തെക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനമായ ആന്ധ്രാപ്രദേശ്‌ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന രാഷ്ടീയനീക്കങ്ങളെയാണ് പൊതുവായി തെലങ്കാന പ്രസ്ഥാനം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. 1946-51 കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ തെലങ്കാനാ സമരവുമായി ഇതിന് ബന്ധമില്ല. മുൻ ഹൈദരാബാദ് നാട്ടുരാജ്യത്തിലെ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിടുള്ള പുതിയ സംസ്ഥാനമെന്ന നിർദ്ദേശമാണ് തെലങ്കാന പ്രസ്ഥാനത്തിൻറെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നത്. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകളെ ഉൾക്കൊള്ളുന്ന ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ തെലങ്കാന മേഖലയാണിത്.

ഇന്ത്യയുടെ ഭൂപടത്തിൽ തെലുങ്കാന മേഖല ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു

ചരിത്രം തിരുത്തുക

മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ആന്ധ്ര. പിന്നീട് ശാതവാഹനൻമാരും കാകതീയൻമാരും അധികാരത്തിലെത്തി. ആന്ധ്രയുടെ ചരിത്രത്തിലെ സുവർണകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എഡി 1336ൽ സ്ഥാപിതമായ വിജയനഗരസാമ്രാജ്യത്തിന്റെ ഭരണകാലമാണ്. 1565 ലെ തളിക്കോട്ടയുദ്ധത്തോടെ വിജയനഗരസാമ്രാജ്യം ശിഥിലമായി. തുടർന്ന് കുത്തബ്ഷാഹി സുൽത്താൻമാരുടെ കീഴിലും പിന്നീട് മുഗളൻമാരുടെ ആധിപത്യത്തിലുമായിരുന്നു ഈ പ്രദേശം.

ഹൈദരാബാദ് നാട്ടുരാജ്യം തിരുത്തുക

1724ൽ നിസാമുൽമുല്ക്ക് ആസഫ്ത്ധാ ഡെക്കാണിൽ ഹൈദരാബാദ് എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ചു. ഫ്രഞ്ചുകാരെ പരാജയപ്പെടുത്താൻ ബ്രിട്ടീഷുകാരുടെ സഹായം തേടിയ നിസാമിന് പലപ്രദേശങ്ങളും അവർക്ക് കൈമാറേണ്ടി വന്നു. അപ്രകാരം ബ്രിട്ടീഷുകാരുടെ കൈക്കലാക്കിയ പ്രദേശങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായും തെലുങ്ക് സംസാരിച്ചിരുന്ന ബാക്കിഭാഗങ്ങൾ നിസാമിന്റെ ഭരണത്തിൻകീഴിലുമായി. നിസാമിന്റെ കീഴിലുണ്ടായിരുന്ന പ്രദേശം തെലങ്കാന എന്നപേരിലും അറിയപ്പെട്ടുതുടങ്ങി. ഇങ്ങനെ 19-ആം നൂറ്റാണ്ടു മുതൽ രണ്ടു ഭരണത്തിൻ കീഴിലായി ഈ പ്രദേശം കഴിയവേയാണ് ഇന്ത്യ സ്വതന്ത്ര്യം നേടുന്നത്. ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻയൂണിയനിൽ ചേരാൻ വിസമ്മതിച്ചെങ്കിലും ഇന്ത്യാഗവൺമെന്റിന്റെ സൈനികഇടപെടലിന്റെയും സ്വാതന്ത്ര്യസമരത്തിൻറെയും ഫലമായി 1948ൽ ഇന്ത്യൻ യൂണിയൻറെ ഭാഗമായി.

സ്വാതന്ത്ര്യത്തിലേക്ക് തിരുത്തുക

ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസ്സും ആര്യസമാജവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ രാജ്യത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്രരാഷ്ട്രമായി നിലനിർത്തുവാനുള്ള നൈസാമിൻറെ ഗൂഢാലോചനക്കെതിരെയുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയ തെലുങ്കാന സമരവും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. നൈസാമിന്റെ റസാക്കർമാർക്കും സായുധസേനയ്ക്കും അവർക്കൊപ്പം നിന്ന ജന്മിമാർക്കും മറ്റുമെതിരായി അനേകം പേരുടെ ജീവൻ ബലിയർപ്പിച്ച് നടത്തിയ ആ സമരം, ഹൈദരാബാദ് ഇന്ത്യയിൽ ചേരുന്നതിന് വഴിതെളിച്ചു. ഓപ്പറേഷൻ പോളോ എന്നറിയപ്പെടുന്ന ഇന്ത്യൻ സൈനിക നീക്കത്തിലൂടെ 1948 സെപ്റ്റംബർ 17 നാണ് ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യുണിയൻറെ ഭാഗമായത്.


ഹൈദരാബാദ് സംസ്ഥാനം തിരുത്തുക

ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട ഹൈദരാബാദ് തെലുങ്ക് സംസാരിക്കുന്ന തെലങ്കാന മേഖലയിലെ ഒൻപത് ജില്ലകളെ കൂടാതെ കന്നഡ, മറാത്തി ഭാഷകൾക്ക് പ്രാമുഖ്യമുള്ള നാലുവീതം ജില്ലകളും ചേർന്ന സംസ്ഥാനമായി നിലകൊണ്ടു. 1978 ൽ തെലങ്കാനയിലെ ഹൈദരാബാദ് ജില്ല വിഭജിച്ച് രംഗറെഡ്ഢി ജില്ലയ്ക്ക് രൂപം നൽകിയതോടെ തെലങ്കാന മേഖലയിൽ ആകെ പത്ത് ജില്ലകളായി. 1950 ജനുവരി 26 ന് കേന്ദ്രസർക്കാർ എം.കെ.വെള്ളോടിയെന്ന ഉദ്യോഗസ്ഥനെ ഹൈദരാബാദ് മുഖ്യമന്ത്രിയായി നിയമിച്ചു. മദ്രാസ്, ബോംബെ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അദ്ദേഹം ഭരണം നടത്തിയത്. 1952 ൽ രാജ്യത്ത് നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിൻറെ ഭാഗമായി ഹൈദരാബാദ് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ഡോ.ബി.രാമകൃഷ്ണറാവു തിരഞ്ഞെടുക്കപ്പെട്ടു.

1952 ലെ മുൽക്കി പ്രക്ഷോഭം തിരുത്തുക

1952 ൽ തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾ 22 ജില്ലകളിലായാണ് വസിച്ചിരുന്നത്. ഹൈദരാബാദ് സംസ്ഥാനത്തെ 9 ജില്ലകൾക്കു പുറമെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ആന്ധ്ര മേഖലയിലെ 12 ഉം ഫ്രഞ്ച് അധീനതയിലായിരുന്ന യാനത്തിലെ ഒന്നും ജില്ലകളായിരുന്ന അവ. രാമകൃഷ്ണറാവുവിൻറെ ഭരണകാലത്ത് 1919 മുതൽ ഹൈദരാബാദ് നാട്ടുരാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്ന മുൽക്കി നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്നും മദ്രാസ് സംസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അക്രമാസക്തമായ പ്രക്ഷോഭമാരംഭിച്ചു. ഹൈദരാബാദ് നാട്ടുരാജ്യത്ത് ജനിച്ചവരോ പതിനഞ്ച് വർഷമായി അവിടെ താമസിക്കുന്നവരോ ആയ ജനങ്ങളെ തദ്ദേശീയർ എന്ന അർത്ഥത്തിൽ മുൽക്കികളായി കണക്കാക്കുകയും അവർക്കായി ജോലി നിജപ്പെടുത്തുന്ന നിയമമാണ് മുൽക്കി നിയമം എന്നറിയപ്പെടുന്നത്. ജോലിക്കാരായി തീരദേശ ആന്ധ്രയിൽനിന്നുള്ളവർ ധാരാളമായി നിയമിതരായതായിരുന്നു ഈ പ്രക്ഷോഭത്തിന് കാരണമായത്. ഈ പ്രക്ഷോഭത്തൻറെ ഫലമായി പോലീസ് വെടിവെയ്പിൽ ഏഴു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.


ആന്ധ്ര സംസ്ഥാനം തിരുത്തുക

സ്വതന്ത്ര ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുന:സംഘടനയെന്ന ആവശ്യം വ്യാപകമായി ഉയരാൻ തുടങ്ങിയതോടെ ആന്ധ്രാമഹാസഭയുടെ നേതൃത്വത്തിൽ തെലുങ്ക് സംസാരിക്കുന്ന ജനങ്ങളുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി മദ്രാസ് ആസ്ഥാനമാക്കി ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. 1952 ഒക്ടോബർ 19ന് മദ്രാസിൽ പോറ്റി ശ്രീരാമുലു മരണംവരെ നിരാഹാരസമരവുമാരംഭിച്ചു. 58 ദിവസം പിന്നിട്ട് 1952 ഡിസംബർ 16ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലാണ് നിരാഹാരസമരം അവസാനിച്ചത്. ഇതിനെത്തുന്ന് 1953 ഒക്ടോബർ 1 ന് കർണ്ണൂൽ ആസ്ഥാനമായി ആന്ധ്രസംസ്ഥാനം രൂപംകൊണ്ടു. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യസംസ്ഥാനമെന്ന ബഹുമതിയും ഇതോടെ ആന്ധ്രയ്ക്ക് ഇതോടെ കൈവന്നു.

സംസ്ഥാന പുന:സംഘടന തിരുത്തുക

1953 ഡിസംബറിൽ ഭാഷാടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുന:സംഘടനയ്ക്കായി കേന്ദ്ര സർക്കാർ സംസ്ഥാന പുന:സംഘടനാ കമ്മീഷനെ നിയമിക്കുകയുണ്ടായി. കമ്മീഷനു മുൻപാകെ ആന്ധ്രാ സംസ്ഥാനത്തുള്ളവർ ഹൈദരാബാദ് സംസ്ഥാനത്തിലെ തെലുങ്ക് ഭൂരിപക്ഷപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന പുന:സംഘടനയ്ക്കായി വാദിച്ചപ്പോൾ തെലങ്കാന മേഖലയിൽ നിന്നുള്ള ജനഹിതം ഇതിനെതിരായിരുന്നു.

1956ലെ ഭാഷാടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുനസംഘടനയെത്തുടർന്ന് തെലുങ്കാന പ്രദേശങ്ങളും കൂട്ടിച്ചർത്ത് 1956 നവംബർ 1 ന് തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകളുൾപ്പെട്ട ഇന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്നു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിട്ടുകൂടി തീർത്തും അവികസിതമായിരുന്ന തെലുങ്കാനയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യം സംസ്ഥാന പുന:സംഘടനാസമിതി അംഗീകരിച്ചെങ്കിലും കേന്ദ്രസർക്കാർ തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ തൊഴിൽ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിൽ തെലങ്കാന മേഖലയിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1956 ഫെബ്രുവരിയിൽ ജന്റിൽ മെൻസ് എഗ്രിമെന്റ് എന്ന പേരിലുള്ള ഒരു കരാർ അംഗീകരിക്കുകയുണ്ടായി. തെലങ്കാന റീജിയണൽ കൌൺസിൽ എന്ന സ്വയംഭരണ സംവിധാനവും ഈ കരാറിൽ ഉൾപ്പെട്ടിരുന്നു. നൈസാമിൻറെ കാലം മുതലുള്ള മുൽക്കി നിയമവും ഇതിൻറെ ഭാഗമായിരുന്നു. ഹൈദരാബാദ് പ്രദേശത്ത് ജനിക്കുകയോ 15 വർഷമെങ്കിലും സ്ഥിരമായി താമസിക്കുകയോ ചെയ്യുന്നവരെ തദ്ദേശീയർ എന്ന അർത്ഥത്തിൽ മുൽക്കികളായി കണക്കാക്കുകയും തെലങ്കാന മേഖലയിലെ ജോലിക്ക് അവർക്ക് മുൻഗണന ഏർപ്പെടുത്തുന്നതുമാണ് മുൽക്കി നിയമം.

തെലങ്കാന റീജിയണൽ കൗൺസിൽ രൂപീകരിച്ചെങ്കിലും അധികാരമോ ഫണ്ടോ ലഭിക്കാതെ സമിതിക്ക് പ്രവർത്തിക്കാൻ കഴിയാതെ വന്നു. 1960 കളുടെ മധ്യത്തോടെ വ്യാപകമായ ജനങ്ങളുടെ അസംതൃപ്തി ജയ് തെലങ്കാന എന്ന പ്രസ്ഥാനത്തി്‌ന്റെ രൂപീകരണത്തിന് ഇടയാക്കി. കരാറിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 1969 നടത്തിയ പ്രക്ഷോഭം വിദ്യാർത്ഥികളുൾപ്പടെയുള്ള മുന്നൂറിലേറെപ്പേരുടെ മരണത്തിലാണ് കലാശിച്ചത്. ഈ ഘട്ടത്തിൽ രൂപീകൃതമായ തെലങ്കാന പ്രജാ സമിതി ഡോ. ചെന്നറെഡ്ഢി യുടെ നേതൃത്വത്തിൽ 1971 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തെലങ്കാനയിലെ 14 ലോക്‌സഭാ സീറ്റുകളിൽ 11ലും വിജയിച്ചു. എന്നാൽ ജയിച്ച എം പി മാർ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിൽ ചേർന്നത് തെലങ്കാന പ്രജാ സമിതി തന്നെ ഇല്ലാതാകുന്നതിനാണ് ഇടയാക്കിയത്. ഇതേത്തുടർന്ന് നടന്ന പ്രക്ഷോഭത്തിൽ 1971 സെപ്റ്റംബറിൽ വിദ്യാർത്ഥികളടക്കമുള്ള ഒട്ടേറെ പേർ കൊല്ലപ്പെട്ടു. 1972ൽ സുപ്രീം കോടതി മുൽക്കി നിയമം ശരിവച്ചതോടെ റായലസീമയിലും തീരദേശആന്ധ്രയിലും ജയ് ആന്ധ്ര പ്രസ്ഥാനം ആരംഭിച്ചു. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻ കൈ എടുത്ത് ഒരു ആറിന പാക്കേജ് തെലങ്കാനക്കായി പ്രഖ്യാപിച്ചു. 1956 ലെ കരാറിൽ ഉൾപ്പെട്ടിരുന്ന തെലങ്കാന മേഖലാ സമിതിയും മുൽക്കി നിയമവും ഈ പാക്കേജിന്റെ ഭാഗമായി ഇല്ലാതായി.

പിന്നീട് ഏറെക്കാലം തെലങ്കാന ശാന്തമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന രാമറാവുവിൻറെ കാലത്ത് തെലങ്ക് ഐക്യം കൂടുതൽ ശക്തമായി. 2000ത്തിൽ വൈ‌.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രി ആയിരിക്കെ 41 കോൺഗ്രസ് എം. എൽ. എമാർ തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് നിവേദനം നൽകി. ഇതേസമയം കെ.ചന്ദ്രശേഖർ റാവു തെലങ്കാന രാഷ്ട്ര സമിതിക്കും രൂപം നൽകുകയുണ്ടായി. 2009 നവംബർ 29 ന് ചന്ദ്രശേഖർ റാവു ആരംഭിച്ച നിരാഹാരത്തെത്തുടർന്ന് തെലങ്കാന പ്രക്ഷോഭം വീണ്ടും ശക്തമായി. നിരാഹാരസമരം 11 ദിവസം പിന്നിട്ടതോടെ തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് അക്രമാസക്തമായ പ്രക്ഷോഭം തെലങ്കാന – ആന്ധ്ര മേഖലകളിൽ കൊടുമ്പിരികൊണ്ടു. ഇതിനെത്തുടർന്ന് ജസ്റ്രിസ് ശ്രീകൃഷ്ണ കമ്മീഷന് കേന്ദ്രസ്ർക്കാർ രൂപം നൽകി.

"https://ml.wikipedia.org/w/index.php?title=തെലങ്കാന_പ്രസ്ഥാനം&oldid=2382194" എന്ന താളിൽനിന്ന് ശേഖരിച്ചത്