ഗ്രാൻഡ് നാഷണൽ അസംബ്ലി
തുർക്കി റിപ്പബ്ലിക്കിലെ നിയമനിർമ്മാണസഭ അഥവാ പാർലമെന്റാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി (ജി.എൻ.എ.) (തുർക്കിഷ്: Türkiye Büyük Millet Meclisi). പാർലമെന്റ് എന്നർത്ഥമുള്ള മെജ്ലിസ് എന്ന പേരിൽ മാത്രമയും അറിയപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത്, 1920 മാർച്ച് 19-ന് മുസ്തഫ കമാൽ അത്താത്തുർക്ക് ആണ് അങ്കാറ കേന്ദ്രമാക്കി ജി.എൻ.എയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 23-ന് ജി.എൻ.എയുടെ ആദ്യസമ്മേളനം നടന്നു.
ചരിത്രം
തിരുത്തുകരൂപീകരണം
തിരുത്തുകഓട്ടൊമൻ തുർക്കി ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടതിനു ശേഷം, സാമ്രാജ്യത്തിൽ നിന്നും നഷ്ടപ്പെട്ട അറബ് പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശത്തിനും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളെ അവിഭാജ്യമായി നിലനിർത്താനും ഓട്ടൊമൻ പാർലമെന്റ് 1920 ഫെബ്രുവരിയിൽ ആവശ്യമുയർത്തി. എന്നാൽ സഖ്യകക്ഷികൾ ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. ഓട്ടൊമൻ സുൽത്താൻ-ഖലീഫ മെഹ്മെത് ആറാമൻ ഇതിന് മൗനാനുവാദം നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കപ്പെട്ടു. പിന്നീട് 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
1920 മാർച്ച് 19-ന് സൈനികനേതാവായ മുസ്തഫ കമാൽ ഒരു പുതിയ അടിയന്തരപാർലമെന്റ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു ഇതാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി. തുർക്കി ദേശീയവാദികളുടെ കേന്ദ്രമായിരുന്ന അങ്കാറ കേന്ദ്രീകരിച്ചായിരുന്നു ഈ പാർലമെന്റ് സംഘടിപ്പിക്കപ്പെട്ടത്. ഇസ്താംബൂളിൽ സഖ്യകക്ഷികളുടെ ആക്രമണംഭീഷണി നിലനിന്നിരുന്നതിനാൽ അനറ്റോളിയൻ സമതലത്തിലെ അങ്കാറയിലേക്ക് തലസ്ഥാനം മാറ്റുന്നതിൽ സൈനികതാൽപര്യങ്ങളുമുണ്ടായിരുന്നു.
1920 ഏപ്രിൽ 23-ന് മുസ്തഫ കമാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി, അങ്കാറയിൽ സമ്മേളീച്ച് പുതിയ ഭരണഘടനക്ക് അംഗീകരം നൽകി. സ്വയം നിർണയാവകാശത്തിനും, ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തിനും ഊന്നൽ നൽകിയ ഈ ഭരണഘടന, ജി.എൻ.എയെ ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായും നിയമനിർമ്മാണത്തിന്റേയും നിർവഹണത്തിന്റേയും അധികാരിയായും ചുമതലപ്പെടുത്തി. പിൽക്കാലത്ത് നിയമങ്ങൾ ഇസ്ലാമിനനുയോജ്യമാണെന്ന് ഉറപ്പുവരുത്താൻ മതപണ്ഡിതർക്ക് പ്രാമുഖ്യമുള്ള ഒരു ശരി അത്ത് സമിതിയേയും പാർലമെന്റ് നിയമിച്ചു. മുൻ കാലത്തേതുപോലെ ശരി അത്ത് മന്ത്രിയുടെ സ്ഥാനവും നിലനിർത്തി.
തുർക്കി സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ഒപ്പുവക്കപ്പെട്ട 1923-ലെ ലോസന്ന ഉടമ്പടിയിലൂടെ തുർക്കിയുടെയും ജി.എൻ.എയുടേയും സ്വയംഭരണം അംഗീകരിക്കപ്പെട്ടു. ഇത് ഓട്ടൊമൻ സാമ്രാജ്യത്തിനും അന്ത്യം കുറിച്ചു.
1923 ഒക്ടോബർ 29-ന് ജി.എൻ.എ ഭരണഘടനയിൽ ഭേദഗതി വരുത്തുകയും രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പബ്ലികിന്റെ തലവനെ തിരഞ്ഞെടുക്കാനുള്ള അധികാരവും ജി.എൻ.എക്കായി. മുസ്തഫ കമാലിനെ, രാജ്യത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. പതിനഞ്ചുവർഷങ്ങൾക്കു ശേഷം കമാലിന്റെ മരണം വരെ ഓരോ നാലുവർഷം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നു.[1]
അംഗസംഖ്യയും സെനറ്റും
തിരുത്തുക1960-ലെ സൈനിക അട്ടിമറിയെത്തുടർന്ന് ഭരണഘടനയിൽ മാറ്റം വരുത്തുകയും രണ്ട് തട്ടുകളുള്ള പാർലമെന്റ് നിലവിൽ വന്നു. രണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ കാലാവധി പൂർത്തിയാക്കുന്ന ഒരു സെനറ്റും നാലു വർഷം കാലാവധിയുള്ള 450 അംഗങ്ങളടങ്ങിയ മഹാദേശീയസഭയും (ജി.എൻ.എ.) അടങ്ങിയ പാർലമെന്റാണ് ഈ ഭരണഘടനയനുസരിച്ച് നിലവിൽ വന്നത്. എന്നാൽ 1980-ൽ ജനറൽ കെനാൻ എവ്രന്റെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറിയെത്തുടർന്ന്, 1982-ൽ നിലവിൽ വന്ന ഭരണഘടനയനുസരിച്ച് സെനറ്റ് ഒഴിവാക്കപ്പെട്ടു. 1995 ഓഗസ്റ്റിൽ താൻസു ചില്ലർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന ഭരണഘടനാഭേദഗതിയനുസരിച്ച് ഗ്രാൻഡ് നാഷണൽ അസംബ്ലിയിലെ അംഗസംഖ്യ, 450-ൽ നിന്ന് 550 ആക്കി ഉയർത്തി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 71–72, 79, 88, 102. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)