ഡില്ലിനേസി

ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് ഗോത്രത്തിൽപ്പെട്ട ഒരു സസ്യകുടുംബമാണ് ഡില്ലിനേസി

ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (Guttiferales) ഗോത്രത്തിൽപ്പെട്ട ഒരു സസ്യകുടുംബമാണ് ഡില്ലിനേസി. ഇതിന് 12 ജീനസ്സുകളിലായി 300 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയിലധികവും വളരുന്നത്. ആസ്റ്റ്രേലിയയിലാണ് ഈ കുടുംബത്തിൽപ്പെടുന്ന ഏറ്റവുമധികം ഇനങ്ങളുളളത്.

ഡില്ലിനേസി
Temporal range: Early Paleogene – Recent (but see text) 52–0 Ma
Hibbertia stellaris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Dilleniaceae

Genera

APG II system recognizes the following genera:

കുറ്റിച്ചെടികളും മരങ്ങളും ദാരുലതകളും ഇവയിൽപ്പെടുന്നു. ഓഷധികൾ അപൂർവമാണ്. ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. കടും പച്ച നിറമുളള ഇലകൾ ലഘുവായിരിക്കും. ചിലയിനങ്ങളിൽ അനുപർണങ്ങൾ കാണപ്പെടുന്നു. ഇവയ്ക്ക് വെളളയോ മഞ്ഞയോ നിറത്തിലുളള ദ്വിലിംഗി പുഷ്പങ്ങളാണുള്ളത്. ചിലയിനങ്ങളിൽ പുഷ്പങ്ങൾ ഏകവ്യാസസമമിത (zygomorphic)മാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നോ അഞ്ചോ എണ്ണം വീതമുളള രണ്ടു നിരകളായി ക്രമീകരിച്ചിരിക്കും. പുഷ്പങ്ങൾ വിരിഞ്ഞ ശേഷം ബാഹ്യദളപുടങ്ങൾ വളർന്ന് മാംസളമായിത്തീരുന്നു. ദളങ്ങൾ വളരെ വേഗം കൊഴിഞ്ഞു പോവും. അധോജനി കേസരങ്ങൾ പത്തോ അതിലധികമോ ഉണ്ടായിരിക്കും. എല്ലാ കേസരങ്ങളുടേയും ചുവടുഭാഗം യോജിച്ചിരിക്കും. ചിലപ്പോൾ വന്ധ്യകേസരങ്ങളും കാണപ്പെടുന്നു. വർത്തിക സ്വതന്ത്രമാണ്. അണ്ഡാശയത്തിൽ ഒന്നോ ഒന്നിൽക്കൂടുതലോ അണ്ഡങ്ങൾ കാണപ്പെടുന്നു. ഫലം ബെറിയോ ഉണങ്ങിപ്പൊട്ടിത്തെറിക്കുന്ന കാപ്സ്യൂളോ ആയിരിക്കും. ബീജാവരണത്തോട് പറ്റിച്ചേർന്ന് ഒരു ഏരിൽ (aril) കാണപ്പെടുന്നു. വിത്തുകൾക്ക് മാംസളമായ ബീജാന്നവും വളരെ ചെറിയ ഭ്രൂണവുമാണുളളത്.

ഡില്ലിനേസിയിലെ വളളിച്ചെടികൾക്കെല്ലാം തന്നെ അസാധാരണ ദ്വിതീയ വളർച്ചയുണ്ടായിരിക്കും. ചിലയിനങ്ങളിൽ കാണ്ഡത്തിൽ നിന്നുതന്നെ പുഷ്പങ്ങളുണ്ടാകാറുണ്ട്.

ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ഹൈബെർഷ്യ (Hibbertia)ക്ക് നൂറു സ്പീഷീസുണ്ട്. ഇവ മഞ്ഞ പുഷ്പങ്ങളുളള ചെറു കുറ്റിച്ചെടികളാണ്. ഭാരതത്തിലും മലയയിലും കണ്ടുവരുന്ന മലമ്പുന്ന (Dillenia indica) എന്ന വൻ വൃക്ഷത്തിന് വലിപ്പം കൂടിയ പുഷ്പങ്ങളും ഫലങ്ങളുമാണുള്ളത്. ഇതിന്റെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്. ബാഹ്യദളങ്ങൾ വളർന്ന് മാംസളമായ ആവരണമായി ഫലത്തെ പൊതിഞ്ഞിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡില്ലിനേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡില്ലിനേസി&oldid=3797489" എന്ന താളിൽനിന്ന് ശേഖരിച്ചത്