തൃപ്പടിദാനം

(തൃപ്പടി ദാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ ശ്രീപദ്മനാഭന് സമർപ്പിച്ച ചരിത്രസംഭവമാണ്‌ തൃപ്പടിദാനം. 1750 ജനുവരി മൂന്നാം തീയതിയാണ് (കൊല്ലവർഷം 925 മകരം 5; രേവതി നക്ഷത്രവും പൂർവ പക്ഷത്ത് സപ്തമിയും ചേർന്ന സുദിനം) രാജാവ് ഉടവാൾ ശ്രീപദ്മനാഭന് അടിയറവച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്തത്. അതിനുശേഷം ശ്രീപദ്മനാഭദാസൻ എന്ന പേരിൽ ഉടവാൾ തിരികെ വാങ്ങി. അന്നുമുതൽ അദ്ദേഹവും പിൻഗാമികളും ശ്രീപദ്മനാഭന്റെ ദാസന്മാർ എന്നനിലയ്ക്ക് ശ്രീപദ്മനാഭന്റെ പ്രതിപുരുഷന്മാരായി രാജ്യം ഭരിച്ചുകൊള്ളാമെന്നതായിരുന്നു തൃപ്പടിദാനത്തിന്റെ ആന്തരാർഥം. തിരുവിതാംകൂർ രാജാക്കന്മാർ അന്നു മുതൽ തങ്ങളുടെ പേരിനോട് ശ്രീ പദ്മനാഭദാസനെന്നു ചേർത്തുവന്നു. അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ വരെയുള്ള രാജാക്കന്മാർ തങ്ങളുടെ പേരിനൊപ്പം ഈ ബിരുദവും കൂടി ചേർത്തിരുന്നു.

തൃപ്പടിദാനം:സാങ്കല്പിക ചിത്രം

ഒരുക്കങ്ങൾ

തിരുത്തുക
 
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

തൃപ്പടിദാനം നിർവഹിക്കുന്നതിനുമുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പല പരിഷ്ക്കാരങ്ങളും മാർത്താണ്ഡവർമ വരുത്തിയിരുന്നു. ക്ഷേത്രഭരണത്തിനും പൂജകൾക്കും മറ്റും ചിട്ടയും ക്രമവും വരുത്തി. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ മന്ദിരങ്ങളുടേയും മുഖമണ്ഡപത്തിന്റേയും നിർമ്മാണവും പൂർത്തിയാക്കി. നേപ്പാളിലെ കാളീഗന്ധകി നദീതടത്തിൽനിന്നു കൊണ്ടുവന്ന 12,000 സാളഗ്രാമങ്ങൾ കൊണ്ടാണ് ശ്രീപദ്മനാഭ വിഗ്രഹത്തിന് നവ്യശോഭ വരുത്തിയത്.

എട്ടുവീട്ടിൽ പിള്ളമാർ എന്ന മാടമ്പിമാരേയും കുടുംബാംഗങ്ങളേയും വകവരുത്തിയതും വെട്ടിപ്പിടിച്ച പ്രദേശങ്ങളിലെ രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കി അവരുടെ രാജ്യങ്ങൾ തിരുവിതാംകൂറിനോടു ചേർത്തതും കേരളീയ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായിരുന്നു. ഈ പ്രവർത്തികൾമൂലം നേരിട്ട വമ്പിച്ച ജീവനാശത്തിന് പാപ പരിഹാരമായിട്ടും രാജ്യത്തിന്റെ ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടിയുമാണ് താൻ നേടിയ രാജ്യം മഹാരാജാവ് ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തത്.

രണ്ടാം തൃപ്പടിദാനം

തിരുത്തുക

രണ്ടാമത്തെ തൃപ്പടിദാനം നടന്നത് മാർത്താണ്ഡവർമക്കുശേഷം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാളിന്റെ (1758-98) കാലത്താണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറിൽ കൂട്ടിച്ചേർത്ത സ്ഥലങ്ങൾകൂടി 1766 ജൂല.യിൽ (941 മിഥുനം 23) രാജാവ് ശ്രീപദ്മനാഭസ്വാമി തൃപ്പടിയിൽ സമർപ്പിച്ചു.

ചരിത്ര വീക്ഷണം

തിരുത്തുക

തൃപ്പടിത്താനം മത താല്പര്യത്തിനേക്കാൾ രാജ്യത്തിന്റെ സുരക്ഷക്കായി ചെയ്തതായാണ് ചരിത്രകാരന്മാർ വീക്ഷിക്കുന്നത്. രാജ്യം ദൈവത്തിന്റെ പേരിലായാൽ അതിനെതിരെ വരുന്ന ഏത് ഭീഷണിയും ദൈവത്തിനു നേരേയുള്ളത് എന്ന് വിവക്ഷിക്കാമെന്നും ഇത് ജനകീയ കലാപങ്ങളെ ഭാവിയിൽ അമർച്ച ചെയ്യാൻ സഹായിക്കാം എന്നും മാർത്താണ്ഡ വർമ്മ വിശ്വസിച്ചിരിക്കണം. സിംഹാസനവും തന്റെ കുടുംബാംഗങ്ങളുടെ സുരക്ഷയും അങ്ങനെ അദ്ദേഹം ഉറപ്പാക്കി.

ഇതും കാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൃപ്പടിദാനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൃപ്പടിദാനം&oldid=3320626" എന്ന താളിൽനിന്ന് ശേഖരിച്ചത്