പെർസിഫോമിസ് മത്സ്യഗോത്രത്തിൽപ്പെടുന്ന കൊറിഫേനിഡേ കുടുംബത്തിലെ മത്സ്യമാണ് ഡോൾഫിൻ മത്സ്യം. ഇതിന്റെ ശാസ്ത്രീയനാമം കൊറിഫേന ഹിപ്യൂറസ് എന്നാണ്. ഡൊറാഡോ എന്ന പൊതുനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിൽ വണ്ണ, വണ്ണവ, ധീയവണ്ണവ എന്നീ പ്രാദേശിക നാമങ്ങളിൽ ഡോൾഫിൻ മത്സ്യങ്ങൾ അറിയപ്പെടുന്നു. ഹവായ് ദ്വീപുകളിൽ ഇത് മഹിമഹി മത്സ്യമാണ്. ഹവായ് ദ്വീപു നിവാസികളുടെയും, മാലദ്വീപ് നിവാസികളുെടെയും ഭോജ്യമെന്ന നിലയിലും മഹിമഹി സാർവത്രികമായി അറിയപ്പെടുന്നു. മറ്റു രാജ്യങ്ങളിലൊന്നും ഭക്ഷ്യസാധനമായി ഇത് ഉപയോഗിച്ചു കാണുന്നില്ല. എല്ലാ ഉഷ്ണജലസമുദ്രങ്ങളിലും ഡോൾഫിൻ മത്സ്യങ്ങളെ കണ്ടുവരുന്നു. സമുദ്രസിറ്റേസിയനുകളായ ഡോൾഫിനുകൾ സസ്തനികളും അന്തരീക്ഷവായു ശ്വസിക്കുന്നവയുമാണ്; ഡോൾഫിനുകൾ ഡോൾഫിൻ മത്സ്യങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്.

ഡോൾഫിൻ മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. hippurus
Binomial name
Coryphaena hippurus
Linnaeus, 1758
പെൺ ഡോൾഫിൻ മത്സ്യം, മൗറീഷ്യസിൽ നിന്നും

1758-ൽ ലിനേയസ് എന്ന ശാസ്ത്രകാരനാണ് ഇവയ്ക്ക് കൊറിഫേന ഹിപ്യൂറസ് ലിനേയസ് എന്ന ശാസ്ത്രനാമം നല്കിയത്. കൊറിഫേന ഹിപ്യൂറസ് ഹിപ്യൂറസ്, കൊറിഫേന ഹിപ്യൂറസ് ഇക്വിസെറ്റിസ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. 1937-ൽ വാൻഫോർഡ് എന്ന ശാസ്ത്രകാരൻ ഇത്തരം മത്സ്യങ്ങളെ ശാന്തസമുദ്രത്തിൽ കണ്ടെത്തുകയുണ്ടായി.

ഡോൾഫിൻ മത്സ്യങ്ങളുടെ പാർശ്വങ്ങൾ പരന്നു നീണ്ട ശരീരത്തിൽ ചെറിയ ചെതുമ്പലുകളുണ്ടായിരിക്കും. ആൺമത്സ്യങ്ങളുടെ തല ഏതാണ്ട് ചതുരാകൃതിയിലും പെൺമത്സ്യങ്ങളുടേത് വൃത്താകൃതിയിലുമായിരിക്കും. പൂർണവളർച്ചയെത്തിയ ആൺമത്സ്യങ്ങൾ 1.8 മീറ്ററോളം നീളത്തിൽ വളരുന്നു. ഇതിന് 30.5 കിലോഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. 16 കിലോഗ്രാമിലധികം തൂക്കമുള്ള പെൺമത്സ്യങ്ങളെ അപൂർവമായേ കാണാറുള്ളൂ. വിസ്തൃതമായ ചരിഞ്ഞ വായും താടിയെല്ലുകളിലും മേലണ്ണാക്കിലും നിരയായി കാണുന്ന പല്ലുകളും തല മുതൽ വാൽ വരെയെത്തുന്ന മുതുച്ചിറകും ഇതിന്റെ സവിശേഷതയാണ്. മുതുച്ചിറകിൽ 55-65 മുള്ളുകൾ കാണപ്പെടുന്നു. വാൽച്ചിറക് രണ്ടു പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ആൺ ഡോൾഫിൻ മത്സ്യം, കോസ്റ്റ റീക്കയിൽ നിന്നും

ഡോൾഫിൻ മത്സ്യങ്ങളുടെ മുതുകുഭാഗം പൊതുവേ നീല നിറമായിരിക്കും. പച്ച, സ്വർണം, നീലലോഹിതം തുടങ്ങിയ പകിട്ടുള്ള നിറങ്ങൾ കലർന്ന നീലനിറമുള്ള മത്സ്യങ്ങളുമുണ്ട്. മുതുകിലെ നീലനിറം മിക്കപ്പോഴും മത്സ്യത്തിന്റെ മധ്യച്ചിറകുകളിലേക്കും വ്യാപിച്ചിരിക്കും. മറ്റു ചിറകുകൾക്ക് മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും. മത്സ്യത്തിന്റെ അടിവശത്തിന് മങ്ങിയ സ്വർണ നിറമാണുള്ളത്. മത്സ്യം ചത്തു കഴിഞ്ഞാൽ തിളക്കമുള്ള നിറങ്ങളെല്ലാം അപ്രത്യക്ഷമാകും.

ഡോൾഫിൻ മത്സ്യങ്ങൾ ഒറ്റയായോ കൂട്ടമായോ കാണപ്പെടുന്നു. ഇവയ്ക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ നീന്താൻ കഴിയുന്നു. വളരെവേഗം വളരുന്ന ഇത്തരം മത്സ്യങ്ങൾക്ക് ധാരാളം ഭക്ഷണം അനിവാര്യമാണ്. ഏതാണ്ട് 30 സ്പീഷീസിലധികം മത്സ്യങ്ങളെ ഇവ ഇരയാക്കാറുണ്ട്. ഇക്സോസിറ്റിഡേ മത്സ്യകുടുംബത്തിൽപ്പെടുന്ന പറക്കും മത്സ്യങ്ങളെ പിടിച്ചു ഭക്ഷിക്കാനായി ഡോൾഫിൻ മത്സ്യങ്ങൾ അതിവേഗത്തിൽ നീന്താറുണ്ട്.

ഒഴുകി നടക്കുന്ന കടൽപ്പായലുകൾക്കിടയിലാണ് ഡോൾഫിൻ മത്സ്യക്കുഞ്ഞുങ്ങളെ സാധാരണയായി കാണാറുള്ളത്. മത്സ്യക്കുഞ്ഞുങ്ങൾക്ക് മെലിഞ്ഞുനീണ്ട ശരീരപ്രകൃതിയാണെങ്കിലും വളരുംതോറും പാർശ്വങ്ങൾ വിസ്തൃതമാവുന്നു. മത്സ്യക്കുഞ്ഞു ങ്ങൾ പല നിറങ്ങളുള്ളവയാണ്. ഇവയുടെ ശരീരത്തിനു കുറുകേയായി ലംബവും വിസ്തൃതവുമായ മധ്യച്ചിറകുകൾ വരെ നീളുന്ന നിരവധി വരകളും കാണപ്പെടുന്നുണ്ട്.

ഡോൾഫിൻ ശിരസ്സിന്റെ ആന്തരഘടന
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൾഫിൻ മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോൾഫിൻ_മത്സ്യം&oldid=3142442" എന്ന താളിൽനിന്ന് ശേഖരിച്ചത്