തായുമാനവർ
തായുമാനവർ ഒരു തമിഴ് ശൈവകവിയായിരുന്നു (1705 - 1742). തമിഴ്നാട്ടിലെ തിരുമറൈക്കാട് (വേദാരണ്യം) എന്ന സ്ഥലത്ത് വേളാളർ കുലത്തിൽ ജനിച്ചു. പിതാവ് കേടിലിയപ്പപ്പിള്ളൈ. മാതാവ് ഗജവല്ലിയമ്മ. തിരുച്ചിറപ്പള്ളിയിലെ തായുമാനവർക്ഷേത്രത്തിൽ പ്രാർഥിച്ചു ലഭിച്ച മകനായതുകൊണ്ട് മാതാപിതാക്കൾ തായുമാനവർ എന്ന പേരു നൽകി.
ചരിത്രം
തിരുത്തുകസംസ്കൃതത്തിലും തമിഴിലും തികഞ്ഞ പാണ്ഡിത്യം നേടി. വിജയനഗര ഭരണാധിപനായിരുന്ന വിജയനഗര ചൊക്കരംഗന്റെ മന്ത്രിയായിരുന്നു പിതാവ്. പിതാവിന്റെ മരണാനന്തരം രാജാവിന്റെ അഭ്യർഥന മാനിച്ച് മന്ത്രിസ്ഥാനം ഏറ്റെടുത്തു. ഭരണാധികാരി ആയിരുന്ന നായിക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവ തായുമാനവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇദ്ദേഹം അതിനു വഴങ്ങിയില്ല. മടുവാൻകുഴലി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതിൽ കനകഭസാപതി എന്ന പുത്രൻ ജനിച്ചു. ഭാര്യയുടെ മരണാനന്തരം തിരുച്ചിറപ്പള്ളിയിലുണ്ടായിരുന്ന മൌന സന്ന്യാസിയായ ഗുരുമൂർത്തിയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു. തുടർന്ന് സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും ധ്യാനവും പൂജയും നടത്തുന്നതിലും പാട്ടുകൾ രചിക്കുന്നതിലും ശിഷ്യർക്ക് ഉപദേശം നൽകുന്നതിലും മുഴുകി.
ശിവഭക്തൻ
തിരുത്തുകതികഞ്ഞ ശിവഭക്തനായിരുന്നു തായുമാനവർ. എന്നാൽ ഇദ്ദേഹത്തിന്റെ ഭക്തി ക്ഷേത്രങ്ങളേയും വിഗ്രഹങ്ങളേയും അധികരിച്ചായിരുന്നില്ല. സർവശക്തനായ ദൈവത്തിലായിരുന്നു ശ്രദ്ധവച്ചിരുന്നത്. എല്ലാ മതങ്ങളേയും ഒന്നുപോലെ കാണാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ശൈവമതമാണ് മതമെന്നു പറയുന്നുണ്ടെങ്കിലും മറ്റു മതങ്ങളിലും ദൈവം കളിയാടുന്നുണ്ടെന്ന് ഇദ്ദേഹം വിശ്വസിച്ചു.
പ്രസിദ്ധനായ കവി
തിരുത്തുകസിദ്ധർ വിഭാഗത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയാണ് തായുമാനവർ. അത്ഭുതകരവും അനിതരസാധാരണവുമായ ദർശനം ലഭിച്ച ആളായിരുന്നു ഇദ്ദേഹം. ശൈവസന്ന്യാസിയായ തായുമാനവർ വേദാന്തസിദ്ധാന്തങ്ങളെ സമരസപ്പെടുത്തിക്കൊണ്ട് കാവ്യരചന നടത്തി. ധ്യാനനിരതനായ യോഗിയുടെ ആത്മാവിഷ്കാരമാണ് കാവ്യങ്ങൾ. മതപരമായ കാവ്യശാഖയിലെ ഒരു വല്ലഭനായിരുന്നു ഇദ്ദേഹം. തത്ത്വചിന്തയുടെ സങ്കീർണതകൾ വളരെ ലഘുവായും വിശ്വസനീയമായുമാണ് കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. നാടൻപാട്ടുകളുടെ രീതിയിലാണ് കാവ്യരചന. കവിതകളിൽ സംസ്കൃതത്തിന്റെ അംശം വളരെയേറെ കാണാം. എന്നാൽ നല്ല കവിതകളിൽ തമിഴ് ഭാഷയുടെ ശുദ്ധിയും ചാതുര്യവും ഉണ്ട്. സംസ്കൃതത്തിലും ഏതാനും കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആലപിക്കാവുന്നതാണ് പരാ പരക്കണ്ണികൾഎന്ന ഗാനം. തായുമാനവരുടെ കാവ്യരീതിക്ക് ഒരുദാഹരണം:
എന്റെ ഹ്യദയമാണു ക്ഷേത്രം;
എന്റെ ചിന്തകൾ സുഗന്ധദ്രവ്യം,
എന്റെ സ്നേഹം ദിവ്യജലം;
എന്റെ പ്രസാദം സ്വീകരിക്കാനായി വന്നാലും സർവശക്താ.
1742-ൽ തായുമാനവർ രാമേശ്വരത്ത് അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://davidgodman.org/rteach/Thayumanavar.pdf
- http://searchko.in/literature/ta-cached.jsp?idx=0&id=814[പ്രവർത്തിക്കാത്ത കണ്ണി]
- http://www.arunachala-ramana.org/forum/index.php?topic=5211.0 Archived 2010-07-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തായുമാനവർ (1705 - 42) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |