ജീവകചിന്താമണി എന്ന ഇതിഹാസ കാവ്യത്തിന്റെ കർത്താവായ തമിഴ് ജൈനകവിയാണ് തിരുത്തകത്തേവർ [1]. തിരുത്തക മുനിവൻ, തിരുത്തക മുനിവർ, തിരുത്തക മാമുനിവർ, തേവർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലം ക്രി.മു. 900-ത്തിനു മുമ്പായിരുന്നുവെന്നും അതിനുശേഷമായിരിക്കാമെന്നും രണ്ടഭിപ്രായങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കാലം, സ്ഥലം, പുരസ്കർത്താക്കൾ എന്നിവ സംബന്ധിച്ച വ്യക്തമായ പരാമർശങ്ങൾ തമിഴ് കൃതികളിൽ പൊതുവേ കാണുന്നില്ല. മൈസൂറിലെ ശ്രവണബെലഗോളയിലുളള ശിലാശാസനത്തിൽ ഗുണഭദ്രനുശേഷമായിരുന്നു ചിന്താമണിയുടേയും ചൂഢാമണിയുടേയും കർത്താക്കളുടെ കാലമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണഭദ്രൻ ചിന്താമണിയുടെ കർത്താവിന്റെ ഗുരുവും അദ്ദേഹം പരാമർശിച്ചിട്ടുളള നാടുവാഴിയും ആയിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ കാലം പത്താം ശതകമായിരിക്കണം.

ജീവകചിന്താമണിയുടെ വ്യാഖാതാവായ നച്ചിനാർക്കിനിയാർ

എന്ന് ആമുഖത്തിൽ പറഞ്ഞിരിക്കുന്നതും ഏകദേശം മേല്പറഞ്ഞ കാലത്തേയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിലെ അവസാന പദ്യത്തിന്റെ വ്യാഖ്യാനത്തിൽ 'ചോഴകുലമാകിയ കടലിലേ പിറന്തവലംപുരി' എന്നു പറഞ്ഞിരിക്കുന്നതിനാൽ ഇദ്ദേഹം ചോഴകുലത്തിൽപ്പെട്ടവനാണെന്നും 'വൻ പെരുവഞ്ചി പൊയ്യാമൊഴിപ്പുകഴ് മെയ്യറു ചീർത്തിത്തിരുത്തക മുനിവർ' എന്നു പറഞ്ഞിരിക്കുന്നതിനാൽ വഞ്ചിയെന്ന സ്ഥലത്തുളള പൊയ്യാമൊഴി എന്ന ആളായി പ്രശംസിക്കപ്പെട്ടിരുന്നു എന്നും മനസ്സിലാക്കാം. ഈ പൊയ്യാമൊഴി 'സത്യവാക്' എന്ന രാജാവുമായിരിക്കാം.

തിരുത്തകത്തേവരെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഗുരുവിനും വലിയ മതിപ്പാണ് ഉണ്ടായിരുന്നത്. ജീവകചിന്താമണിയിലെ 3143-ാമത്തെ പദ്യത്തിലെ 'മുഖം മുതലാ' എന്ന പ്രയോഗം ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ചിന്താമണിയുടെ രചനയ്ക്കു മുമ്പ് കുറുനരിയെക്കുറിച്ചുളള നരിവിരുത്തം രചിച്ച് അദ്ദേഹം തന്റെ കവനപാടവം ഗുരുവിനെ ബോധ്യപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്.

ചരിത്രം

തിരുത്തുക

തിരുത്തകത്തേവരെക്കുറിച്ച് തമിഴ്നാട്ടിലെ ജൈനന്മാർക്കിടയിൽ പ്രചരിച്ചുവരുന്ന ചരിത്രം ഇപ്രകാരമാണ്. ചോഴകുലത്തിൽ ജനിച്ച തമിഴ് സംസ്കൃത പണ്ഡിതനായിരുന്നു തിരുത്തകത്തേവർ. ആറുവിധ ജൈനകൃതികളും പഠിച്ച് ചെറുപ്പത്തിലേ സന്ന്യാസം സ്വീകരിച്ചു. ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു. അവിടത്തെ സംഘം കവികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പ്രശംസ നേടി. ഇതു കടസംഘമായിരുന്നില്ല. ഒരു ദിവസം ആ കവികൾ ഇദ്ദേഹത്തോട് ജൈനകവികൾ ഭക്തികാവ്യങ്ങൾ രചിക്കുന്നതിൽ സമർഥരാണെങ്കിലും രതിപ്രധാനകാവ്യങ്ങൾ രചിക്കാൻ കഴിയാത്തവരാണെന്ന് അഭിപ്രായപ്പെട്ടു. അതിന് രതിപരമായ കാര്യങ്ങളിൽ വൈരാഗ്യം കാണിക്കുന്നു എന്നല്ലാതെ രതിപ്രധാനകാര്യങ്ങൾ രചിക്കാൻ കഴിയാത്തവരല്ല ജൈനകവികൾ എന്നു മറുപടിയും പറഞ്ഞു. അങ്ങനെയാണെങ്കിൽ തേവർ ഒരുകാവ്യം രചിച്ച് തെളിയിക്കാൻ അവർ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ രചിക്കപ്പെട്ട കാവ്യമാണ് ചിന്താമണി. ഗുരുതന്നെ 'ചെമ്പൊൻ വരൈമേൽ'എന്ന ദൈവസ്തുതിയും 'മുനീർ വലംപുരി'എന്ന സമർപ്പണ പദ്യവും രചിച്ചുകൊടുക്കുകയും ചെയ്തു. പണ്ഡിതസദസ്സിലാണ് ചിന്താമണി അരങ്ങേറിയത്.

ജീവകചിന്താമണി

തിരുത്തുക

അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണ് ജീവകചിന്താമണിയുടെ ഇതിവൃത്തം. തമിഴിലെ വിരുത്തം വൃത്തത്തിൽ 13 സർഗങ്ങളിലായി രചിക്കപ്പെട്ടിട്ടുളള ഈ കാവ്യത്തിൽ ജീവകന്റെ ജനനം മുതൽ ഭരണം, വിവാഹങ്ങൾ തുടങ്ങി സർവസംഗപരിത്യാഗിയാകുന്നതുവരെയുളള വസ്തുതകൾ അവതരിപ്പിച്ചിരിക്കുന്നു. വിലാപങ്ങളുടെ ഇതിഹാസം എന്നാണ് ഈ കൃതിയെ നിരൂപകർ വിശേഷിപ്പിക്കുന്നത്. പ്രേമോപാഖ്യാനങ്ങൾ ആകർഷകമായ ഭാഷയിൽ സംഗീതാത്മകമായി അവതിരപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത.

ജൈനസന്ന്യാസിയാണെങ്കിലും പ്രേമോപാഖ്യാനത്തിന് സ്പഷ്ടമായ വിശദീകരണം നല്കിയിരിക്കുന്നതു കാരണം കവിയുടെ ബ്രഹ്മചര്യത്തെപ്പോലും ജനങ്ങൾ സംശയിക്കുകയുണ്ടായി. അപ്രകാരം സംശയിച്ചവരുടെ മുമ്പിൽ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് കയ്യിലെടുത്തു തഴുകിയിട്ട് കൈ പൊളളാതിരിക്കുന്നതു കാണിച്ചു കൊടുത്തു. ഈ സംഭവം ശ്രേഷ്ഠമായ സന്ന്യാസി എന്ന ഖ്യാതി നേടിക്കൊടുത്തു. ഇദ്ദേഹത്തിന്റെ കവിതാരീതി പില്ക്കാല കവികൾക്ക് അടിസ്ഥാന മാതൃകയാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-13. Retrieved 2013-01-18.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുത്തക്കത്തേവർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുത്തക്കത്തേവർ&oldid=3633830" എന്ന താളിൽനിന്ന് ശേഖരിച്ചത്