പ്രമുഖനായ വയലിൻ വിദ്വാനാണ് തൃപ്പൂണിത്തുറ നാരായണയ്യർ കൃഷ്ണൻ എന്ന പ്രൊഫ. ടി.എൻ. കൃഷ്ണൻ (ജനനം: 6 ഒക്ടോബർ 1928 - മരണം: 2 നവംബർ 2020). ലാൽഗുഡി ജയരാമൻ,​ ടി.എൻ. കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെടുന്നു.

ടി.എൻ. കൃഷ്ണൻ
ടി.എൻ. കൃഷ്ണൻ 2010 ൽ കച്ചേരിക്കിടെ
ടി.എൻ. കൃഷ്ണൻ 2010 ൽ കച്ചേരിക്കിടെ
പശ്ചാത്തല വിവരങ്ങൾ
ജനനം (1928-10-06) 6 ഒക്ടോബർ 1928  (96 വയസ്സ്)
ചെന്നൈ
മരണം2 നവംബർ 2020(2020-11-02) (പ്രായം 92)
ചെന്നൈ
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)വയലിനിസ്റ്റ്
ഉപകരണ(ങ്ങൾ)വയലിൻ

ജീവിതരേഖ

തിരുത്തുക

തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ ഫിഡിൽ ഭാഗവതർ എന്നറിയപ്പെട്ടിരുന്ന എ.നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി ജനിച്ചു[1]. അച്ഛനിൽനിന്നാണ് സംഗീതംപഠിച്ചത്. മൂന്നാംവയസ്സുമുതൽ വയലിൻ പഠിച്ചുതുടങ്ങി. ഏഴാംവയസ്സിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.[2] എറണാകുളം ശ്രീ രുദ്രവിലാസം സ്‌കൂളിൽ ഏഴാംക്ലാസ്‌വരെ പഠിച്ചു. പിന്നീട് തിരുവനന്തപുരത്തേക്കു താമസം മാറി. മാലിയുടെ കച്ചേരിക്ക് വയലിൻ വായിക്കാനായി ചെന്നൈയിലേക്ക് പോയശേഷം അവിടെ തുടർന്നു.

1938-39ൽ തൃശിനാപ്പിള്ളി റേഡിയോ സ്റ്റേഷനിൽ വയലിൻ വായിക്കാൻ തുടങ്ങിയ പ്രൊഫ. ടി.എൻ. കൃഷ്ണൻ ആകാശവാണി ദേശീയ ആർട്ടിസ്റ്റ്കൂടിയാണ്. രാജ്യത്തിനകത്തും പുറത്തുമായി എണ്ണമറ്റ കച്ചേരികളിൽ പങ്കെടുത്തുകഴിഞ്ഞു. റഷ്യൻ പര്യടനത്തിനിടെ നടത്തിയ 55 കച്ചേരികൾ ചരിത്രമായി. ഇതേവരെയായി 25000ലേറെ കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്.[1]

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്മണ്യയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയ പ്രമുഖർക്കെല്ലാം വയലിൻ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചു.

ചെന്നൈ മ്യൂസിക് അക്കാദമിയിൽ പ്രൊഫസറായി ചേർന്ന അദ്ദേഹം പ്രിൻസിപ്പലായിരിക്കവേയാണ് 1964 -ൽ അവിടെ നിന്ന് പിരിയുന്നത്. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായി കുറെകാലം പ്രവർത്തിച്ചു.[1]

പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ എന്നിവരാണ് മക്കൾ. ശ്രീറാം കൃഷ്ണൻ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പ്രൊഫ. ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എൻ. രാജം. പത്മഭൂഷൺ ബഹുമതി ഇവർക്കും ലഭിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (1992)
  • പത്മശ്രീ
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരം
  • സ്വാതി സംഗീത പുരസ്‌കാരം(2013)[1]
  1. 1.0 1.1 1.2 1.3 കൃഷ്ണാവതാരം - കെ. ഉണ്ണികൃഷ്ണൻ(മാതൃഭൂമി വാരാന്തപ്പതിപ്പ്-2013 ഒക്ടോബർ 27)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-08. Retrieved 2013-01-03.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.എൻ._കൃഷ്ണൻ&oldid=3804694" എന്ന താളിൽനിന്ന് ശേഖരിച്ചത്