വെള്ളം കുടിക്കുവാനുള്ള ചോദന ജനിപ്പിക്കുന്ന വിധത്തിൽ വായിലും തൊണ്ടയിലും അനുഭവപ്പെടുന്ന സംവേദനമാണ് ദാഹം. കൂടുതൽ സമയം സംസാരിക്കുമ്പോഴും ഭയമോ ആകാംക്ഷയോ തോന്നുമ്പോഴും തൊണ്ട ഉണങ്ങി ദാഹം അനുഭവപ്പെടാറുണ്ട്. ഉപ്പ്, എരിവ്, മധുരം എന്നിവ അധികമുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ദാഹിക്കുക സാധാരണമാണ്. ചൂടുകൊണ്ടും ശാരീരികമായി അധ്വാനം ചെയ്യുന്നതുകൊണ്ടും അമിതമായി വിയർക്കുമ്പോൾ ദാഹം തോന്നുന്നു. നിർജലീകരണംമൂലവും പ്രമേഹം പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും അമിതമായ ദാഹം അനുഭവപ്പെടാറുണ്ട്.

William-Adolphe Bouguereau's Thirst (1886)

പ്രവർത്തനം

തിരുത്തുക

തലച്ചോറിലെ അധശ്ചേതകമാണ് (hypothalamus) ദാഹം നിയന്ത്രിക്കുന്നത്. ഇതാണ് ദാഹകേന്ദ്രം എന്നറിയപ്പെടുന്നതും. ശരീരഭാരത്തിന്റെ ഒരു ശതമാനത്തിൽ കൂടുതൽ ജലം നഷ്ടമാകുമ്പോൾ ഈ കേന്ദ്രം ഉത്തേജിക്കപ്പെടുന്നു. ശരീരഭാരത്തിന്റെ 20% ജലം നഷ്ടമാകുമ്പോൾ നിർജലീകരണം മൂലം മരണം സംഭവിക്കാം. ശരീരത്തിൽനിന്ന് ജലം നഷ്ടമാകുന്ന നിരക്കും അന്തരീക്ഷ താപനിലയും ബന്ധപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ വെള്ളമില്ലാതെ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ജീവിക്കാൻ സാധിക്കുകയില്ലെങ്കിലും വെള്ളം കുടിക്കാതെ കടലിൽ ഒരാഴ്ചയിൽ കൂടുതൽ ജീവിക്കാനാവുന്നതിന്റെ കാരണമിതാണ്. ശരീരത്തിലെ ജലാംശം കുറയുന്നതുമൂലം രക്തം സാന്ദ്രമാകാനും മൂത്രം കുറയാനും ഇടയാകുന്നു. വേനൽക്കാലത്ത് അമിതമായി വിയർക്കുന്നതുമൂലം ജലാംശം നഷ്ടമാകുന്നതിനാലാണ് ദാഹക്കൂടുതൽ അനുഭവപ്പെടുന്നത്.

തലച്ചോറിലെ ദാഹകേന്ദ്രത്തിലേക്കു പ്രവഹിക്കുന്ന രക്തത്തിന്റെ വൃതിവ്യാപനമർദ്ദം കൂടുമ്പോൾ ദാഹകേന്ദ്രത്തിലെ കോശങ്ങളിൽനിന്ന് ജലം നഷ്ടമാവുകയും കോശങ്ങളിലേക്ക് വെള്ളമെത്തിക്കുവാനുള്ള ആവേഗം നാഡികൾ പ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇതാണ് ദാഹമായി അനുഭവപ്പെടുന്നത്. രക്തത്തിന്റെ വൃതിവ്യാപനമർദം കൂടുന്നത് രണ്ടുവിധത്തിലാണ്.

  1. ജലം മാത്രം നഷ്ടമാവുകയും ലവണങ്ങൾ കോശങ്ങളിൽത്തന്നെ നിലനില്ക്കുകയും ചെയ്യുന്ന അവസ്ഥ. (ഉദാ. അമിതമായ വിയർപ്പു മൂലമുണ്ടാകുന്ന ജല നഷ്ടം)
  2. ലവണങ്ങൾ ധാരാളമായി ആഗിരണം ചെയ്യപ്പെടുകയും അതിനാവശ്യമായ അളവിൽ വെള്ളമില്ലാതെവരികയും ചെയ്യുന്ന അവസ്ഥ.

ഈ രണ്ട് അവസ്ഥകളിലും രക്തത്തിൽ ലവണങ്ങളുടെ സാന്ദ്രത വർധിക്കുകയും തത്ഫലമായി കോശങ്ങളിൽ നിന്ന് പുറത്തേക്ക് ജലം വൃതിവ്യാപനം ചെയ്യപ്പെടുകയും ചെയ്യും. അങ്ങനെ തലച്ചോറിലെ ദാഹകേന്ദ്രത്തിലെ കോശങ്ങൾ നിർജലീകൃതമാവുകയും വ്യക്തിക്ക് ദാഹം തോന്നുകയും ചെയ്യുന്നു[1].

അധശ്ചേതകത്തിലുണ്ടാകുന്ന ചില ട്യൂമറുകൾ ദാഹം കൂടുവാനും (polydipsia) കുറയുവാനും (hypodipsia) കാരണമാകാറുണ്ട്.

  1. Carlson, N. R. (2005). Foundations of Physiological Psychology: Custom edition for SUNY Buffalo. Boston, MA: Pearson Custom Publishing.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാഹം&oldid=1714614" എന്ന താളിൽനിന്ന് ശേഖരിച്ചത്