നന്നൻ
സംഘകാലത്ത് പൂഴിനാട് ഭരിച്ച രാജാവാണ് നന്നൻ. സംഘകാലത്ത് കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ച് നാടുകളായി (ഐന്തിണൈകൾ)വിഭജിക്കപ്പെട്ടിരുന്നു. ഇന്നത്തെ കണ്ണൂരും കോഴിക്കോടും ഉൾപ്പെട്ട പൂഴിനാടിന്റെ ആസ്ഥാനം ഏഴിമലയായിരുന്നു. നന്നന്റെ കീഴിൽ ഏഴിമല സംഘകാല കേരളത്തിലെ അനിഷേധ്യ ശക്തിയായി മാറി. മികച്ച സൈനികനായിരുന്ന ഇദ്ദേഹം കോയമ്പത്തൂരിന്റെ വടക്കൻ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചിരുന്നു. നന്നന്റെ സാമ്രാജ്യത്വമോഹങ്ങളാണ് കുട്ടനാടിന്റെ അധിപന്മാരായ ചേരന്മാരുമായുള്ള സംഘർഷത്തിനു വഴിതെളിച്ചത്. ചേരന്മാരുമായി ഏറ്റുമുട്ടിയ പാഴി യുദ്ധത്തിൽ ചേരസേനാനായകനെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായിരുന്നു. ഈ ഉജ്ജ്വല വിജയത്തെക്കുറിച്ച് നന്നന്റെ ആസ്ഥാനകവിയായ പരണർ തന്റെ കവിതകളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ നാർമുടിച്ചേരലനെതിരെ (ചേരരാജാവ്) ഈ വിജയം ആവർത്തിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല; വാകൈപ്പെരും തുറൈയുദ്ധത്തിൽ നാർമുടിച്ചേരൻ നന്നനെ വധിച്ചതോടെ പൂഴിനാട് ചേരന്മാരുടെ അധീനതയിലായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നന്നൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |