തിയോഡോറ ക്രാജെവ്‌സ്ക (മുമ്പ്, കോസ്‌മോവ്‌സ്ക, തിയോഡോറ എന്ന പേര് ജർമ്മൻവൽക്കരിക്കപ്പെട്ടത്; 1854-1935) പോളണ്ടിൽ ജനിച്ച ഒരു ഓസ്‌ട്രോ-ഹംഗേറിയൻ ഡോക്ടറും എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്നു.

തിയോഡോറ ക്രാജെവ്‌സ്ക
ജനനം
തിയോഡോറ കോസ്മോവ്സ്ക

1854
മരണം5 സെപ്റ്റംബർ 1935(1935-09-05) (പ്രായം 80–81)
വാഴ്സോ, പോളണ്ട്
അന്ത്യ വിശ്രമംപോവാസ്കി സെമിത്തേരി, വാർസോ
ദേശീയതപോളിഷ്
കലാലയംജനീവ സർവകലാശാല
തൊഴിൽവൈദ്യൻ, എഴുത്തുകാരി, അധ്യാപിക
ജീവിതപങ്കാളി(കൾ)ആന്റണി ക്രാജെവ്സ്കി (1876–1880, അദ്ദേഹത്തിൻറെ മരണംവരെ)
മാതാപിതാക്ക(ൾ)
  • ഇഗ്നസി കോസ്മോവ്സ്കി (പിതാവ്)
  • സെവെറിന ഗ്ലോവ്‌സിൻസ്‌ക (മാതാവ്)

ചെറുപ്പകാലത്ത്, ക്രാജെവ്സ്ക വിദ്യാലയങ്ങളിൽ ജോലി ചെയ്തതോടൊപ്പം നോവലുകൾ രചിക്കുകയും ചെയ്തു. 1883-ൽ വൈദ്യശാസ്ത്ര പഠനത്തിനായി സ്വിറ്റ്‌സർലൻഡിലേക്ക് മാറിക്കൊണ്ട് അവൾ തന്റെ കുടുംബത്തെ അത്ഭുതപ്പെടുത്തി. 1892-ൽ, ബോസ്നിയ ഹെർസഗോവിനയിൽ പൊതുജനാരോഗ്യ രംഗത്ത് ഉദ്യോഗസ്ഥയായി ജോലി ചെയ്യാൻ ഓസ്ട്രിയ-ഹംഗറി അധികൃതർ അവളെ ചുമതലപ്പെടുത്തി. ബോസ്നിയ, ഹെർസഗോവിന, ഓസ്ട്രിയ-ഹംഗറി എന്നിവിടങ്ങളിൽ വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആദ്യ വനിതകളിൽ ഒരാളായ ക്രാജെവ്സ്ക പ്രധാനമായും പ്രത്യേകതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകുമെന്ന് അവർ കരുതിയിരുന്ന ബോസ്നിയൻ മുസ്ലീം വനിതകളെയാണ് പ്രധാനമായും ചികിത്സയ്ക്ക് വിധേയമാക്കിയത്. സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും മുസ്ലീം സമുദായത്തിലെ ആചാരങ്ങളെക്കുറിച്ചും ക്രാജെവ്സ്ക അക്കാലത്ത് വിശദമായ കുറിപ്പുകൾ എഴുതിയിരുന്നു. 1989-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾ മുസ്‌ലിംകൾക്ക് ആ കാലഘട്ടത്തിലുണ്ടായിരുന്ന സാധാരണമായിരുന്ന രക്ഷാകർതൃ മനോഭാവം വെളിപ്പെടുത്തുന്നവയായിരുന്നു. ആസ്ട്രോ-ഹങ്രേറിയൻ സാമ്രാജ്യത്തിൻറെ തകർച്ചയ്ക്ക് ശേഷം ക്രാജെവ്‌സ്ക ബോസ്നിയയിൽ താമസം തുടർന്നുവെങ്കിലും കാഴ്ചശക്തി നഷ്ടപ്പെട്ടത് 1922-ൽ വിരമിക്കാൻ അവളെ നിർബന്ധിതയാക്കി. 1928-ൽ അവൾ വാർസോയിലേക്ക് മടങ്ങിപ്പോകുകയും, പിന്നീട് ഈ തീരുമാനത്തിൽ ഖേദിച്ച അവർ അവിടെവച്ച് അന്തരിക്കുകയും ചെയ്തു.

കുടുംബവും വിദ്യാഭ്യാസവും തിരുത്തുക

മുമ്പ് റഷ്യൻ പോളണ്ടിന്റെ ഭാഗമായിരുന്ന വാർസയിലെ ഒരു ബുദ്ധിജീവികളുടെ കുടുംബത്തിലാണ് തിയോഡോറ കോസ്മോവ്സ്ക എന്ന പേരിൽ അവർ ജനിച്ചത്. പിതാവ്, ഇഗ്നസി, ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി ചെയ്തപ്പോൾ മാതാവ് സെവെറിന (മുമ്പ്, ഗ്ലോവ്സിൻസ്ക) ദമ്പതികളുടെ എട്ട് പെൺമക്കളെ പോറ്റി വളർത്തുന്നതിൽ ശ്രദ്ധിച്ചു. ഈ കുടുംബം സ്കോഡോവ്സ്കിസുമായി സുഹൃത്തുക്കളായിരുന്നതിനാൽ, അവരുടെ മകൾ മരിയ കോസ്മോവ്സ്കി കുടുംബത്തിലെ പെൺമക്കളോടൊപ്പം കളിച്ചുവളർന്നു.[1] വാഴ്സോയിലെ പ്രശസ്തമായ വനിതാ ജിംനേഷ്യത്തിൽ നിന്ന്[2] ബിരുദം നേടിയ ശേഷം, തിയോഡോറ കോസ്മോവ്സ്ക ടീച്ചർ പരീക്ഷയിൽ വിജയിക്കുകയും ജിംനേഷ്യം വിദ്യാർത്ഥികളെ ഗണിതശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.[3] 1876-ൽ ക്ലാസിക്കൽ ഫിലോളജി പ്രൊഫസറായ ഇഗ്‌നസി ക്രാജെവ്‌സ്‌കിയെ വിവാഹം കഴിച്ചതോടെ അവൾ തൻറെ ജോലി ഉപേക്ഷിച്ചു.[4][5] എഴുത്തുകാരനായ അലക്‌സാണ്ടർ സ്വിറ്റോചോവ്‌സ്‌കി, സ്‌കോഡോവ്‌സ്‌കിസ് എന്നിവരുൾപ്പെടെയുള്ള ബുദ്ധിജീവി വർഗ്ഗത്തിലെ വിവിധ അംഗങ്ങളെ ദമ്പതികൾ അവരുടെ വീട്ടിൽ സ്വീകരിച്ചിരുന്നു. നോവലുകൾ, കവിതകൾ, സാഹിത്യ നിരൂപണങ്ങൾ എന്നിവ എഴുതാനും വിവർത്തനം ചെയ്യാനും ഈ ബന്ധങ്ങൾ ക്രാജെവ്സ്കയെ സ്വാധീനിച്ചു.[6]

1881-ൽ ഭർത്താവിന്റെ മരണം ക്രാജെവ്‌സ്കയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ആദ്യം തന്റെ അധ്യാപന ജീവിതം പുനരാരംഭിച്ചതോടൊപ്പം, അമ്മായിമാരായ ലിയോകാഡിയയും ബ്രോണിസ്‌ലാവ കോസ്‌മോവ്‌സ്കയും നടത്തുന്ന ഒരു സ്വകാര്യ ജിംനേഷ്യത്തിൽ ജോലിയെടുത്ത് അവർ നോവലുകൾ എഴുതുന്നത് തുടർന്നു. അക്കാലത്തെ യുവ പോളിഷ് വിധവകൾ പുനർവിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവങ്കിലും ക്രജെവ്സ്ക സാമൂഹിക മാനദണ്ഡങ്ങൾക്കും മാതാപിതാക്കളുടെ ഇംഗിതത്തിനും വിരുദ്ധമായി പ്രവർത്തിച്ചു. 1883-ൽ വാർസോ വിട്ടുപോയ ക്രാജെവ്‌സ്ക  സ്വിറ്റ്സർലൻഡിലേക്ക് പോയി അവിടെ ജനീവ സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. ക്രാജെവ്‌സ്ക ആദ്യം ഫിസിയോളജി പഠിക്കുകയും, സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ടീച്ചിംഗ് അസിസ്റ്റന്റായതിനേത്തുടർന്ന് വൈദ്യശാസ്ത്ര പഠനവും നടത്തി. സ്വിറ്റ്സർലൻഡിലെ പോളിഷ് പ്രവാസികളുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന അവർ അസോസിയേഷൻ ഓഫ് പോളിഷ് സ്റ്റുഡൻറ്സ് എന്ന സംഘടനയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ക്രാജെവ്‌സ്ക 1891-ൽ തന്റെ അവസാനവർഷ പരീക്ഷകളിൽ വിജയിക്കുകയും അടുത്ത വർഷം ഡോക്ടറൽ പ്രബന്ധത്തിന് അവാർഡ് ലഭിക്കുകയും ചെയ്തുവെങ്കിലും, ഡിപ്ലോമയുടെ നോസ്ട്രിഫിക്കേഷൻ നേടാനോ മാതൃരാജ്യത്ത് മെഡിസിൻ പ്രാക്ടീസ് ചെയ്യാനോ അവൾക്ക് കഴിഞ്ഞില്ല. അതിനാൽ, പുതുതായി അധിനിവേശം ചെയ്യപ്പെട്ട ബോസ്നിയയ ഹെർസഗോവിനയിൽ ജോലി ചെയ്യാൻ വനിതാ ഫിസിഷ്യൻമാരെ അന്വേഷിക്കുന്ന ഓസ്ട്രോ-ഹംഗേറിയൻ അധികാരികളുടെ വിജ്ഞാപനത്തോടെ  പ്രതികരിക്കാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

മെഡിക്കൽ ജീവിതം തിരുത്തുക

1892 നവംബർ 28-ലെ രാജകീയ ഉത്തരവ് പ്രകാരം തിയോഡോറ ക്രാജെവ്‌സ്കയെ ക്യാപ്റ്റൻ റാങ്കോടെ ടുസ്‌ല ജില്ലയിലെ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥയായി (അംതാർസ്‌റ്റിൻ) തിരഞ്ഞെടുത്തു. പ്രസവ ചികിത്സ, ഗൈനക്കോളജിക്കൽ നടപടിക്രമങ്ങളിൽ പരിചയം നേടുന്നതിനായി, വിയന്നയിലെ ഒരു ക്ലിനിക്കിൽ അവർ പരിശീലനം നേടി. അക്കാലത്ത് ഓസ്ട്രിയ-ഹംഗറിയിൽ സ്ത്രീകൾക്ക് മെഡിസിൻ പഠിക്കാനോ പരിശീലിക്കാനോ കഴിയുമായിരുന്നില്ല, നേരേ മറിച്ച് ബോസ്നിയ ഹെർസഗോവിനയിൽ സാധ്യമായിരുന്നുവെങ്കിലും, അവിടെ മുസ്ലീം സ്ത്രീകൾ പുരുഷ ഡോക്ടർമാരാൽ ചികിത്സിക്കപ്പെടാൻ വിസമ്മതിച്ചു. ബോസ്നിയ ഹെർസഗോവിനയിലെ മാത്രമല്ല, ഓസ്ട്രിയ-ഹംഗറിയിലെയും ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു ക്രാജെവ്സ്ക. ബോസ്നിയൻ സ്ത്രീകളെ ചികിത്സിക്കാൻ നിയമിക്കപ്പെട്ട ആകെയുള്ള ഏഴ് സ്ത്രീകളിലെ മൂന്ന് റഷ്യൻ പൗരന്മാരിൽ ഒരാളും രണ്ട് വംശീയ പോളീഷുകാരിൽ ഒരാളുമായിരുന്നു ക്രാജെവ്സ്ക. തന്റെ ഓഫീസിൽ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ്, ക്രാജെവ്സ്കയ്ക്ക് ഓസ്ട്രോ-ഹംഗേറിയൻ പൗരത്വം എടുക്കേണ്ടി വന്നു. സൈനിക മേധാവികളുമായുള്ള അടിക്കടിയുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നിയമനത്തിന് തൊട്ടുപിന്നാലെ രാജിവച്ച ചെക്ക് സ്വദേശി അന്ന ബയേറോവയുടെ പിൻഗാമിയായി അവർ സ്ഥാനമേറ്റെടുത്തു. മുഖ്യമായും ബോസ്നിയൻ മുസ്ലീം സ്ത്രീകളെ പരിപാലിക്കാൻ ബയേറോവ തയ്യാറായില്ല, എന്നാൽ അവളുടെ മേലുദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നതുപോലെ, ക്രാജെവ്സ്ക ആ ദൗത്യം ഏറ്റെടുത്തു.

വിരമിക്കൽ തിരുത്തുക

1914-ൽ സരയാവോയിലെ ക്രാജെവ്സ്കയുടെ വീട്ടിൽ നിന്ന് നൂറുകണക്കിന് മീറ്റർ അകലെയുണ്ടായി ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിന്റെ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധം ബോസ്നിയ ഹെർസഗോവിനയിൽ ഓസ്ട്രോ-ഹംഗേറിയൻ ഭരണം അവസാനിപ്പിച്ചു. ബോസ്നിയയിലെയും ഹെർസഗോവിനയിലെയും ഉയർന്ന വർഗ്ഗത്തിലെ ഭൂരിഭാഗം പോളീഷ് വംശജരും പുതുതായി സ്ഥാപിതമായ രണ്ടാം പോളിഷ് റിപ്പബ്ലിക്കിലേക്ക് മാറിയപ്പോൾ, ക്രാജെവ്സ്ക അവിടെത്തന്നെ തുടർന്നു. യുദ്ധസമയത്ത് തിമിരം മൂലം അവളുടെ കാഴ്ചശക്തി കുറഞ്ഞതോടെ പ്രാഗിൽ നടത്തിയ ഒരു ശസ്ത്രക്രിയ വിജയിച്ചില്ല. 1922 ആയപ്പോഴേക്കും അവൾക്ക് ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു.

ഡയറി തിരുത്തുക

നിരവധി റിപ്പോർട്ടുകളും വിശദമായ ഡയറിയും അവശേഷിപ്പിച്ചുകൊണ്ടാണ് ക്രാജെവ്‌സ്ക കടന്നുപോയത്. വാർദ്ധക്യത്തിൽ, ക്രാജെവ്സ്ക ഈ രചനകൾ അവളുടെ സുഹൃത്ത് സോഫിയ ഗ്രബോവ്സ്കയെ ഏൽപ്പിച്ചിരുന്നു. ക്രാജെവ്‌സ്കയുടെ അനന്തരവൻ, സ്ബിഗ്നീവ് ഡാനിയെലാക് അവളുടെ ഡയറി എഡിറ്റ് ചെയ്യുകയും 1989-ൽ പോളണ്ടിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൻറെ യഥാർത്ഥ കൈയെഴുത്തുപ്രതി ഒസോലിനിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അതിന്റെ ഭാഗങ്ങൾ ബോസ്നിയൻ എഴുത്തുകാരി മറീന ട്രൂമിച്ച് സെർബോ-ക്രൊയേഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കുന്നതിന് മുമ്പ് അവർ മരണമടഞ്ഞു.

അവലംബം തിരുത്തുക

  1. Lis, Tomasz Jacek. "Teodora Krajewska – bośniacka dr Quinn". o-historii.pl (in പോളിഷ്). Archived from the original on 2019-12-30. Retrieved 2023-01-05.
  2. Lis, Tomasz Jacek. "Teodora Krajewska – bośniacka dr Quinn". o-historii.pl (in പോളിഷ്). Archived from the original on 2019-12-30. Retrieved 2023-01-05.
  3. Tomašević, Dragana (30 April 2017). "Teodora Krajewska – prva liječnica u BiH". stav.ba (in സെർബോ-ക്രൊയേഷ്യൻ).
  4. Lis, Tomasz Jacek. "Teodora Krajewska – bośniacka dr Quinn". o-historii.pl (in പോളിഷ്). Archived from the original on 2019-12-30. Retrieved 2023-01-05.
  5. Tomašević, Dragana (30 April 2017). "Teodora Krajewska – prva liječnica u BiH". stav.ba (in സെർബോ-ക്രൊയേഷ്യൻ).
  6. Tomašević, Dragana (30 April 2017). "Teodora Krajewska – prva liječnica u BiH". stav.ba (in സെർബോ-ക്രൊയേഷ്യൻ).
"https://ml.wikipedia.org/w/index.php?title=തിയോഡോറ_ക്രാജെവ്‌സ്ക&oldid=3867294" എന്ന താളിൽനിന്ന് ശേഖരിച്ചത്