ധാക്ക

ബംഗ്ലാദേശിന്റെ തലസ്ഥാനം
(ദാക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്‌ ഢാക്ക (Dhaka) (previously Dacca; ബംഗാളി: ঢাকা Đhaka; IPA: [ɖʱaka]) എന്ന് ഉച്ചാരണം . ഢാക്ക ജില്ലയിൽ ധാലേശ്വരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഒരു വാണിജ്യവ്യവസാ‍യ കേന്ദ്രമാണ് ഢാക്ക. തുണിത്തരങ്ങൾ, ചണ ഉത്പന്നങ്ങൾ, പട്ട് എന്നിവ ഉത്പാദിപ്പിക്കുന്നു. ഢാക്ക മസ്ലിൻ പുരാതനകാലം മുതൽക്കേ ലോകപ്രശസ്തമാണ്.

ധാക്ക
Skyline of ധാക്ക
Nickname(s): 
മോസ്കുകളുടെ നഗരം
രാജ്യംബംഗ്ലാദേശ്
Administrative Districtധാക്ക ജില്ല
ഭരണസമ്പ്രദായം
 • മേയർസാദിക്ക് ഹൊസൈൻ ഖൊക്ക
വിസ്തീർണ്ണം
 • City153.84 ച.കി.മീ.(59.40 ച മൈ)
ജനസംഖ്യ
 (2007)[1]
 • City67,37,774
 • ജനസാന്ദ്രത43,797.3/ച.കി.മീ.(1,13,434/ച മൈ)
 • മെട്രോപ്രദേശം
1,22,95,728
സമയമേഖലUTC+6 (BST)

ആധുനിക ഢാക്കാ നഗരം 1905-ൽ സ്ഥാപിതമായി. 1947 മുതൽ പൂർവ്വ ബംഗാളിന്റെ തലസ്ഥാനമായിരുന്നു. 1956 മുതൽ കിഴക്കൻ പാകിസ്താന്റെ തലസ്ഥാനമായിരുന്നു. 1971-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായി.

ഢക്കാ (ഇടയ്ക്ക) വാദ്യനാദം ശ്രവിക്കുന്നതിൽ ഉത്സുകയായിരുന്ന മഹാകാളി ദേവി ഈ സ്ഥലത്ത് വസിച്ചിരുന്നുവെന്നും ഇവിടത്തെ പ്രസിദ്ധമായ ദേവീക്ഷേത്രത്തിലെ പൂജാവേളയിൽ തുടർച്ചയായി ഢക്കാനാദം മുഖരിതമായതിനാൽ ഈ പ്രദേശത്തിന് 'ഢക്ക' എന്ന പേരു ലഭിച്ചെന്നുമാണ് പരക്കെയുള്ള വിശ്വാസം. കാലക്രമേണ ഢക്ക എന്ന പദത്തിന് രൂപാന്തരണം സംഭവിച്ച് 'ഢാക്ക' എന്നു മാറിയെന്നാണ് കരുതപ്പെടുന്നത്. പ്രാചീനകാലത്ത് ഇവിടെ ദീർഘകാലം ഭരണം നടത്തിയ വിക്രമാദിത്യ രാജാവിന്റെ നാമസ്മരണാർഥം ഈ പ്രദേശം 'വിക്രമാദിത്യപുരം' എന്നും, പട്ടണത്തിൽ തന്നെ ആയിരത്തിലേറെ പള്ളികളുള്ളതിനാൽ' പള്ളികളുടെ നഗരം എന്നും' അറിയപ്പെടുന്നു.

ഢാക്കാ നഗരത്തിലെ പഴക്കം ചെന്ന മേഖല സദർഘട്ട് (Sadarghat) എന്ന പേരിലറിയപ്പെടുന്നു. നഗരത്തിലെ വാണിജ്യകേന്ദ്രവും തിരക്കേറിയ കമ്പോളവും (ചൗക്) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ നഗരത്തിലുടനീളം മുഗൾ കാലഘട്ടത്തിലേതായ മുസ്ലീം ആരാധനാലയങ്ങൾ കാണാം. ഇവിടത്തെ വളഞ്ഞുപുളഞ്ഞ തെരുവീഥികൾ സദാ ജനനിബിഡമായിരിക്കുന്നു. ജനസാന്ദ്രതയിൽ മുന്നിട്ടു നില്ക്കുന്ന ഈ പ്രദേശത്ത് നിരവധി ചേരികളുമുണ്ട്. ഢാക്കയുടെ വടക്കേ പകുതിയിലുള്ള ആധുനിക നഗരഭാഗമായ രംന (Ramna) അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. 1905-ൽ രൂപകല്പന ചെയ്യപ്പെട്ട പുതിയ നഗരത്തിലെങ്ങും വീതിയേറിയ നിരത്തുകൾ, തുറസ്സായ പ്രദേശങ്ങൾ, ഉദ്യാനങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ കാണാം. രംനയ്ക്ക് വടക്കും പടിഞ്ഞാറുമുള്ള നഗരഭാഗങ്ങളിൽ അധിവാസ കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടം ഏറിയകൂറും 1947-നു ശേഷമാണ് വികാസം പ്രാപിച്ചത്.

ഢാക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിനെ രാജ്യത്തെ പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നഗരത്തിലും പ്രാന്തങ്ങളിലുമാണ് പ്രധാന വ്യവസായശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. സിൽക്, മസ്ലിൻ, പരുത്തി വസ്ത്രങ്ങളുടെ ഉത്പാദനം, ചണം, നെല്ല് എന്നിവയുടെ സംസ്കരണം, കരകൗശല-തുകൽ ഉത്പന്നങ്ങളുടെ നിർമ്മാണം, നൗകാ നിർമ്മാണം, സ്ഫടിക വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ ഢാക്കയിലെ മുഖ്യ വ്യവസായങ്ങളാണ്. ബംഗ്ലാദേശ് മേഖലയുടെ വാസ്തുശില്പ പാരമ്പര്യം പ്രകടമാക്കുന്ന നിരവധി ചരിത്ര-മതസ്ഥാപനങ്ങളേയും ഈ നഗരം ഉൾക്കൊള്ളുന്നു. 17-ാം ശ.-ത്തിൽ നിർമ്മിക്കപ്പെട്ട ലാൽബാഗ് കോട്ട, പരീബിബി(Paribibi)യുടെ ശവകുടീരം എന്നിവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഢാക്കാ സർവകലാശാല (1921), പുതിയ പാർലമെന്റ് മന്ദിരം (1982), എൻജിനീയറിങ്-സാങ്കേതിക സർവകലാശാല (1962), ജഹാംഗീർ നഗർ സർവകലാശാല (1970) എന്നിവയ്ക്കു പുറമേ ഗ്രന്ഥശാലകൾ, കാഴ്ചബംഗ്ലാവുകൾ, കാർഷിക-ഗവേഷണ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളും ഢാക്കയിൽ സ്ഥിതി ചെയ്യുന്നു. സിയാ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം നഗരത്തിന് 16 കി.മീ. തെ.കി. ഉള്ള നരായൺഗഞ്ചിലെ തുറമുഖവും ഒരു നാവിക വിമാനത്താവളവും ഢാക്കയുടെ ഭാഗങ്ങളായുണ്ട്.

ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നറിയപ്പെടുന്ന ഢാക്കയിൽ[2][3][4] ഏതാണ്ട് 400,000-ഓളം റിക്ഷകൾ ദിവസവും ഓടുന്നു[5]

ചരിത്രപരമായി വളരെ പുരാതനമായ ഢാക്ക നഗരം സ്ഥാപിച്ചതെന്നാണെന്ന് കൃത്യമായി രേഖപ്പെടുത്തിക്കാണുന്നില്ല. 660-കളിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി കരുതപ്പെടുന്നു. 17-ാം ശ. മുതൽക്കാണ് ഢാക്ക പ്രശസ്തിയിലേക്കുയർന്നത്. മുഗൾ ഭരണകാലത്ത് രൂപംകൊണ്ട ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമെന്ന നിലയിൽ 17-ാം ശ.-ത്തിന്റെ ആരംഭം മുതൽ അന്ത്യം വരെ ഇവിടം വളരെയധികം വികാസം പ്രാപിച്ചിരുന്നു. മുഗളന്മാരുടെ ഇവിടത്തെ ഭരണ നടത്തിപ്പുകാരനായിരുന്ന ഇസ്ലാം ഖാൻ ആണ് തലസ്ഥാനം 17-ാം ശ.-ത്തിന്റെ തുടക്കത്തിൽ രാജ്മഹലിൽ നിന്ന് ഢാക്കയിലേക്കു മാറ്റിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ഈ അവസ്ഥ തുടർന്നു. അക്കാലത്ത് ഒരു പ്രധാന സൈനിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ നഗരവുമായി പോർച്ചുഗീസ്, ബ്രിട്ടിഷ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങൾ വാണിജ്യബന്ധം പുലർത്തിയിരുന്നു. 1704-ൽ പ്രവിശ്യാ തലസ്ഥാനം മൂർഷിദാബാദിലേക്കു മാറ്റിയതോടെ ഢാക്കയുടെ പ്രതാപം കുറഞ്ഞു തുടങ്ങി.

1765-ലാണ് ഢാക്ക ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗ മായത്. കഴ്സൺ പ്രഭുവിന്റെ ഭരണകാലത്ത് നടന്ന ബംഗാൾ വിഭജനത്തെ (1905) തുടർന്ന് 1912 വരെ ഢാക്കാ നഗരം കിഴക്കൻ ബംഗാൾ-അസം പ്രവിശ്യയുടെ തലസ്ഥാനമായി വർത്തിച്ചു. 1947-ൽ സ്വാതന്ത്യപ്രാപ്തിയെ തുടർന്ന് പാകിസ്താനിലെ ഈസ്റ്റ് ബംഗാൾ പ്രവിശ്യയുടെ തലസ്ഥാനവും 1956-ൽ പൂർവ പാകിസ്താന്റെ ആസ്ഥാന നഗരവുമായി ഢാക്ക മാറി. നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് പൂർവപാകിസ്താൻ ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായതോടെ (1971) ഢാക്ക പുതിയ രാജ്യത്തിന്റെ തലസ്ഥാനമായി.

മറ്റ് ലിങ്കുകൾ

തിരുത്തുക
  1. Bangladesh Bureau of Statistics, Statistical Pocket Book, 2007 (pdf-file) 2007 Population Estimate. Accessed on 2008-09-29.
  2. Lawson, Alastair (2002-05-10). "Dhaka's beleaguered rickshaw wallahs". BBC News. Retrieved 2008-12-17.
  3. "rickshaw: Dhaka". Encyclopædia Britannica. Retrieved 2008-12-17.
  4. Menchetti, Peter (2005-03-24). "Cycle Rickshaws in Dhaka, Bangladesh" (PDF). Thesis for Amsterdam University. Retrieved 2008-04-15.
  5. "Dhaka". BBC News. 2002-10-05. Retrieved 2009-02-24.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഢാക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധാക്ക&oldid=3787338" എന്ന താളിൽനിന്ന് ശേഖരിച്ചത്