ദി ഓപ്പൺ സൊസൈറ്റി ആൻഡ് ഇറ്റ്സ് എനിമീസ്

രാജനീതിദർശനം വിഷയമാക്കി കാൾ പോപ്പർ രചിച്ച രണ്ടു വാല്യങ്ങൾ അടങ്ങുന്ന ഗ്രന്ഥമാണ് ഓപ്പൺ സൊസൈറ്റ് ആൻഡ് ഇറ്റ്സ് എനിമീസ് അഥവാ "തുറന്ന ലോകവും അതിന്റെ വൈരികളും". ഒരുപറ്റം സാമാന്യനിയമങ്ങൾ പിന്തുടർന്ന് ലക്ഷ്യോന്മുഖമായി ചുരുൾനിവരുന്ന പ്രക്രിയയായി ലോകചരിത്രത്തെ അവതരിപ്പിക്കുന്ന ചരിത്രവീക്ഷണത്തിന്റെ വിമർശനമാണ് ഈ കൃതി. ആ വീക്ഷണം അനുസരിച്ചുള്ള ചരിത്രപരമായ അനിവാര്യതാവാദത്തിൽ ഉറച്ച പ്ലേറ്റോയുടേയും ഹേഗലിന്റേയും മാർക്സിന്റേയും രാഷ്ട്രീയദർശനങ്ങളെ ഗ്രന്ഥകാരൻ സമഗ്രാധിപത്യവാദങ്ങളായി കാണുന്നു. ആദ്യവാല്യത്തിൽ പ്ലേറ്റോയുടേയും രണ്ടാം വാല്യത്തിൽ ഹേഗൽ, മാർക്സ് എന്നിവരുടേയും രാജനീതിദർശനങ്ങളാണ് ഇതിൽ പരിഗണിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല 100 നോൺ-ഫിക്ഷൻ ഗ്രന്ഥങ്ങളിൽ ഒന്നായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]

ദി ഓപ്പൺ സൊസൈറ്റി ആൻഡ് ഇറ്റ്സ് എനിമീസ്
പ്രമാണം:Opensociety.jpg
ദി ഓപ്പൺ സൊസൈറ്റി ആൻഡ് ഇറ്റ്സ് എനിമീസ്, വാല്യം രണ്ട്
കർത്താവ്കാൾ പോപ്പർ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
വിഷയംതത്വശാസ്ത്രം
പ്രസാധകർറൗളഡ്ജ്
പ്രസിദ്ധീകരിച്ച തിയതി
1945
ISBN0-415-29063-5
OCLC71889269

പ്രസാധനം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിനിടെ യൂറോപ്പിനെ ഗ്രസിച്ച നാത്സി സമഗ്രാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ രചനയ്ക്ക് അമേരിക്കൻ ഐക്യനാടുകളിൽ പ്രസാധകരെ കണ്ടെത്തുന്നതിൽ, അക്കാദമികമായ അപ്രശസ്തിയിൽ രണ്ടു സമുദ്രങ്ങൾക്കപ്പുറം ന്യൂസിലൻഡിൽ കഴിഞ്ഞിരുന്ന ഗ്രന്ഥകർത്താവ് പരാജയപ്പെട്ടു. തുടർന്ന് ബ്രിട്ടണിലെ റൂട്ട്ലെഡ്ജ്സ് പ്രസാധകരാണ് 1945-ൽ അത് അച്ചടിച്ചത്. "എ സോഷ്യൽ ഫിലോസഫി ഫോർ എവരി മേൻ"; "ത്രീ ഫാൾസ് പ്രോഫറ്റ്സ്: പ്ലേറ്റോ, ഹേഗെൽ, മാർക്സ്"; "എ ക്രിട്ടിക് ഓഫ് പൊളിറ്റികൽ ഫിലോസഫി" എന്നീ പേരുകളാണ് പ്രസാധനത്തിനുള്ള ആദ്യശ്രമങ്ങളിൽ ഗ്രന്ഥകാരൻ ഈ കൃതിക്കു പരീക്ഷിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കൻ ചിന്തകനായ ജെ.എൻ.ഫിൻഡ്ലേ നിർദ്ദേശിച്ച പേരിൽ അതു പ്രസാധകനെ കണ്ടെത്തി.

രണ്ടു വാല്യങ്ങൾ

തിരുത്തുക

"പ്ലേറ്റോയുടെ പ്രഭാവം" (The Spell of Plato) എന്നു പേരിട്ട ഒന്നാം വാല്യത്തിൽ ഗ്രന്ഥകാരൻ, രാജനീതിയെ സംബന്ധിച്ച പ്ലേറ്റോയുടെ ആശയങ്ങൾ ധാർമ്മികതയുടേയോ പ്രായോഗികതയുടേയോ മേന്മ അവകാശപ്പെടാനില്ലാത്ത ബീഭത്സതകളും പരമാബദ്ധങ്ങളും ആണെന്നു വാദിക്കുന്നു. സമഗ്രാധിപത്യവാദത്തേക്കൾ ഒരു മെച്ചവും അവകാശപ്പെടാനില്ലാത്ത പ്ലേറ്റോയുടെ രാജനീതിദർശനം സമഗ്രാധിപത്യവാദം തന്നെ എന്ന് പോപ്പർ വിധിച്ചു. രാഷ്ട്രനന്മക്കു വേണ്ടി വ്യക്തിയുടെ അവകാശങ്ങളെ തീർത്തും അവഗണിച്ച പ്ലേറ്റോ, ഭരണവർഗ്ഗത്തിന്റെ വംശമികവിനു വേണ്ടി നവജാതശിശുക്കളുടെ ഹത്യയെപ്പോലും ന്യായീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടീ. വ്യക്തിയോടുള്ള ശത്രുതയിൽ ഇത്ര ആർത്മാർത്ഥത കാട്ടിയ മറ്റൊരു മനുഷ്യനില്ലെന്നാണ് പ്ലേറ്റോയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ കുറ്റാരോപണം.

ഹേഗലിന്റേയും മാർക്സിന്റേയും രാഷ്ട്രീയചിന്ത പരിഗണിക്കുന്ന രണ്ടാം വാല്യത്തിന് "പ്രവചനങ്ങളുടെ വേലിയേറ്റം" (The High Tide of Prophesy) എന്ന പേരാണ്. ഇതിൽ ഹേഗലിനെ പോപ്പർ, ഐതിഹാസിക അനിവാര്യതകളെ സംബന്ധിച്ച എല്ലാ ആധുനികസങ്കല്പങ്ങളുടേയും സ്രോതസ്സായി കണ്ട് നിശിതമായി വിമർശിക്കുന്നു. മാർക്സിനെതിരെയുള്ള പോപ്പറുടെ വിമർശനം കുറേക്കൂടി മയമുള്ളതാണ്. മാർക്സ് മൂലധനം എഴുതിയകാലത്ത് തൊഴിലാളിവർഗ്ഗത്തിന്റെ ദയനീയാവസ്ഥ സാമാന്യമായി അവഗണിക്കപ്പെടുകയോ ന്യായീകരിക്കപ്പെടുക തന്നെയോ ആയിരുന്നെന്നും അതിനാൽ അത്തരം മനോഭാവങ്ങളോടുള്ള മാർക്സിന്റെ പ്രതികരണം ക്ഷമിക്കാവുന്നതാണെന്നു പോപ്പർ കരുതി.[2]

  1. Modern Library, 1999. 100 Best Nonfiction."
  2. കംപ്ലീറ്റ്-റെവ്യൂ.കോമിൽ ഓപ്പൺ സോസൈറ്റി & ഇറ്റ്സ് എനിമീസിന്റെ നിരൂപണം