ഡാർലിങ്ടോണിയ കാലിഫോർണിക്ക
ഒരു ഇരപിടിയൻ സസ്യമാണ് ഡാർലിങ്ടോണിയ കാലിഫോർണിക്ക. സരസീനിയേസി ( Sarraceniaceae) സസ്യകുടുംബത്തിൽപ്പെടുന്നു. ശാ. നാ. ഡാർലിങ്ടോണിയ കാലിഫോർണിക്ക (Darlingtonia californica). ഇതിന് ഒരു സ്പീഷീസ് മാത്രമേയുളളൂ. സസ്യത്തിന് പത്തിവിടർത്തിയ സർപ്പത്തിന്റെ രൂപമായതിനാൽ ഇത് കോബ്രാ ലില്ലി (Cobra lily) എന്ന പേരിലും അറിയപ്പെടുന്നു.
കോബ്രാലില്ലി | |
---|---|
Darlingtonia's translucent leaves confuse insects trying to escape | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Darlingtonia
|
Species: | D. californica
|
Binomial name | |
Darlingtonia californica Torr. (1853)
| |
Darlingtonia distribution | |
Synonyms | |
|
ജന്മദേശം
തിരുത്തുകഅമേരിക്കയിലെ ഒറിഗോണും കാലിഫോർണിയയുമാണ് ഈ സസ്യത്തിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. 1841 ഒക്ടോബറിൽ ജെ.സി. ബ്രോക്കൻ റിഡ്ജ് ഒറിഗോണിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുളള യാത്രാമധ്യേ സാക്രാമെന്റോ നദീതീരത്തെ ചതുപ്പു പ്രദേശത്താണ് ഇത്തരം സസ്യങ്ങളെ ആദ്യമായി കണ്ടെത്തിയത്. 1853-ൽ ജോൺടോറെ ഈ സസ്യത്തിന്റെ പൂർണ വിവരണം നൽകി; തന്റെ സുഹ്യത്തും പ്രസിദ്ധ ശാസ്ത്രജ്ഞനുമായ ഡോ. വില്യം ഡാർലിങ്ടന്റെ ഓർമയ്ക്കായി 'ഡാർലിങ്ടോണിയ' എന്നു നാമകരണം ചെയ്യുകയും ചെയ്തു.
പസിഫിക് തീരത്തെ ഏകദേശം 210 കി. മീ. ചുറ്റളവിലുളള പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി വളരുന്നുണ്ട്. കുന്നിൻ പ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും വളരുന്ന ഈ സസ്യം സമുദ്രനിരപ്പിൽ നിന്നും 2600 മീറ്ററോളം ഉയരമുളള പ്രദേശങ്ങളിൽ വരെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ്. ഊഷ്മാവ് കൂടിയ അന്തരീക്ഷമായാലും വളരുന്ന മണ്ണിൽ ഈർപ്പമുണ്ടെങ്കിലേ ഇവ നന്നായി വളരുകയുളളൂ.
ഇരപിടിക്കുന്ന വിധം
തിരുത്തുകഡാർലിങ്ടോണിയയുടെ പ്രകന്ദത്തിൽ നിന്നും പുഷ്പാകാരിക (rosette)മായി ഇലകൾ (പിച്ചറുകൾ-കെണികൾ) വളർന്നു വരുന്നു. തൈകളിലെ ഇലകൾ പോലും സർപ്പാഗ്രരീതി (decumbent)യിലുളളതായിരിക്കും. ഇലയുടെ ചുവടുഭാഗം തറയിൽ കിടക്കുകയും അറ്റം മാത്രം മുകളിലേക്ക് ഉയർന്നു നിൽക്കുകയും ചെയ്യുന്നു. സസ്യം വളരുന്നതനുസരിച്ച് പിച്ചറുകളും (pitchers) നിവർന്നു വളരുന്നു. പൂർണവളർച്ചയെത്തിയ സസ്യങ്ങളിലെ പിച്ചറുകളെല്ലാം പൊതുവേ നിവർന്നു വളരുന്നതായാണ് കാണപ്പെടുന്നത്. പിച്ചറിന്റെ വിടർത്തിയ പത്തിപോലുളള ആകൃതിയും ഇരട്ടനാക്കും ചേർന്നു കാണുമ്പോൾ പത്തി വിരിച്ചു നിൽക്കുന്ന ഒരു പച്ച സർപ്പം പോലെ തോന്നും. ഓരോ സസ്യത്തിലും കെണികളുടെ രൂപവും വലിപ്പവും വ്യത്യസ്തമായി കാണപ്പെടുന്നത് ഇതിന്റെ സവിശേഷതയാണ്. ഒരു സസ്യത്തിലെ തന്നെ ചില പിച്ചറുകൾ മുക്കാൽ മീറ്ററോളം ഉയരത്തിൽ വളരുമെങ്കിലും ചിലത് 10 സെ.മീ. താഴെ മാത്രം ഉയരമുളളതായിരിക്കും. പിച്ചർ കുഴലിന്റെ മുകൾ ഭാഗം വീർത്ത് വൃത്താകൃതിയിൽ പാമ്പിന്റെ പത്തിപോലെ രൂപപ്പെടുന്നു. പത്തി യുടെ ചുവടു ഭാഗത്തായി താഴേക്കു വളഞ്ഞിരിക്കുന്ന ഒരു വായ ഭാഗം ഉണ്ട്. വായയുടെ പാർശ്വങ്ങളിൽ നിന്നും തൂങ്ങിക്കിടക്കുന്ന ഇലയുടെ അഗ്രഭാഗം (ഇരട്ടനാക്ക്) മീൻവാൽ (fish tail) എന്നും അറിയപ്പെടുന്നു. നല്ല സൂര്യപ്രകാശമുളളപ്പോൾ ഈ ഇരട്ടനാക്കിന് കടും ചുവപ്പുനിറമായിരിക്കും. പിച്ചർ കുഴലിന്റെ കുഴൽ പകുതി പിരിഞ്ഞാണിരിക്കുന്നത്. പത്തിയുടെ വായയും നിറപ്പകിട്ടുളള മീൻ വാലും ഇരയെ ആകർഷിക്കുന്നു. ഉരുണ്ട പത്തിയുടെ മുകൾ ഭാഗത്തുളള ഏരിയോൾ (areole) എന്ന സുതാര്യമായ ഭാഗം കണ്ണാടി ജനാലകൾ പോലെ കെണിക്കുളളിലേക്ക് പ്രകാശം കടത്തി വിടുന്നു. പിച്ചറിന്റെ പുറഭാഗത്തും മീൻ വാലിലും അവിടവിടെയായി തേൻ ഗ്രന്ഥികൾ ഉണ്ടായിരിക്കും. പിച്ചറിന്റെ ഉൾഭാഗത്ത് തേൻ ഗ്രന്ഥികളും താഴോട്ടു ആർത്തു നിൽക്കുന്ന രോമങ്ങളും ഇടകലർന്നാണ് കാണപ്പെടുന്നത്. പത്തിയുടെ അടിഭാഗത്തും പിച്ചറിന്റെ മുകൾ ഭാഗത്തും മധുഗ്രന്ഥികൾ കാണപ്പെടുന്നില്ല. ഈ ഭാഗം മൃദുവും മിനുസമുളളതുമായതിനാൽ ഇവിടെ എത്തിപ്പെടുന്ന പ്രാണികൾക്ക് കാൽ ഉറയ്ക്കുകയില്ല. ചെറുപ്രാണികൾ പത്തിയുടെയും മീൻവാലിന്റെയും ഭംഗിയിൽ ആകൃഷ്ടരായി കെണിയുടെ ഉളളിലേക്കു കയറി തേൻ നുകരുമ്പോഴേയ്ക്കും പിച്ചറിന്റെ ഭിത്തിയിൽ നിന്നും ഊറിവന്ന് പിച്ചറിൽ ശേഖരിക്കപ്പെട്ട വെളളത്തിൽ വീണ് പ്രാണികൾ മുങ്ങിച്ചാകുന്നു. പിച്ചറിനകത്തു കടന്നാൽ പിന്നെ പ്രാണികൾക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. ഈ സസ്യത്തിന്റെ കെണിക്കുള്ളിൽ ദഹന എൻസൈമുകൾ സ്രവിക്കപ്പെടുന്നില്ല. വെളളത്തിൽ വീണു മരിച്ച പ്രാണികൾ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ദ്രവിച്ച് സസ്യഭാഗങ്ങളിൽ അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്.
പൂക്കാലം
തിരുത്തുകവസന്ത കാലമാണ് ഡാർലിങ്ടോണിയയുടെ പുഷ്പകാലം. നീളം കൂടിയ തണ്ടുളള മനോഹരമായ പുഷ്പങ്ങളാണ് ഇവയ്ക്കുളളത്. നാക്കിന്റെ ആകൃതിയിലുളള ബാഹ്യദളത്തിന് ദളത്തിനേക്കാൾ വലിപ്പക്കൂടുതലുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമായിരിക്കും. ദളങ്ങൾക്ക് കടും ചുവപ്പു നിറമാണ്. ദളങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ മണിയുടെ ആകൃതിയിലുളള അണ്ഡാശയം ദൃശ്യമാവുന്നു. പരാഗണം നടന്ന് പത്ത് ആഴ്ചകൾക്കു ശേഷമേ വിത്തുകൾ പാകമാകുകയുളളൂ. ഇളം തവിട്ടു നിറത്തിലുളള വിത്തിന് ഗദയുടെ ആകൃതിയാണ്. വിത്ത് രോമാവൃതമായിരിക്കും.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.botany.org/carnivorous_plants/darlingtonia.php Archived 2007-04-01 at the Wayback Machine.
- http://www.thecps.org.uk/content/view/41/25/ Archived 2008-10-11 at the Wayback Machine.
- http://www.carnivorousplants.org/cp/Genera/Darlingtonia.php
- http://www.fs.fed.us/database/feis/plants/forb/darcal/all.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർലിങ്ടോണിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |