തിനെയും നിഷ്പ്രഭമാക്കുന്ന 'കാലം' എന്ന ആശയത്തിനുള്ള സ്തുത്യുപഹാരം (tribute) കൂടിയായി ഈ വരികൾ പരിഗണിക്കപ്പെട്ടുവരുന്നു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെംപെസ്റ്റ്, ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്_ടെംപെസ്റ്റ്&oldid=3634827" എന്ന താളിൽനിന്ന് ശേഖരിച്ചത്