എബ്രഹാം ലിങ്കൺ

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റ്
(അബ്രഹാം ലിങ്കൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ജീവിതകാലം: ഫെബ്രുവരി 12, 1809 - ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.[1][2] 1860 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റായിരുന്നു ലിങ്കൺ.[3] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവാ ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.[4]

എബ്രഹാം ലിങ്കൺ
എബ്രഹാം ലിങ്കൺ


പദവിയിൽ
മാർച്ച് 4, 1861 – ഏപ്രിൽ 15, 1865
വൈസ് പ്രസിഡന്റ്   ഹാനിബാൾ ഹാംലിൻ
(1861 – 1865)
ആൻഡ്രൂ ജോൺസൺ
(1865)
മുൻഗാമി ജയിംസ് ബുക്കാനൻ
പിൻഗാമി ആൻഡ്ര്യൂ ജോൺസൺ
പദവിയിൽ
March 4, 1847 – March 3, 1849
മുൻഗാമി ജോൺ ഹെൻറി
പിൻഗാമി തോമസ് എൽ.ഹാരിസ്

ജനനം (1809-02-12)ഫെബ്രുവരി 12, 1809
ഹാർഡിൻ കൗണ്ടി,കെന്റക്കി
മരണം ഏപ്രിൽ 15, 1865(1865-04-15) (പ്രായം 56)
വാഷിങ്ടൺ, ഡി.സി.
രാഷ്ട്രീയകക്ഷി വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865)
ജീവിതപങ്കാളി മേരി ടോഡ് ലിങ്കൺ
മക്കൾ റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ
മതം See: അബ്രഹാം ലിങ്കണും മതവും
ഒപ്പ്

കെന്റക്കിയിൽ ജനിച്ച ലിങ്കൺ, പടിഞ്ഞാറൻ അതിർത്തിയിലെ ഒരു ദരിദ്ര കുടുംബത്തിലാണു വളർന്നത്. സ്വയമേവ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇല്ലിനോയിയിൽ ഒരു അഭിഭാഷകനായി ജോലി സമ്പാദിച്ചു. ഒരു വിഗ് പാർട്ടി നേതാവെന്ന നിലയിൽ, അദ്ദേഹം എട്ട് വർഷം നിയമസഭയിലും രണ്ടുവർഷം കോൺഗ്രസിലും സേവനമനുഷ്ഠിച്ചതിനുശേഷം അഭിഭാഷക ജോലിയിലെ തന്റെ പ്രായോഗിക പരിശീലനത്തിലേയക്കു തിരിഞ്ഞു. പടിഞ്ഞാറൻ പ്രയറി ഭൂപ്രദേശങ്ങളിൽ അടിമത്ത വ്യവസ്ഥ ആരംഭിക്കുന്നതിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം അദ്ദേഹത്തെ പ്രകോപിതനാക്കുകയും അദ്ദേഹം 1854-ൽ വീണ്ടും രാഷ്ട്രീയത്തിലേയ്ക്കു പുനപ്രവേശനം നടത്തുകയും ചെയ്തു. വിഗ്ഗ് പാർട്ടി എന്ന പഴയ രൂപത്തിൽനിന്നും അടിമത്ത വിരുദ്ധ ഡെമോക്രാറ്റുകളിൽനിന്നുമായി പടിഞ്ഞാറൻ മേഖലയിൽ പുതിയ റിപ്പബ്ലിക്കൻ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു നേതാവായി പ്രവർത്തിച്ചു. 1858 ൽ ഒരു ഉന്നത ദേശീയ ഡെമോക്രാറ്റിക് നേതാവായിരുന്ന സ്റ്റീഫൻ എ. ഡഗ്ലാസുമായുള്ള വാഗ്വാദത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ നേടിയിരുന്നു. ആ മത്സരം അദ്ദേഹത്തിനു നഷ്ടമായെങ്കിലും 1860 ലെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു മിതവാദിയായ പടിഞ്ഞാറൻ സ്ഥാനാർത്ഥിയായി ചാഞ്ചല്യമുള്ള ഒരു സംസ്ഥാനത്തിൽനിന്ന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വടക്കൻ മേഖല പൂർണ്ണമായും തൂത്തുവാരിയ അദ്ദേഹം 1860 ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെക്കൻ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തള്ളിക്കളയുന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയത്തെ തെക്കൻ അടിമത്ത അനുകൂലികൾ എടുത്തു കാട്ടി. അവർ യൂണിയനിൽ നിന്ന് വേർപെട്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാനുള്ള നടപടികളിലേയ്ക്കു നീങ്ങി. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ ദേശീയത എന്നത് രൂഢമൂലമായ ഒരു ശക്തിയായിരുന്നതിനാൽ വേർപിരിയലിനെ അവർ ശക്തമായി എതിർത്തു. യൂണിയൻ സേനയുടെ തെക്കൻ മേഖലയിൽ അവശേഷിച്ചിരുന്ന ദുർഗ്ഗങ്ങളിലൊന്നായിരുന്ന ഫോർട്ട് സംട്ടറിനുനേരേ അമേരിക്കയുടെ പുതിയ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് വെടിവപ്പ് ആരംഭിച്ചപ്പോൾ കലാപത്തെ അടിച്ചമർത്താനും യൂണിയന്റെ അഖണ്ഡത നിലനിറുത്തുവാനുമായി ലിങ്കൺ സന്നദ്ധപ്രവർത്തകരോടും പൗരസേനയോടും യുദ്ധത്തിൽ അണിചേരാൻ ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മിതവാദ വിഭാഗത്തിന്റെ മുഖമായ ലിങ്കൺ, തെക്കൻ സംസ്ഥാനങ്ങളെ കൂടുതൽ കടുത്തരീതിയിൽ കൈകാര്യം ചെയ്യണമെന്ന പക്ഷക്കാരായ റിപ്പബ്ലിക്കനുകളിലെ ഉത്പതിഷ്ണുക്കളുമായി ഏറ്റുമുട്ടി. യുദ്ധാനുകൂലികളായ ഡെമോക്രാറ്റുകൾ, മുൻ എതിരാളികളുടെ ഒരു വലിയ വിഭാഗത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൂട്ടിച്ചേർത്തു.  കോപ്പർ ഹെഡ്സ് എന്നു വിളിക്കപ്പെട്ടിരുന്ന യുദ്ധവിരുദ്ധരായ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ പുഛിക്കുകയും പരസ്പര വിരുദ്ധരായ വിഘടനവാദികൾ അദ്ദേഹത്തെ കൊലചെയ്യുവാനായി ഉപജാപങ്ങൾ നടത്തുകയും ചെയ്തു.

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.

വ്യക്തിജീവിതം തിരുത്തുക

 
കെന്റക്കിയിലെ ഹോഡ്ജെൻവില്ലെയുടെ സമീപം ലിങ്കൻറെ ജന്മസ്ഥലത്തിന്റെ ശരിപ്പകർപ്പ്.

കുട്ടിക്കാലം - വിദ്യാഭ്യാസം തിരുത്തുക

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിലെ തടികൊണ്ടു നിർമ്മിക്കപ്പെട്ട ഒറ്റമുറിയുള്ള കുടിലിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും രണ്ടാമത്തെ മകനായാണ്‌ അബ്രഹാം ലിങ്കൺ ജനിച്ചത്. അപ്പലേച്ചിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഒരു ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു. 1638 ൽ ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ഹിംഗ്ഹാമിൽനിന്ന്, മസാച്യുസെറ്റ്സിലെ അതേ പേരുള്ള ഹിംഗ്ഹാമിലേയ്ക്കു കുടിയേറിയ സാമുവൽ ലിങ്കൺ എന്ന ഇംഗ്ലീഷുകാരന്റെ സന്തതിപരമ്പരയായിരുന്നു അദ്ദേഹം. സാമുവലിൻറെ പൗത്രനും പ്രപൗത്രനും ന്യൂജഴ്സി, പെൻസിൽവാനിയ, വിർജീനിയ എന്നിവയിലൂടെ കടന്നുപോകുകയും കുടുംബത്തിൻറെ പടിഞ്ഞാറൻ മേഖലയിലേയ്ക്കുള്ള കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുത്തച്ഛനും അതേ പേരുകാരനുമായിരുന്ന ക്യാപ്റ്റൻ അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലെ ജെഫേർസൺ കൌണ്ടിയിലേയ്ക്കു കുടിയേറി. 1786 ൽ ഒരു ഇന്ത്യൻ കടന്നാക്രമണത്തിൽ ക്യാപ്റ്റൻ എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടു. ഭാവി പ്രസിഡന്റിന്റെ പിതാവായിരുന്ന എട്ടുവയസ്സുള്ള തോമസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുട്ടികൾ ഈ ആക്രമണത്തിന്റെ സാക്ഷികളായിരുന്നു. പിതാവിന്റെ മരണത്തിനുശേഷം അതിജീവനത്തിനായി തോമസ് കെന്റക്കിയിലും ടെന്നെസിയിലുമായി വിവിധങ്ങളായ ജോലികളിൽ ഏർപ്പെടുകയും 1800 കളുടെ തുടക്കത്തിൽ  കെന്റക്കിയിലെ ഹാർഡിൻ കൗണ്ടിയിൽ തന്റെ കുടുംബാംഗങ്ങളുമായി സ്ഥിരതാമസമുറപ്പിക്കുകയും ചെയ്തു. ലിങ്കണിന്റെ മാതാവായ  നാൻസി, ലൂസി ഹങ്കന്റെ മകളായി കരുതപ്പെടുന്നുണ്ടെങ്കിലും, നാൻസി ഹാങ്കിന്റെ ജനന സംബന്ധമായ രേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. വില്യം എൻസൈൻ ലിങ്കൺ എഴുതിയ "ദി ആൻസെസ്ട്രി ഓഫ് എബ്രഹാം ലിങ്കൺ" എന്ന ഗ്രന്ഥത്തിൽ നാൻസി, ജോസഫ് ഹാങ്സിന്റെ മകളാണ്. എന്നിരുന്നാലും അവർ വിവാഹബന്ധത്തിൽ നിന്നാണോ പിറന്നത് എന്നതിനേക്കുറിച്ച്  ചർച്ച തുടരുന്നു. ആഡിൻ ബാബർ എന്ന മറ്റൊരു ഗവേഷകൻ, നാൻസി ഹാങ്ക്സ്, എബ്രഹാം ഹാംഗ്സിന്റെയും വിർജീനിയയിലെ സാറാ ഹാർപ്പറിന്റെയും മകളായിരുന്നുവെന്നു വാദിക്കുന്നു.

തോമസ് ലിങ്കണും, നാൻസി ഹങ്കും 1806 ജൂൺ 12-ന് വാഷിംഗ്ടൻ കൗണ്ടിയിൽവച്ചു വിവാഹം കഴിക്കുകയും അതിനുശേഷം കെന്റക്കിയിലെ എലിസബത്ത് ടൗണിലേക്കു മാറിത്താമസിക്കുകയും ചെയ്തു. അവർക്ക് മൂന്നു കുട്ടികൾ ജനിച്ചിരുന്നു;  സാറാ, 1807 ഫെബ്രുവരി 10-നും അബ്രഹാം 1809 ഫെബ്രുവരി 12നും ജനിച്ചു.  ഒരു മകനായ തോമസ് ശൈശവത്തിൽത്തന്നെ മരണമടഞ്ഞിരുന്നു.

തോമസ് ലങ്കൺ കെന്റക്കിയിൽ അബ്രഹാം ലിങ്കൺ ജനിച്ച സിങ്കിംഗ് സ്പ്രിംഗ് ഫാം ഉൾപ്പെടെയുള്ള വിവിധ കൃഷിത്തോട്ടങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ പാട്ടത്തിനെടുക്കുകയോ ചെയ്തിരുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കു മേലുള്ള ഒരു തർക്കം ഉടനടി  അവിടെനിന്നു മാറുവാൻ കുടുംബത്തെ നിർബന്ധിതരാക്കി. 1811-ൽ കുടുംബം 8 മൈൽ (13 കിലോമീറ്റർ) അകലെ വടക്കൻ ദിശയിൽ നോബ് ക്രീക്ക് ഫാമിലേക്ക് മാറിത്താമസിച്ചു. അവിടെ തോമസ് 230 ഏക്കർ (93 ഹെക്ടർ) ഭൂമി ഏറ്റെടുത്തു. 1815-ൽ മറ്റൊരു ഭൂമി തർക്കമുണ്ടാകുകയും അവകാശവാദക്കാരൻ കുടുംബത്തെ കൃഷിയിടത്തിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു.

കെന്റുക്കിയിൽ തോമസിനു കൈവശമുണ്ടായിരുന്ന  816.5 ഏക്കർ (330.4 ഹെക്ടറിൽ) ഭൂമിയിലെ ഭൂരിഭാഗവും  കോടതിയുടെ ഭൂമിക്കുമേലുള്ള അവകാശ സംബന്ധമായ തർക്കത്തിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടു. കെന്റുക്കിയിലെ വസ്തു സംബന്ധമായ വിഷയങ്ങളിലെ സുരക്ഷയില്ലായ്മയിൽ നിരാശനായ അദ്ദേഹം 1814-ൽ തന്റെ കൈവശം ശേഷിച്ചിരുന്ന ഭൂമി വിറ്റഴിക്കുകയും ഭൂപ്രദേശ സർവേയുടെ പ്രവർത്തനം കൂടുതൽ വിശ്വാസയോഗ്യമായതും ഒരാൾക്കു ഭൂമി ശീർഷകങ്ങൾ കൂടുതൽ സുരക്ഷിതമായി നിലനിർത്താനുള്ള അവകാശമുണ്ടായിരുന്നതുമായ ഇൻഡ്യാനയിലേക്കുള്ള മാറുവാൻ ആസൂത്രണം നടത്തുകയും ചെയ്തു.

1816-ൽ ഒഹായോ നദിക്കു മറുവശത്ത്, വടക്കൻ ദിശയിൽ ഒരു അടമത്ത സമ്പ്രദായമില്ലാത്ത  ഇന്ത്യാനയിലെ പെറി കൌണ്ടിയിലെ ഹുറിക്കൻ ടൌൺടിപ്പിലെ മനുഷ്യസ്പർശമേൽക്കാത്ത വന പ്രദേശത്ത്  താമസമുറപ്പിച്ചു.   (1818 ൽ കൗണ്ടി സ്ഥാപിതമായപ്പോൾ തെക്കൻ ഇന്ത്യാനയിലെ അവരുടെ സ്ഥലം  ഇന്ത്യാനയിലെ സ്പെൻസർ  കൗണ്ടിയുടെ ഭാഗമായിത്തീർന്നു. ഈ കൃഷിഭൂമി ലിങ്കൺ ബോയ്ഹുഡ് ദേശീയ സ്മാരകത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1860-ൽ ലിങ്കൺ, ഇന്ത്യാനയിലേയ്ക്കുള്ള തന്റെ കുടുംബത്തിന്റെ കൂടുമാറ്റം ഭാഗികമായി അടിമത്ത വിഷയത്തിലും എന്നാൽ പ്രധാനമായി  കെന്റക്കിയിലെ ഭൂപ്രശ്നം മൂലവുമായിരുന്നുവെന്നു കുറിച്ചിരുന്നു.

കെന്റക്കിയിലും ഇന്ത്യാനയിലും കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന കാലത്ത് തോമസ് ലിങ്കൺ ഒരു കർഷകൻ, ക്യാബിൻ നിർമ്മാതാവ്,  മരപ്പണിക്കാരൻ എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനു സ്വന്തമായി കൃഷിയിടങ്ങൾ, പട്ടണത്തിൽ നിരവധി ഭൂമിഭാഗങ്ങളും കന്നുകാലികൾ എന്നിവയുമുണ്ടായിരുന്നു.  തോമസ് ലിങ്കണും നാൻസി ലിങ്കണും പരിധി കൽപ്പിക്കപ്പെട്ട ധാർമിക നിലവാരവും മദ്യം, നൃത്തം, അടിമത്തം തുടങ്ങിയക്ക് എതിരെയുള്ള നിലപാടുകളുമുള്ള “സെപ്പറേറ്റ് ബാപ്റ്റിസ്റ്റ്” എന്ന മതശാഖയിലെ അംഗങ്ങളായിരുന്നു.

ഇന്ത്യാനയിൽ കുടുംബത്തോടൊപ്പമെത്തി ഏകദേശം ഒരു വർഷത്തിനകം 160 ഏക്കർ (65 ഹെക്ടർ) ഇന്ത്യാനാ ഭൂമിയിൽ തോമസ് അവകാശമുന്നയിച്ചിരുന്നു. ചില സാമ്പത്തിക വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം അന്തിമമായി 80 ഏക്കർ (32 ഹെക്ടർ) സ്ഥലത്ത് വ്യക്തമായ ഉടമസ്ഥാവകാശം നേടി. ഈ പ്രദേശം സ്പെൻസർ കൗണ്ടിയിലെ ലിറ്റിൽ പിജിയോൺ ക്രീക്ക് കമ്മ്യൂണിറ്റിയായി അറിയപ്പെട്ടിരുന്നു. 1830-ൽ ഇല്ലിനോയിയിലേയ്ക്കു കുടുംബത്തെ പറിച്ചുനടുന്നതിനുമുമ്പ്, അദ്ദേഹം തന്റെ ഭൂമിക്ക് അടുത്തുള്ള ഏകദേശം ഇരുപത് ഏക്കർ സ്ഥലവുംകൂടി ഏറ്റെടുത്തിരുന്നു.

ഇന്ത്യാനയിൽ അബ്രഹാം ലിങ്കന്റെ യൌവ്വനകാലത്ത് കുടുംബത്തിൽ പല പ്രധാന സംഭവങ്ങളും അരങ്ങേറി.  1818 ഒക്ടോബർ 5 ന്, നാൻസി ലിങ്കൻ പാലിൽനിന്നുള്ള വിഷബാധ മൂലം മരണമടയുകയും പിതാവിനോടൊപ്പം 9 വയസ്സുള്ള അബ്രഹാം,  ഡെന്നിസ് ഹാങ്ക്സ് എന്ന 19 വയസുള്ള അനാഥയായ ബന്ധു തുടങ്ങിയവരുടെ ചുമതല 11 വയസ്സുള്ള സാറയിലേയ്ക്കെത്തി.

1819 ഡിസംബർ 2-ന് കെന്റക്കിയിലെ എലിസബത്ത്ടൗണിലെ ഒരു വിധവയും മൂന്നു കുട്ടികളുടെ മാതാവുമായിരുന്ന സാറാ "സാലി" ബുഷ് ജോൺസ്റ്റൻ എന്ന വനിതയെ ലിങ്കന്റെ പിതാവ് വിവാഹം ചെയ്തു. അബ്രഹാം തന്റെ രണ്ടാനമ്മയോട് വളരെ അടുപ്പം കാണിക്കുകയും അവരെ "അമ്മ" എന്നു അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഒരു കൌമാരക്കാരനായ ലിങ്കണുമായി അടുപ്പമുണ്ടായിരുന്നവർ പിൽക്കാലത്ത് 1828 ജനുവരി 20-ന് സഹോദരി സാറായുടെ മരണം അദ്ദേഹത്തിന്റെ മനസ്സിനെ പ്രക്ഷുബ്ധമാക്കിയിരുന്നതായി ഓർമിക്കുന്നു.

ഒരു യുവാവായിരുന്ന ലിങ്കൺ, അതിർത്തി ജീവിതവുമായി ബന്ധപ്പെട്ട കഠിനജോലി ഇഷ്ടപ്പെട്ടിരുന്നില്ല.  വായന, എഴുത്ത്, കവിതാ രചന തുടങ്ങിയവയിൽ മുഴുകിയിരുന്ന ലിങ്കൺ ഒരു അലസനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അയൽവാസികളും കുടുംബാംഗങ്ങളും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. തൊഴിൽ ചെയ്യാതിരിക്കുവാനുള്ള ഒരു മാർഗ്ഗമായി അവർ അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികളെ ചിത്രീകരിച്ചിരുന്നു.  ശാരീരികാദ്ധ്വാനമുള്ള ജോലി" അദ്ദേഹം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം വായനയെ വളരെ ഇഷ്ടപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ രണ്ടാനമ്മയും ഇത് വകവച്ചു കൊടുത്തിരുന്നു.

ശരിയായ ഔപചാരിക വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യമില്ലാതെയിരുന്ന ലിങ്കൺ കൂടുതലായും വിദ്യാഭ്യാസം സ്വയമേവ ആർജ്ജിക്കുകയായിരുന്നു. വായനയിൽ അത്യധികമായ ഔത്സുക്യമുണ്ടായിരുന്ന അദ്ദേഹം ഈ താൽപര്യം ആജീവനാന്തം നിലനിർത്തിയിരുന്നു. ലിങ്കന്റെ യൌവ്വനകാലത്തെ അയൽക്കാരും സഹപാഠികളുമോർക്കുന്നത് അദ്ദേഹം കിംഗ് ജെയിംസ് ബൈബിൾ, ഈസോപ്പിന്റെ കഥകൾ, ജോൺ ബന്യന്റെ ദ പിൽഗ്രിംസ് പ്രോഗ്രസ്, ഡാനിയേൽ ഡീഫോയുടെ റോബിൻസൺ ക്രൂസോ, മേസൻ ലോക്ക് വീസിന്റെ ദ ലൈഫ് ഓഫ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ തുടങ്ങിയവരുടെ ആത്മകഥകൾ എന്നിവ പലവുരു വായിച്ചിരുന്നുവെന്നാണ്.

കൗമാരപ്രായത്തിലേയ്ക്കു കടക്കവേ, കുടുംബത്തിലെ ആൺകുട്ടികളിൽ ഒരാളെന്ന നിലയിൽ അദ്ദേഹം തന്നിൽനിന്നു കുടംബം പ്രതീക്ഷിച്ച വീട്ടുജോലികളുടെയെല്ലാം ചുമതല ഏറ്റെടുത്തിരുന്നു. വീട്ടിനു പുറത്തുള്ള ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം പിതാവിനെ ഏൽപ്പിക്കുകയെന്ന ആചാരപരമായ കടമ തന്റെ 21 വയസുവരെ അദ്ദേഹം പാലിച്ചിരുന്നു.  മഴു ഉപയോഗിക്കുന്നതിൽ അദ്ദേഹം അതിയായ പ്രാവീണ്യമുള്ളയാളായിരുന്നു.  പ്രായത്തിനൊത്ത ഉയരമുണ്ടായിരുന്ന ലിങ്കൺ കരുത്തനും കായികശേഷിയുള്ളയാളുമായിരുന്നു.  “ദ ക്ലാരിസ് ഗ്രോവ് ബോയ്സ് “ എന്ന ഒരു കുപ്രസിദ്ധ ചട്ടമ്പി സംഘത്തിന്റ പേരെടുത്ത നേതാവുമായുണ്ടായ ഒരു മത്സരാധിഷ്ഠിത ഗുസ്തി മത്സരത്തിനുശേഷം  കായബലത്തിലും സാഹസികത്വത്തിലും അദ്ദേഹം ജനങ്ങളുടെ മതിപ്പു സമ്പാദിച്ചിരുന്നു.

1830 മാർച്ച് ആദ്യം, ഒഹായോ നദിയോര മേഖലയിൽ വ്യാപിക്കുവമെന്നു പ്രചരിച്ച ഒരു ക്ഷീരജന്യ രോഗബാധയെ ഭാഗികമായി ഭയന്ന, ലിങ്കന്റെ കുടുംബത്തിലെ അനേകം ബന്ധുക്കൾ പടിഞ്ഞാറ് ഒരു അടിമത്ത വ്യവസ്ഥയില്ലാത്ത ഇല്ലിനോയിസിലേയ്ക്കു മാറുകയും ഡിക്കറ്ററിനു 10 മൈൽ (16 കിലോമീറ്റർ) പടിഞ്ഞാറുള്ള മാകൺ കൗണ്ടിയിൽ വാസമുറപ്പിക്കുകയും ചെയ്തു . ആ നീക്കം ആരംഭിച്ചവരെക്കുറിച്ചു ചരിത്രകാരന്മാർ വിയോജിപ്പു പ്രകടിപ്പിക്കുന്നു; തോമസ് ലിങ്കണ് ഇന്താന വിട്ടുപോകുന്നതിനു വ്യക്തമായ ഒരു കാരണം ഇല്ലായിരുന്നു. തോമസ് ലിങ്കണ് ഉണ്ടായിരുന്നതുപോലെ സ്ഥിരതയുള്ള വരുമാനവും മറ്റും ഡെന്നിസ് ഹാങ്കിസിനെപ്പോലെയുള്ള കുടുംബത്തിലെ മറ്റംഗങ്ങൾക്ക് ഇല്ലായിരുന്നുവെന്നത് ഈ മാറ്റത്തിനു പ്രേരണയായിരുന്നിരിക്കാം.

തോമസ്, സാറ എന്നീ പേരുകളുള്ള രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്‌ ഉണ്ടായിരുന്നത്. പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന്‌ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്‌.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു. അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.[5]1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[6] അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.

1830 മാർച്ച് ആദ്യം, ഒഹിയോ നദിയോര മേഖലയിൽ വ്യാപിക്കുമെന്നു പ്രചരിച്ച ഒരു ക്ഷീരജന്യ രോഗബാധയെ ഭാഗികമായി ഭയന്ന, ലിങ്കന്റെ കുടുംബത്തിലെ അനേകം ബന്ധുക്കൾ പടിഞ്ഞാറ് ഒരു അടിമത്ത വ്യവസ്ഥയില്ലാത്ത ഇല്ലിനോയിയിലേയ്ക്കു മാറുകയും ഡിക്കറ്ററിനു 10 മൈൽ (16 കിലോമീറ്റർ) പടിഞ്ഞാറുള്ള മാകൺ കൗണ്ടിയിൽ വാസമുറപ്പിക്കുകയും ചെയ്തു . ആ നീക്കം ആരംഭിച്ചവരെക്കുറിച്ചു ചരിത്രകാരന്മാർ വിയോജിപ്പു പ്രകടിപ്പിക്കുന്നു; തോമസ് ലിങ്കണ് ഇന്ത്യാന വിട്ടുപോകുന്നതിനു വ്യക്തമായ ഒരു കാരണം ഇല്ലായിരുന്നു. തോമസ് ലിങ്കണ് ഉണ്ടായിരുന്നതുപോലെ സ്ഥിരതയുള്ള വരുമാനവും മറ്റും ഡെന്നിസ് ഹാങ്കിസിനെപ്പോലെയുള്ള കുടുംബത്തിലെ മറ്റംഗങ്ങൾക്ക് ഇല്ലായിരുന്നുവെന്നത് ഈ മാറ്റത്തിനു കാരണമായിരുന്നിരിക്കാം.

കുടുംബം ഇല്ലിനോയിയിലേയ്ക്കു മാറിത്താമസിച്ചതിനു ശേഷം അബ്രഹാം പിതാവിൽനിന്ന് ഏറെ അകന്നിരുന്നു. പിതാവിന്റെ വിദ്യാഭ്യാസമില്ലായ്മ ഇതിലൊരു ഘടകമായിരുന്നു. എന്നിരുന്നാലും ഇടയ്ക്കിലെ പണം കൊടുത്തിരുന്നു. 1831 ൽ തോമസും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ഇല്ലിനോയിയിലെ കോൾസ് കൗണ്ടിയിലെ ഒരു പുതിയ പുരയിടത്തിലേയ്ക്കു നീങ്ങാൻ തയ്യാറായപ്പോൾ, സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ തക്ക പ്രായമായിരുന്ന അബ്രഹാം സംഗമൺ നദിയിലൂടെ സഞ്ചരിച്ച് സംഗമൺ കൗണ്ടിയിലെ ന്യൂ സേലം ഗ്രാമത്തിൽ എത്തിച്ചേർന്നു. ആ വസന്തത്തിന്റെ ഒടുക്കത്തിൽ ന്യൂ സേലത്തെ ഒരു വ്യാപാരിയായിരുന്ന ഡെന്റൺ ഓഫുഫ്  ലിങ്കണേയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളെയും ന്യൂ സേലമിൽ നിന്നു ന്യൂ ഓർലീൻസിലേയ്ക്കു സംഗമൺ, ഇല്ലിനോയിസ്, മിസ്സിസ്സിപ്പി നദികൾവഴി  ചങ്ങാടത്തിൽ സാധനങ്ങൾ  കൊണ്ടുപോകാനുള്ള ജോലിയേൽപ്പിച്ചു. ന്യൂ ഓർലീൻസ് എത്തിയതും അദ്ദേഹം ആദ്യമായി അടിമത്ത വ്യവസ്ഥയ്ക്കു  സാക്ഷ്യംവഹിക്കുകയും ന്യൂ സലേമിലേയ്ക്കു മടങ്ങിയെത്തിയശേഷം അടുത്ത ആറ് വർഷങ്ങൾ അവിടെത്തന്നെ തുടരുകയും ചെയ്തു.

വിവാഹം, കുട്ടികൾ എന്നിവ തിരുത്തുക

 
Young Lincoln by Charles Keck at Senn Park, Chicago

ചില സ്രോതസ്സുകൾ പ്രകാരം ലിങ്കൺ ആദ്യമായി പ്രണയതാത്പര്യം പ്രകടിപ്പിച്ചത് അദ്ദേഹം ആദ്യമായി ന്യൂ സേലമിലേയ്ക്കു കൂടുമാറുന്ന കാലത്തു കണ്ടുമുട്ടിയ ആൻ റട്ട്ലെഡ്ജ് എന്ന വനിതയോടാണെന്നാണ്. ഇതേ സ്രോതസ്സുകൾ 1835 ൽ അവർ തമ്മിൽ സംസർഗ്ഗത്തിലായിരുന്നുവെന്നു സൂചിപ്പിക്കുന്നു; എന്നാൽ ഔപചാരികമായി വിവാഹക്കരാറിലേർപ്പെട്ടിരുന്നുമില്ല. 1835 ഓഗസ്റ്റ് 25-ന്, 22-ആമത്തെ വയസ്സിൽ അവർ ടൈഫോയിഡ് എന്നു സംശയിക്കപ്പെടുന്ന രോഗം പിടിപെട്ടു മരണമടഞ്ഞു. 1830-കളുടെ ആരംഭത്തിൽ, തന്റെ സഹോദരിയെ സന്ദർശിക്കുവാനെത്താറുണ്ടായിരുന്ന കെന്റക്കിയിൽ നിന്നുള്ള മേരി ഓവൻസിനെ അദ്ദേഹം പരിചയപ്പെട്ടു.

1836 അവസാനത്തിൽ ന്യൂ സേലമിലേയ്ക്കു മടങ്ങി വരുകയാണെങ്കിൽ മേരിയുമായി ഒത്തുകല്ല്യാണം നടത്താമെന്ന് ലിങ്കൺ വാക്കുകൊടുക്കുകയും തദനുസരണം മേരി 1836 നവംബറിൽ സേലമിലേയ്ക്കു തിരികെ വരുകയും അദ്ദേഹം അവരുമായി ഒരുകാലത്തു പ്രണയത്തിലാകുകയും ചെയ്തിരുന്നു. എന്നിരുന്നാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടുപേരും ഒരു പുനർവിചിന്തനം നടത്തുകയും 1837 ആഗസ്റ്റ് മാസത്തിൽ താനുമായുള്ള ബന്ധം മേരിയായിട്ട് അവസാനിപ്പിച്ചാൽപ്പോലും താൻ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല എന്ന് ലിങ്കൺ മേരിക്ക് ഒരു കത്തെഴുതുകയും ചെയ്തു. അവർ ഈ കത്തിന് ഒരിക്കലും മറുപടിയെഴുതുകയുണ്ടായില്ല, അങ്ങനെ ഈ പ്രണയബന്ധം അവസാനിക്കുകയും ചെയ്തു.

1840-ൽ കെന്റക്കിയിലെ ലെക്സിങ്ടണിലെ ഒരു അടിമത്തവാദ കുടുംബത്തിലെ അംഗമായിരുന്ന മേരി ടോഡുമായി ലിങ്കന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. 1839 ഡിസംബറിൽ അവർ ഇല്ലിനോയിയിലെ സ്പ്രിങ്ഫീൽഡിൽവച്ചു കണ്ടുമുട്ടുകയും അടുത്ത ഡിസംബർ മാസത്തിൽ വിവാഹനിശ്ചയത്തിലേർപ്പെടുകയുമാണു ചെയ്തത്.  1841 ജനുവരി 1-ന് നിശ്ചയിക്കപ്പെട്ടിരുന്ന വിവാഹം ലിങ്കൺ മുൻകയ്യെടുത്തു രണ്ടുപേരും പിന്മാറിയതിനാൽ റദ്ദാക്കപ്പെട്ടു. പിന്നീട് ഒരു വിരുന്നിന്റെ ഭാഗമായി അവർ വീണ്ടും കണ്ടുമുട്ടുകയും 1842 നവംബർ 4 ന് മേരിയുടെ വിവാഹിതയായ സഹോദരിയുടെ സ്പ്രിങ്ഫീൽഡ് ഹർമ്മ്യത്തിൽവച്ചു വിവാഹിതരാകുകയും ചെയ്തു. വിവാഹത്തിനായി ഒരുങ്ങുന്ന സമയത്ത് അദ്ദേഹത്തിൽ ഉത്‌ക്കണ്‌ഠയുണ്ടാകുകയും എവിടെ പോകുന്നുവെന്നുള്ള ചോദ്യത്തിന് ‘നരകത്തിലേയ്ക്ക് എന്നു ഞാൻ കരുതുന്നു’ എന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി.  1844 ൽ, ദമ്പതികൾ ലിങ്കണിന്റെ നിയമ കാര്യാലയത്തിനു സമീപം സ്പ്രിംഗ്ഫീൽഡിൽ ഒരു വീടു വാങ്ങി. മേരി ടോഡ് ലിങ്കൺ പലപ്പോഴും ഒരു ബന്ധവിന്റേയോ അല്ലെങ്കിൽ ജോലിക്കാരിയായി പെൺകുട്ടിയുടേയോ സഹായത്തോടെ വീടുപുലർത്തി.

പലപ്പോഴും കുടുംബത്തിൽ അസാന്നിദ്ധ്യത്താൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം ഒരു വാത്സല്യവാനായ ഭർത്താവും നാലുകുട്ടികളുടെ പിതാവുമായിരുന്നു. റോബർട്ട് ടോഡ് ലിങ്കൺ 1843 ലും എഡ്വാർഡ് ബാക്കർ ലിങ്കൺ (എഡ്ഡി) 1846 ലും ജനിച്ചു. ക്ഷയരോഗമെന്ന് കരുതപ്പെടുന്ന രോഗത്താൽ 1850 ഫെബ്രുവരി 1 ന് എഡ്വാർഡ് സ്പ്രിംഗ്ഫീൽഡിൽവച്ചു മരണമടഞ്ഞു. “വില്ലീ” ലിങ്കൺ 1850 ഡിസംബർ 21 നു ജനിക്കുകയും  1862 ഫെബ്രുവരി 20 ന് ജ്വരം ബാധിച്ചു മരിക്കുകയും ചെയ്തു. ലിങ്കന്റെ നാലാമത്തെ പുത്രനായിരുന്ന തോസ് “ടാഡ്” ലിങ്കൺ 1853 ഏപ്രിൽ 4 നു ജനിക്കുകയും 1871 ജൂലൈ 16 ന് 18 ആമത്തെ വയസിൽ ഹൃദയസംബന്ധമായ തകരാറിനെത്തുടർന്നു മരണമടയുകയും ചെയ്തു. റോബർട്ട് മാത്രമാണ് ലിങ്കന്റെ കുട്ടികളിൽ പ്രായപൂർത്തിയെത്തിയതും കുട്ടികളുണ്ടായിരുന്നയാളും. ലിങ്കന്റെ സന്തതിപരമ്പരയിലെ അവസാനത്തെയാളായിരുന്ന പ്രപൗത്രൻ‌ റോബർട്ട് ടോഡ് ലിങ്കൺ ബെൿവിത്ത് 1985 ൽ മരണമടഞ്ഞിരുന്നു.  ലിങ്കൺ ദമ്പതിമാർക്ക് കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു, കുട്ടികളിൽ കർശനനിയന്ത്രങ്ങൾ അടിച്ചേൽപ്പിച്ചിരുന്നുമില്ല.

മാതാപിതാക്കളിൽ കുട്ടികളുടെ മരണം ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അബ്രഹാം ലിങ്കൺ ഇക്കാലത്ത് ക്ലിനിക്കൽ ഡിപ്രഷൻ എന്നറിയപ്പെടുന്ന "വിഷാദം" കൊണ്ടു ക്ലേശിച്ചിരുന്നു . പിൽക്കാല ജീവിതത്തിൽ മേരി തന്റെ ഭർത്താവിന്റേയും മക്കളുടേയും നഷ്ടപ്പെട്ടതിൽ മാനസിക സമ്മർദ്ദത്തിലാകുകയും 1875-ൽ റോബർട്ട് ലിങ്കൺ അവരെ താൽക്കാലികമായി ഒരു മാനസികാരോഗ്യ സംരക്ഷണകേന്ദ്രത്തിൽ താൽക്കാലികമായി അധിവസിപ്പിക്കുകയും ചെയ്തിരുന്നു.

ലിങ്കന്റെ ഭാര്യാപിതാവും ടോഡ് കുടുംബത്തിലെ മറ്റുള്ളവരും അടിമവ്യാപാരികളോ അടിമകളുടെ ഉടമകളോ ആയിരുന്നു. ലിങ്കൺ ടോഡ്സ് കുടുംബവുമായി അടുത്തു സഹകരിക്കുകയും അദ്ദേഹവും കുടുംബവും ഇടയ്ക്കിടെ ലെക്സിങ്ടണിലെ ടോഡ് എസ്റ്റേറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ പ്രസിഡന്റു പദവിയിലിരിക്കുമ്പോൾ, മേരി പലപ്പോഴും ലിങ്കണ് ഭക്ഷണം പാചകം ചെയ്തു നല്കിയിരുന്നു. സമ്പന്നകുടുംബത്തിൽ വളർന്നതിനാൽ അവളുടെ പാചകം വളരെ ലളിതമായതും എന്നാൽ ലിങ്കന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നു, പ്രത്യേകിച്ച്, ഇറക്കുമതി ചെയ്ത ചിപ്പിയിറച്ചിയുടെ പാചകത്തിൽ.

ആദ്യകാല ജോലി, പൗരസേനയിലെ സേവനം എന്നിവ തിരുത്തുക

 
ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡിലുള്ള ലിങ്കൻറെ ഭവനം.


1832-ൽ തന്റെ 23-ആമത്തെ വയസ്സിൽ, ലിങ്കണും വ്യാപാര പങ്കാളിയും (ഡെന്റൺ ഓഫുട്ട്), ഇല്ലിനോയിയിലെ ന്യൂ സലേമിൽ വായ്‌പയായി ഒരു ചെറിയ പലവ്യഞ്ചനക്കട വാങ്ങി. ഈ മേഖലയിൽ സമ്പദ്വ്യവസ്ഥ കുതിച്ചുയരുകയായരുന്നെങ്കിലും വ്യാപാരം തളരുകയും ലിങ്കൺ തന്റെ പേരിലുള്ള ഓഹരി വിറ്റഴിക്കുകയും ചെയ്തു. ആ മാർച്ച് മാസത്തിൽ ഇല്ലിനോയി ജനറൽ അസബ്ലിയിലേയ്ക്കുള്ള തന്റെ തന്റെ ആദ്യത്തെ പ്രചാരണ പ്രവർത്തനത്തിലേയ്ക്കു നീങ്ങി. അദ്ദേഹം പ്രാദേശിക ജനപ്രീതി നേടുകയും ന്യൂ സലേമിൽ ഒരു സംഭാഷണചതുരനെന്ന നിലയിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാഭ്യാസം, ശക്തരായ സുഹൃത്തുക്കളുടെ അഭാവം, പണം എന്നിവ ഇല്ലായിരുന്നു എന്നതിലാൽ ഈ മത്സരത്തിൽ അദ്ദേഹം പരാജയപ്പെട്ടു. ഇക്കാലത്ത് സംഗമൺ നദിയിൽ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടു.

തെരഞ്ഞെടുപ്പിനു മുമ്പ്, ബ്ലാക്ക് ഹോക്ക് യുദ്ധം നടക്കുന്ന സമയത്ത് ഇല്ലിനോയി നാട്ടുപടയുടെ ഒരു ക്യാപ്റ്റനായി ലിങ്കൺ സേവനമനുഷ്ടിച്ചിരുന്നു. മടങ്ങിയെത്തിയതിനു ശേഷം, ഇല്ലിനോയി ജനറൽ അസംബ്ലിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങളിൽ തുടർന്നു. ഏകദേശം 6 അടി 4 ഇഞ്ച് (193 സെന്റീമീറ്റർ) ഉയരമുണ്ടായിരുന്ന അദ്ദേഹം ഏത് എതിരാളിയേയും ഭയപ്പെടുത്തുന്നതിനുതക്ക ശക്തനുമായിരുന്നു. 13 സ്ഥാനാർത്ഥികളിൽ നിന്നു മുന്നേറിയ എട്ടുപേരിലൊരാളായിരുന്നു ലിങ്കൺ (ആദ്യ നാലു സ്ഥാനക്കാർ തെരഞ്ഞെടുക്കപ്പെട്ടു) എന്നിരുന്നാലും ന്യൂ സേലം അതിരിനുള്ളിലെ 300 വോട്ടുകളിൽ 277 വോട്ടുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

ന്യൂ സേലമിലെ തപാൽ വകുപ്പിന്റെ ചുമതലക്കാരനായും  പിന്നീട് കൗണ്ടി സർവേയറായും അബ്രഹാം ലിങ്കൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലത്തുമുഴുവൻ വായനയിൽ അത്യത്സാഹം കാണിക്കുകയും ചെയ്തു. പിന്നീട് സ്വയം പഠനം നടത്തി ഒരു അഭിഭാഷകനാകാൻ ആഗ്രഹിക്കുകയും അതനുസരിച്ച് ബ്ലാക്ക്സ്റ്റോണിന്റെ “കമന്ററീസ് ഓൺ ദ ലാസ് ഓഫ് ഇംഗ്ലണ്ട്” എന്ന ഗ്രന്ഥവും മറ്റു നിയമസംബന്ധിയായ ഗ്രന്ഥങ്ങളും പാരായണം ചെയ്തു. 1834 ലെ തന്റെ രണ്ടാമത്തെ പ്രചരണപ്രവർത്തനം ഒരു വിജയമായിരുന്നു. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. ഒരു വിഗ്ഗ് സ്ഥാനാർത്ഥിയായയാണ് അദ്ദേഹം വിജയിച്ചതെങ്കിലും കൂടുതൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കൂടുതൽ ശക്തനായ വിഗ്ഗ് എതിരാളിയായി അംഗീകരിച്ചു.

അവലംബം തിരുത്തുക

  1. Goodwin 2005, പുറം. 91
  2. Holzer 2004, പുറം. 232
  3. http://www.heptune.com/preslist.html#Party
  4. http://www.greatamericanhistory.net/amendment.htm
  5. ലിങ്കൺ, അബ്രഹാം (2003). പോൾ എം സാൾ (ed.). ലിങ്കൺ ഓൺ ലിങ്കൺ. യൂണിവേഴ്സിറ്റി പ്രസ്സ് ഓഫ് കെന്റക്കി. pp. 7–12. {{cite book}}: Cite has empty unknown parameters: |origdate= and |origmonth= (help)
  6. ഫെഹ്രൻബാഷർ, ഡോൺ (1989). സ്പീച്ചസ് ആൻഡ് റൈറ്റിങ്സ് 1859-1865. ലൈബ്രറി ഓഫ് അമേരിക്ക. p. 163.

കൂടുതൽ സ്രോതസ്സുകൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


United States House of Representatives
മുൻഗാമി Member from Illinois's
7th congressional district

March 4, 1847 – March 3, 1849
പിൻഗാമി
പദവികൾ
മുൻഗാമി President of the United States
March 4, 1861 – April 15, 1865
പിൻഗാമി
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Republican Party presidential candidate
1860, 1864
പിൻഗാമി
Honorary titles
മുൻഗാമി Persons who have lain in state or honor
in the United States Capitol rotunda

April 19, 1865 – April 21, 1865
പിൻഗാമി
"https://ml.wikipedia.org/w/index.php?title=എബ്രഹാം_ലിങ്കൺ&oldid=3974925" എന്ന താളിൽനിന്ന് ശേഖരിച്ചത്