സി.എസ്. മോഹൻദാസ്
ഇന്ത്യയിലെ പ്രമുഖ ആദ്യകാല പ്രമേഹരോഗ വിദഗ്ദ്ധനും ആദ്യമായി പ്രമേഹ ചികിത്സക്കു യോഗാ തെറാപ്പിയുടെ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിച്ച ഭിഷഗ്വരനുമാണ് ഡോക്ടർ ചെമ്പൊള്ളി ശങ്കരൻനായർ മോഹൻദാസ്. [1]
സി.എസ്. മോഹൻദാസ് | |
---|---|
കേരളത്തിലെ പ്രസിദ്ധരായ ഭിഷഗ്വരന്മാർ | |
ഡോ.സി.എസ്. മോഹൻദാസ് എം.ഡി. | |
ആധുനിക രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജനനം
തിരുത്തുകമലബാർ കുടിയാൻ നിയമത്തിൻ്റെ ശില്പി ആദരണീയ ജി. ശങ്കരൻ നായരുടെയും ചെമ്പൊള്ളി കുഞ്ഞിമാളു അമ്മയുടെയും മകനായി 1932 -ൽ സി.എസ്. മോഹൻദാസ് നെടുങ്ങനാട്ടിലെ ഒററപ്പാലം കണ്ണിയമ്പുറം ചെമ്പൊള്ളി തറവാട്ടിൽ ജനിച്ചു. അച്ഛൻ്റെ സാമൂഹ്യ പ്രവർത്തന മാതൃക കുട്ടിക്കാലം തൊട്ടേ മനസ്സിൽ പതിഞ്ഞു. പ്രപിതാമഹൻ തിരുവിതാംകൂറിലെ ജഡ്ജിയും പ്രസിദ്ധ കവിയുമായിരുന്ന ആററുകാൽ ശങ്കരപ്പിള്ള [2] ആയിരുന്നു. ലാഹോർ മഹാരാജാവ് രൺജിത് സിംഗിൻറെ മന്ത്രിയും സ്വാതി തിരുനാളിൻറെ കാലത്തു തിരുവിതാംകൂറിലെ ജഡ്ജിയുമായിരുന്ന പണ്ഡിറ്റ് ശങ്കരനാഥിൻ്റെ നാലാം തലമുറക്കാരനായിരുന്നു അദ്ദേഹം. ശങ്കരനാഥ്, അംബികാദേവി, അശോകൻ എന്നിവർ സഹോദരങ്ങളായിരുന്നു.
പഠനകാലം
തിരുത്തുകആദ്യം കണ്ണിയംപുറം എലിമെൻററി സ്‌കൂളിൽ ചേർന്നു. പിന്നീട് ഒററപ്പാലം ഹൈസ്കൂളിൽ ചേർന്നു പഠനമാരംഭിച്ചു. കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളേജിൽ ചേർന്ന് ഉയർന്ന മാർക്കിൽ ഇന്റർമീഡിയേറ്റ പാസ്സായി. മദിരാശി മെഡിക്കൽ കോളേജിൽ ചേർന്ന് വൈദ്യപഠനമാരംഭിച്ചു. പിന്നീട് എം.ഡി.യും കരസ്ഥമാക്കി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്. ഡി.-ക്കു രജിസ്റ്റർ ചെയ്‌തെങ്കിലും പൂർത്തീകരിച്ചില്ല. സർ സി.പി. രാമസ്വാമി അയ്യരെ വിമർശിച്ചു പ്രസംഗിച്ചതിന് തിരുവിതാംകൂറിൽ നിന്നും ജി. ശങ്കരൻ നായരെ പുറത്താക്കിയപ്പോൾ കുറച്ചുകാലം മോഹൻദാസ് ആലുവയിൽ താമസിച്ചിട്ടുണ്ട്. [3]
മദിരാശി
തിരുത്തുകമെഡിക്കൽ ബിരുദത്തിനു ശേഷം തിരുനെൽവേലി ശങ്കരൻ കോവിലിൽ നിയമിതനായി. പിന്നീട് എം.ഡി.ക്കു പ്രവേശനം ലഭിച്ചു മദിരാശിയിൽ വന്നു. [4] മദിരാശി മെഡിക്കൽ കോളേജിലും സ്റ്റാൻലി മെഡിക്കൽ കോളേജിലും ആയിരുന്നു സേവനം. ഡോ. മോസസ്, ഡോ. അണ്ണാമലൈ, ഡോ. വിശ്വനാഥൻ തുടങ്ങിയ പ്രഗത്ഭരുടെ കൂടെ ജോലിചെയ്യാൻ അവസരം ലഭിച്ചു. പെരിയാർ രാമസ്വാമി നായ്ക്കർ, എം.ജി.രാമചന്ദ്രൻ, സ്വാമി തപസ്യാനന്ദൻ, രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുമായി അടുപ്പമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാഞ്ചീപുരം സന്ദർശന വേളയിൽ മദിരാശിയിൽ നിന്ന് ശങ്കരാചാര്യ മഠം വരെ അനുഗമിച്ചു. രാജഗോപാലാചാരിയെ അവസാന കാലത്തു ശുശ്രുഷിച്ചതും ഡോ. മോഹൻദാസ് ആണ്. എം.ജി.രാമചന്ദ്രനുമായുള്ള അടുപ്പത്തെപ്പററി പിൽക്കാലത്തു ഡോക്ടർ എഴുതിയ കുറിപ്പ് വടവന്നൂരിലെ വീട് സ്മാരകമാക്കുന്നതിനു കാരണമായി.
യോഗയും പ്രമേഹരോഗവും
തിരുത്തുകരോഗികൾക്ക് മരുന്ന് നിശ്ചയിക്കുന്നതിനൊപ്പം വളരെ ശാസ്ത്രീയമായി യോഗയുടെ സാദ്ധ്യതകൾ ഡോ. മോഹൻദാസ് പരീക്ഷിച്ചു. [5] ആധുനികമായ മരുന്നുകൾ ലഭ്യമല്ലാതിരുന്നതിനാൽ കാൽ മുറിച്ചുനീക്കുന്ന ശസ്ത്രക്രിയയും മററും അന്നു സാധാരണമായിരുന്നു. തൻ്റെ പുതിയ പരീക്ഷണങ്ങൾക്ക് ഡോ. മോസസിൻറെ സഹായവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഇരുപത്തിയഞ്ചു രോഗികളിൽ മൂന്നു മാസം നീണ്ട പരീക്ഷണത്തിനൊടുവിൽ രോഗിയുടെ ശരീരത്തിൽ പ്രമേഹ രോഗം കുറക്കാൻ യോഗക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിൽനിന്നുള്ള ഫലം 1978 നവംബർ 11-ന് ഒരു പേപ്പറായി അവതരിപ്പിക്കുകയും ചെയ്തു. ഇതേക്കുറിച്ചു The Doctor who introduced Yoga in Diabetis Treatment എന്നൊരു ലേഖനം 2018-ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. [6]
ഡോ. സി.എസ്. മോഹൻദാസിൻ്റെ ഗവേഷണ പ്രബന്ധങ്ങൾ
തിരുത്തുകResearch Schemes taken up by Dr. C.S. Mohan Das M.D. with the grant given by the Tamil Nadu State Research Committee from 1977 to 1989 [7] (1977)
ഒറ്റപ്പാലത്തെ ഡയബറ്റിസ് ക്ലിനിക്
തിരുത്തുകമദിരാശിയിൽ നിന്നു വിരമിച്ചശേഷം ഒററപ്പാലത്തു വന്ന് കണ്ണിയംപുറത്തു ചെമ്പൊള്ളി തറവാട്ടിൽ ഒരു ഡയബറ്റിസ് ക്ലിനിക് തുടങ്ങി. നാട്ടിൻപുറത്തെ പാവപ്പെട്ടവർക്കായി തൻ്റെ സേവനം ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം. അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ പാവപ്പെട്ട പ്രമേഹ രോഗികളായ കുട്ടികൾക്ക് ഇൻസുലിൻ സൗജന്യമാക്കണമെന്ന് ഇക്കാലത്തു കേരള, തമിഴ്‌നാട് ഗവണ്മെന്റുകൾക്ക് എഴുതി. തമിഴ്‌നാട് ഇത് പ്രാവർത്തികമാക്കുകയും ചെയ്തു.
മരണം
തിരുത്തുകപ്രമേഹരോഗ ചികിത്സകനായ ഡോ. സി.എസ്. മോഹൻദാസ് 2021 ജൂൺ 12-ന് അന്തരിച്ചു.[8] കോവിഡ് അനന്തര ചികിത്‌സയിലായിരുന്നു അദ്ദേഹം. [9] അദ്ദേഹത്തിൻ്റെ മൃതദേഹം ചെമ്പൊള്ളി തറവാട്ടിൽ സംസ്കരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ ചെമ്പൊള്ളി തറവാട്, ഡോ. സി.എസ്. മോഹൻദാസിൻ്റെ ഓർമ്മകൾ, എസ്. രാജേന്ദു, 2022
- ↑ കേരള സാഹിത്യ ചരിത്രം, ഉള്ളൂർ, ആററുകാൽ ശങ്കരപ്പിള്ള കാണുക
- ↑ https://www.manoramaonline.com/news/latest-news/2021/06/13/dr-cs-mohandas-passed-away.html
- ↑ https://www.manoramaonline.com/district-news/palakkad/2021/06/14/palakkad-ottapalam-cs-mohandas.html
- ↑ https://www.youtube.com/watch?v=oE_ylALy9WE&t=373s
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-10. Retrieved 2022-05-10.
- ↑ https://www.youtube.com/watch?v=oE_ylALy9WE&t=373s
- ↑ https://www.thehindu.com/news/national/kerala/dr-cs-mohandas-passes-away/article34806148.ece
- ↑ https://www.manoramaonline.com/news/latest-news/2021/06/13/dr-cs-mohandas-passed-away.html