അങ്കിൾ ടോംസ് ക്യാബിൻ

(ടോം അമ്മാവന്റെ ചാള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാരിയറ്റ് ബീച്ചർ സ്റ്റോ (ജീവിതകാലം: 1811-96) എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വിഖ്യാതമായ നോവലാണ് അങ്കിൾ ടോംസ് ക്യാബിൻ. അങ്കിൾ ടോം എന്ന നീഗ്രോ അടിമയെ മുഖ്യകഥാപാത്രമാക്കി രചിച്ചിട്ടുള്ള ഈ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ, പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ നിലവിലിരുന്ന അടിമത്തവ്യവസ്ഥയുടെ തുറന്നുകാട്ടലും നിശിതവിമർശനവുമാണ്. ആദ്യം 1850-ൽ ഇത് ദ നാഷനൽ ഇറാ (The National Era) എന്ന മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു കൊല്ലം കഴിഞ്ഞ് പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അതിനു ലഭിച്ച പ്രചാരം അസാധാരണമായിരുന്നു. ഒട്ടേറെ ഭാഷകളിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടു. ഈ നോവലിന്റെ നാടകീയ ഭാഷ്യത്തിനും വൻപിച്ച പ്രചാരം ലഭിച്ചു.

അങ്കിൾ ടോംസ് ക്യാബിൻ
Uncle Tom's Cabin, CLEVELAND, OHIO: JEWETT, PROCTOR & WORTHINGTON edition
'അങ്കിൾ ടോംസ് ക്യാബിൻ' ബോസ്റ്റൻ പതിപ്പ്
കർത്താവ്ഹാരിയറ്റ് ബീച്ചർ സ്റ്റോ
ചിത്രരചയിതാവ്ഹമ്മാത്ത് ബില്ലിങ്ങ്സ് (ഒന്നാം പതിപ്പ്)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർദ നാഷനൽ ഇറാ (ഖണ്ഡശ്ശ) & ജോൺ പി. ജൂവെറ്റ് & കമ്പനി (2 വാല്യങ്ങളിൽ)
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 20, 1852
മാധ്യമംഅച്ചടി
ISBNNA
ശേഷമുള്ള പുസ്തകംഎ കീ ടു അങ്കിൾ ടോംസ് ക്യാബിൻ (1853)

മുന്തിയ സാഹിത്യപ്രതിഭയോ കാലാമേന്മയോ പ്രതിഫലിപ്പിക്കാത്ത കേവലം സെന്റിമെന്റൽ റൊമാൻസ് ആയിരുന്നിട്ടും രചനാകാലത്തും പിന്നീടും അങ്കിൾ ടോമിന്റെ ക്യാബിൻ അസാമാന്യമായ ജനപ്രീതി നേടി. സാഹിത്യനിരൂപരേയും സാമൂഹ്യചരിത്രകാരന്മാരേയും വശംകെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്ത കൃതി എന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിനു പത്തു വർഷം മുൻപു വെളിച്ചം കണ്ട ഈ കൃതി അടിമവ്യവസ്ഥക്കെതിരായി പൊതുജനാഭിപ്രായം രൂപീകരിച്ച് യുദ്ധത്തിനു വഴിയൊരുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.[2] എങ്കിലും യുദ്ധത്തിന്റെ വരവിൽ അതിന്റെ പങ്ക് എത്രമാത്രമുണ്ടായിരുന്നു എന്നതിൽ അഭിപ്രായസമ്മതിയില്ല. "വലിയ യുദ്ധം ഉണ്ടാക്കിയ ചെറിയ സ്ത്രീ" എന്ന് അബ്രഹാം ലിങ്കൺ നോവലിസ്റ്റിനെ വിശേഷിപ്പിച്ചതായി ഒരു കഥയുണ്ടെങ്കിലും അതിനു വിശ്വസനീയത കുറവാണ്.[൧]

പശ്ചാത്തലം

തിരുത്തുക

ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ കാൽവിനിസ്റ്റ് ക്രിസ്തീയതയുടെ നായകന്മാരിൽ ഒരാളും സിൻസിനാറ്റിയിലെ ലേൻ ദൈവശാസ്ത്രസെമിനാരിയുടെ അദ്ധ്യക്ഷനുമായിരുന്ന ലേമാൻ ബീച്ചറുടെ മകളായിരുന്നു ഹാരിയറ്റ് ബീച്ചർ സ്റ്റോ. സെമിനാരിയിലെ പ്രൊഫസർ കാൽവിൻ എല്ലിസ് സ്റ്റോ ആയിരുന്നു അവരുടെ ഭർത്താവ്. കുടുംബിനിയായി ജീവിച്ച അവർ, പ്രാദേശികപ്രസിദ്ധീകരണങ്ങളിൽ കഥകളും അനുഭവാഖ്യാനങ്ങളും മറ്റും എഴുതിയിരുന്നു.

 
ഹാരിയറ്റ് ബീച്ചർ സ്റ്റോ

ഐക്യനാടുകളിൽ, അടിമത്തം നിലവിലിരുന്ന തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ 1850-ൽ എത്തിച്ചേർന്ന അവസരവാദപരമായ ഒത്തുതീർപ്പാണ് ഈ കൃതിയുടെ പിറവിക്ക് അവസരമൊരുക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ നടപ്പായ "ഫ്യൂജിറ്റിവ് സ്ലേവ് നിയമം", ഒളിച്ചോടുന്ന അടിമകളെ കണ്ടെത്തുന്നതിൽ തെക്കൻ സംസ്ഥാനക്കാരായ ഉടമകളെ സാഹായിക്കാൻ മുഴുവൻ അമേരിക്കക്കാരേയും നിയമപരമായി ബാദ്ധ്യസ്ഥരാക്കി. ഉടമകളല്ലാത്തവരെക്കൂടി അടിമവ്യവസ്ഥയുടെ അധാർമ്മികതയിൽ പങ്കുപറ്റാൻ നിർബ്ബന്ധിക്കുന്ന ഈ നിയമത്തെ നിരോധന‌വാദികൾ (abolitionists) എതിർത്തു. നിയമത്തിനെതിരെ തൂലിക ചലിപ്പിക്കാൻ ആവശ്യപ്പെട്ട് ഹാരിയറ്റിന്റെ ഭർതൃസഹോദരി അവർക്കെഴുതി. അങ്ങനെ തുടങ്ങിയ എഴുത്തിൽ ഗ്രന്ഥകാരി ഉപയോഗിച്ചത് ഒളിച്ചോടിവന്ന അടിമകളും സുഹൃത്തുക്കളും പറഞ്ഞ കഥകളും, തെക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങൾ നൽകിയ അനുഭവങ്ങളും ആയിരുന്നു.[3][4]

അമേരിക്കയിലെ വ്യവസ്ഥാപിത ക്രിസ്തീയതക്കുള്ളിലെ വലിയൊരു വിഭാഗം അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. വടക്കൻ സംസ്ഥാനങ്ങളിലെ മെഥഡിസ്റ്റ് സഭ, അടിമത്തം ദൈവത്തിനും മനുഷ്യനും പ്രകൃതിക്കും എതിരാണെന്നു കരുതിയപ്പോൾ, തെക്ക് അടിമകളെ വച്ചു കൊണ്ടിരുന്നവരിൽ ഇരുപത്തയ്യായിരത്തോളം മെഥഡിസ്റ്റ് അൽമായരും 1200 മെഥഡിസ്റ്റ് പുരോഹിതരും ഉണ്ടായിരുന്നു.[5] ബൈബിളും സഭാപിതാക്കന്മാരുടെ രചനകളും അടിമത്തത്തെ പിന്തുണക്കുന്നതായി പലരും വാദിച്ചിരുന്നു. ആ നിലപാടിനെ തിരസ്കരിക്കുയും നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരി, അടിമത്തത്തിനെതിരായ തന്റെ വാദങ്ങൾ ഉറപ്പിച്ചത് ക്രൈസ്തവ ധാർമ്മികതയെക്കുറിച്ചുള്ള സ്വന്തം ബോദ്ധ്യങ്ങളിലായിരുന്നു.

വാഷിങ്ങടൺ ഡി.സി.യിലെ നിരോധനപക്ഷ ആനുകാലികമായ നാഷനൽ ഈറയിൽ 1851 ജൂൺ 5 മുതൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ട് പ്രാദേശികശ്രദ്ധ നേടിയ നോവലിന്റെ പുസ്തകരൂപം ഇറങ്ങിയത് 1852 മാർച്ച് 20-നായിരുന്നു. അതോടെ അത് ദേശീയതലത്തിലും വിദേശങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ 5000 പ്രതികൾ വിറ്റഴിഞ്ഞു. രണ്ടു മാസം ആയപ്പോൾ വില്പന അൻപതിനായിരമെത്തി. പുസ്തകത്തിന്റെ ഖ്യാതി വ്യാപിച്ചതോടെ മൂന്ന് അച്ചടിയന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ച് തയ്യാറാക്കിയിരുന്ന പ്രതികൾ തുന്നിക്കെട്ടാൻ 100 ബൈൻഡർമാർ വേണ്ടി വന്നു. അച്ചടിക്കടലാസിന് മൂന്നു മില്ലുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്തു. ഒരുവർഷത്തിനിടെ അമേരിക്കയിൽ വിറ്റഴിഞ്ഞത് മൂന്നു ലക്ഷം പ്രതികളായിരുന്നു.[1] 1857 ആയപ്പോൾ ലോകമൊട്ടാകെ 20 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞു.[6]

ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച നോവലിനു നാഷൽ ഈറ ഹാരിയറ്റിനു 300 ഡോളർ പ്രതിഫലം നൽകിയിരുന്നു.[6] പ്രസാധനച്ചെലവിന്റെ പകുതി വരുന്ന 500 ഡോളർ മുതൽ മുടക്കിയാൽ ലാഭം തുല്യമായി വീതിക്കാമെന്ന നിർദ്ദേശം പുസ്തകപ്രസാധകൻ തുടക്കത്തിൽ മുന്നോട്ടു വച്ചിരുന്നെങ്കിലും അതു സ്വീകരിക്കാനുള്ള സാമ്പത്തികനിലയോ, സംരംഭം പരാജയപ്പെട്ടാൽ നഷ്ടം താങ്ങാമെന്ന ധൈര്യമോ ഗ്രന്ഥകാരിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ പുസ്തകത്തിന്റെ വൻവിജയത്തിൽ നിന്നുള്ള സാമ്പത്തികലാഭത്തിൽ അവരുടെ പങ്ക്, പതിവനുസരിച്ചുള്ള 10 ശതമാനം റോയൽറ്റിയിൽ ഒതുങ്ങി.

ആദ്യത്തെ 'വിൽപ്പന'

തിരുത്തുക

കടബാദ്ധ്യതയിൽ സ്വന്തം കൃഷിയിടം നഷ്ടപ്പെടുമെന്ന അവസ്ഥയിലായ കെന്റുക്കിയിലെ കർഷകൻ ആർതർ ഷെൽബിയുടെ വിശ്വസ്തനായ അടിമയായിരുന്നു അങ്കിൾ ടോം. ഭാര്യയും കുഞ്ഞുങ്ങളുമുള്ള മദ്ധ്യവയ്സ്കനായിരുന്ന ടോം, സൽസ്വഭാവിയും കാര്യപ്രാപ്തനും ക്രിസ്തുമതവിശ്വാസിയും അയിരുന്നു. ഷെൽബിയുടെ ഭാര്യ എമിലിയുടെ വേലക്കാരി ആയിരുന്നു എലിസ എന്ന അടിമ. അയൽ കൃഷിയിടങ്ങളിലൊന്നിൽ അടിമയായിരുന്ന ജോർജ്ജ് ഹാരിസിന്റെ ഭാര്യയയിരുന്നു അവൾ. അവർക്ക് ഹാരി എന്നു പേരുള്ള സുന്ദരനായ ഒരു ആൺകുഞ്ഞും ഉണ്ടായിരുന്നു. ടോമിനെ വിലമതിക്കുകയും അയാളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നെങ്കിലും, കടത്തിന്റെ ഗതികേടിൽ നിന്നു രക്ഷപെടാൻ ടോമിനെ ഒരു അടിമക്കച്ചവടക്കാരനു വിൽക്കാൻ ഷെൽബി ആലോചിക്കുന്നു. ടോമിനൊപ്പം എലിസയുടെ മകൻ ഹാരിയെക്കൂടി കൊടുത്താൽ നല്ല പ്രതിഫലം തരാമെന്ന കച്ചവടക്കാരന്റെ പ്രലോഭനത്തിനു വഴങ്ങി അയാൾ ഇരുവരേയും വിറ്റു പണം വാങ്ങുന്നു. ഈ കച്ചവടം ഷെൽബിക്കും, അതിലുപരി അയാളുടെ ഭാര്യ എമിലിക്കും, ഏറെ വേദനാജനകമായിരുന്നു. കുഞ്ഞിനെ ഒരിക്കലും വിൽക്കില്ലെന്ന് എലിസക്ക് എമിലി നേരത്തേ ഉറപ്പു കൊടുത്തിരുന്നു.

 
തന്റെ മകനേയും ടോമിനേയും യജമാനൻ അടിമവ്യാപാരിക്കു വിറ്റിരിക്കുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാൻ താൻ ഒളിച്ചോടുകയാണെന്നു അങ്കിൽ ടോമിനെ എലിസ അറിയിക്കുന്ന രംഗത്തിന്റെ ചിത്രീകരണം

അടുത്ത ദിവസം, അയാളുടെ 'മുതൽ' ആയി മാറിയ ടോമിനേയും തന്റെ കുഞ്ഞിനേയും കൊണ്ടു പോകാൻ കച്ചവടക്കാരൻ വരുമെന്നറിഞ്ഞ എലിസ രാത്രിയിൽ കുഞ്ഞിനേയും എടുത്ത് ഒളിച്ചോടുന്നു. എങ്ങനെയെങ്കിലും, വടക്ക്, അടിമത്തം നിലവിലില്ലാതിരുന്ന കാനഡയിൽ എത്തുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം. പിറ്റേ ദിവസം, 'മുതൽ' കൊണ്ടു പോകാൻ വന്ന കച്ചവടക്കാരൻ എലിസയെ പിന്തുടർന്ന് കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അയാളുടെ പിടിയിൽ പെടാതെ അവൾ മഞ്ഞു മൂടിക്കിടന്നിരുന്ന ഒഹായോ നദി സാഹസികമായി കടന്ന് വടക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തെ ഒരു സെനറ്ററുടെ വീട്ടിൽ അഭയം തേടി.

കച്ചവടക്കാരൻ കൊണ്ടുപോകുമ്പോൾ, തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാലുടനെ അയാളെ കണ്ടെത്തി തിരികെ വാങ്ങിക്കൊള്ളാമെന്ന് എമിലി, ടോമിനും അയാളുടെ ഭാര്യക്കും ഉറപ്പുകൊടുത്തു. ഷെൽബിയുടെ കൗമാരപ്രായക്കാരനായ മകൻ ജോർജ്ജിന് അങ്കിൾ ടോം സുഹൃത്തും വഴികാട്ടിയും ആയിരുന്നു. ടോമിന്റെ ക്യാബിനിലെ നിത്യസന്ദർശകനായിരുന്നു ജോർജ്ജ്. ടോമിന്റെ വില്പനയുടെ കാര്യം വൈകി അറിഞ്ഞ ജോർജ്ജും, എന്നെങ്കിലും ടോം തിരികെയെത്തുമെന്നു പ്രതീക്ഷിച്ചു.

ടോമിനെയും താൻ വാങ്ങിയ മറ്റടിമകളേയും കച്ചവടക്കാരൻ, ഒഹായോ നദിയിലെ ഒരു യാത്രബോട്ടിൽ കയറ്റി തെക്കോട്ടു കൊണ്ടു പോയി. ബോട്ട് ഇടയ്ക്കടുത്ത കടവുകളിലൊന്നിൽ താൻ വാങ്ങിയ ഒരടിമപ്പെണ്ണിന്റെ കുഞ്ഞിനെ കച്ചവടക്കാരൻ മറ്റൊരു യാത്രക്കാരനു വിറ്റതിനെ തുടർന്ന് അടിമപ്പെണ്ണ് ബോട്ടിൽ നിന്നു നദിയിൽ ചാടി മരിക്കുന്നതും ഇവിടെ വായിക്കാം. ഇതിനിടെ, ബോട്ടിലുണ്ടായിരുന്ന അഗസ്റ്റിൻ ക്ലെയർ എന്ന യാത്രക്കാരന്റെ മകൾ ഈവ എന്ന കുഞ്ഞുമായി ടോം സൗഹൃദത്തിലാകുന്നു. കുട്ടിയുടെ ഇഷ്ടം അറിഞ്ഞ അവളുടെ പിതാവ്, ടോമിനെ വിലക്കു വാങ്ങി ന്യൂ ഓർളിയൻസിലെ അവരുടെ വീട്ടിലേക്കു കൊണ്ടു പോകുന്നു. പുതിയ വീട്ടിലും താരതമ്യേന നല്ല സാഹചര്യമായിരുന്നു ടോമിനു കിട്ടിയത്. അഗസ്റ്റിൻ ക്ലെയറിന്റെ മകൾ ഈവയെ അയാളുമായി വലിയ സൗഹൃദത്തിലായി. എങ്കിലും തന്റെ കുടുംബത്തിൽ നിന്നുള്ള വേർപാട് ടോമിനെ ദുഖിപ്പിച്ചു.

എലിസ, ക്ലെയർ കുടുംബത്തിൽ ടോം

തിരുത്തുക
 
അങ്കിൾ ടോമിനൊപ്പം ഈവ

ഒഹായോയിൽ സെനറ്ററുടെ വീട്ടിൽ അഭയം തേടിയ എലിസയെ അയാൾ അടിമത്തവിരോധികളായിരുന്ന ക്രിസ്തുമതവിഭാഗമായ ക്വാക്കർമാരുടെ ഒരു സംഘവുമായി പരിചയപ്പെടുത്തി. ക്വാക്കർമാർക്കൊപ്പം കഴിയവേ, നേരത്തേ രക്ഷപെട്ടിരുന്ന അവളുടെ ഭർത്താവ് ജോർജ്ജ് ഹാരിസും അവിടെയെത്തുന്നു. അവരൊരുമിച്ച് ക്വാക്കർമാരുടെ സഹായത്തോടെ കാനഡയിലേക്കു പോകാൻ ശ്രമിച്ചു. ഒളിച്ചോടുന്ന അടിമകളെ ഉടമകൾക്കു വേട്ടയാടിക്കൊടുത്തിരുന്ന ടോം ഹാക്കർ എന്നയാൾ അവരെ പിന്തുടർന്നെങ്കിലും അവർ രക്ഷപെടുന്നു.

ഇതിനിടെ ന്യൂ ഓർലിയൻസിലെ ക്ലെയർ കുടുംബത്തിൽ ക്ലയറിന്റെ വടക്കൻ സംസ്ഥാനക്കാരി കസിൻ ഒഫീലിയ വീട്ടുനടത്തിപ്പുകാരിയായി കഴിയുന്നുണ്ടായിരുന്നു. ആദർശവതിയും ധർമ്മതീക്ഷ്ണയും അദ്ധ്വാനശീലയും ആയിരുന്ന ഒഫീലിയ അടിമത്തത്തെ എതിർത്തിരുന്നു. എങ്കിലും കറുത്ത മനുഷ്യരോട് അടിമത്തം നിലവിലില്ലാതിരുന്ന വടക്കൻ സംസ്ഥാനക്കാരായ വെള്ളക്കാർക്കു പോലും ഉണ്ടായിരുന്ന അബോധപൂർവമായ മുൻവിധികളിൽ നിന്ന് അവളും മുക്തയയിരുന്നില്ല. കുറേയധികം അടികളുടെ യജമാനായിരുന്ന ക്ലെയറാകട്ടെ അടിമകളോട് അബോധമായ മനുഷ്യത്വത്തോടെ പെരുമാറി. ഒഫീലിയയുമായി അടിമത്തത്തെപ്പറ്റിയും മറ്റു ധാർമ്മികസമസ്യകളെപ്പറ്റിയും അയാൾ ദീർഘമായി സംവദിച്ചു. കറുത്തവരോടുള്ള ഒഫീലിയയുടെ മുൻവിധി മനസ്സിലാക്കിയ ക്ലെയർ, തീരെ മോശപ്പെട്ട ചുറ്റുപ്പാടുകളിൽ നിന്നു അയാൾ വാങ്ങിയ പരുക്കൻ സ്വഭാവമുള്ള ടോപ്സി എന്ന അടിമപ്പെൺകുട്ടിയെ വളർത്താനായി അവളെ ഏല്പിച്ചു. ടോപ്സിയെ പഠിപ്പിച്ചു നാന്നാക്കാൻ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വാചാലയായിരുന്ന ഒഫീലിയയെ അയാൾ വെല്ലുവിളിച്ചു.

ടോമും ഈവായും തമ്മിലുള്ള സൗഹൃദം ഇതിനിടെ കൂടുതൽ ഗാഢമായി. ക്ലെയറിന്റെ വീട്ടിൽ ടോം രണ്ടു വർഷം പൂർത്തിയാക്കിയപ്പോൾ, ഈവ ഗുരുതരമാംവിധം രോഗബാധിതയായി. അവൾ മരിച്ചത്, തനിക്കുണ്ടായ ദൈവദർശനത്തിന്റെ അനുഭവം എല്ലാവരുമായി പങ്കുവച്ച ശേഷമാണ്. തങ്ങളെത്തന്നെ നവീകരിക്കാൻ ഇത് മറ്റുള്ള്വർക്കു പ്രചോദനം നൽകി. കറുത്തവരോടുള്ള മുൻവിധി ഉപേക്ഷിക്കുമെന്ന് ഒഫീലിയ പ്രതിജ്ഞ ചെയ്തു. വികൃതികൾ ഉപേക്ഷിച്ചു നന്നാവാൻ ടോപ്സിയും, വൈകാതെ അങ്കിൾ ടോമിനെ അടിമത്തത്തിൽ നിന്നു സ്വതന്ത്രനാക്കാൻ അഗസ്റ്റിൻ ക്ലെയറും തീരുമാനിച്ചു.

ടോമിന്റെ രണ്ടാം വില്പന

തിരുത്തുക
 
അങ്കിൾ ടോമിനെ ആക്രമിക്കുന്ന പുതിയ 'ഉടമ' സൈമൻ ലെഗ്രി

ടോമിനു നൽകിയ സ്വാതന്ത്ര്യവാഗ്ദാനം നടപ്പാക്കാനാവുന്നതിനു മുൻപ് അഗസ്റ്റിൻ ക്ലെയർ ഒരു ടാവേണിലെ വഴക്കു തീർക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിക്കുന്നു. അയാളുമായി സ്വഭാവപ്പൊരുത്തമോ മനപ്പൊരുത്തമോ ഇല്ലാതിരുന്ന ഭാര്യ, ടോം ഉൾപ്പെടെയുള്ള അടിമകളെ ലേലത്തിൽ വിൽക്കാൻ ഏല്പിക്കുന്നു. തോട്ടമുടമയും ക്രൂരസ്വഭാവിയുമായ സൈമൻ ലെഗ്രി എന്നയാളാണ് ടോമിനെ വാങ്ങിയത്. ടോമിനെ അയാൾ ലൂയിസിയാന സംസ്ഥാനത്തെ തന്റെ പരുത്തിത്തോട്ടത്തിൽ എത്തിക്കുന്നു. എമ്മെലീൻ എന്ന പെൺകുട്ടിയേയും അയാൾ ടോമിനൊപ്പം വാങ്ങിയിരുന്നു.

മറ്റൊരടിമയെ തല്ലാനുള്ള തന്റെ ഉത്തരവ് ടോം ലംഘിച്ചതോടെ ലെഗ്രി അയാളെ വല്ലാതെ വെറുക്കാൻ തുടങ്ങുന്നു. ക്രൂരത കാട്ടിയും തല്ലിച്ചതച്ചും ടോമിന്റെ മനുഷ്യത്വവും വിശ്വാസവും നശിപ്പിക്കൻ ലെഗ്രി തീരുമാനിച്ചു. എങ്കിലും ടോം ദൈവവിശ്വാസം നിലനിർത്തുകയും വേദപുസ്തകവായന തുടരുകയും ചെയ്തു. ആവും വിധമൊക്കെ അയാൾ മറ്റടിമകളെ ആശ്വസിപ്പിച്ചു. ലെഗ്രിയുടെ അടിമകളിൽ ഒരാളായ കേസി എന്ന സ്ത്രീയുമായും ടോം പരിചയപ്പെട്ടു. നല്ല പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന്, വെള്ളക്കാരനായ പിതാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് അടിമത്തത്തിലായി ഒട്ടേറെ കഷ്ടാനുഭവങ്ങളിലൂടെ കടന്നു പോയവളായിരുന്നു കേസി. അവൾക്കു ജനിച്ച ഒരു മകനേയും മകളേയും പഴയ യജമാനന്മാരിൽ ഒരാൾ വിറ്റിരുന്നു. അതിനാൽ പിന്നീടുണ്ടായ ഒരു കുട്ടിയെ അവൾ കൊല്ലുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങൾ അവളുടെ വിശ്വാസം ഇല്ലാതാക്കുകയും അവളെ കഠിനഹൃദയയാക്കുകയും ചെയ്തിരുന്നു.

 
ലെഗ്രിയുടെ മർദ്ദനമേറ്റ അങ്കിൾ ടോമിനെ പരിചരിക്കുന്ന കേസി

മർദ്ദനവും കഷ്ടപ്പാടുകളും പെരുകി വിശ്വാസം നഷ്ടപ്പെടുമെന്ന അവസ്ഥയിലായ ടോമിന് രണ്ടു സ്വർഗ്ഗീയദർശനങ്ങൾ ആശ്വാസം നൽകി. ആദ്യത്തേതിൽ യേശുവും രണ്ടാമത്തേതിൽ മരിച്ചു പോയെ ഈവായും അയാൾക്കു കാണപ്പെട്ടു. മരണത്തോളം വിശ്വാസത്തിൽ തുടരാൻ ഈ ദർശനങ്ങൾ അയാളെ സഹായിച്ചു. എമ്മലീനേയും കൂട്ടി രക്ഷപെടാൻ അയാൾ കേസിയെ ഉപദേശിച്ചു. അതനുസരിച്ച് രക്ഷപെട്ട അവരെ കണ്ടെത്താൻ ലെഗ്രി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ടോം വിസമ്മതിച്ചപ്പോൾ, ലെഗ്രിയുടെ നിർദ്ദേശത്തിൽ അയാളുടെ കിങ്കരങ്കാർ ടോമിനെ മർദ്ദിച്ച് മൃതപ്രായനാക്കി. ആസന്നമരണനായ ടോം തന്നെ മർദ്ദിച്ച തോട്ടത്തിലെ രണ്ടു കങ്കാണികൾക്ക് മാപ്പു കൊടുത്തു. തങ്ങൾ കൊന്ന മനുഷ്യന്റെ സ്വഭാവമഹത്ത്വം തിരിച്ചറിഞ്ഞ അവർ മാനസാന്തരപ്പെട്ടു വിശ്വാസികളായി. ടോമിനെ തിരികെ വാങ്ങാൻ, ഇതിനകം മരിച്ചിരുന്ന അയാളുടെ ആദ്യയജമാനന്റെ മകൻ ജോർജ്ജ് ആ സമയത്ത് എത്തുന്നു. അയാൾ വന്നെത്തി അധികം വൈകാതെ ടോം മരിക്കുന്നു. ടോമിന്റെ മൃതദേഹം ഏറ്റുവാങ്ങി ഉപചാരപൂർവം സംസ്കരിക്കാൻ മാത്രമേ അയാൾക്കായുള്ളൂ.

കഥാന്ത്യം

തിരുത്തുക
 
അടിമത്തമുക്തമായ കാനഡയിലെത്തിയ എലിസയും ജോർജ്ജ് ഹാരിസും മകനും

ലെഗ്രിയുടെ അടിമത്തത്തിൽ നിന്നു രക്ഷപെട്ട് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ കേസിയും എമ്മലീനും എലീസയുടെ ഭർത്താവ് ജോർജ്ജ് ഹാരിസിന്റെ സഹോദരിയെ കണ്ടുമുട്ടുന്നു. അടിമയായി വിൽക്കപ്പെട്ടിരുന്ന അവൾ ഇതിനകം സ്വതന്ത്രയാവുകയും പണക്കാരനായ ഭർത്താവിന്റെ മരണത്തെ തുടർന്ന് അയാളുടെ സ്വത്തിന് അവകാശിയാവുകയും ചെയ്തിരുന്നു. തന്നിൽ നിന്ന് വേർപെടുത്തി അടിമയായി വിൽക്കപ്പെട്ട മകളാണ് എലിസ എന്നു കേസി മനസ്സിലാക്കുന്നു. ജോർജ്ജും എലിസയും കാനഡയിലെത്തി എന്നറിഞ്ഞ ജോർജ്ജിന്റെ സഹോദരിയും കേസിയും കാനഡയിലെത്തി, അവിടെ സസന്തോഷം ജീവിക്കുന്ന അവരെ കണ്ടെത്തുന്നു. സഹോദരിയുടെ സഹായത്തോട് ജോർജ്ജ് ഫ്രാൻസിൽ ഉപരിപഠനത്തിനു പോകുന്നു. പഠനത്തിനു പരിചിന്തനത്തിനുമൊടുവിൽ അയാൾ, അമേരിക്കയിൽ നീഗ്രോകൾക്കു നീതി ലഭിക്കുക സാദ്ധ്യമല്ലെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. നീഗ്രോകൾക്ക് അഭിമാനപൂർവം ജീവിക്കാനാവുക അവരുടെ നാടായ ആഫ്രിക്കയിലാണെന്നായിരുന്നു അയാളുടെ കണ്ടെത്തൽ. സ്വതന്ത്രരായ അമേരിക്കൻ അടിമകക്കു വേണ്ടി ആഫ്രിക്കയിൽ സ്ഥാപിക്കപ്പെട്ട പുതിയ രാജ്യമായ ലൈബീരിയയിലേക്കു കുടുംബസഹിതം കുടിയേറാൻ അയാൾ തീരുമാനിക്കുന്നു.

ഇതിനിടെ കെന്റുക്കിയിലെ തന്റെ കൃഷിയിടത്തിൽ മടങ്ങിയെത്തിയ ജോർജ്ജ് ഷെൽബി കുടുംബത്തിന്റെ അടിമകളെയെല്ലാം സ്വതന്ത്രരാക്കുന്നു. അങ്കിൾ ടോമിന്റെ ത്യാഗത്തിന്റേയും വിശ്വാസതീക്ഷ്ണതയുടേയും സ്മരണ നിലനിർത്താൻ അയാൾ അവരെ ഉപദേശിക്കുന്നു.

ഉപസംഹാരം

തിരുത്തുക
 
മഞ്ഞിനു മുകളിൽ ഒഹായോ നദി കടക്കുന്ന എലിസ

45 അദ്ധ്യായങ്ങളുള്ള കൃതിയുടെ അവസാനഖണ്ഡം നോവലിസ്റ്റിന്റെ സമാപനനിരീക്ഷണങ്ങളാണ്. അവിടെ അവർ കഥയുടെ പുറംചട്ട ഉപേക്ഷിച്ച്, അടിമവ്യവസ്ഥയെ സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ നേർക്കുനേർ അവതരിപ്പിക്കുന്നു. നോവലിലെ ചിത്രീകരണത്തിൽ അതിശയോക്തി തീരെയില്ലെന്നും, ടോമിന്റേയും, എലിസയുടേയും, ലെഗ്രിയുടേയും, എമ്മലീന്റേയും മറ്റും തനിപ്പകർപ്പുകൾ സാധാരണജീവിതത്തിൽ തനിക്കും മറ്റുള്ളവർക്കും പരിചയമുള്ളതാണെന്നുമാണ് അവരുടെ നിലപാട്. മഞ്ഞുമൂടിക്കിടന്ന നദിക്കു മുകളിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ പണയം വച്ച് പലായനം ചെയ്ത അമ്മയുടെ കഥപോലും സാങ്കല്പികമല്ലെന്നും അവർ അവകാശപ്പെടുന്നുണ്ട്. 'മ്യുലാറ്റോ', 'ക്വാഡ്രൂൺ' അടിമപ്പെൺകുട്ടികളുടെ ലജ്ജാകരമായ വാണിജ്യംപോലും നിത്യസംഭവമാണെന്നു പറയുന്ന അവർ, ഇതൊക്കെ നടക്കുന്നത് അമേരിക്കൻ നിയമത്തിന്റേയും "ക്രിസ്തുവിന്റെ കുരിശിന്റേയും" തണലിലാണെന്നു പരിതപിക്കുന്നു. നോവലിന്റെ സമാപനം ഇങ്ങനെയാണ്:-

വിമർശനങ്ങൾ

തിരുത്തുക
 
നോവലിന്റെ നാടകരൂപങ്ങളിൽ ഒന്നിന്റെ പരസ്യത്തിൽ മകനോടൊപ്പമുള്ള എലിസയുടെ രക്ഷപെടൽ

അടിമത്തസമ്പ്രദായത്തിന്റെ അനീതിയെ തീവ്രരൂപത്തിൽ ചിത്രീകരിച്ച് നിശിതമായി വിമർശിക്കുന്ന ഈ കൃതി ആ വിമർശനത്തിനു മാനദണ്ഡമായി സ്വീകരിക്കുന്നത് ക്രിസ്തീയ ധാർമ്മികതയെക്കുറിച്ചുള്ള ഗ്രന്ഥകാരിയുടെ സങ്കല്പമാണ്.[൨] അതേസമയം, യജമാനന്റെ ക്രൂരതയെ ക്രിയാത്മകമായി ചെറുക്കുന്ന അടിമ ഇതിന്റെ നായകസങ്കല്പത്തിന് അന്യമാണ്. ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ചിരുന്ന അങ്കിൾ ടോം അടിമവ്യവസ്ഥയുടെ അതിക്രമങ്ങളോട് പ്രതികരിക്കുന്നത് അനുസരണത്തിന്റേയും സഹനത്തിന്റേയും മാർഗ്ഗത്തിലൂടെയാണ്. സ്വർഗ്ഗത്തിലെ മാലാഖയുടെ മഹിമക്കായി ഭൂമിയിലെ മനുഷ്യമഹത്ത്വം പരിത്യജിക്കുന്ന ഇതിലെ നായകന്റെ പേരു തന്നെ ആഫ്രിക്കൻ അമേരിക്കർക്കിടയിൽ ശകാരപദമാണ്. "അങ്കിൾ ടോം" അവർക്ക് ദാസ്യഭാവത്തിന്റെ പ്രതീകമാണ്.[1]

കറുത്തമനുഷ്യർക്കു നേരേയുള്ള ഗ്രന്ഥകാരിയുടെ മനോഭാവത്തിൽ പ്രകടമാകുന്നത് സമത്വചിന്തയെന്നതിനു പകരം ഔദാര്യഭാവമാണ്(condescension) എന്നും വിമർശനമുണ്ട്. നീഗ്രോകളെ നോവലിസ്റ്റ് പുകഴ്ത്തുന്നത് ക്ഷമ, ഭീരുത്വം, അലസസ്വഭാവം എന്നീ 'ഗുണങ്ങൾ' എടുത്തുപറഞ്ഞാണ്. നോവലിൽ മിഴിവോടെ പ്രത്യക്ഷ്യപ്പെടുന്ന അടിമകളിൽ പലരും പേരിനുമാത്രം ആഫ്രിക്കൻ രക്തമുള്ള മ്യുലാറ്റോകളോ (mulatto) ക്വാഡ്രൂണുകളോ (quadroon) ആണ്. എലിസ, ജോർജ്ജ് ഹാരിസ്, കേസി, എമ്മലീൻ തുടങ്ങിയവർ ഒളിച്ചോടുമ്പോൾ കറുത്തവരായി തിരിച്ചറിയപ്പെടാതിരിക്കാൻ മാത്രം വെളുപ്പു കലർന്നവരാണ്. അല്ലാതെയുള്ള നീഗ്രോ കഥാപാത്രങ്ങളിൽ ചിലരുരെങ്കിലും ചിത്രീകരണത്തിൽ ഗൗരവത്തേക്കാൾ ഫലിതച്ചുവയാണുള്ളത്.[1] നോവലിൽ കറുത്തമനുഷ്യർ സംസാരിക്കുന്നതു തന്നെ, സാധാരണ ഇംഗ്ലീഷിൽ നിന്നു ഭിന്നമായ ഒരു ഭാഷയാണ്.[൩]

നോവൽ അതിന്റെ അസംഭവ്യവും അതൃപ്തികരവുമായ സമാപ്തിയുടെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ട്. എലിസയും ജോർജ്ജും ഉൾപ്പെടെ അടിമത്തത്തിൽ നിന്നു രക്ഷപെട്ട കഥാപാത്രങ്ങൾ എല്ലാം തന്നെ, ഐക്യനാടുകളിൽ കറുത്തവർക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ച്, വിമോചിതരായ അടിമകൾക്കായി സ്ഥാപിക്കപ്പെട്ട ലൈബീരിയ എന്ന ആഫ്രിക്കൻ രാജ്യത്തേക്കു കുടിയേറുന്നു. അവിടെ കറുത്തമനുഷ്യർക്കായി, ക്രിസ്തീയധാർമ്മികതയിൽ ഉറച്ച ഒരു നവസമൂഹം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ പലായനം എന്നു നോവലിസ്റ്റ് പറയുന്നു.

"അങ്കിൾ ടോമിന്റെ ക്യാബിൻ" പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് അതിനെക്കുറിച്ചുണ്ടായ പ്രധാനവിമർശനം, തെക്കൻ ഐക്യനാടുകളിലെ അടിമസമ്പ്രദായത്തിന്റെ ദോഷദൃഷ്ടിയോടെയുള്ള വികലചിത്രമാണ് അതിലുള്ളത് എന്നായിരുന്നു. ഈ വിമർശനത്തോടു പ്രതികരിച്ച് നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകർത്രി തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് "കീ ടു അങ്കിൾ ടോംസ് കാബിൻ" ( Key to Uncle Tom's Cabin) എന്ന കൃതി. നോവലിന്റെ പ്രസിദ്ധീകരണത്തിനും ആഭ്യന്തരയുദ്ധത്തിനും ഇടക്കുള്ള കാലത്ത്, തെക്കൻ സംസ്ഥാനത്തെ തോട്ടമുടമകളുടെ നിലപാടിൽ അടിമവ്യവസ്ഥയെ നീതീകരിച്ച് ഹാരിയറ്റിന്റെ കൃതിയിലെ വാദങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്ന "ടോം വിരുദ്ധസാഹിത്യത്തിന്റെ" (anti-Tom Literature) ഒരു പരമ്പര തന്നെയുണ്ടായി. മുപ്പതോളം വരുന്ന ഈ പ്രത്യാഖ്യാനങ്ങളിൽ പലതിന്റേയും എഴുത്തുകാരും ഹാരിയറ്റിനെപ്പോലെ സ്ത്രീകളായിരുന്നു.

നോവലിൽ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങൾക്ക് അവയുടെ തുരന്തപ്രസക്തി നഷ്ടപ്പെട്ടിരിക്കാമെങ്കിലും, അങ്കിൾ ടോം, അഗസ്റ്റിൻ സെയ്ന്റ് ക്ലെയർ, ഒഫീലിയ എന്നിവരും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ലെഗ്രി, ഈവാ, ടോപ്സി തുടങ്ങിയവരും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ അമേരിക്കൻ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.

മലയാളത്തിൽ

തിരുത്തുക

ഈ രചനയുടെ മലയാള പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് ബാലസാഹിത്യകാരനായ ശ്രീ. പി. എ. വാരിയറാണ്. 'ടോം അമ്മാവന്റെ ചാള' എന്ന പേരിൽ 2006ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുറിപ്പുകൾ

തിരുത്തുക

^ "So this is the little lady who made this big war?" എന്ന് 1862, ഡിസംബർ 2-ന് ഗ്രന്ഥകാരിയെ കണ്ടപ്പോൾ ലിങ്കൺ ചോദിച്ചുവെന്നാണു കഥ.[8] എന്നാൽ 34 വർഷത്തിനു ശേഷമുള്ള അവരുടെ മരണത്തെ തുടർന്നാണ് ഈ അവകാശവാദം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[9]

^ ബൈബിൾ കിങ് ജെയിംസ് ഇംഗ്ലീഷ് പരിഭാഷയിൽ നിന്നുള്ള 100-നടുത്ത് ഉദ്ധരണികളിൽ ഈ നോവലിലുണ്ട്.[10]

^ അവൾക്ക് ബന്ധുക്കളായി ആരുമില്ലേ എന്ന ഈവയുടെ ചോദ്യത്തിനു ടോപ്സി മറുപടി പറയുന്നത് "No, none of 'em; never had nothing nor nobody" എന്നാണ്.[11]

  1. 1.0 1.1 1.2 1.3 ജോൺ വില്യം വാർഡ്, അങ്കിൾ ടോംസ് ക്യാബിൻ, സിഗ്നെറ്റ് ക്ലാസ്സിക് പതിപ്പിനെഴുതിയ "Afterword"-ൽ
  2. ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം (അദ്ധ്യായം 137, പുറം 567)
  3. ഹാരിയറ്റ് ബീച്ചർ സ്റ്റോവ് സെന്റർ, അങ്കിൽ ടോംസ് ക്യാബിൻ Archived 2012-10-23 at the Wayback Machine.
  4. "Anti-slavery society, Uncle Tom's Cabin". Archived from the original on 2013-03-09. Retrieved 2012-11-03.
  5. വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 249)
  6. 6.0 6.1 ലൈബ്രറി ഓഫ് കോൺഗ്രസ്, ടുഡേ ഇൻ ഹിസ്റ്ററി, ജൂൺ 5, അങ്കിൾ ടോംസ് ക്യാബിൻ
  7. "Concluding Remarks" അങ്കിൾ ടോംസ് ക്യാബിൻ, അദ്ധ്യായം 45
  8. UShistory.org. P re-columbian to the New Millennium Harriet Beecher Stowe — Uncle Tom's Cabin
  9. Lincoln, Stowe, and the "Little Woman/Great War" Story: The Making, and Breaking, of a Great American Anecdote, Journal of the Abraham Lincoln Association
  10. Virginia.edu The Bible and the Novel
  11. അങ്കിൾ ടോംസ് ക്യാബിൻ, അദ്ധ്യായം 25

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കിൾ_ടോംസ്_ക്യാബിൻ&oldid=4113960" എന്ന താളിൽനിന്ന് ശേഖരിച്ചത്