തിരുമാറാടി ശിവക്ഷേത്രം
എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിൽ പിറവത്തു നിന്ന് കൂത്താട്ടുകുളത്തു പോകുന്ന മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുമാറാടി ശിവക്ഷേത്രം. ശ്രീകോവിൽ കിഴക്കു ദർശനമായി സ്ഥിതിചെയ്യുന്നു. ദിവസേന മൂന്ന് പൂജ നടത്തപ്പെടുന്നു. ഗണപതിയും അയ്യപ്പനും സുബ്രഹ്മണ്യനുമാണ് ഉപദേവതകൾ. കിടങ്ങശ്ശേരി ഇല്ലക്കാരനാണ് ക്ഷേത്രത്തിലെ തന്ത്രി. ഉത്സവം എട്ട് ദിവസം നീണ്ടു നില്ക്കുന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ആറാട്ട്.
കാട്ടാമ്പിള്ളി, കിഴക്കില്ലം, എടയാറ്റുപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നീ ഇല്ലക്കാരുടെ വകയായിരുന്നു ഈ ക്ഷേത്രം. ഇതിനടുത്തുള്ള എടപ്രക്കാവും ഈ ഇല്ലക്കാരുടെ തന്നെ വകയായിരുന്നു. എടപ്രക്കാവിൽ തൂക്കം കുത്തുന്നതിനെച്ചൊല്ലി കിഴക്കില്ലം പിടിവാശി പിടിച്ചപ്പോൾ കാഞ്ഞിരപ്പള്ളി മനക്കാർ ആമ്പശ്ശേരിക്കാവിൽ പ്രതിഷ്ഠ നടത്തി ഊരാളസ്ഥാനം ഒഴിഞ്ഞു എന്ന് പഴമക്കാർ കരുതുന്നു. കാട്ടാമ്പിള്ളിയും എടയാറ്റുപ്പിള്ളിയും അന്യം നിന്നു.
എടപ്രക്കാവിൽ ഭഗവതിയുടെ ദർശനം കിഴക്കോട്ടാണ്. അവിടത്തെ വിഗ്രഹം ദാരു നിർമിതമാണ്. ഈ കാവിൽ കുംഭമാസത്തിൽ അശ്വതി, ഭരണിനാളുകളിൽ തൂക്കം നടത്തിവരുന്നു. 1965 മുതൽ ക്ഷേത്രഭരണം നടത്തുന്നത് ദേവസ്വം ബോർഡാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുമാറാടി ശിവക്ഷേത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |