ണായകുമാരചരിഉ
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
നാഗകുമാരചരിതം എന്നതിന്റെ അപഭ്രംശ ഭാഷയിലുള്ള രൂപമാണ് ണായകുമാരചരിഉ. 10-ാം ശ.-ത്തിൽ രാഷ്ട്രകൂടരാജാവായിരുന്ന ഭരതന്റേയും അദ്ദേഹത്തിന്റെ പുത്രനായ നന്നന്റേയും സദസ്യനായിരുന്ന പുഷ്പദന്തൻ (ഖണ്ഡൻ) ആണ് രചയിതാവ്. ബീറാർ ആയിരുന്നു പുഷ്പദന്റെ ജന്മദേശമെന്നു കരുതുന്നു.
മഹാവീരൻ അനുയായികളോടൊപ്പം രാജാവിനെ സന്ദർശിക്കുന്ന സന്ദർഭമാണ് ഒൻപതു സർഗങ്ങളുള്ള (സന്ധികൾ) ഈ കാവ്യത്തിന്റെ ആരംഭത്തിൽ വർണിച്ചിരിക്കുന്നത്. അതിഥിസത്കാരത്തിനുശേഷം രാജാവ് ശ്രുതപഞ്ചമീവ്രതത്തിന്റെ (പഞ്ചമീവ്രതം എന്നും പരാമർശമുണ്ട്) സവിശേഷതകളെപ്പറ്റി അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. തത്സമയം, ഈ വ്രതത്തെപ്പറ്റി വിശദീകരിക്കുന്നതിന് ശിഷ്യനായ ഗൌതമനോട് മഹാവീരൻ ആവശ്യപ്പെട്ടു. നാഗകുമാരൻ എന്ന രാജാവിന്റെ കഥ അവതരിപ്പിച്ചുകൊണ്ട് ഗൌതമൻ ഈ വ്രതത്തിന്റേയും ജൈനധർമാചരണത്തിന്റേയും മഹത്ത്വം വിശദീകരിച്ചു.
ഇതിവൃത്തം
തിരുത്തുകകനകപുരത്തിലെ രാജാവായിരുന്ന ജലന്ധരൻ രാജ്ഞി വിശാലനേത്രയോടും പുത്രൻ ശ്രീധരനോടുമൊപ്പം സന്തോഷപ്രദമായ ജീവിതം നയിച്ചുവന്നു. ഒരിക്കൽ ഒരു കച്ചവടക്കാരൻ രാജാവിന് ചില അപൂർവവസ്തുക്കൾ ഉപഹാരമായി നല്കിയ കൂട്ടത്തിൽ ഗിരിനഗരരാജ്യത്തെ അതിസുന്ദരിയായ രാജകുമാരി പൃഥ്വീ ദേവിയുടെ ചിത്രവുമുൾപ്പെട്ടിരുന്നു. പൃഥ്വീദേവിയിൽ അനുരക്തനായ രാജാവ് ആ സുന്ദരിയെക്കൂടി രാജ്ഞിയായി ലഭിക്കുവാൻ ആഗ്രഹിക്കുകയും അതിലേക്കുള്ള ശ്രമം സഫലമായിത്തീരുകയും ചെയ്തു. ഇവരുടെ പുത്രനായിരുന്നു നാഗകുമാരൻ.
ശിശുവായിരിക്കുമ്പോൾ ഒരിക്കൽ നാഗകുമാരൻ ഒരു ഗർത്തത്തിൽ ആകസ്മികമായി നിപതിച്ചപ്പോൾ ഒരു നാഗൻ രക്ഷിക്കുകയുണ്ടായി. ഈ നാഗൻ നാഗകുമാരന് ആയുധാഭ്യാസവും അപൂർവ ശക്തികളും പ്രദാനം ചെയ്തു. നാഗകുമാരൻ എന്ന പേരു ലഭിച്ചതിന് ഇതായിരുന്നു കാരണം. കുമാരൻ യുവാവായപ്പോൾ അതിപരാക്രമിയും അത്യാകർഷകമായ വ്യക്തിത്വത്തിനുടമയുമായി.
ഒരിക്കൽ ഒരു സ്ത്രീ കിന്നരി, മനോഹരി എന്നീ സുന്ദരിമാരായ പുത്രിമാരോടൊപ്പം കൊട്ടാരത്തിലെത്തി. അതിഥിയായ ആ മാതാവിന്റെ അനേകം പരീക്ഷണങ്ങളിൽ വിജയിയായ നാഗകുമാരന് അവർ തന്റെ പുത്രിമാരെ വിവാഹം ചെയ്തു നല്കി. വ്യാളൻ (മഹാവ്യാളൻ) എന്ന ധീരനായ ഒരു വ്യക്തി നാഗകുമാരന്റെ അനുചരനായി വന്നു.ആരെ കാണുമ്പോഴാണോ മൂന്നുകണ്ണുള്ള ഇയാളുടെ മൂന്നാമത്തെ കണ്ണു മാഞ്ഞുപോകുന്നത് അയാളുടെ അനുചരനായിരിക്കണം എന്ന ഉപദേശമായിരുന്നു വ്യാളൻ അനുചരനായി വരാൻ കാരണം. നാഗകുമാരന്റെ ഈ സൗഭാഗ്യങ്ങളിൽ അസൂയാലുവായ ശ്രീധരൻ നാഗകുമാരനെ വധിക്കാൻ പല രീതിയിൽ ശ്രമിച്ചെങ്കിലും വ്യാളന്റെ സാമർഥ്യത്താൽ അതു നിഷ്ഫലമായിത്തീർന്നു. പുത്രന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ പിതാവ് ആഗ്രഹിച്ചു. പിതാവിന്റെ അനുജ്ഞയോടെ നാഗകുമാരൻ മറ്റു രാജ്യങ്ങളിൽ സൗഹൃദപര്യടനത്തിനു പുറപ്പെടുകയും ആ രാജ്യങ്ങളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കി രാജാക്കന്മാരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. പല രാജാക്കന്മാരും തങ്ങളുടെ പുത്രിമാരെ നാഗകുമാരനു വിവാഹം ചെയ്തു നല്കി. മധുര, കാശ്മീരം, രമ്യാകം, ഗിരിനഗരം, അനന്തപുരം, ഉജ്ജയിനി, രക്ഷസ്സുകളുടേയും മഹാരക്ഷസ്സുകളുടേയും രാജ്യം, ദന്തീപുരം, ത്രിഭുവനതിലകം എന്നീ രാജ്യങ്ങൾ സന്ദർശിച്ച നാഗകുമാരൻ അവിടമെല്ലാം തന്റെ വിശിഷ്ട വ്യക്തിപ്രഭാവത്താൽ ശത്രുരഹിതവും ഐശ്വര്യപൂർണവുമാക്കി മാറ്റി. ത്രിഭുവനവതി, ലക്ഷ്മീവതി, മദനമഞ്ജുഷ തുടങ്ങിയവരായിരുന്നു പത്നിമാരിൽ പ്രമുഖർ. യാത്രയുടെ സമാപ്തിയോടെ പിതാവിന്റെ ആഗ്രഹപ്രകാരം കനകപുരത്തിൽ തിരിച്ചെത്തി രാജ്യഭാരം ഏറ്റെടുക്കുകയും ഉത്തമരാജാവായി ഭരണം നിർവഹിക്കുകയും ചെയ്തു.
ഒരിക്കൽ കൊട്ടാരത്തിൽ പിഹിതാശ്രവൻ എന്ന ജൈനഭിക്ഷു വന്നെത്തി. അദ്ദേഹത്തെ സത്കരിച്ച് സന്തുഷ്ടനാക്കിയ രാജാവ് ലൗകികജീവിതത്തിലുള്ള തന്റെ അമിത താത്പര്യത്തെപ്പറ്റി ഭിക്ഷുവിനോടു പറഞ്ഞു. ഇതിനു പരിഹാരമെന്ന നിലയിൽ പിഹിതാശ്രവൻ രാജാവിന്റെ പൂർവജന്മം വിശദീകരിച്ചു.
ഈ നാഗകുമാരൻ പൂർവജന്മത്തിൽ ധർമിഷ്ഠനായ ഒരു ഗൃഹസ്ഥാശ്രമിയായിരുന്നു. ജൈനധർമപരമായ ശ്രുതപഞ്ചമീവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചു വന്ന അദ്ദേഹത്തിന് മോക്ഷപദം ലഭിച്ചു. എന്നാൽ തന്റെ സാന്നിധ്യംകൊണ്ട് മാതാപിതാക്കളേയും പത്നിയേയും സന്തുഷ്ടരാക്കണമെന്ന ആഗ്രഹം നിശ്ശേഷം മാറാത്തതിനാൽ ഒരു ജന്മം കൂടി എടുക്കേണ്ടതായി വന്നു. അന്ന് മാതാപിതാക്കളും പത്നിയുമായിരുന്നവർ തന്നെയാണ് ഈ ജന്മത്തി ലും മാതാപിതാക്കളും ലക്ഷ്മീവതി എന്ന പത്നിയും എന്ന് ഭിക്ഷു അറിയിച്ചു. സന്തുഷ്ടനായ നാഗകുമാരൻ ലൗകികജീവിതത്തിലുള്ള തന്റെ അമിതപ്രതിപത്തി വെടിയുകയും പഞ്ചമീവ്രതനിഷ്ഠയോടെ ശിഷ്ടജീവിതം നയിക്കുകയും ചെയ്തു. രാജ്യഭാരം പുത്രന്മാരിൽ അർപ്പിച്ചിട്ട് അനേകം അനുയായികളോടുകൂടി ജൈന ഭിക്ഷു ആയി മാറി ധർമപ്രവർത്തനത്തിൽ മുഴുകി ശിഷ്ടജീവിതം നയിച്ചു.
ധർമിഷ്ഠനായാൽ മാത്രം പോരാ, മനസ്സ് ജൈനധർമ പ്രചാരണത്തിൽ ഉത്സുകമാകണമെന്ന് ഗൌതമൻ രാജാവിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് കാവ്യത്തിലെ പ്രമേയം രൂപകല്പന ചെയ്തിട്ടുള്ളത്. അപഭ്രംശത്തിലെ ഏറ്റവും മനോഹരമായ കാവ്യങ്ങളിലൊന്നായി ണായകുമാരചരിഉ പരിഗണിക്കപ്പെടുന്നു. ജൈനധർമപ്രബോധനപരമാണെങ്കിലും കാവ്യാംശത്തിന് ഇതിൽ പരമ പ്രാധാന്യം നല്കിയിരിക്കുന്നു. ഇതും ഈ കാവ്യത്തിന്റെ ഗരിമയ്ക്ക് കാരണമാകുന്നു.