തച്ചോളി ചന്തു
വടക്കൻ പാട്ടിലെ ഒരു കഥാപാത്രമാണ് തച്ചോളി ചന്തു. തച്ചോളി ഒതേനന്റെ മരുമക നാണ് ചന്തു. ചന്തുവിന്റെ വീരസാഹസിക കഥകൾ വിവരിക്കുന്ന ഏതാനും പാട്ടുകൾ തച്ചോളിപ്പാട്ടുകളിലുണ്ട്. വീരസാഹസികനായ തച്ചോളിച്ചന്തുവിന്റെ കഥയ്ക്ക് കുഞ്ചാക്കോ ചലച്ചിത്രഭാഷ്യം ചമച്ചിട്ടുണ്ട്.
വീരകഥകൾ
തിരുത്തുകചീരുവിന്റെ പുത്രനായി ജനിച്ച ചന്തു വിധിപ്രകാരമുള്ള കളരി പഠനം ബാല്യത്തിലേ ആരംഭിച്ചു. 18-ാം വയസ്സുമുതൽ ചന്തുവിന്റെ പടപ്പുറപ്പാടുകളുടെ കഥ തുടങ്ങുന്നു. ആദ്യം അമ്പു ചെട്ടിക്കു വേണ്ടി പൊന്നു തിരിച്ചുവാങ്ങാനായി വയനാട്ടിലേക്കു പോകുന്ന ദൗത്യമാണ് ഏറ്റെടുത്തത്. വയനാടൻ മൂപ്പന്റെ കോട്ട ലക്ഷ്യം വച്ചു നീങ്ങിയ ചന്തുവിന് കോട്ടയിലേക്ക് അത്ര എളുപ്പം പ്രവേശിക്കാനാകില്ലെന്നു മനസ്സിലായി. അതുകൊണ്ട് ചന്തു ഒരു തന്ത്രം പ്രയോഗിച്ചു. സന്ന്യാസിവേഷം ധരിച്ചാണ് പിന്നീട് യാത്ര തുടർന്നത്. യാത്രയ്ക്കിടെ കൊയിലേരിയിടത്ത് കുഞ്ഞിക്കുങ്കിയുടെ വീട്ടിൽ ഒരു നാൾ ചന്തു അന്തിയുറങ്ങി. പോകാൻ നേരത്ത് അവൾ ചന്തുവിന് ഒരു പച്ചമരുന്നു നല്കി. ആ മരുന്നിന്റെ ശക്തിയാൽ കോട്ടവാതിലുകൾ തനിയെ തുറന്നു. അകത്തു കടന്ന് ചന്തു വയനാടൻ മൂപ്പനുമായി അങ്കം വെട്ടി. നൂറു കണക്കിന് പടയാളികളോട് ചന്തുവിന് ഒറ്റയ്ക്കു പിടിച്ചു നില്ക്കാനാകില്ലെന്നു കണ്ടപ്പോൾ കൊയിലേരി കുഞ്ഞിക്കുങ്കിയുടെ ആങ്ങളമാർ തുണയ്ക്കെത്തി. അവർ പിന്തിരിയുന്ന അവസ്ഥയിൽ പോരാട്ടം രൂക്ഷമായി. ഒടുവിൽ ഒതേനൻ തന്നെ അവിടെയെത്തി കേളുമൂപ്പന്റെ കഥ കഴിച്ചു. മടക്കത്തിൽ ചന്തു കൊയിലേരി കുഞ്ഞിക്കുങ്കിയെ തച്ചോളിത്തറവാട്ടിലേക്കു കൊണ്ടുപോന്നു.
ചന്തുവിന്റെ മറ്റൊരു ഭാര്യയാണ് പാലൂർ മഠത്തിൽ കുഞ്ഞിക്കന്നി. ഈ കഥ പാലൂർ മഠത്തിൽ കുഞ്ഞിക്കന്നി എന്ന പാട്ടുകഥ യിലുണ്ട്.
വടകര ബപ്പന്റെ കഥ
തിരുത്തുകചന്തുവിന്റെ വീരസാഹസിക കഥകളിൽ രസകരമായ ഒന്നാണ് വടകര ബപ്പനെ ഒരു പാഠം പഠിപ്പിക്കാൻ പോയ കഥ. അതിങ്ങനെയാണ്. ഒരു ദിവസം തച്ചോളിത്തറവാട്ടിൽ ചന്തു പകലൂണും കഴിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ അമ്മാവന്റെ കാലശേഷം വടകരനാട്ടിൽ നിന്ന് പാട്ടവും പണവുമൊന്നും കിട്ടിയില്ലെന്നോർമ വന്നത്. ചന്തു ചെമ്പോലയെടുത്ത് കണക്കുകൾ നോക്കി. അപ്പോൾ മറ്റൊന്നു കൂടി വ്യക്തമായി. വടകരയിൽ രാജാവിനെപ്പോലെ വാഴുന്ന ബപ്പൻ പന്തീരായിരം പൊൻപണവും പന്തീരായിരം പറ നെല്ലും അമ്മാവനിൽ നിന്ന് കടമായി വാങ്ങിയിട്ടുമുണ്ട്. ചന്തു ഉടൻ തന്നെ ചാപ്പനെ വിളിച്ചു പറഞ്ഞു, "നമുക്ക് വടകര വരെ പോകണം. ഇപ്പൊ തച്ചോളിത്തറവാട്ടിലെ വരവെല്ലാം മുടങ്ങിയിരിക്കുകയാണല്ലോ. ഉടൻ തന്നെ ചന്തുവും ചാപ്പനും അങ്കച്ചമയങ്ങളണിഞ്ഞു. ചന്തു തൊപ്പിയും ധരിച്ച് ഉറുമിയുമെടുത്തു. ആ പുറപ്പാട് കണ്ടയുടൻ എവിടേക്കാണെന്ന് അമ്മ ചോദിച്ചു. കാര്യം പറഞ്ഞ് അവരിരുവരുമിറങ്ങി. കണ്ണൻപുഴ കടന്ന് ചന്തുവും ചാപ്പനും വടകരയിലെത്തി. അവിടെ ഒരു ആൽത്തറയിലിരുന്ന് വെറ്റിലമുറുക്കുമ്പോൾ ജോനകർ ആയുധങ്ങളുമായെത്തി അവരെ ചോദ്യം ചെയ്തു. ചന്തുവിനെ തിരിച്ചറിഞ്ഞപ്പോൾ അവർ മാപ്പു പറഞ്ഞു. ദുഷ്ടനായ ബപ്പനെ ഒന്നടക്കി നിറുത്തണമെന്ന് അവർ ചന്തുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചന്തുവും ചാപ്പനും കൂടി ബപ്പന്റെ മാളികയിലെത്തി. ബപ്പന്റെ ഗർവമടക്കാൻ ചന്തുവിന് ആയുധമെടുക്കേണ്ടിവന്നില്ല. ഭയന്ന ബപ്പൻ ചന്തുവിനെ പൊൻകസേരയിലിരുത്തി. തുടർന്ന് ഇടപാടുകളെല്ലാം തീർത്തു. അവിടെ നിന്നിറങ്ങാൻ നേരത്ത് അതിസുന്ദരിയായ ഒരു പെൺ കിടാവിനെ ചന്തു കണ്ടു. അപ്പോൾ ചന്തു ഇങ്ങനെ ഓർത്തു:
'മാനത്തുന്നെങ്ങാനും പൊട്ടിവീണോ
ഭൂമിയീന്നെങ്ങാനും മുളച്ചുവന്നോ
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ
കുന്നത്തെ കൊന്നയും പൂത്തപോലെ
ആദിത്യചന്ദ്രനെ കണ്ടപോലെ
പൊൻപാളം തട്ട്യങ്ങു നീട്ട്യപോലെ
വയനാടൻ മഞ്ഞൾ മുറിച്ചപോലെ.
മൂന്നുവർഷം തപസ്സുചെയ്ത് ഭദ്രകാളിയിൽ നിന്ന് ശ്രീഭദ്രവാൾ നേടിയെടുത്ത കൊടുമല കുഞ്ഞിക്കുങ്കിയാണതെന്ന് ബപ്പൻ പറഞ്ഞു. മദിരാശിപ്പട്ടാളത്തെ അടവുകൾ പഠിപ്പിക്കുന്ന കുഞ്ഞിക്കുങ്കനാണ് അവളുടെ ആങ്ങളയെന്നും തുളുനാടൻ കണ്ണൻ എന്ന വീരനാണ് അവളുടെ ഭർത്താവെന്നും ബപ്പൻ കൂട്ടിച്ചേർത്തു. ബപ്പന്റെ വീട്ടിൽ നിന്ന് എണ്ണയും തേച്ച് ചന്തു കുളക്കടവിലെത്തിയപ്പോൾ കുങ്കി താളി തേയ്ക്കുകയായിരുന്നു. ചന്തു അവളോട് താളി ചോദിച്ചു. അവൾ നല്കിയില്ല. ചന്തു ഉറുമിയെടുത്ത് ചുഴറ്റി, അവളെ തന്നോടൊപ്പം കൂട്ടി. 'ഇതാ അമ്മയ്ക്കൊരു മരുമകളെ'ന്നു പറഞ്ഞ് ചന്തു കുങ്കിയെ തച്ചോളിത്തറവാട്ടിലെത്തിച്ചു. അമ്മ ഭയന്നു. കൊടുമല കുങ്കനും തുളുനാടൻ കണ്ണനും ഇതറിഞ്ഞാൽ എന്താകുമെന്നവർ ചോദിച്ചു. ചന്തു ഒന്നും പറഞ്ഞില്ല. കുങ്കനും കണ്ണനും മദിരാശിപ്പട്ടാളവുമായി തച്ചോളിത്തറവാട്ടിലെത്തി. അപ്പോൾ,
'പടകലി കൊണ്ടങ്ങു ചെന്നു ചന്തു
നേരിട്ടു ചെന്നങ്ങു നിന്നവനും
അതുതാനേ കാണുന്ന കണ്ണനല്ലോ
അപ്പോൾപ്പറയുന്നു കണ്ണനാണെ
പെണ്ണിനെക്കട്ടൊരു കണ്ണാ നീയ്
എന്നുടെ പെണ്ണിനെ കട്ട കള്ളാ...'
അതോടെ യുദ്ധം ആരംഭിക്കുകയായി. ആ വൻപടയ്ക്കു നേരെ ചന്തു,
'ഉറുമി പരിശ എടുത്തവനും
ഈറ്റപ്പുലിപോലെ ചാടി പിന്നെ
കണ്ണന്റെ മുന്നിലും ചെന്നു നിന്നു
ചന്തൂനെക്കണ്ടവൻ കണ്ണനല്ലോ
സരസ്വതിയങ്കം പിടിച്ചവര്
ഗണപതിയങ്കവും തരം താഴ്ത്തി'.
അങ്ങനെ തുടങ്ങിയ പോരാട്ടത്തിനൊടുവിൽ ചന്തു തളർന്നു. പക്ഷേ കുങ്കി ആൺവേഷം ധരിച്ച് ചന്തുവിന്റെ മുന്നിൽ നിന്ന്, തന്റെ ആങ്ങളയോടും ഭർത്താവിനോടും പടവെട്ടി, ചന്തുവിനെ രക്ഷിച്ചു. തുടർന്ന് ചന്തുവും കുങ്കിയും തച്ചോളിത്തറവാട്ടിൽ സസുഖം വാണു. ചന്തുവിന് നാലു ഭാര്യമാരുണ്ടായിരുന്നതായി കാണുന്നു. നാലാമത്തെ ഭാര്യ താഴത്തുമഠത്തിൽ മാതുക്കുട്ടിയാണ്. ഒരിക്കൽ ഓമല്ലൂർക്കാവിൽ കുളിച്ചുതൊഴാൻ പോയ മാതുവിനെ തുളുനാടൻ കോട്ടയുടെ അധിപനായ കണ്ടർമേനോൻ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടു പോയി. ചന്തു സന്ന്യാസിവേഷം ധരിച്ച് കോട്ടയിലെത്തി കണ്ടർമേനോന്റെ കഥകഴിച്ച് മാതുവിനെ സ്വതന്ത്രയാക്കി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തച്ചോളി ചന്തു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |