തകഴി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തകഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തകഴി (വിവക്ഷകൾ) എന്ന താൾ കാണുക. തകഴി (വിവക്ഷകൾ)

ആലപ്പുഴ ജില്ലയില്‍, ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണു തകഴി. പ്രശസ്ത മലയാള സഹിത്യകാരൻ ആയ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം കൂടിയാണു തകഴി‍. ഈ ജന്മനാടിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്.

കാർഷിക ഗ്രാമമായ തകഴി, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്നു. വിസ്തീർണം: 27.8 ച.കി.മീ.; വാർഡുകളുടെ എണ്ണം: 10. കുട്ടനാട്ടിലെ ഏക റെയിൽവേ സ്റ്റേഷൻ തകഴിയിലാണ്. തദ്ദേശവാസികളിൽ ഭൂരിഭാഗവും കർഷകരോ കർഷകത്തൊഴിലാളികളോ ആണ്.

കേരളത്തിൽ ബുദ്ധമതം പ്രചാരം നേടിയിരുന്ന ആദ്യ ശതകങ്ങളിൽ തകഴി ഒരു സുപ്രധാന ബുദ്ധമതകേന്ദ്രമായി പരിലസിച്ചിരുന്നു എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ബുദ്ധമതാനുയായികളായിരുന്ന ആദിചേരന്മാർ കുട്ടനാട് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അക്കാലത്ത് നിരവധി ബുദ്ധക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്ന് ഇവിടത്തെ അയ്യപ്പക്ഷേത്രശൃംഖലകൾ സാക്ഷ്യം വഹിക്കുന്നു. പൂന്തല, കരൂർ, അയ്യൻ കോയിക്കൽ, വണ്ടാനം, കരുമാടിക്കുട്ടൻ, തകഴി, കേളമംഗലം, ചങ്ങങ്കരി, കോട്ട, പാണ്ടങ്കരി, ആനപ്രമ്പാൽ, പൊടിയാടി, മീന്തലക്കര എന്നീ അയ്യപ്പക്ഷേത്രങ്ങളുടെ നിര ശബരിമല വരെ നീളുന്നു. അയ്യപ്പഭക്തൻമാരുടെ രണ്ടാം ശബരിമലയാണ് തകഴിക്ഷേത്രം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ പാലിയം ശാസനത്തിൽ സൂചിപ്പിക്കപ്പെടുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീർഥാടനകേന്ദ്രം ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും മധ്യേ കുട്ടനാട്ടിലായിരുന്നു എന്നാണ് ചരിത്രഗവേഷകരുടെ അനുമാനം.

11-ാം നൂറ്റാണ്ടിൽ രൂപം കൊണ്ട ചെമ്പകശ്ശേരി രാജവംശത്തിന്റേയും പിന്നീട് തിരുവിതാംകൂറിന്റേയും അധീനതയിലായിരുന്ന പ്രദേശമാണ് തകഴി. രാജവാഴ്ചയുടെ സ്മാരകങ്ങളൊന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ലെങ്കിലും പ്രസിദ്ധ മലയാള സാഹിത്യ കാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം എന്നപേരിൽ ഈ ഗ്രാമം വിഖ്യാതമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള തകഴി ശ്രീ ധർമശാസ്താക്ഷേത്രത്തിൽ പൂജിച്ചു നല്കുന്ന 'വലിയെണ്ണ' വാതരോഗത്തിനും മറ്റും സിദ്ധൗഷധമാണെന്നാണ് പരമ്പരാഗതമായി നിലനിന്നുവരുന്ന വിശ്വാസം. ക്ഷേത്രത്തിലെ ശാസ്താവിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് തകഴി എന്ന പേര് ലഭിച്ചതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.

കുട്ടനാട്ടിലെ കലാ-സാംസ്കാരിക കേന്ദ്രമായിരുന്നു തകഴിയും ഇവിടത്തെ ക്ഷേത്രങ്ങളും. തുള്ളൽ തുടങ്ങിയ പല നാടൻ കലകളുടേയും ആചാര്യനായ കുഞ്ചൻ നമ്പ്യാരുടെ സാന്നിധ്യം ഇവിടത്തെ ക്ഷേത്രകലകളെ വളർത്തിയെടുക്കാൻ സഹായകമായിരുന്നു. ചെമ്പകശ്ശേരി രാജാവ് ചാക്യാന്മാരുടെ പരാതിയിൻമേൽ കുഞ്ചൻ നമ്പ്യാർക്കും തുള്ളൽകലയ്ക്കും അമ്പലപ്പുഴയിൽ വിലക്കേർപ്പെടുത്തിയപ്പോൾ നമ്പ്യാർക്ക് തകഴിയിലാണ് അരങ്ങു ലഭിച്ചത്. ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, വേലകളി തുടങ്ങിയവ ഇവിടെ ദീർഘകാലം പ്രശോഭിച്ചിരുന്നു. വേലകളി ഇന്നും ഇവിടെ അരങ്ങേറാറുണ്ട്. കഥകളിയുടെ നാടെന്ന നിലയിലും തകഴി പ്രസിദ്ധി നേടിയിട്ടുണ്ട്. ഇവിടത്തെ മിക്ക ക്ഷേത്രങ്ങളിലും കഥകളി അഭ്യസിപ്പിച്ചിരുന്നു. തോട്ടം ശങ്കരൻനമ്പൂതിരിപ്പാട്,ഗുരു കുഞ്ചുക്കുറുപ്പ്, തകഴി കുട്ടൻപിള്ള, തകഴി ശിവശങ്കരനാരായണൻ എന്നിവർ കഥകളിരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നല്കിയവരാണ്. ഇവിടത്തെ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയായിരുന്ന പടയണി സാമൂഹികവിമർശനത്തിന് വളരെയധികം ഊന്നൽ നൽകിയിരുന്നു. പടയണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുഞ്ചൻ നമ്പ്യാർ തുള്ളൽ പ്രസ്ഥാനത്തിന് ജന്മം നല്കിയതെന്ന ഒരു വാദംതന്നെ നിലവിലുണ്ട്.

1938-ൽ മഹാത്മാഗാന്ധി തകഴി സന്ദർശിക്കുകയും ചില പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1940-ഓടുകൂടി ഈ പ്രദേശത്ത് രാഷ്ട്രീയസംഘടനകളും സ്വാതന്ത്യ്രസമരത്തിനുള്ള സന്നാഹങ്ങളും ആരംഭിച്ചു. 1943-ൽ തകഴിയിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി നിലവിൽവന്നു. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന നിയമലംഘനപ്രസ്ഥാനം തകഴിയിലും ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. 1946-ൽ തകഴിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂണിറ്റ് രൂപീകൃതമായി.

ജാതിവ്യവസ്ഥ, ജന്മിത്തം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു തകഴി. അധഃസ്ഥിതരുടെ ജീവിതം ദുരിതപൂർണമായിരുന്നു. 1911-ൽ തകഴിയിലെത്തിയ അയ്യങ്കാളി ഇവിടെ സാധുജന പരിപാലനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചു. അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾ ഇവിടത്തെ അധഃസ്ഥിതരെ സംഘബോധമുള്ളവരാക്കി.

1894-ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ കാലത്ത് വനവും തരിശുമായിക്കിടന്ന കരിനിലങ്ങളിൽ കൃഷിയിറക്കാൻ തുടങ്ങി. 1974-ൽ കരിനിലം ഒരു പ്രത്യേക മേഖലയായി പ്രഖ്യാപിച്ചു. 1992-ൽ കരിനിലവികസന ഏജൻസി രൂപവത്കരിച്ചു. എന്നാൽ ഏജൻസിയുടെ പ്രവർത്തനം ഉദ്ദേശിച്ചത്ര ഫലവത്തായില്ല. വെള്ളപ്പൊക്കം, വരൾച്ച, ഓരുവെള്ളം കയറൽ, കീടബാധ എന്നിവമൂലം കാർഷിക പ്രതിസന്ധി സാധാരണമായിത്തീർന്നിരിക്കുന്നു.

തകഴി വ്യാവസായികമായി തികച്ചും അവികസിതമാണ്. പരമ്പരാഗത കുടിൽ വ്യവസായങ്ങളായ തഴപ്പായ, കുട്ട, പനമ്പ്, മുറം എന്നിവയുടെ നിർമ്മാണം; നീറ്റുകക്ക നിർമ്മാണം; ഇഷ്ടിക നിർമാ ണം എന്നിവ ക്ഷയോന്മുഖങ്ങളാണ്. പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങൾ നന്നേ അപര്യാപ്തമാണ്. അമ്പലപ്പുഴ-തിരുവല്ല റോഡിലെ ഏകദേശം 6 കി.മീ. ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നതൊഴിച്ചാൽ കാര്യമായ റോഡ് സൌകര്യം കാണുന്നില്ല. ജലാശയങ്ങൾ, പാടശേഖരങ്ങൾ, തോടുകൾ എന്നിവയുടെ ആധിക്യം റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. പമ്പയാർവഴിയുള്ള ബോട്ടുസർവീസിനെയാണ് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. പഞ്ചായത്തിലെ പമ്പാനദീഭാഗവും കൈവഴികളും മത്സ്യ സമ്പന്നമാണ്. മത്സ്യബന്ധനം മുഖ്യ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള അറുന്നൂറോളം കുടുംബങ്ങൾ തകഴിയിലുണ്ട്. പരമ്പരാഗത മത്സ്യബന്ധനരീതികൾക്കാണ് കൂടുതൽ പ്രചാരം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ തകഴിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തകഴി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

{{ആലപ്പുഴ ജില്ലയിലെ ഭരണ:ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

"https://ml.wikipedia.org/w/index.php?title=തകഴി_ഗ്രാമപഞ്ചായത്ത്&oldid=4079904" എന്ന താളിൽനിന്ന് ശേഖരിച്ചത്