തൻമാത്രാഘടികാരം
രണ്ടോ അതിലധികമോ ജീവരൂപങ്ങൾ പ്രാചീനകാലത്തെപ്പോഴോ പരസ്പരം വേർപിരിഞ്ഞ കാലയളവ് മനസിലാക്കാൻ, ജൈവതൻമാത്രകൾക്കുണ്ടാകുന്ന ഉൽപരിവർത്തനനിരക്ക് കണ്ടെത്തുന്നതിനുള്ള സാങ്കേതികപദമാണ് തൻമാത്രാഘടികാരം അഥവാ പരിണാമഘടികാരം. ഡി.എൻ.എ, ആർ.എൻ.എ എന്നിവയിലെ ന്യൂക്ലിയോടൈഡ് ശ്രേണികൾ, മാംസ്യങ്ങളിലെ (പ്രോട്ടീനുകൾ) അമിനോഅമ്ള ശ്രേണികൾ എന്നിവയാണ് ഇത്തരം ഗണനപ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന തൻമാത്രകൾ. ഉൽപരിവർത്തനനിരക്ക് പലപ്പോഴും ഫോസിൽ കാലയളവുകളായോ ഭൗമശാസ്ത്ര അളവുകളായോ ആണ് വിവക്ഷിക്കുന്നത്. 1962 ലാണ് തൻമാത്രാ ഘടികാരം എന്ന ആശയം ആദ്യമായി പ്രയോഗവൽക്കരിക്കുന്നത്. ഇതിനായി വിവിധ ജീവികളിലെ ഹീമോഗ്ലോബിൻ തൻമാത്രയിലെ അമിനോഅമ്ളശ്രേണികളാണ് പഠനവിധേയമാക്കിയത്. ഇതിലൂടെ, സ്പീസിയേഷൻ (ജീവിവർഗോൽപത്തി), റേഡിയേഷൻ (വികിരണാത്മക പരിണാമം) എന്നിവ തിരിച്ചറിയാനാകുന്നു. ജീൻ ക്ലോക്ക് എന്നും ഈ പ്രക്രിയ അറിയപ്പെടുന്നു.[1]
പ്രാഥമിക പഠനങ്ങൾ
തിരുത്തുകഎമിലി സ്യൂക്കർകാൻഡൽ, ലിനസ് പോളിംഗ് എന്നിവർ 1962 ൽ ഫോസിൽ പഠനങ്ങളിലൂടെ വ്യത്യസ്ത വംശപരമ്പര (ലീനിയേജ്)കളിൽ ഹീമോഗ്ലോബിൻ തൻമാത്രയിലെ അമിനോഅമ്ളങ്ങൾക്ക് ഏറെക്കുറെ കാലാനുഗതമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നു എന്ന് കണ്ടെത്തി. ഇതിലൂടെ ഏതെങ്കിലും നിർദ്ദിഷ്ട പ്രോട്ടീന്റെ പരിണാമപരമായ വ്യതിയാനങ്ങളുടെ തോത് കാലക്ലിപ്തവും വ്യത്യസ്ത വംശങ്ങളിൽ സ്ഥിരതയാർന്നതുമാണെന്ന ആശയം അവർ മുന്നോട്ടുവച്ചു. ഇത് തൻമാത്രാഘടികാര പരികല്പന എന്നറിയപ്പെടുന്നു.
ജനിതക സമവിദൂരത പ്രതിഭാസം (ജനറ്റിക് ഈക്വിഡിസ്റ്റൻസ്)
തിരുത്തുകഇമ്മാനുവൽ മാർഗോലിയാഷ് എന്ന ശാസ്ത്രകാരൻ 'ജനിതക സമവിദൂരത പ്രതിഭാസം' (ജനറ്റിക് ഈക്വിഡിസ്റ്റൻസ്) 1963 ആദ്യമായി കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും രണ്ട് ജീവിവർഗ്ഗങ്ങളുടെ (സ്പീഷിസുകളുടെ) സൈറ്റോക്രോം സി പ്രോട്ടീനിലെ അമിനോഅമ്ളങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളുടെ എണ്ണം കൂടുതലും ഉണ്ടായിരിക്കുന്നത് ഈ രണ്ട് ജീവിവർഗങ്ങളും രൂപപ്പെടുന്നതിലേയ്ക്ക് നയിക്കപ്പെട്ട പരിണാമരേഖകൾ യഥാർത്ഥത്തിൽ വിവ്രജിച്ചുപോയ (വേർപെട്ട) സമയത്താലാണ് എന്നാണ്. ഈ വസ്തുത ശരിയാണെങ്കിൽ, എല്ലാ സസ്തനികളുടെയും സൈറ്റോക്രോം സി തൻമാത്രകൾ എല്ലാ പക്ഷികളുടെയും സൈറ്റോക്രോം സി തൻമാത്രകളിൽ നിന്ന് വ്യത്യസ്തമായിരിക്കണം. പക്ഷികളേക്കാളും സസ്തനികളേക്കാളും മുമ്പുരൂപപ്പെട്ട കശേരുകികളുടെ (നട്ടെല്ലുള്ളവയുടെ) പരിണാമത്തിന്റെ പ്രധാന അക്ഷത്തിൽ നിന്ന് മത്സ്യം വ്യതിചലിക്കുന്നതിനാൽ, സസ്തനികളുടെയും പക്ഷികളുടെയും സൈറ്റോക്രോം സി മത്സ്യത്തിന്റെ സൈറ്റോക്രോം സിയിൽ നിന്ന് വ്യത്യസ്തമായിരിക്കണം. അതുപോലെ, എല്ലാ കശേരുകികളിലേയും സൈറ്റോക്രോം സി, യീസ്റ്റ് പ്രോട്ടീനിൽ നിന്നും സമാനമായ വ്യതിയാനസ്വഭാവം കാണിക്കണം. "ഉദാഹരണത്തിന്, ഒരു കാർപ് മത്സ്യത്തിന്റെ സൈറ്റോക്രോം സി യും തവള, ആമ, കോഴി, മുയൽ, കുതിര എന്നിവയിലെ സൈറ്റോക്രോം സിയും തമ്മിൽ സ്ഥിരമായും 13% മുതൽ 14% വരെ വ്യത്യാസം പ്രകടിപ്പിക്കുന്നു. അതുപോലെ, ഒരു ബാക്ടീരിയയുടെ സൈറ്റോക്രോം സി, യീസ്റ്റ്, ഗോതമ്പ്, ശലഭം, ചൂരമത്സ്യം, പ്രാവ്, കുതിര എന്നിവ തമ്മിലുള്ള വ്യത്യാസം 64% മുതൽ 69% വരെയാണ്. മുൻപഠനങ്ങൾക്കൊപ്പം ജനിതകപരമായ സമവിദൂരത (ഈക്വിഡിസ്റ്റൻസ്) എന്ന ആശയം തൻമാത്രാ ഘടികാരം എന്ന പരികല്പനയ്ക്ക് 1960 കളുടെ തുടക്കത്തിൽത്തന്നെ അടിത്തറ പാകി.
അവലംബം
തിരുത്തുക- ↑ "The Molecular Clock and Estimating Species Divergence". The Molecular Clock and Estimating Species Divergence. https://www.nature.com. Retrieved 02/10/2020.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|publisher=