ദയാ ബായ്

(ദയാബായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. മദ്ധ്യപ്രദേശിലെ ഗോണ്ട് ഗോത്രജനതയ്ക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു[1]. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.

ദയാ ബായ്
ദയാ ബായ്
ജനനം
മേഴ്സി മാത്യു

(1941-02-22)ഫെബ്രുവരി 22, 1941
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹികപ്രവർത്തക

ജീവിതരേഖ

തിരുത്തുക
 
ദയാ ബായ്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയിൽ[2] പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തമകളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം[3]. മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. നർമദ ബച്ചാവോ ആന്ദോളൻ ചെങ്ങറ പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ടും ദയാബായി പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

തിരുത്തുക

കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ജീവശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

പതിനൊന്നാം ക്ലാസ്സ്‌ കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി, കന്യാസ്ത്രീയാകാൻ തീരുമാനിച്ച് ബീഹാർ ഹസാരിബാഗ് ഹോളി കോൺവെന്റിൽ ചേർന്നു. പതിനാറാം വയസ്സിലാണ് മേഴ്സി അവിടെയെത്തുന്നത്. സഭാക്കുള്ളിലെ ആഡംബരത്തിൽ മനം മടുത്ത അവർ കന്യാസ്ത്രീ പരിശീലനം ഉപേക്ഷിച്ചുകൊണ്ട് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാനായി മഠത്തിൽ നിന്ന് പുറത്തിറങ്ങി.ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ഒന്നരവർഷം അധ്യാപികയായി ജോലി ചെയ്തു.തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ ഒന്നരക്കൊല്ലം അധ്യാപികയായി. യുദ്ധസമയത്ത്‌ ബംഗ്ലാദേശ്‌ അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി.മുംബൈയിലെ ഗ്രാമങ്ങളിലും ദൽഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനർ നിർമ്മാണക്യാമ്പുകളിലുമായി എട്ടുവർഷം ചെലവഴിച്ചു.

ആദിവാസികൾക്കിടയിൽ

തിരുത്തുക

പഠന കാലത്ത് ഗോത്രവർഗ്ഗമേഖലയായ ടിൻസായ്‌ ഗ്രാമത്തിലെത്തി. പിൻകാലത്ത് അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ഗോത്രജനതയായിരുന്നു അവിടെയുണ്ടായിരുന്നത്‌. കുടിവെള്ളവും വൈദ്യുതിയും സ്കൂളുമില്ലാത്ത ടിൻസായിയുടെ വികസനത്തിന്‌ വേണ്ടി ദയാബായി പോരാട്ടം ആരംഭിച്ചു. ആദിവാസികളെ ചൂഷണം ചെയ്ത്‌ കൂലി വെട്ടിച്ചവർക്കെതിരെ ദയാബായിയുടെ നേതൃത്വത്തിൽ ആദിവാസികൾ രംഗത്തിറങ്ങി.ഹരേ ബ്ലോക്കിലെ സാലുവ ഗ്രാമത്തിലെ പോലീസ്‌ സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട്‌ എഫ്‌ഐആർ എഴുതാത്തതിനെ ചോദ്യം ചെയ്ത ദയാബായിയെ എസ്‌ഐ മുഷ്ടി ചുരുട്ടി ഇടിക്കുകയും മർദ്ദനത്തിൽ പല്ലുകൾ ഇളകുകയും ചെയ്തു. പ്രായമായവർക്ക്‌ റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ ദയാബായി നിയമസാക്ഷരതാക്ലാസ്സുകൾ നടത്തി. ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി.ടിൻസായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങി. കീടനാശികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു

വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ

തിരുത്തുക
 
കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യവേദി സെമിനാറിൽ ദയാ ബായ്

പശ്ചിമഘട്ട സംരക്ഷണത്തിനായി കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 2014 ഏപ്രിൽ 10 മുതൽ മെയ് 31വരെ ബോധവത്കരണ പദയാത്ര നടത്തുമെന്ന് ദയാ ബായ് അറിയിച്ചു. പ്രകൃതി സംരക്ഷണവും പശ്ചിമഘട്ട വിനാശത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുരന്തപൂർണമായ ഭാവിയെയും ജനസമക്ഷം കൊണ്ടുവരികയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. അട്ടപ്പാടി മേഖലയിൽ ആദിവാസികൾ നേരിടുന്ന ദുരിതങ്ങളുടെ മൂലകാരണം ഭരണകൂടത്തിന്റെ അവഗണനയും സ്ഥാപിത താത്പര്യക്കാരുടെ ചൂഷണവുമാണെന്നും ആദിവാസികളുടെ കൃഷിഭൂമി സ്വകാര്യവ്യക്തികളുടെ കരങ്ങളിലെത്തിയതുമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നമെന്നും ദയാ ബായ് അഭിപ്രായപ്പെട്ടു. പ്രകൃതിജീവനത്തിൽ നിന്ന് അന്യംനിൽക്കേണ്ടി വന്നതിനാൽ അട്ടപ്പാടിയിലെ ആദിവാസികൾ പോഷകാഹാരക്കുറവു മൂലം മരണഭീഷണിയിലാണെന്നും അട്ടപ്പാടിയിൽ അമിത മദ്യ ഉപഭോഗമുണ്ടെന്നുള്ളത് പ്രശ്‌നത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ദയാബായി നിലപാടെടുത്തു. ഗോത്രവിഭാഗക്കാർക്ക് കൃഷിഭൂമിനൽകി കാർഷികവൃത്തിയിൽ വ്യാപൃതരാക്കുകയാണ് ചെയ്യേണ്ടതെന്ന് ദയാ ബായി അഭിപ്രായപ്പെട്ടു.[4]

  • പച്ചവിരൽ - കന്യാമഠത്തിൽനിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ആത്മകഥ /ദയാബായി (തയ്യാറാക്കിയത്, വിത്സൻ ഐസക്, പ്രസിദ്ധീകരണം ഡി.സി. ബുക്സ്)
  • കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയ പതിനാറുകാരി മേഴ്‌സിമാത്യുവിൽനിന്ന് ദയാബായി എന്ന സാമൂഹിക പ്രവർത്തകയിലേക്കുള്ള പരിവർത്തനത്തിന്റെ നാൾവഴിയായ 'ഒറ്റയാൾ ‍' എന്ന ഡോക്യുമെന്ററി (സംവിധായിക: ഷൈനി ജേക്കബ് ബെഞ്ചമിൻ)[5]

പുരസ്കാരങ്ങൾ

തിരുത്തുക
  • വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം 2007‌[6]
  • നാഷണൽ ഹ്യൂമൺ റൈറ്റ്സ്‌ അവാർഡ്‌ (വിജിൽ ഇന്ത്യ)
  • ജനനീ ജാഗ്രതി അവാർഡ്‌ (അയോദ്ധ്യാ രാമായൺ ട്രസ്റ്റ്)
  • വുമൺ ഓഫ്‌ ദി ഇയർ അവാർഡ് (കേളി, സ്വിറ്റ്‌സർലൻഡ്)
  • സുരേന്ദ്രനാഥ് ട്രസ്റ്റ്‌ അവാർഡ്‌ [7]
  • ധർമ്മഭാരതി ദേശീയ പുരസ്കാരം 2001
  • `ദി സ്‌പിരിറ്റ്‌ ഓഫ്‌ അസീസി ദേശീയ പുരസ്‌കാരം 2010[8]
  • പി.കെ.എ. റഹീം സ്മാരക പുരസ്കാരം 2010[9]
  • കെ.എച്ച്.എം സംസ്കൃതി പുരസ്‌കാരം 2021 (കെ.എച്ച്.എം ഇസ്മയിൽ സ്റ്റഡി സെന്റർ )

ഡൊക്യുമെന്ററി

തിരുത്തുക

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത് 'ഒറ്റയാൾ' ദയാ ബായിയേ കുറിച്ചുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ്. പ്രമുഖ ചലച്ചിത്ര നടി നന്ദിത ദാസ് പറയുന്നത് തനിക്ക് വളരെയധികം പ്രചോദനം നൽകിയ ഒരാളാണ് ദയാ ബായ് എന്നാണ്.

ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവം

തിരുത്തുക

2015 ഡിസംബറിൽ ഫാ. വടക്കൻ മെമ്മോറിയൽ അവാർഡ് സ്വീകരിച്ച ശേഷം തൃശൂർ പാവറട്ടിയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾക്ക് ക്ലാസെടുത്ത് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു ദായാബായി. ബസ് സ്റ്റാൻഡ് എത്താറായോ എന്ന് ആവർത്തിച്ചു ചോദിച്ചതിന് പ്രകോപിതരായ ബസ് ജീവനക്കാർ മോശമായി പെരുമാറി. ബസ് ജീവനക്കാർ ദയാബായിലെ ഇറക്കി വിട്ടതും മോശം പദപ്രയോഗങ്ങൾ നടത്തിയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[10]

  1. "കൺമഷി(ജനശതാബ്ദിയിലെ സഹയാത്രിക)". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 702. 2011-08-08. Archived from the original on 2014-06-01. Retrieved 2013-03-23.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Face of compassion
  3. "Policies of Church contrary to Christ". Archived from the original on 2018-06-25. Retrieved 2013-03-08.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-17. Retrieved 2014-02-17.
  5. "ബ്ലാക്ക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 677. 2011-02-14. Retrieved 2013-03-10.
  6. "Kiran Bedi calls for change in education system - Oneindia". 2018-03-27. Archived from the original on 2018-03-27. Retrieved 2023-07-26.{{cite web}}: CS1 maint: bot: original URL status unknown (link)
  7. ദയാമയി എന്ന തലക്കെട്ടിൽ ജന്മഭൂമി ഓൺലൈനിൽ 2010 നവംബർ 27 നു സി. രാജ എഴുതിയ ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8) [പ്രവർത്തിക്കാത്ത കണ്ണി]
  8. അടിച്ചമർത്തലിന്റെ കദനകഥ പറഞ്ഞ്‌ ദയാബായി കവരപ്പറമ്പിൽ എന്ന തലക്കെട്ടിൽ സൺഡേ ശാലോം വാരികയിൽ 2010 ആഗസ്റ്റ് 13 നു പ്രസിദ്ധീകരിച്ച ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8)
  9. "അവാർഡ് തുക അവശർക്ക് നൽകി ദയാബായി എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ 2010 ഒക്ടോബർ 11നു പ്രസിദ്ധീകരിച്ച വാർത്ത. (ശേഖരിച്ചത് 2011 ഫെബ്രുവരി 8)". Archived from the original on 2010-10-14. Retrieved 2011-02-08.
  10. http://www.mathrubhumi.com/news/kerala/daya-bai-malayalam-news-1.747579
  • കന്യക മാസിക 2011 ഫെബ്രുവരി ലക്കത്തിൽ ദൈവത്തിന്റെ സ്വന്തം ദയ എന്ന തലക്കെട്ടിൽ അമ്പിളി ജെ. നായർ എഴുതിയ ലേഖനം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദയാ_ബായ്&oldid=4108472" എന്ന താളിൽനിന്ന് ശേഖരിച്ചത്