ഇന്തോനേഷ്യയിലെ, പ്രത്യേകിച്ച് ജാവ, ബാലി, മദുര പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ചോറുകൊണ്ടുള്ള ഒരു ഭക്ഷണവിഭവമാണ് തുംപെൻങ്.(Tumpeng). മുമ്പ് ജനനം, മരണം, വിവാഹം, തുടങ്ങിയ ഒത്തുകൂടൽ ചടങ്ങുകൾക്ക് അവിഭാജ്യ ഘടകമായി വിളമ്പിയിരുന്ന വിശിഷ്ട വിഭവമായിരുന്നു തുംപെൻങ്.[1]

കുന്നു പോലെ കോൺ ആകൃതിയിൽ ചോറ് കുത്തിനിർത്തുന്നു. തംപ(tampah) എന്ന മുളക്കൂടാണ് ഇതിനു അച്ചായി ഉപയോഗിക്കുന്നത്. കോണിന്റെ/ചോറിന്റെ  മുകൾഭാഗം വാഴയില തൊപ്പി കൊണ്ട് അലങ്കരിക്കുന്നു. കുന്നിന്റെ താഴ്ഭാഗത്ത് പലതരം കറിവിഭവങ്ങൾ ചുറ്റിനും നിരത്തുന്നു. ഇവ സസ്യ/മാംസ വിഭവങ്ങളാകാം.

 
Nasi Tumpeng

സാധാരണ ചോറ്, തേങ്ങാപാലിൽ പുഴുങ്ങിയ ചോറ്, മഞ്ഞൾ മുക്കിയുണ്ടാക്കിയ മഞ്ഞ ചോറ് തുടങ്ങിയ പലയിനങ്ങളിൽ തുംപെൻങ് ഉണ്ടാക്കാറുണ്ട്. ചുറ്റുമുള്ള കറികൾ കോഴിയിറച്ചി, മാട്ടിറച്ചി, മുട്ട, വിവിധയിനം പച്ചകറികൾ തുടങ്ങി പലതുമാവാം.

ഇന്തോനേഷ്യൻ സർക്കാർ ടൂറിസ്റ്റ് പ്രതീകങ്ങളായി തിരഞ്ഞെടുത്ത 30 ഭക്ഷണ വിഭവങ്ങളിൽ ഒന്ന് തുംപെൻങ് ആണ്. ദേശീയ വിഭവം എന്ന അംഗീകാരം 2014 മുതൽക്ക് ഇതിനുണ്ട്.[2]

പ്രതീകാത്മകത

തിരുത്തുക

വിശേഷ വേളകളിലെ ഈ വിശിഷ്ട ഭക്ഷണത്തിന് പിന്നിൽ ഗഹനമായ തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.[3]

തയ്യാറാക്കുമ്പോൾ

തിരുത്തുക

സ്ത്രീകളാണ് ചോറ് ഉണ്ടാക്കുന്നത്. പുരുഷന്മാർ കൂട്ടുകറികൾ ഉണ്ടാക്കാൻ കൂടുന്നു. ആർത്തവത്തിലുള്ള‍‍ സ്ത്രീകൾ പാചകം ചെയ്യാൻ പാടുള്ളതല്ല. പാചകം ചെയ്യുമ്പോൾ സ്ത്രീകളുമായി സംസാരിക്കാൻ പാടുള്ളതല്ല.

അലങ്കാരങ്ങൾ

തിരുത്തുക

വാഴയിലയിലാണ് ചോറ് കമിഴ്ത്തുന്നത്. ഈ വാഴയില അലങ്കരിച്ചിരിക്കുന്നത് സൂര്യനെ തോന്നിപ്പിക്കും വിധമായിരിക്കും. ദൈവദത്തമാണെന്ന് സൂചിപ്പിക്കാനാണ് ഇത്.

ചോറുകുന്നിന്റെ മുകളിലുള്ള വാഴതൊപ്പിയിൽ കാന്താരിമുളകോ, മറ്റ് ഇനം മുളകുകളോ പിടിപ്പിച്ചിരിക്കും. അഗ്നിയുടെ പ്രതീകമാണ് മുളക്. കുന്നിന്റെ മുകളിലുള്ള ഈ അലങ്കാരം അഗ്നിപർവ്വത മേഖലയായ ഇന്തോനേഷ്യൻ ഭൂപകൃതിയെ സൂചിപ്പിക്കുന്നു.

കൂട്ടുകറികളിലെ വിഭവങ്ങളും പ്രതീകാത്മകമാണ്. കിഴങ്ങുവർഗ്ഗങ്ങൾ മണ്ണിനെ അനുസ്മരിക്കുന്നു. കോഴി, മാട്, മുട്ട എന്നിവയുടെ ഉല്പന്നങ്ങൾ ജന്തുലോകത്തെയും, മൽസ്യം സമുദ്രത്തെയും സൂചിപ്പിക്കുന്നു.

കൂട്ടുകറികൾ

തിരുത്തുക
  • പച്ചക്കറികൂട്ട് - ഉറാപ്പ് (Urap)
  • പൊരിച്ച കോഴി - അയം ഗോറെങ് (Ayam Gorang)
  • മധുരം/എരിവ് ചേർത്ത വറുത്ത മാട്ടിറച്ചി
  • സോയ സോസ്സ് മുക്കിയ ബീഫ്
  • നിലക്കടല ചേർത്തുള്ള മൽസ്യവിഭവം
  • ചെമ്മീൻ പൊരിച്ചത്
  • മുട്ടപുഴുങ്ങിയത്/പൊരിച്ചത്
  • കിഴങ്ങ് വർഗ്ഗങ്ങൾ

തുടങ്ങിയവ പ്രചാരത്തിലുള്ള കൂട്ടുകറികൾ ചിലത് മാത്രമാണ്

തുംപെങ് വൈവിധ്യം

തിരുത്തുക

വിശിഷ്ടാവസങ്ങൾക്കനുസരിച്ച് തുംപെങിന്റെ ഘടനയിലും ഉള്ളടക്കത്തിലും വൈവിധ്യം  പ്രകടമാവുന്നു.

  • തുംപെങ് റൊബ്യോങ്(Tumpeng Robyong): വധുവിനെ ആശീർവദിക്കുന്ന ജാവൻ  ചടങ്ങായ സിറാമൻ വേളകളിലാണ് ഈ തുംപെങ് ചോറ് പാരമ്പര്യമായി വിളമ്പിയിരുന്നത്. ബാക്കുൽ എന്ന പരന്ന മുളപാത്രത്തിൽ വിളമ്പുന്ന ചോറുകുന്നിനു മുകളിൽ മുട്ട, കൊഞ്ചുചമ്മന്തി, മുളക് എന്നിവയുണ്ടായിരിക്കും
  • തുംപെങ് നുജുഹ്ബുലാൻ(Tumpeng Nujuh Buan): ഏഴാം മാസത്തെ ഗർഭകാല ചടങ്ങിലാണ് ഈ തുംപെങ് വിളമ്പുന്നത്. ഒരു കുന്നിനു ചുറ്റും ആറ് ചെറുകുന്നുകൾ ഏഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്നു.
  • തുംപെങ് പുങ്കുർ(Pungkur): അവിവാഹിതരായി മരിക്കുന്ന സ്ത്രീ/പ്രുരുഷന്മാരുടെ അനുസ്മരണ ചടങ്ങിലാണിത് വിളമ്പുന്നത്. പച്ചക്കറികളാൽ അലങ്കൃതമായ ചോറിൻ കുന്ന് നടുകെ രണ്ടായി മുറിച്ച് രണ്ട് പകുതികളും ചേർത്ത് വെയ്ക്കുന്നു.
  • തുംപെങ് പുതിഹ്(Putih): വെളുത്ത തുംപെങ്. വെള്ളരിച്ചോറ് കൊണ്ടുള്ളതാണിത്. വെള്ള നിറം പരിപാവനതെയെ സൂചിപ്പിക്കുന്നു. പല പരിശുദ്ധ ചടങ്ങുകളിൽ ഈ തുംപെങാണ് വിളമ്പുക.
  • തുംപെങ് കുനിങ്(Kuning): മഞ്ഞ ചോറാണ് ഇതിലുപയോഗിക്കുന്നത്. മഞ്ഞളിൽ മുക്കിയുണ്ടാക്കുന്ന ഈ സ്വർണ്ണ നിറമുള്ള ചോറ്, സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാകുന്നു. ജനനം, വിവാഹ നിശ്ചയം, വിവാഹം, ഈദ്, ക്രിസ്മസ്സ് തുടങ്ങിയ ആഹ്ലാദവേളകളിലാണ് വിളമ്പുക.
  • തുംപെങ് ഉദുക്ക്(Uduk): തേങ്ങാപാലിൽ വേവിച്ച ചോറാണ് ഉദുക്ക്.നബിദിന ചടങ്ങിലാണ് (ഈദ് മിലാദ്) ഇത് വിളമ്പുന്നത്.
  • തുംപെങ് മൊഡിഫിക്കാസി(Modifikasi): അവസരത്തിനനുസരിച്ചും, ഇഷ്ടമനുസരിച്ചും വ്യത്യാസപ്പെടുത്തിയുണ്ടാക്കാവുന്ന വിഭവമാണിത്.  

ആധുനിക കാലത്ത്

തിരുത്തുക

പാശ്ചാത്യലോകം പ്രചാരത്തിലാക്കിയ ബർത്ത്ഡേ കേക്കിന്റെ ഇന്തോനേഷ്യൻ പതിപ്പായി ഇന്ന് തുംപെങ് മാറിയിരിക്കുന്നു. ഏത് സന്തോഷ വേളകളിലും, കൂടിച്ചേരലുകളിലും തുംപെങ് സാന്നിധ്യം അറിയിക്കുന്നു. കുറിക്കല്യാണം, കരയോഗങ്ങൾ, യാത്രയയപ്പ്, അരങ്ങേറ്റങ്ങൾ, എന്നിങ്ങനെയുള്ള ഏത് സന്ദർഭങ്ങളിലും തുംപെങ് വിഭവമാകുന്നു.[4]

സ്വാതന്ത്ര്യദിനം, വനിതാവിമോചന ദിനം തുടങ്ങിയ വേളകളിൽ തുംപെങ് പാചക മൽസരങ്ങൾ പതിവാണ്. കാഴ്ചയിലും സ്വാദിലും മികവ് പുലർത്തുന്നവ തയ്യാറാക്കുന്നവരാണ് ജേതാക്കൾ.

ദേശീയ വിമാന സർവ്വീസായ ഗരുഡ, 2009 മുതൽക്ക് ദേശീയ ആതിഥേയതിന്റെ പ്രതീകമായി തുംപെങ് യാത്രികർക്ക് നൽകി തുടങ്ങി.[5]

സിങ്കപ്പൂർ, നെതർലാൻഡസ് തുടങ്ങിയ ചില വിദേശ രാജ്യങ്ങളിലെ ഇന്തോനേഷ്യൻ ഭക്ഷണശാലകളിൽ ഇന്ന് തുംപെങ് ലഭ്യമാണ്.

ജക്കാർത്തയിലുള്ള പൂർണ ഭക്തി പെർത്ത്വി മ്യൂസിയം (Purna Bhakti Pertiwi Museum) ഉണ്ടാക്കിയിരിക്കുന്നത് തുംപെങ് ആകൃതിയിലാണ്. 

  1. Riyan (8 April 2013). "The Rice Cone or "Nasi Tumpeng", Traditional Rice Cone, the Pride of Indonesia". Describe Indonesia. Archived from the original on 2019-03-30. Retrieved 11 June 2014.
  2. "Tumpeng, Ikon Kuliner Indonesia" (in Indonesian). Travel Kompas.com. 22 April 2013. Retrieved 11 June 2014.{{cite web}}: CS1 maint: unrecognized language (link)
  3. Folklore, Javanese. "What Tumpeng Means for us Indonesian". www.indonesiapa.com. Indonesiapa Webzine. Archived from the original on 2014-07-14. Retrieved 12 July 2014.
  4. McAuliffe, Annelise. "A Look at Birthday Cakes from Around the World". Honest Cooking, Gastronomy and Travel. Retrieved 20 July 2014.
  5. "Garuda Indonesia Experience - Penerbangan yang Mencerminkan Indonesia" (in Indonesian). garudamagazine.com. Retrieved 11 June 2014.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തുംപെങ്&oldid=3959714" എന്ന താളിൽനിന്ന് ശേഖരിച്ചത്