ബൈബിൾ ഉല്പത്തിപ്പുസ്തകത്തിലെ ആഖ്യാനമനുസരിച്ച്, ഇസ്രായേലിലെ ഗോത്രപിതാവായിരുന്ന യൂദായുടെ മരുമകളും, അയാൾക്കു പിറന്ന ഇരട്ടക്കുട്ടികളായ പെരേസ്, സേറാ എന്നിവരുടെ അമ്മയുമായിരുന്നു താമാർ. താമാർ എന്ന പേരിന് ഈന്തപ്പന എന്നാണർത്ഥം.[1] പുരാതന യൂദയായിലെ ഗോത്രാമര്യാദകളെക്കുറിച്ചും, അക്കാലത്ത് സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന നിലയെക്കുറിച്ചും വിലപ്പെട്ട അറിവുകൾ നൽകുന്ന സങ്കീർണ്ണമായ ഒരു കഥയിലെ കേന്ദ്രകഥാപാത്രമാണ് താമാർ.

യൂദായും താമാറും

രണ്ടു ഭർത്താക്കന്മാർ

തിരുത്തുക

മൂന്നാണ്മക്കളാണ് യൂദായ്ക്കുണ്ടായിരുന്നത്. അവരിൽ മൂത്തവനായ ഏർ കാനാൻകാരിയായ താമാറിനെ വിവാഹം കഴിക്കുന്നതായി ഉല്പത്തിപ്പുസ്തകം 38-ആം അദ്ധ്യായത്തിൽ പറയുന്നു. എങ്കിലും 'ഏറിന്റെ ദുഷ്ടതമൂലം" യഹോവ അയാളെ അല്പായുസ്സാക്കി. തുടർന്ന്,സഹോദരന്റെ വിധവയെ സന്താനവതിയാക്കാനുള്ള ഭതൃസഹോദരധർമ്മം (Levirite obligation)[2] നിറവേറ്റാൻ നിയോഗിക്കപ്പെട്ട രണ്ടാമത്തെ മകൻ ഒനാൻ, ആ സംഗമത്തിന്റെ സന്തതി ജ്യേഷ്ഠന്റേതായി കണക്കാക്കപ്പെടുമെന്നതിനാൽ ഭംഗസംയോഗത്തിലൂടെ (Coitus Interreptus) അതിനെ നിഷ്ഫലമാക്കി. ഓനാന്റെ നടപടിയെ ദുഷ്ടതയായി കണക്കാക്കിയ യഹോവ അയാളെയും അല്പായുസ്സാക്കി. തുടർന്ന് തന്റെ മൂന്നാമത്തെ മകൻ സീലായുടെ പ്രായപൂർത്തിവരെ കാത്തിരിക്കാനാവശ്യപ്പെട്ട് താമാറിനെ അവളുടെ പിതൃഭവനത്തിലേയ്ക്ക് തിരികെ അയച്ച യൂദാ, അവൻ വളർന്നതിനു ശേഷം ആ വാഗ്ദാനം മറന്നു.

യൂദായും താമാറും

തിരുത്തുക
 
യൂദായും താമാറും, 19-ആം നൂറ്റാണ്ടിലെ ഫ്രെഞ്ചു കലാകാരൻ ഹൊറേസ് വെർനെറ്റിന്റെ ചിത്രം

താമസിയാതെ ഭാര്യ മരിച്ച യുദാ ആ വേർപാടിന്റെ അനുശോചനകാലം കഴിഞ്ഞപ്പോൾ സമീപനഗരമായ തിംനായിൽ തന്റെ ആട്ടിൻപറ്റത്തിന്റെ രോമം കത്രിക്കാൻ പോകാനൊരുങ്ങി. ഇതറിഞ്ഞ താമാർ, തിംനായിലേക്കുള്ള വഴിയിലെ എനായിം എന്ന സ്ഥലത്തെ വഴിയോരത്ത് വേശ്യയുടെ ചമയങ്ങളോടെ മുഖാവരണമണിഞ്ഞ് കാത്തിരുന്നു. മൂടുപടം മൂലം മരുമകളെ തിരിച്ചറിയാതിരുന്ന യൂദാ, അവളുടെ സേവനം അഭ്യർത്ഥിച്ചു. സ്വന്തം മകന്റെ കാര്യത്തിൽ നടത്തിയ വാഗ്ദാനം നിറവേറ്റാതിരുന്ന അമ്മായിയപ്പൻ വഴി ഗർഭിണിയാവുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ സേവനത്തിനു വേതനമായി ഒരു ആടിനെ പറഞ്ഞൊത്ത യൂദാ, അതു കൊടുത്തയക്കാമെന്നുറപ്പു കൊടുക്കുകയും അതിനുറപ്പായി തന്റെ വടിയും മോതിരവും ഏല്പിച്ചുപോവുകയും ചെയ്തു.

 
യൂദായും താമാറും, 17-ആം നൂറ്റാണ്ടിൽ ഡച്ച് കലാകാരൻ അയെർട്ട് ഡി ഗെൽഡർ വരച്ച ചിത്രം

വടിയും മോതിരവും തിരികെ വാങ്ങാനായി ആടുമായി ചെന്ന യൂദായുടെ സേവകന് എനായിമിലെ വഴിയരികിലിരുന്ന വേശ്യയെ കണ്ടെത്താനായില്ല. അങ്ങനെയൊരുവളെ അവിടെയാർക്കും അറിവില്ലായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ, യൂദായിൽ നിന്നു ഗർഭിണിയായ താമാറിന്റെ സ്ഥിതി പരസ്യമായപ്പോൾ, മരുമകളെ ചുട്ടെരിക്കാൻ യൂദാ ഉത്തരവിട്ടു. അപ്പോൾ അവൾ പണയവസ്തുക്കൾ അമ്മായിയപ്പനു തിരികെ അയച്ചുകൊടുത്തിട്ട്, അവയുടെ ഉടമസ്ഥനിൽ നിന്നാണു താൻ ഗർഭിണിയായതെന്നു ബോധിപ്പിച്ചു.[3] അതോടെ യുദാ മരുമകളെ ശിക്ഷാമുക്തയാക്കുകയും തന്റെ പെരുമാറ്റത്തിലെ അനീതി ഏറ്റുപറയുകയും ചെയ്തു. "അവൾ എന്നേക്കാൾ നീതിയുള്ളവൾ" എന്നായിരുന്നു അയാളുടെ ഏറ്റുപറച്ചിൽ. അയാളുടെ ഭവനത്തിൽ അവളുടെ നില ഉറച്ചെങ്കിലും യൂദായും താമാറുമായി പിന്നീട് ഭാര്യാഭർതൃബന്ധം ഉണ്ടായില്ലെന്നും ഈ ആഖ്യാനം വ്യക്തമാക്കുന്നുണ്ട്.[4]

തുടർന്ന് താമാർ ഇരട്ടക്കുട്ടികളായ പെരെസ്, സേറാ എന്നിവരെ പ്രസവിച്ചു.[5] റെബേക്കയുടെ മക്കളായ എസ്സോവിന്റേയും യാക്കോബിന്റേയും ജനനത്തെക്കുറിച്ച് ഉല്പത്തിപ്പുസ്തകത്തിൽ തന്നെയുള്ള വിവരണവുമായി സാമ്യമുള്ളതാണ് ഇവരുടെ ജനനസന്ദർഭവും. സേറായുടെ കൈ ആദ്യം വെളിയിൽ വരുന്നതു കണ്ട സൂതികർമ്മിണി അതിന്മേൽ ഒരു ചുവപ്പുനൂൽ കെട്ടിയെങ്കിലും ആദ്യം ജനിച്ചതു പെരേസാണ്. ബൈബിളിലെ റൂത്തിന്റെ പുസ്തകം ഇസ്രായേലിലെ പ്രസിദ്ധനായ ദാവീദുരാജാവിന്റെ പൂർവികനാണു പെരെസ്. പുതിയനിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലുള്ള യേശുവിന്റെ വംശാവലി പുരോഗമിക്കുന്നത് യൂദായ്ക്ക് "താമാറിൽ നിന്നുജനിച്ച പെരേസ്" വഴിയാണ്[6].

കാലക്രമപ്രശ്നം

തിരുത്തുക

ഉല്പത്തിപ്പുസ്തകത്തിൽ താമാറിന്റെയും യൂദായുടേയും കഥ കാണുന്നത്, യൂദാ ഉൾപ്പെടെയുള്ള യാക്കോബിന്റെ മക്കൾ അനുജൻ ജോസഫിനെ ഈജിപ്തുകാർക്കു വിൽക്കുന്നതിന്റേയും ഈജിപ്തിലേക്കുള്ള യാക്കോബിന്റേയും മക്കളുടേയും കുടിയേറ്റത്തിന്റേയും വിവരണങ്ങൾക്കിടെയാണ്. ഈ സംഭവങ്ങൾക്കിടെയുള്ള കാലയിളവ് 22 വർഷമാണെന്നും താമാറിൽ യൂദായ്ക്കു പിറന്ന മക്കളുടെ മക്കൾ കൂടി ഈജിപ്തിലേയ്ക്കു പോയ 70 ഇസ്രായേൽക്കാരിൽ ഉൾപ്പെട്ടിരുന്നതിനാൽ താമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു മതിയായ സമയമല്ല അതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ കാലക്രമപ്രശ്നത്തിനു(Chronological problem) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങളിലൊന്ന് എബ്രായബൈബിളിലെ ആഖ്യാനം കാലക്രമത്തിലല്ലെന്നും താമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജോസഫിന്റെ വില്പനക്കു മുൻപു നടന്നവയാണെന്നുമാണ്.[7]

നിരൂപണം

തിരുത്തുക
 
ഈ ചിത്രത്തിൽ പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരൻ ജാക്കൊപ്പോ ബസാനോ, കുറ്റവിമുക്തയാക്കപ്പെടുന്നതിനു മുൻപ് താമാർ ദഹനവധവേദിയിലേക്കു നയിക്കപ്പെട്ടതായി സങ്കല്പിക്കുന്നു

താമാറിന്റെ കഥയുടെ അസാധാരണത ജൂത-ക്രൈസ്തവപാരമ്പര്യങ്ങളിലെ വ്യാഖ്യാതക്കളുടെ സവിശേഷശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. യഹൂദപാരമ്പര്യത്തിലെ റബൈനികലിഖിതങ്ങളും, ക്രിസ്തീയസഭാപിതാക്കന്മാരും, മാർട്ടിൻ ലൂഥറേയും ജോൺ കാൽവിനേയും പോലുള്ള നവീകർത്താക്കളുമെല്ലാം[8] അതിനെ വിശകലനം ചെയ്തിട്ടുണ്ട്.

താമാർ കാനാനിയസ്ത്രീയായിരുന്നെങ്കിലും നോഹയുടെ പുത്രൻ ശേമിന്റെ പരമ്പരയിലെ പുരോഹിതന്റെ പുത്രിയായിരുന്നെന്നും, പരസംഗം ചെയ്യുന്ന പുരോഹിതപുത്രിമാരെ ചുട്ടെരിക്കണമെന്ന ചട്ടം (ലേവ്യരുടെ പുസ്തകം 21:9) അനുസരിച്ചാണ് യൂദാ അവളെ ചുട്ടുകൊല്ലാൻ വിധിച്ചതെന്നും റബൈനികവ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. യൂദായുടെ മക്കളുടെ ഭാര്യയായിരിക്കെ വിനയവതിയായ അവൾ സദാ മുഖം മറച്ചു നടന്നിരുന്നതിനാലാണ് പിന്നീട് അമ്മായിയപ്പന് അവളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന വിശദീകരണവും അവർ മുന്നോട്ടുവച്ചു. യൂദാഭവനവുമായുള്ള തന്റെ ബന്ധം വന്ധ്യമാകരുതെന്ന ആഗ്രഹമാണ് അവളെ കടുംചെയ്തികൾക്ക് പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു. വേശ്യാവൃത്തി ആരോപിക്കപ്പെട്ടിട്ടും യൂദായെ കുറ്റപ്പെടുത്തി മാനംകെടുത്താൻ ആഗ്രഹിക്കാതിരുന്ന അവൾ സ്വന്തം ഉത്തരവാദിത്തം ഏറ്റുപറയുവാൻ അയാളെ നിർബ്ബദ്ധനാക്കുംവിധം പണയവസ്തുക്കൾ തിരികെ അയക്കുക മാത്രം ചെയ്തെന്നും അവർ ചൂണ്ടിക്കാട്ടി.[3]

യേശുവിന്റെ വംശാവലിയുടെ പിന്തുടർച്ച താമാറും യൂദായുമായുള്ള നിഷിദ്ധബന്ധത്തിലൂടെയായതിന്റെ ദൈവശാസ്ത്രപ്രസക്തി നവീകൃതക്രിസ്തീയതയിലെ പ്രധാനികളായ മാർട്ടിൻ ലൂഥറും ജോൺ കാൽവിനും എടുത്തുപറഞ്ഞു. കളങ്കമേക്കാത്ത മനുഷ്യലൈംഗികതയുടെ ലോകത്തിലല്ല ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതെന്ന് ഇതു വ്യക്തമാക്കുന്നു. തിരിച്ചറിയാത്ത ഒരു തെരുവുവേശ്യയുമായുള്ള അപ്രധാനസംഗമമായി യൂദായും, തന്റെമേൽ അധികാരമുണ്ടായിരുന്ന ഒരു മനുഷ്യനോട് ഗതിമുട്ടിയപ്പോൾ ചെയ്യേണ്ടിവന്ന ചതിയായി താമാറും കണക്കാക്കിയ സംഭവം ദൈവത്തിന്റെ മനുഷ്യാവതാരത്തിനു വഴിയൊരുക്കുന്നതായി. ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്ന യേശുവിന്റെ ശൂന്യവൽക്കരണമാണ് (Kenosis) താമാറും യൂദായുമായുള്ള നിഷിദ്ധസംഗമത്തിന് യേശുവിന്റെ ജനനവുമായുള്ള ബന്ധത്തിൽ കാണേണ്ടതെന്നു ജോൺ കാൽവിനും അഭിപ്രായപ്പെട്ടു. മാനുഷികമായ പൂർവികമഹത്ത്വത്തേയും സല്പേരിനേയും ആശ്രയിക്കാതിരിക്കാനുള്ള യേശുവിന്റെ തീരുമാനത്തിനു തെളിവായി അദ്ദേഹം അതിനെ കണ്ടു.[8]

  1. "Women in the Bible,net : Tamar & Jdah, her story". Archived from the original on 2015-03-15. Retrieved 2015-03-22.
  2. Levirate Law, Oxford Companion to the Bible (പുറം 434)
  3. 3.0 3.1 താമാർ, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  4. ഉല്പത്തിപ്പുസ്തകം 38:26
  5. Tamar : Bible, Jewish Women's Archive
  6. മത്തായി എഴുതിയ സുവിശേഷം 1:3
  7. "Yehudah and Tamar: The Lookstein Centre for Jewish Education". Archived from the original on 2013-05-11. Retrieved 2015-03-22.
  8. 8.0 8.1 Calvin in Context By David C. Steinmetz, അദ്ധ്യായം 6: പുറങ്ങൾ 79-94
"https://ml.wikipedia.org/w/index.php?title=താമാർ_(ഉൽപത്തി)&oldid=3633721" എന്ന താളിൽനിന്ന് ശേഖരിച്ചത്