ദമാസ്കസ്

(ദമസ്കോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ദമാസ്കസ്‍ അല്ലെങ്കിൽ ഡമാസ്കസ്. ഒരു പുരാതന നഗരമായ ദമാസ്കസിനെ കുറിച്ചുള്ള പരാമർശങ്ങൾ ആയിരത്തൊന്നു രാവുകൾ തുടങ്ങിയ കൃതികളിൽ കാണാം. ലോകത്തിലെ നഗരങ്ങളിൽവച്ച് ഏറ്റവുമധികകാലം തുടരെ മനുഷ്യവാസം ഉണ്ടായിരുന്ന ആയ നഗരം ദമാസ്കസ് ആണെന്ന് കരുതപ്പെടുന്നു.

ദമാസ്കസ്

دمشق
Nickname(s): 
മുല്ലപ്പൂക്കളുടെ നഗരം
രാജ്യംസിറിയ
ഗവർണറേറ്റ്ഡമാസ്കസ് ഗവർണറേറ്റ്
ഭരണസമ്പ്രദായം
 • ഗവർണർബിഷ്ർ അൽ സബാൻ
വിസ്തീർണ്ണം
 • City573 ച.കി.മീ.(221 ച മൈ)
 • മെട്രോ
1,200 ച.കി.മീ.(500 ച മൈ)
ഉയരം
600 മീ(2,000 അടി)
ജനസംഖ്യ
 (2007)
 • City1,669,000 (~6,500,000 മെട്രോ പ്രദേശം)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
DemonymDamascene
വെബ്സൈറ്റ്eDamascus

ആന്റി-ലെബണൻ പർവതങ്ങളുടെ കിഴക്കൻ ചരിവിലായി ഏതാണ്ട് 670 മീ. ഉയരത്തിലാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. ബറാദ (Barada) നദിമൂലം ജലസേചിതമാകുന്ന ഈ പ്രദേശത്തിനു ചുറ്റുമായി വിസ്തൃതവും ഹരിതമനോഹരവുമായ ഘൂട്ടാ പ്രദേശം വ്യാപിച്ചിരിക്കുന്നു. വിവിധതരം പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മുതലായവയുത്പാദിപ്പിക്കുന്ന ഈ ഭൂഭാഗം ആപ്രിക്കോട്ടിന്റെ ഉത്പാദനത്തിൽ പ്രത്യേക പ്രശസ്തിയാർജിച്ചിട്ടുണ്ട്.

പൊതുവേ ഡമാസ്കസിൽ മരുപ്രദേശ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വാർഷിക വർഷപാതം : 229 മി. മീ.. വാർഷിക താപനിലയുടെ പരമാവധി: 5.2° സെ. ജൂല. മാസത്തിലും കുറഞ്ഞ താപനില (3.4° സെ.) ജനു. -യിലും രേഖപ്പെടുത്തുന്നു.

വിഭിന്ന മതസ്ഥർ വസിക്കുന്ന ഡമാസ്കസ് നഗരം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അറബികൾ ധാരാളമുള്ള ഈ പ്രദേശത്തെ പ്രധാന മതം ഇസ്ലാമാണ്. നഗരത്തിൽ ധാരാളം മുസ്ലീം പള്ളികളുണ്ട്. തെരുവുകൾക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന തുറന്ന വാണിഭ കേന്ദ്രങ്ങൾ നഗരക്കാഴ്ചയുടെ സവിശേഷതയായിപ്പറയാം. നഗരത്തിൽ വസിച്ചിരുന്ന ജൂതർ 1948-നു ശേഷം ഇസ്രായേലിലേക്ക് പലായനം ചെയ്തു. ഖുർദുകൾ, അൽജീരിയക്കാർ, പേർഷ്യക്കാർ, അഫ്ഗാനികൾ, ടർകോമനുകൾ തുടങ്ങിയവർ നഗരത്തിന് ഒരു കോസ്മോപൊലിറ്റൻ സ്വഭാവം പ്രദാനം ചെയ്യുന്നു. ബറാദ നദിയുടെ തെക്കൻകരയിലുള്ള പഴയ നഗരത്തിന്റെ ഭാഗങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു മതിലുകൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ ആധുനിക ഭാഗങ്ങളും നഗരപ്രാന്തങ്ങളും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

പുരാതനനഗരഭാഗത്തെ തെരുവുകൾ അധികവും ഇടുങ്ങിതയും ചുറ്റിവളഞ്ഞു പോകുന്നവയുമാണ്. ബൈബിൾ കാലഘട്ടം മുതൽക്കുള്ള ഒരു തെരുവ് ഇവിടെ ഇന്നും അവശേഷിക്കുന്നു. കിഴക്കൻ കവാടം മുതൽ പടിഞ്ഞാറേയറ്റം വരെ നീണ്ടുകിടക്കുന്നതും ഉദ്ദേശം 3.2 കി. മീ. ദൈർഘ്യമുള്ളതുമായ ഈ തെരുവ് 'സ്ട്രൈറ്റ്' (straight) എന്ന പേരിൽ അറിയപ്പെടുന്നു. മറ്റു പുരാതന തെരുവുകളെപ്പോലെ ഈ തെരുവും മേൽക്കൂരയുള്ളതും, ഇരു ഭാഗത്തും കട-കമ്പോളങ്ങളോടു കൂടിയതുമാണ്. നഗരത്തിന്റെ ആധുനികഭാഗങ്ങളിൽ ആധുനിക കെട്ടിടങ്ങൾ, ഭക്ഷണശാലകൾ, വീതിയേറിയ നിരത്തുകൾ തുടങ്ങിയവ കാണാം. ഇവിടത്തെ ഒമായദ് അഥവാ ഗ്രേറ്റ് മോസ്ക് (The Omayyad or Great Mosque) 8-ാം ശ.-ന്റെ ആരംഭത്തിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു. സലാദീനിന്റെ ശവകുടീരം ഇതിനടുത്ത് സ്ഥിതിചെയ്യുന്നു. നാഷണൽ മ്യൂസിയം,അറബ് അക്കാദമി, ഡമാസ്കസ് സർവകലാശാല തുടങ്ങിയവ ഇവിടത്തെ പ്രധാന സ്ഥാപനങ്ങളിൽപ്പെടുന്നു.

ബറാദ നദിയും അതിന്റെ കനാലുകളുമാണ് ഡമാസ്കസിലെ പഴത്തോട്ടങ്ങൾക്കും കൃഷിനിലങ്ങൾക്കും വേണ്ട ജലമെത്തിക്കുന്നത്. ധാരാളം ചെറുകിട വ്യവസായങ്ങൾ ഡമാസ്കസിലുണ്ട്. ഉണങ്ങിയ പഴങ്ങൾ, തുകൽ, ഗ്ലാസ്, സിമന്റ്, എന്നിവ പ്രധാന വ്യാവസായികോത്പന്നങ്ങളാണ്. പ്രധാന പരമ്പരാഗത വ്യവസായമായ കരകകൌശല വസ്തുക്കളുടെ നിർമ്മാണത്തിനും വ്യാവസായിക പ്രധാന്യമുണ്ട്. സാർഥവാഹകസംഘ വാണിജ്യത്തിന്റെ (Caravan traffic) പ്രാധാന്യം കുറഞ്ഞതോടെ ഈ നഗരത്തിന്റേയും വ്യാപാര പ്രാധാന്യത്തിനു ഇടിവു സംഭവിച്ചു. എങ്കിലും, ആധുനിക കാലത്ത് ഈ നഗരം റോഡു-റെയിൽ ഗതാഗത ശൃംഖലകൊണ്ടും അന്താരാഷ്ട്രവിമാനത്താവളം കൊണ്ടും അതിന്റെ പൂർവകാല പ്രൗഢി നിലനിർത്തിയിരിക്കുന്നു. മുമ്പ് 'മരുഭൂമിയിലെ തുറമുഖം'(port in the desert) എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ ലെബണൻ നഗരങ്ങളുമായും ജോർജിയ, ടർക്കി എന്നിവിടങ്ങളുമായും റെയിൽമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.

ചരിത്രം

തിരുത്തുക

തുടർച്ചയായി ജനവാസമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പുരാതന നഗരം എന്നാണ് ഡമാസ്കസിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. നഗരം സ്ഥാപിക്കപ്പെട്ട വർഷം ഇന്നും അജ്ഞാതമാണ്. ഇവിടെ നടന്ന പുരാ-തത്വ ഗവേഷണങ്ങൾ 4000 ബി. സി. മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. ബി. സി 15-ാം ശ.-മുതലുള്ള നഗരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് ആയിരം ബി. സി. -യോടെ അരമേയന്മാർ (Aramaeans) എന്ന സെമിറ്റിക് ജനവിഭാഗം (Semitic people) സിറിയ ആക്രമിച്ച് കീഴടക്കുകയും ഡമാസ്കസിനെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ബി. സി 732-ൽ അസീറിയക്കാർക്ക് (Assyrians) ഈ നഗരം കീഴടങ്ങിയതോടെ ലോകചരിത്രത്തിൽ ഇത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അസീറിയ കൂടാതെ ഡേവിഡിന്റെ നേതൃത്വത്തിൽ ഹീബ്രൂക്കൾ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, അലക്സാണ്ടറുടെ നേതൃത്വത്തിൽ ഗ്രീക്കുകാർ മുതലാവയവരും ഈ പ്രദേശം തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കിയിട്ടുണ്ട്. 64 ബി. സി ആയപ്പോഴേക്കും റോമൻ പ്രവിശ്യാ തലസ്ഥാനമായി ഡമാസ്കസ് മാറി. നഗരം ഏറെ വികസിക്കാൻ തുടങ്ങിയതും ഈ കാലഘട്ടത്തിൽ തന്നെയാണ്.

ഡമാസ്കസ് നഗരം

തിരുത്തുക

പുരാതനകാലം മുതൽ തന്നെ ഈ നഗരത്തിന് ഡമാസ്കസ് എന്ന പേരു ലഭിച്ചിരുന്നു. ബൈസാന്തിയാധീനതയിൽ ഏറെ പ്രാധാന്യം നേടിയ നഗരമായിരുന്നു ഇത്. 636- ൽ നഗരം അറബികളുടെ അധീനതയിലായി. തുടർന്ന് തങ്ങളുടെ ഭരണകേന്ദ്രം അറേബ്യയിൽ നിന്നും സിറിയയിലേക്കു മാറ്റിയ മുസ്ലീങ്ങളുടെ നീക്കം നഗരത്തെ പ്രശസ്തിയിലേക്കുയർത്തി. ഉമയാദ് വംശ (661-750) സ്ഥാപകനായിരുന്ന മുവാവിയ (Muawiya) തന്റെ തലസ്ഥാനമായി ഡമാസ്കസിനെ പ്രഖ്യാപിച്ചതോടെ മുസ്ലീം അധീനതയിലുള്ള മുഴുവൻ പ്രദേശങ്ങളുടേയും തലസ്ഥാനമായി ഈ നഗരം രൂപാന്തരപ്പെട്ടു.

750-നു ശേഷം കേവലം ഒരു പ്രവിശ്യാ തലസ്ഥാനമെന്ന പദവി മാത്രമേ ഈ നഗരത്തിനുണ്ടായിരുന്നുള്ളൂ. കുരിശുപടയാളികളെ എതിരിട്ട ഒരു പ്രധാന കേന്ദ്രമെന്ന നിലയിലാണ് വീണ്ടും ഡമാസ്കസ് ചരിത്രത്തിൽ സ്ഥാനം നേടിയത്. ഇക്കാലത്ത് ഏറെ പ്രശസ്തനായിരുന്ന മുസ്ലീം ജനറൽ സലാദീനിന്റെ ആസ്ഥാനകേന്ദ്രമായിരുന്നു ഡമാസ്കസ് നഗരം. 1260-ൽ മംഗോളിയരും 1399-ൽ ടാട്ടർ ജനങ്ങളും ഡമാസ്കസിനെ ആക്രമിച്ചു കീഴടക്കി. 1516 മുതൽ 1918 വരെ ഓട്ടോമൻ അധീനതയിലായിരുന്ന നഗരത്തെ ഒന്നാം ലോക യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ബ്രിട്ടിഷുകാർ ആക്രമിച്ചു കീഴടക്കി.

ഡമാസ്കസ് തലസ്ഥാനമായി രൂപം കൊണ്ട സ്വതന്ത്ര-സിറിയയെ ഫ്രഞ്ചു സൈന്യം തകർത്തതിനെ തുടർന്ന് ഫ്രഞ്ചധീന സിറിയയുടെ തലസ്ഥാനമായി നഗരം മാറി. അടുത്ത പതിറ്റാണ്ടുകളിൽ ഈ പട്ടണം അറേബ്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി വർത്തിച്ചു. 1946-ൽ സിറിയ സ്വാതന്ത്ര്യം നേടിയപ്പോൾ ഡമാസ്കസ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. മഹത്ത്വപൂർണമായ ഭൂതകാലവും മക്കയിലേക്കുള്ള തീർഥാടകരുടെ നിർദിഷ്ട സങ്കേതം എന്ന സ്ഥാനവും ഇന്നും ഡമാസ്കസിന് ഒരു വിശുദ്ധ പരിവേഷം പ്രദാനം ചെയ്യുന്നു.

ചിത്രശാല

തിരുത്തുക



 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡമാസ്കസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദമാസ്കസ്&oldid=3866922" എന്ന താളിൽനിന്ന് ശേഖരിച്ചത്