തവാങ് ജില്ല

അരുണാചല്‍പ്രദേശിലെ ജില്ല

അരുണാചൽ പ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് തവാങ്. ജനസാന്ദ്രത വളരെ കുറഞ്ഞ ഈ അതിർത്തി ജില്ല മുമ്പ് വെസ്റ്റ് കാമെങ് (West Kameng) ജില്ലയുടെ ഭാഗമായിരുന്നു.

  • ജില്ലയുടെവിസ്തീർണം: 2,172 ച.കി.മീ.
  • ജനസംഖ്യ: 34,705(2001)
  • അതിരുകൾ വ.തിബത്ത്, കി.വെസ്റ്റ് കാമെങ് ജില്ല, തെക്കും പടിഞ്ഞാറും ഭൂട്ടാൻ.
തവാങ് ജില്ല
തവാങ് ജില്ല (Arunachal Pradesh)
തവാങ് ജില്ല (Arunachal Pradesh)
രാജ്യംഇന്ത്യ
സംസ്ഥാനംArunachal Pradesh
ആസ്ഥാനംTawang Town
ജനസംഖ്യ
 (2011)
 • ആകെ49,950[1]
Demographics
 • സാക്ഷരത60.6%[1]
 • സ്ത്രീപുരുഷ അനുപാതം701[1]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്


ഭൂപ്രകൃതിതിരുത്തുക

ഹിമാലയ പർവതനിരകൾ, വീതി കുറഞ്ഞ താഴ്വരകൾ, ഇടതൂർന്ന വനങ്ങൾ എന്നിവയാണ് തവാങ് ഭൂപ്രകൃതിയുടെ സവിശേഷതകൾ. വനങ്ങൾ സമ്പദ്പ്രാധാന്യമുള്ള വൃക്ഷങ്ങൾ നിറഞ്ഞവയാണ്. വനവിഭവങ്ങളെ ആശ്രയിച്ചുള്ള നിരവധി വ്യവസായങ്ങൾ ഈ ജില്ലയിൽ വികസിച്ചിരിക്കുന്നു. കാമെങ് (Kameng) ആണ് പ്രധാന നദി. കാർഷിക വിളകളിൽ ആപ്പിളിനും ഉരുളക്കിഴങ്ങിനുമാണ് പ്രാമുഖ്യം.

ധാതുവിഭവങ്ങൾതിരുത്തുക

കൽക്കരി, ചെമ്പ്, ഡോളമൈറ്റ്, കണ്ണാടിമണൽ, ഇരുമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയവയാണ് തവാങ് ജില്ലയിലെ മുഖ്യ ധാതുവിഭവങ്ങൾ. തടിമില്ലുകൾ, പ്ലൈവുഡ്-വെനീർ മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ, എണ്ണയാട്ടു കേന്ദ്രങ്ങൾ, കൈത്തറി-കരകൗശല വസ്തുനിർമ്മാണം എന്നിങ്ങനെ അനവധി ചെറുകിട വ്യവസായങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാവസായികോത്പന്നങ്ങളിൽ കമ്പിളി വസ്ത്രങ്ങൾ, കടഞ്ഞെടുത്ത തടികൾ, വെള്ളി- ഇരുമ്പ് സാധനങ്ങൾ, തുകൽ, പരുത്തിത്തുണി, ചൂരൽ-മുളയുത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. തവാങ് പ്രത്യേകയിനം കാർപ്പെറ്റുകൾക്കും പ്രസിദ്ധി നേടിയിരിക്കുന്നു. കന്നുകാലി വളർത്തലിന് ജില്ലയിൽ വലിയ പ്രാധാന്യമില്ലെങ്കിലും രോമത്തിനും ചുമട്ടാവശ്യങ്ങൾക്കും വേണ്ടി യാക്കിന്റെ സങ്കരയിനങ്ങളെ തിബത്തിൽനിന്ന് ഇറക്കുമതിചെയ്ത് പരിപാലിക്കുന്നുണ്ട്. ബുദ്ധവിഹാരങ്ങൾ നിറഞ്ഞ തവാങ് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. തവാങ് പട്ടണത്തിലെ ബുദ്ധവിഹാരം ഇന്ത്യയിലെ വലിപ്പം കൂടിയ വിഹാരങ്ങളിൽ ഒന്നാണ്.

ജനങ്ങൾതിരുത്തുക

തവാങ് ജില്ലയിലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും ഗിരിവർഗക്കാരാണ്. മോൻപ, ശേർദുക്പൻ, അകാ, മിജി എന്നീ വിഭാഗങ്ങൾക്കാണ് അംഗസംഖ്യ കൂടുതലുള്ളത്. മോൻപ വിഭാഗത്തിന്റെ ലോസ്സർ (Lossar), ജോമു (Jomu), ചോസ്കർ (Chosker) തുടങ്ങിയ ഉത്സവങ്ങൾ പ്രസിദ്ധമാണ്. ജനങ്ങളിൽ നല്ലൊരു ശതമാനം ബുദ്ധമതവിശ്വാസികളാണെങ്കിലും ഉത്സവങ്ങളോടനുബന്ധിച്ചുള്ള മൃഗബലി തുടർന്നു പോരുന്നു. അസമിയ, ബംഗാളി, ഹിന്ദി എന്നീ ഭാഷകൾക്കാണ് ഇവിടെ കൂടുതൽ പ്രചാരം. ജില്ലയിലെ വിദ്യാഭ്യാസമേഖല തികച്ചും അവികസിതമാണ്. ആരോഗ്യസംരക്ഷണ മേഖല താരതമ്യേന വികസിതമാണ്.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "District Census 2011". Census2011.co.in.

പുറംകണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവാങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവാങ്_ജില്ല&oldid=3533744" എന്ന താളിൽനിന്ന് ശേഖരിച്ചത്