അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധിയാണ് ഡഫോഡിൽസ്. ശാസ്ത്രനാമം: നാർസിസ്സസ് സ്യൂഡോനാർസിസ്സസ് (Narcissus Pseudonarcissus). ഈ ഇനമാണ് യൂറോപ്പിൽ ധാരാളമായി കണ്ടുവരുന്നത്. യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു നിൽക്കാൻ ശേഷിയുള്ള കിഴങ്ങിൽ (bulb) നിന്നാണ് ഇവയിൽ ഇലകളും തണ്ടും ഉണ്ടാകുന്നത്. നീളം കൂടി വീതി കുറഞ്ഞ ഇലകളാണ് ഇവയ്ക്കുള്ളത്. വസന്തകാലാരംഭത്തോടെ ഡാഫൊഡിൽ പുഷ്പിക്കുന്നു. 40 സെന്റീമീറ്ററോളം ഉയരത്തിൽ വളരുന്ന തിന്റെ അഗ്രഭാഗത്ത് തിരശ്ചീനമായി വലിപ്പം കൂടിയ ഒരു പുഷ്പം ഉണ്ടാകുന്നു. മഞ്ഞ, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകാറുണ്ട്. ഇതിനു ആറു ബാഹ്യദളങ്ങളുണ്ട്. ദളപുഞ്ജം ആറുദളങ്ങൾ സംയോജിച്ചുണ്ടായതാണ്. ആറു കേസരങ്ങളും ഒരു ജനിപുടവും ഉണ്ടായിരിക്കും. ദളപുഞ്ജത്തിന്റെ മധ്യഭാഗത്തു നിന്നും കപ്പിന്റെ ആകൃതിയിലുള്ള ഒരു മകുടം ഉത്ഭവിക്കുന്നു. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളുകളാണ്.

ഡാഫോഡിൽസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Genus: Narcissus
Species:
N. pseudonarcissus
Binomial name
Narcissus pseudonarcissus
Narcissus pseudonarcissus

ഡാഫൊഡിലുകളുടെ കന്ദങ്ങൾ നട്ടാണ് പ്രജനനം നടത്തുന്നത്. സെപ്റ്റംബർ മാസാരംഭത്തോടെ നനവുള്ള മണ്ണിൽ കന്ദങ്ങൾ നടുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ വേരുകളുണ്ടായി ഇവ വളർന്നു തുടങ്ങും.

വീട്ടിനകത്ത് വെള്ളം നിറച്ച ചെറിയ പാത്രങ്ങളിലോ ചെറുകല്ലുകളും മണലും വെള്ളവും നിറച്ച പാത്രങ്ങളിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് കന്ദങ്ങൾ സൂക്ഷിച്ചാൽ വേരുകളുണ്ടായി അവ വളരും. പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ഇതിനെ മാറ്റിയാൽ ഇവ പുഷ്പിക്കുകയും ചെയ്യും.

ഒരു ഡാഫൊഡിൽ പാടം

മഞ്ഞനിറമുള്ള പുഷ്പങ്ങളുണ്ടാകുന്ന നാർസിസ്സസ് സ്യൂഡോനാർസിസ്സസ് എന്നയിനമാണ് സാധാരണ കണ്ടുവരുന്നത്. പുഷ്പത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന ചെണ്ടയുടെ ആകൃതിയിലുള്ള ഗാഢമകുടം ഇതിന്റെ ഒരു സവിശേഷതയാണ്. മഞ്ഞപ്പുഷ്പങ്ങളും ചെറിയ മകുടവുമുള്ള ഇനമാണ്. നാർസിസ്സസ് ജോങ്കില (N. Jonquilla. വെളുത്ത നിറമുള്ള പുഷ്പങ്ങളും, ബാഹ്യമാത്രമായ മകുടത്തോടു കൂടിയതുമാണ് നാർസിസ്സസ് പോയറ്റിക്കസ് (N.poeticus) ഇനം. പോളിയാന്തസ് എന്നു പരക്കെ അറിയപ്പെടുന്ന നാർസിസ്സസ് ടാസ്സെറ്റയ്ക്ക് (N.tazetta) വെള്ളയോ മഞ്ഞയോ നിറമുള്ള പുഷ്പങ്ങളായിരിക്കും. അംബൽ പുഷ്പമഞ്ജരിയായി ഉണ്ടാകുന്ന പുഷ്പങ്ങൾക്ക് ചെറിയ കൊറോണയാണുള്ളത്. നീളം കൂടിയതും കീഴോട്ട് തൂങ്ങിക്കിടക്കുന്നതുമായ വെളുത്ത പുഷ്പങ്ങളാണ് നാർസിസ്സസ് ട്രിയാർഡസ് (N.triardus) എന്നയിനത്തിൽ കാണപ്പെടുന്നത്. നാർസിസ്സസിന്റെ സങ്കര ഇനങ്ങളുടെ പുഷ്പങ്ങൾ വെള്ള, മഞ്ഞ, ഇളം ചുവപ്പ്, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ദളപുഞ്ജവും കൊറോണയും ഒരുനിറത്തിലോ, രണ്ടു നിറങ്ങളിലോ കാണാറുണ്ട്.

കൊറോണക്ക് ഒന്നിലധികം വർണങ്ങളുണ്ടായിരിക്കും.നാർസിസ്സസിന്റെ കന്ദത്തിൽ ചിലയിനം ആൽക്കലോയ്ഡുകൾ അടങ്ങിരിക്കുന്നു. ഇതു ഭക്ഷിച്ചാൽ ദഹനക്കേട്, ഛർദി, വയറിളക്കരോഗങ്ങൾ, പനി, വിറയൽ എന്നിവ അനുഭവപ്പെടാറുണ്ട്.

ലാവണ്യമിയലുന്ന ഇതിന്റെ പുഷ്പമഞ്ജരി അനേകം കവികളുടെ സർഗശക്തിയെ ത്വരിപ്പിച്ചിട്ടുണ്ട്. ഡാഫൊഡിൽ പൂക്കളിലൂടെ പ്രപഞ്ചസൗന്ദര്യം മുഴുവൻ കണ്ടെത്തിയ കവികളിൽ പ്രമുഖനാണ് വില്യം വേഡ്‌സ്‌വർത്ത്‌.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാഫോഡി%E0%B4%B2%E0%B5%8D%E2%80%8D എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാഫോഡിൽസ്&oldid=3250782" എന്ന താളിൽനിന്ന് ശേഖരിച്ചത്