ഇറ്റാലിയൻ ചിത്രകാരനായിരുന്നു ഡൊമനിക്കോ വെനീസിയാനോ. 1405-ൽ വെനീസിൽ ജനിച്ചു എന്നു കരുതപ്പെടുന്നു. 1439 മുതൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം വെനീസിൽ സജീവമായിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി രചനകൾ നഷ്ടപ്പെട്ടുപോയതായി പരാ മർശങ്ങൾ കാണുന്നുണ്ട്. 1438-ൽ വരച്ചതെന്നു കരുതപ്പെടുന്ന കാർനെസെച്ചി ടാബർനാക്കിൾ എന്ന ചുമർ ചിത്രമാണ് ലഭ്യമായിട്ടുള്ളവയിൽ ഏറ്റവും പഴക്കമുള്ളത്. ഇത് ഫ്ലോറൻസിലെ നവോത്ഥാന ചിത്രകലയുടെ സ്വഭാവവിശേഷങ്ങൾ പ്രകടമാക്കുന്നുണ്ട്. ഫ്രാ ആഞ്ചെലിക്കോ, ഉക്സെല്ലോ എന്നിവരുടെ സ്വാധീനവും ഇതിൽ ദൃശ്യമാണ്. അഡൊറേഷൻ ഒഫ് ദ് മജൈ എന്ന ചിത്രം 1440-ലേതാണെന്നു കരുതപ്പെടുന്നു. പശ്ചാത്തലത്തിലെ സമ്പൂർണ പ്രകൃതി-ദൃശ്യ ചാരുത സമകാലിക ഫ്ലമിഷ് ചിത്രകലയുമായി സാജാത്യം പുലർത്തുന്നതാണ്. ഇദ്ദേഹത്തിന്റെ നിലവിലുള്ള രചനകളിൽ ഏറ്റവും മുഖ്യം സാന്റാ ലൂസിയാ ഡേയി മാഗ്നോളി എന്ന അൾത്താരാചിത്രമാണ്. ഇത് 1445 മുതൽ 1448 വരെയുള്ള കാലയളവിനിടയിലാണ് രചിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. വിളറിയതും ശീതളവുമായ വർണങ്ങളും ശുഭ്രവെളിച്ചത്തിന്റെ സാന്നിധ്യവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ നവോത്ഥാന ചിത്രകലയുടെ ഉരകല്ലുകൾ എന്നാണ് കലാവിമർശകർ ഈ രചനകളെ വിശേഷിപ്പിക്കാറുള്ളത്. 1461-ൽ ഇദ്ദേഹം അന്തരിച്ചു.

ഡൊമനിക്കോ വെനീസിയാനോയുടെ സൃഷ്ടി

അവലബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൊമനിക്കോ വെനീസിയാനോ (1405 - 61) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൊമനിക്കോ_വെനീസിയാനോ&oldid=1765517" എന്ന താളിൽനിന്ന് ശേഖരിച്ചത്