തട്ടിമ്മേൽക്കൂത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉത്തരകേരളത്തിലെ ഒരു നാടോടിനൃത്തമാണ് തട്ടിമ്മേൽക്കൂത്ത്. തട്ടിമ്മേൽക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നു. കളിത്തട്ടേൽക്കളി എന്ന പേരും ചിലസ്ഥലങ്ങളിൽ പ്രചാരത്തിലുണ്ട്. ദളിത് സമുദായാംഗങ്ങൾ ആണ് ഈ നൃത്തരൂപം അവതരിപ്പിക്കാറുള്ളത്. പലകകൊണ്ട് ഒരു തട്ടുകെട്ടി അതിനു മുകളിൽ കുറേപ്പേർ കയറി നിന്ന് കോലുമുട്ടിക്കളിക്കുകയാണ് ഇതിന്റെ രീതി. ഇതിനെ ഒരുതരം ചവിട്ടുകളി എന്നു പറയാം. മുണ്ടും തലയിൽ കെട്ടും ചന്ദനക്കുറിയുമാണ് വേഷം. കോലുമുട്ടി ചാടിച്ചുവടുവച്ചുള്ള കളിക്കിടയിൽ തലയിൽക്കെട്ട് കുലുക്കലും അഴിച്ചുകെട്ടലുമൊക്കെ നടത്തി നൃത്തം കൌതുകകരമാക്കുക എന്നത് ഇതിന്റെ ഒരു പതിവ് ഇനമാണ്. ചവിട്ടുകളി, ഐവർകളി എന്നീ നാടോടിക്കളികളുമായി ഇതിനു വളരെ സാമ്യമുണ്ട്. ഉത്തരമലബാറിൽ പല ഗ്രാമീണോത്സവ സന്ദർഭങ്ങളിലും ഇതവതരിപ്പിക്കുന്നു. തെക്കേ മലബാറിൽ പൂരം, വേല തുടങ്ങിയ അനുഷ്ഠാനങ്ങളോടനുബന്ധിച്ചാണ് തട്ടിമ്മേൽക്കൂത്ത് നടത്തുന്നത്.
പുലയസമുദായത്തിലും വേട്ടുവസമുദായത്തിലുംപെട്ട ആളുകളാണ് തട്ടിമ്മേൽകളി എന്നപേരിൽ തട്ടിമ്മേൽക്കൂത്ത് അവതരിപ്പിച്ചുവരുന്നത്. കോട്ടയം ജില്ലയിലെ നായർ സമുദായത്തിൽപ്പെട്ടവരും ഈ നൃത്തകല അവതരിപ്പിച്ചു വരുന്നതായി കാണുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഈ കല അവതരിപ്പിക്കാറുള്ളത്. ഇലത്താളം, ചേങ്ങില എന്നീ വാദ്യോപകരണങ്ങളുപയോഗിച്ച് സംഘമായി പാട്ടുപാടുകയും അതിനനുസരിച്ച് താളമിടുകയും ആ താളത്തിനൊത്ത് ചുവടുവയ്ക്കുകയുമാണ് കളിയുടെ രീതി. തലക്കെട്ടും ചന്ദനക്കുറിയുമാണ് വിശേഷിച്ചുള്ള ചമയം. അധികമൊന്നും ശൈലീവത്ക്കരണം നടന്നിട്ടില്ലാത്ത ഈ നൃത്തം കേരളത്തിലെ പ്രാചീന നാടോടിനൃത്തങ്ങളുടെ നല്ലൊരു മാതൃകയായി നിലകൊള്ളുന്നു.